UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നജഫ്ഗഢിന്റെ രാജകുമാരന്‍ മടങ്ങുകയാണ്, തല ഉയര്‍ത്തി തന്നെ

Avatar

അഴിമുഖം പ്രതിനിധി

അഭ്യൂഹങ്ങള്‍ക്ക് വിട, ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍ വിരേന്ദര്‍ സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഫോം നഷ്ടമായതിനെ തുടര്‍ന്ന് ടീം ഇന്ത്യയുടെ സ്‌ക്വാഡില്‍ നിന്ന് ഏറെ നാളായി പുറത്തു നില്‍ക്കുകയായിരുന്നു സേവാഗ്. ലോകോത്തര ബൗളര്‍മാരുടെ എല്ലാം പേടിസ്വപ്‌നമായിരുന്ന ഈ ബാറ്റ്‌സ്മാന്റെ മടങ്ങി വരവ് ഉണ്ടാകുമെന്ന് കരുതി കാത്തിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയാണ്‌ സേവാഗ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

സേവാഗ് അവസാനമായി ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് കുപ്പായം അണിഞ്ഞത് 2013 മാര്‍ച്ചില്‍ ഹൈദരാബാദില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു. അതേവര്‍ഷം തന്നെ കൊല്‍ക്കത്തയില്‍ പാകിസ്താനെതിരെ ആയിരുന്നു സേവാഗിന്റെ അവസാന ഏകദിന മത്സരവും. 104 ടെസ്റ്റുകളില്‍ നിന്നായി 8586 റണ്‍സ് സേവാഗ് നേടിയിട്ടുണ്ട്. 49 ആയിരുന്നു ആവറേജ്. ഇതില്‍ 23 സെഞ്ച്വറികളും 32 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടും. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ എന്ന ലോക റക്കോര്‍ഡും സേവാഗിന് സ്വന്തം. ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍(319) നേടിയ ഇന്ത്യന്‍ താരവും സേവാഗ് തന്നെ. 251 ഏകദിനങ്ങള്‍ കളിച്ചതില്‍ നിന്ന് 8273 റണ്‍സ് നേടി. ആവറേജ് 35. 15 ഏകദിന സെഞ്ച്വറികളും 38 അര്‍ദ്ധ സെഞ്ച്വറികളും ഈ ഡല്‍ഹിക്കാരന്റെ പേരിലുണ്ട്. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയും സേവാഗിന്റെ പേരിലാണ്. സച്ചിനു പിന്നാലെ ഇരുന്നുറു കടന്ന സേവാഗ് ഇപ്പോള്‍ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍(219) നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാന്‍ ആണ്. 2011 ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ആയിരുന്നു സേവാഗിന്റെ ഇരട്ട സെഞ്ച്വറി നേട്ടം. 19 ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 394 റണ്‍സും നേടിയിട്ടുണ്ട്. പാര്‍ട് ടൈം ബൗളര്‍ എന്ന നിലയിലും ശോഭിച്ചിട്ടുള്ള സേവാഗ് ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റുകളും ഏകദിനത്തില്‍ നിന്ന് 96 വിക്കറ്റുകളും സ്വന്തമക്കിയിട്ടുണ്ട്.

1999 ല്‍ ഇന്ത്യന്‍ ടീമിലേക്ക് കടന്നുവരുന്ന സേവാഗ് ആദ്യകാലത്ത് ഒരു ആവറേജ് ഏകദിനക്രിക്കറ്റ് കളിക്കാരന്‍ മാത്രമായിരുന്നു. എന്നാല്‍ അന്നത്തെ കോച്ച് ജോണ്‍ റൈറ്റും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും സേവാഗിനെവച്ച് നടത്തിയ ചൂതാട്ടം ടീം ഇന്ത്യയുടെ തലവര തന്നെ മാറ്റി. ഡല്‍ഹി ടീമില്‍ മിഡില്‍ ഓഡറില്‍ കളിച്ചിരുന്ന വീരു പൊടുന്നനെയാണ് ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ ഓപ്പണറായി മാറിയത്. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ വീരു എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഉദയം കൊള്ളുകയായിരുന്നു. പിന്നീട് നടന്നതെല്ലാം ചരിത്രം. ഇന്ത്യന്‍ ടീമിന് തന്നെ അതുവരെ പരിചയമില്ലാതിരുന്ന തരം ആക്രമണമായിരുന്നു വീരു നടത്തിയത്. അത് ടെസ്റ്റിലായാലും ഏകകദിനത്തിലായാലും. ആദ്യ ഓവറുകളില്‍ തന്നെ ഏത്രവലിയ കൊമ്പന്‍ ബോളര്‍ ആയാലും സേവാഗ് അവരെ അടിച്ചു പരത്തി എതിരാളികളുടെ ബൗളിംഗ് നിരയെ നിരാശരാക്കും. ഇതു പിന്നീട് വരുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുത്തു. ചങ്കൂറ്റമായിരുന്നു സെവാഗ് എന്ന ബാറ്റ്‌സാമാന്റെ ആയുധം. അതില്‍ തളരാത്ത എതിരാളികള്‍ ഇല്ലായിരുന്നു. സച്ചിന്‍-സേവാഗ് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ കണ്ടിരുന്നത് ആക്രമണത്തിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളായിരുന്നു, സച്ചിന്‍ സൗമന്യായി എതിരാളികളെ തകര്‍ത്തപ്പോള്‍ വീരു സംഹാരതാണ്ഡവം ആടുകയായിരുന്നു; ടെസ്റ്റ് എന്നോ ഏകദിനമെന്നോ വ്യത്യാസമില്ലാതെ. സേവാഗ് നേടിയ 23 ടെസ്റ്റ് സെഞ്ച്വറികളില്‍ 14 ലും അദ്ദേഹം 150 മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ കാത്തുനില്‍ക്കുമായിരുന്നെങ്കില്‍ ഇതില്‍ പലതും 200 ഉം കടക്കുമായിരുന്നു. പക്ഷേ വീരുവിലെ യോദ്ധാവ് മെല്ലെപ്പോക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പൊരുതി വീണാല്‍ അതില്‍ അഭിമാനം കൊണ്ടിരുന്നു. കൂടുതല്‍ പേര്‍ ഇന്ത്യക്കകത്തും ചുരുക്കം ചിലര്‍ പുറത്തും മാത്രം ശോഭിച്ചിരുന്ന ടീം ഇന്ത്യയെ സംബന്ധിച്ച് പിച്ച് ഏതായാലും ഒരുപോലെ ബാറ്റ് വീശുന്ന വീരു എന്നും വ്യത്യസ്തനായി നിന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന വിശേഷണം പേറിയ ഒരാള്‍ ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിലും ക്രിക്കറ്റ് ലോകം ആശ്ചര്യപ്പെട്ടു. അതായിരുന്നു വിരേന്ദര്‍ സെവാഗ്.

സ്വാര്‍ത്ഥയില്ലാത്ത കളിക്കാരാന്‍ ആയിരുന്നു സേവാഗ് എന്നതായിരുന്നു ആരാധകര്‍ക്ക് വീരുവിനെ ഏറെ ഇഷ്ടപ്പെടാനുള്ള കാരണം. സ്വന്തം സ്‌കോര്‍ ആയിരുന്നില്ല, ടീമിന്റെ വിജയമായിരുന്നു അദ്ദേഹം എപ്പോഴും ആഗ്രഹിച്ചിരുന്നത്. സേവാഗ് എത്ര റണ്‍സ് നേടിയെന്നല്ല, അദ്ദേഹം ക്രീസില്‍ നിന്ന സമയത്ത് എതിര്‍ ബൗളര്‍മാരില്‍ ഉണ്ടാക്കുന്ന ആഘാതമായിരുന്നു ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പ്രധാനം. സേവാഗ് ഏകദിനത്തില്‍ നേടിയിട്ടുള്ളത് 15 സെഞ്ച്വറികളാണ്. ഇതില്‍ 14 സെഞ്ച്വറികള്‍ നേടിയപ്പോഴും ഇന്ത്യ വിജയിച്ചിട്ടുണ്ടെന്ന് കാണുമ്പോള്‍ മനസ്സിലാകും ഈ താരം തന്റെ ടീമിനുവേണ്ടി മാത്രമായിരുന്നു ബാറ്റ് വീശിയെന്നത്. ശ്രമിച്ചിരുന്നെങ്കില്‍ റെക്കോര്‍ഡുകള്‍ പലതും വീരുവിനും സ്വന്തമാക്കാമായിരുന്നു. അയാള്‍ പക്ഷെ ഗ്രൗണ്ടില്‍ തന്റെ ടീമിനൊപ്പമുള്ള ആഘോഷത്തിലാണ് സന്തോഷിച്ചിരുന്നത്.

ഇടയില്‍ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിട്ടുമുണ്ട്. ഇന്ത്യയുടെ സ്ഥിരം നായകനായി മാറേണ്ടിയിരുന്ന ഒരാള്‍ തന്നെയായിരുന്നു സേവാഗ്. എന്നാല്‍ തന്നെ തേടിവരാതെ പോയ നായകന്റെ കുപ്പായത്തെയോര്‍ത്ത് വീരു ഒരിക്കലും വിഷമിച്ചിട്ടുണ്ടാവില്ല. ഓരോ കളി കഴിയുമ്പഴും വീരനായകനായി തന്റെ രാജ്യത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ സാധിച്ചിരുന്ന ഒരു കളിക്കാരനു ഗ്രൗണ്ടില്‍ സഹകളിക്കാര്‍ക്ക് നിര്‍ദേശം കൊടുക്കുന്ന ചുമതലയോട് അത്രവലിയ മോഹമൊന്നും തോന്നാനിടയില്ല.

വീഴ്ച്ചകള്‍ ഉണ്ടായി എങ്കിലും വിരേന്ദര്‍ സേവാഗ് എന്ന ക്രിക്കറുടെ ജീവിതം സാര്‍ത്ഥകമായിരിക്കും. രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഒരു ടീമിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാകുമ്പോഴും 2011 ല്‍ ഏകദിന ലോകകപ്പ് കിരീടം ചൂടുമ്പോഴും വീരു വഹിച്ച പങ്ക് ഇന്ത്യയില്‍ ക്രിക്കറ്റ് നിലനില്‍ക്കുന്ന കാലത്തോളം ഓര്‍ത്തിരിക്കും.

ഏതൊരു കളിക്കാരനും സംഭവിക്കുന്ന തിരിച്ചടികള്‍ സേവാഗിനും സംഭവിച്ചു. അദ്ദേഹത്തിന്റെ ബാറ്റിനെ കടന്നു പന്തുകള്‍ പോയി. ഗാലറികളെ പ്രകമ്പനം കൊള്ളിക്കാതെ വീരു തുടര്‍ച്ചയായി പവലിയനിലേക്ക് മടങ്ങി. രണ്ടര വര്‍ഷത്തോളമായി വിരേന്ദര്‍ സേവാഗ് എന്ന ബാറ്റ്‌സ്മാന്‍ ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാതെ ആയിട്ട്. ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടു നടത്തുന്ന ഐപിഎല്ലിലും യഥാര്‍ത്ഥ സേവാഗിനെ കാണാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഒരു രാജ്യം മുഴുവന്‍ സേവാഗ് നിങ്ങളെ ഓര്‍ത്ത്, നിങ്ങളുടെ കളികളില്‍ നിന്ന് ആവേശം കൊണ്ട്, മടങ്ങി വരുന്ന അവരുടെ വീരുവിനെ കാത്തിരിക്കുകയായിരുന്നു… എല്ലാം ഇവിടെ അവസാനിക്കുകയാണ്…

നജഫ്ഗഢിന്റെ രാജകുമാരാ…ക്രിക്കറ്റ് ഗ്രൗണ്ടുകളില്‍ ഇനി നിങ്ങളെ നീലക്കുപ്പായത്തില്‍ കാണില്ലായിരിക്കും, പക്ഷെ ഞങ്ങള്‍ കോടിക്കണക്കിന് ആരാധകരുടെ മനസ്സില്‍ നിന്ന് നിങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല, പന്ത് ഒരു കൂറ്റന്‍ സിക്‌സിന്റെ രൂപത്തില്‍ ഗാലറിയുടെ മേല്‍ക്കൂര ലക്ഷ്യമാക്കി പായുമ്പോള്‍, ഒരു കള്ളച്ചിരിയോടെ അതു നോക്കി നില്‍ക്കുന്ന നിങ്ങളുടെ രൂപം, അതൊരാവേശമായി ഞങ്ങളുടെയെല്ലാം മനസ്സില്‍ എന്നുമുണ്ടാകും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍