UPDATES

യാത്ര

ഫ്രയിംഗ് പാന്‍ ഫാം പാര്‍ക്ക്; കാലത്തില്‍ ഒരു ചുവട് പിറകിലേക്ക്

Avatar

ആന്‍ കാമറൂണ്‍ സീഗല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫ്രയിംഗ് പാന്‍ ഫാം പാര്‍ക്കിലേക്കുള്ള സന്ദര്‍ശനം കാലത്തില്‍ ഒരു ചുവട് പിറകോട്ടു വയ്ക്കുന്നത് പോലെയാണ്. സന്ദര്‍ശകരുടെ ഇന്ദ്രിയങ്ങളെ അത് രസിപ്പിക്കുന്നു. 1920കള്‍ മുതല്‍ 1950കള്‍ വരെ ഒരു കുടുംബ ഫാമില്‍ സാധാരണമായിരുന്നത് എല്ലാം നമുക്ക്  കാണാം, കേള്‍ക്കാം, വാസനിക്കാം, തൊടാം.

ഏതാനും മണിക്കൂറുകള്‍ മാത്രം മുന്പ് പിറന്നു വീണ ഒരു കുഞ്ഞാട് അതാ.. സന്ദര്‍ശകര്‍ അതിനെ കണ്ട് അത്ഭുതം കൂറുന്നു. അപ്പുറത്ത് അതാ ഒരു പന്നിക്കൂട്. ആദ്യമായി അത്തരം ഒന്ന് നേരിട്ട് കാണുന്ന ഒരു കൊച്ച് പെണ്‍കുട്ടി ഈ….. എന്നു കരയുന്നു. സന്ദര്‍ശകര്‍ ആടുകളുടെ കഴുത്തില്‍ തലോടി, തൊട്ടുഴിഞ്ഞ്‌ പന്നികളുടെ ചെവിയില്‍ ഒന്ന് പിടിച്ച് മുന്നോട്ടു പോകവെ, പശുക്കളും പൂവന്‍ കോഴികളും  ഞങ്ങളും ഉണ്ടിവിടെ എന്ന് അമറിയും  കൂകിയും സാനിദ്ധ്യമറിയിക്കുന്നു.

സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുകയാണ് ഈ കാഴ്ചകള്‍ അത്രയും ഹെര്‍ണ്ടന്‍ നിന്നുള്ള ഒരു കൂട്ടം കൊച്ച് സ്കൌട്ട് അംഗങ്ങള്‍ . 1900ങ്ങളിലെ ട്രാക്ടറുകള്‍ക്ക് മുന്നില്‍ നിന്ന് ഒമ്പത് വയസ്സുകാരന്‍ ഡാനിയേല്‍ വക്കെര്‍ പറയുകയാണ്‌. ‘എന്‍റെ അച്ഛനും അപ്പൂപ്പനും കൃഷിയിടങ്ങളില്‍ ആണ് വളര്‍ന്നത്. അപ്പൂപ്പന് ഇപ്പോളും രണ്ടു ട്രാക്ടറുകള്‍ ഉണ്ട്.’

പത്തു വയസ്സുകാരന്‍ വില്ലിം മലിസ്കക്ക് പറയാനുള്ളത് ഇത്രയും. ‘എനിക്ക് ആടുകളെ വലിയ ഇഷ്ടമാണ്. അമ്മക്ക് കമ്പിളി നൂല്‍ക്കാന്‍ നന്നായി അറിയാം.’

വാഷിംഗ്ടണ്‍ ഡള്ളസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് നാല് നാഴികയെ ഉള്ളൂ, ഫ്രയിംഗ് പാന്‍ ഫാം പാര്‍ക്കിലേക്ക്. പക്ഷെ, സാങ്കേതിക വിദ്യകള്‍ കൊണ്ട് നിറഞ്ഞ നമ്മുടെ ജീവിതങ്ങളില്‍ നിന്ന് എത്രയോ അകലെയുള്ള കാഴ്ചയാണ് അവിടം നമുക്ക് തരുന്നത്. പടിഞ്ഞാറന്‍ ഫെയര്‍ ഫാക്സ് കൌണ്ടിയില്‍ അത്തരം കുടുംബ ഫാമുകള്‍ ഈ അടുത്തകാലം വരെ ഉണ്ടായിരുന്നു. വിര്‍ജീനിയയില്‍ ഏറ്റവും കൂടുതല്‍ പാലുല്‍പാദനമുള്ള ഒരു പ്രദേശവുമായിരുന്നു അത്.

നിങ്ങളുടെ കുടുംബത്തെ ഇവിടേയ്ക്ക് കൊണ്ട് വരിക. കൊറിക്കാന്‍ എന്തെങ്കിലും കയ്യില്‍ കൂടെ കരുതുക. ഒരു ദിവസം നമുക്കിവിവ്ടെ ചിലവഴിക്കാം.

സന്ദര്‍ശക കേന്ദ്രത്തില്‍ നിന്ന് തുടങ്ങാം. 1896ലെ ഒരു വയ്ക്കോല്‍  തൊഴുത്ത് ആണ് സന്ദര്‍ശക കേന്ദ്രമായി മാറ്റിയിരിക്കുന്നത്. ഈ ഫാമിലും അതിനോട് തൊട്ടപ്രദേശങ്ങളിലുമായി പാര്‍ത്തിരുന്നവരുടെ ജീവിതങ്ങളെ കുറിച്ച് പറയുന്ന ഒരു മ്യൂസിയം ഇവിടെ ഉണ്ട്. കുട്ടികള്‍ ചെയ്തു പോന്നിരുന്ന ദൈനംദിന പ്രവര്‍ത്തികള്‍ എന്തെല്ലാം എന്ന് നമുക്കിവിടെ നിന്ന് അറിയാം. പാല്‍ പശുക്കള്‍ എന്നിവയെ കുറിച്ച് നിങ്ങള്‍ക്കുള്ള അറിവ് പരിശോധിക്കാം. ഒരു കൌണ്ടി പാര്‍ക്ക് ആയി മാറുന്നതിനു മുന്പ് ആ ഇടം എങ്ങിനെ ഇരുന്നുവെന്ന് കാണിക്കുന്ന ഫോട്ടോകള്‍ ഉണ്ട്. ഭൂദൃശ്യവും കെട്ടിടങ്ങളും ഏതാണ്ട് അതെപോലെയൊക്കെ ഇപ്പോഴും ഉണ്ട് എന്ന്‍ നിങ്ങള്‍ മനസിലാക്കും.

കിഡ്വെല്‍ ഫാം വിഭാഗത്തിലേക്ക് ഒരു ചരല്‍ പാതയാണ് നമ്മെ നയിക്കുക . അവിടെ ആ വസന്തത്തില്‍ പിറന്ന ഏറ്റവും പുതിയ മൃഗ കുഞ്ഞുങ്ങളെ കാണാം. കൃഷിയിടത്തിലെ പണിയാളരുമായി ഒനും രണ്ടും പറഞ്ഞാല്‍ അവിടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് മനസിലാക്കാം. ഉഴവു കുതിരകളെ പൂട്ടി പാടങ്ങള്‍ ഉഴുതിരുന്നത്, വിളകള്‍ നട്ട് പരിപാലിച്ചു കൊയ്ത്തു കൂട്ടിയിരുന്നത്. മൃഗ പരിപാലനം അങ്ങിനെയെല്ലാം അടുത്തറിയാം. ഓരോ ദിവസവും വൈകുന്നേരം നാലുമണിയായാല്‍ സന്ദര്‍ശകര്‍ക്ക് പശുവിനെ കറക്കാന്‍ ഒരവസരം കിട്ടും.

ഇടയ്ക്കൊക്കെ 1930കളിലെ ആ കര്‍ഷക ഭവനത്തിനുള്ളിലേക്ക് സന്ദര്‍ശകരെ കൊണ്ട് പോകും. ഇന്റര്‍നെറ്റും ടെലിവിഷനും വരുന്നതിനുമുന്പ് റേഡിയോകള്‍ക്ക് ഇന്നുള്ളതിനേക്കാള്‍ വലിപ്പം കൂടുതലും ഫ്രിഡ്ജുകള്‍ക്ക് വലിപ്പം കുറവും ആയിരുന്നു. അന്നൊക്കെ, വീടുകള്‍ എങ്ങിനെയാണ് ചൂട് പിടിപ്പിച്ചിരുന്നത് എന്നു കാണാം. പിച്ചവച്ചു നടക്കുന്ന കുഞ്ഞുങ്ങളുടെ അക്കാലത്തെ ഉടുപ്പുകള്‍ ഇന്നത്തെതില്‍നിന്ന് എത്ര വ്യത്യസ്തമായിരുന്നു! 

ഫാമിലെ പീടികയില്‍ പല പ്രവൃത്തി ഉപകരണങ്ങളും നിറച്ച കിറ്റുകള്‍ കടം കിട്ടും. പാര്‍ക്കിനു പിറകില്‍ ഉള്ള കാട്ടിലൂടെ ഒരു സാഹസിക യാത്രക്ക് വേണ്ട എല്ലാം അതില്‍ ഉണ്ടാകും. കാട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട്. പാതയില്‍ ചെളിയാണ്. അതിനിടയില്‍ പാറക്കല്ലുകളും വേരുകളും കുതിച്ചൊഴുകുന്ന ഒരു കാട്ടാറും ഉണ്ട്.

അങ്ങിനെ പോകുമ്പോള്‍ ഒരു കുതിരാലയം കാണാം. അവിടെ വിദ്യാര്‍ഥികള്‍ക്ക് കുതിരസവാരി പഠിക്കാം. പ്രദര്‍ശന സവാരിക്ക് വേണ്ട പരിശീലനം നേടാം.

ഡിമിത്രി ഇപ്പി യോട്ടിസിനു വയസ്സ് എട്ട്. അവനും മിള്‍ടോസ് എന്ന ഇരട്ട സഹോദരനും പാര്‍ക്കില്‍ ഉണ്ട്. ഫ്രയിംഗ് പാന്‍ ഫാം പാര്‍ക്ക് അവര്‍ക്ക് ഏറെ പിടിച്ചു. കാരണം, “പ്രകൃതിയുമൊത്ത് തനിച്ച് കുറേ നേരം ചിലവഴിക്കാം.” എവിടെപോയാലും നിങ്ങള്‍ക്ക് വ്യത്യസ്തമായ എന്തെങ്കിലും കാണാം.

നിങ്ങള്‍ പോകുന്നുണ്ടെങ്കില്‍:

ഫ്രയിംഗ് പാന്‍ ഫാം പാര്‍ക്ക്

2739 വെസ്റ്റ് ഓക്സ് റോഡ്‌, ഹെര്‍ണ്ടന്‍ വെര്‍ജീനിയ.

സമയം: പാര്‍ക്ക് എല്ലാദിവസവും  രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5വരെ തുറന്നിരിക്കും.

പ്രവേശനം സൌജന്യമാണ്. പക്ഷെ വാഗണ്‍ പോലുള്ള വണ്ടികളില്‍ യാത്ര ചെയ്യണം എങ്കില്‍, മെറി- ഗോ- റൌണ്ടുകള്‍ പോലെയുള്ള യന്ത്രങ്ങളില്‍ ഉല്ലസിക്കാന്‍ (ഏപ്രില്‍ പകുതിയോടെ ആരംഭിക്കും) എല്ലാം പണം നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  fairfaxcounty.gov/parks/fryingpanpark സന്ദര്‍ശിക്കുകയും മൃഗങ്ങളുടെ ജനന സമയം, മറ്റു പരിപാടികള്‍ എന്നിവയ്ക്കനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയും ആകാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍