UPDATES

വൈറല്‍

എനിക്കും എന്റെ മകനുമില്ലാത്ത വിഷമം ജിതേഷ് ദാമോദറിനെന്തിനാണ്?

ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പോസ്റ്റിട്ടതെന്നും നീക്കം ചെയ്യുന്നതായും ജിതേഷ് ദാമോദര്‍

ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടത്തിന് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന കുട്ടിയുടെ ചിത്രമാണ് രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ചിത്രം പുറത്തുവിട്ടത്.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പന്തലിലെ കൈവരിയില്‍ പിടിച്ച് കരയുന്ന രണ്ട് കുട്ടികളുടെ ചിത്രമായിരുന്നു ഇത്. ‘ഇന്നലെ ആറ്റുകാലില്‍ കുത്തിയോട്ട വൃതമെടുത്ത കുട്ടികളുടെ ചില അവസ്ഥകള്‍ (ശ്രീലേഖ ഐപിഎസിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍) എന്ന ക്യാപ്ഷനോടെയായിരുന്നു ജിതേഷിന്റെ പോസ്റ്റ്. കുത്തിയോട്ടമെന്ന പ്രാകൃത ആചാരം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞ സാഹചര്യത്തില്‍ ഈ പോസ്റ്റിന് വ്യാപകമായി പ്രചാരവും ലഭിച്ചു. അതേസമയം ജിതേഷിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.

എന്നാല്‍ ജിതേഷിനെതിരെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഒരു കുട്ടിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുചിത്ര ശ്രീകുമാര്‍ എന്ന വീട്ടമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് തന്റെ മകന്‍ അമ്പാടിയെയാണെന്നും കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ആണ് ഈ പണി കാണിച്ചതെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൂടാതെ താന്‍ കേരളത്തില്‍ ജീവിക്കുന്ന ഈശ്വര വിശ്വാസിയായ സ്ത്രീയാണെന്നും എനിക്ക് എന്റെ വിശ്വാസത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ കുഞ്ഞും ആ വിശ്വാസവും സംസ്‌കാരവും അനുസരിച്ച് വളരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായും അവര്‍ വ്യക്തമാക്കുന്നു. ‘അതിനാലാണ് കുത്തിയോട്ടത്തിന് നിര്‍ത്തിയത്. ഇത് ആദ്യമായാണ് അവന്‍ എന്റെ അടുത്തു നിന്നും മാറിനില്‍ക്കുന്നത്. ഈ വിഷമം 7 ദിവസത്തേക്ക് സഹിക്കാന്‍ ഞാനും അവനും തയ്യാറാണ്. എന്റെ കുഞ്ഞിന്റെ ഫോട്ടോ എടുത്ത് എന്തിനാണ് പ്രചരിപ്പിക്കുന്നത്. ഈ രീതിയില്‍ പ്രചരിപ്പിക്കാന്‍ ആരാണ് അവകാശം കൊടുത്തത്?’ എന്നാണ് അവര്‍ ചോദിക്കുന്നത്.

തന്റെ അവകാശങ്ങളെക്കുറിച്ച് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്ന സുചിത്ര ബാലാവകാശത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ലെന്ന് ഈ പോസ്റ്റില്‍ നിന്നു തന്നെ വ്യക്തമാണ്. അതേസമയം ജിതേഷ് തന്റെ പോസ്റ്റ് ഇന്ന് നീക്കം ചെയ്തിട്ടുണ്ട്. പലരും ഇതേക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന് ജിതേഷ് അഴിമുഖത്തോട് പറഞ്ഞു. ആ അമ്മയുടെ പോസ്റ്റ് കണ്ടില്ലെന്ന് നടിക്കാനാകാത്തതിനാലാണ് പോസ്റ്റ് നീക്കം ചെയ്തത്. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല താന്‍ ആ പോസ്റ്റിട്ടതെന്നും ജിതേഷ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍