UPDATES

വൈറല്‍

പുതിയതായി വാങ്ങിയ പാവ തുറന്നു നോക്കിയപ്പോള്‍ കിട്ടിയത് ആശുപത്രി മാലിന്യങ്ങള്‍

കുട്ടികളുടെ വാശി മൂലം വിലപോലും നോക്കാതെ വാങ്ങുന്ന ഇത്തരം പാവകള്‍ അവര്‍ക്ക് ഗുരുതരമായ രോഗങ്ങളുണ്ടാക്കിയേക്കാം

പുതുതായി വാങ്ങിയ പാവയ്ക്കുള്ളില്‍ നിന്നും ലഭിച്ചത് ആശുപത്രി മാലിന്യങ്ങള്‍. ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ ഡി മാരാരിയ്ക്കാണ് പാവയില്‍ നിന്നും ആശുപത്രി മാലിന്യങ്ങള്‍ ലഭിച്ചത്. കഴിഞ്ഞമാസം ഊട്ടിയിലേക്ക് നടത്തിയ യാത്രയ്ക്കിടെയാണ് പാവ വാങ്ങിയത്.

വാങ്ങിയ പാവയ്ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് തങ്ങള്‍ അത് തുറന്നു നോക്കിയതെന്ന് ഫേസ്ബുക്ക് ലൈവില്‍ ശ്രീമോള്‍ പറയുന്നു. എന്നാല്‍ തുറന്നപ്പോള്‍ ലഭിച്ചത് രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും ആയിരുന്നു. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ പറയുന്നു. ഫേസ്ബുക്കിലെ ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയികിക്കുകയാണ്.

വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. 500 രൂപ പറഞ്ഞിട്ട് 350 രൂപയ്ക്ക് ലഭിച്ചു. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരനാണ് വില്‍ക്കാനുണ്ടായിരുന്നത്. തന്റെ മകള്‍ ദിവസവും ഈ പാവയെ കെട്ടിപ്പിടിച്ചാണ് കിടന്നുറങ്ങുന്നതെന്നും ശ്രീമോള്‍ അഴിമുഖത്തോട് പറഞ്ഞു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടായിരുന്നു. അപ്പോഴൊന്നും പാവയ്ക്കുള്ളില്‍ നിന്നാണ് ദുര്‍ഗന്ധമെന്ന് കരുതിയില്ല. ഇന്നലെ രാത്രിയിലാണ് ഇതേക്കുറിച്ച് സംശയം തോന്നിയത്.

അതേസമയം ഈ പാവ എവിടെ നിര്‍മ്മിച്ചതാണെന്നോ ആര് നിര്‍മ്മിച്ചതാണെന്നോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന ഇത്തരം പാവകള്‍ കുട്ടികള്‍ക്ക് ഗുരുതരമായ അസുഖങ്ങളുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ വാശി മൂലം വിലപോലും നോക്കാതെ നാം വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഇത്തരത്തിലുള്ള അപകടവും പതിയിരിപ്പുണ്ടെന്നും ആളുകള്‍ ഇതേക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്നതിനാലാണ് ഫേസ്ബുക്കിലൂടെ ഇതിന്റെ വീഡിയോ പുറത്തുവിട്ടതെന്നും അവര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍