ഓസ്‌ട്രേലിയയിലെ വിദഗ്ധ തൊഴിലാളി വിസയായ 457 വിസകളില്‍ വന്‍വര്‍ദ്ധനവുണ്ടായിരിക്കെ എഞ്ചിനീയര്‍മാരെയും ഈ വിസയുടെ കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ വ്യവസായ മേഖലയില്‍ പ്രതിവര്‍ഷം 20,000 എഞ്ചിനീയര്‍മാരുടെ ആവശ്യകത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അവിടുത്തെ സര്‍വകലാശാലകളില്‍ നിന്നും 95000 എഞ്ചിനീയറിംഗ് ബിരുദധാരികള്‍ മാത്രമാണ് പുറത്തിറങ്ങുന്നതെന്ന് ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ പത്രം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് വിദഗ്ധത്തൊഴില്‍ വിസയുടെ പരിധിയില്‍ എഞ്ചിനീയറിംഗ് ബിരുദധാരികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
2013ല്‍ ഈ വിസയുടെ കീഴില്‍ എഞ്ചിനീയര്‍മാര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും 2014ല്‍ ഇതിനെ 457 വിസയുടെ പരിധിയില്‍ നിന്നും എടുത്ത് കളയുകയായിരുന്നു. ഇതിനിടെ 457 വിസ അപേക്ഷകരുടെ എണ്ണം 2014നും 2015നും ഇടയില്‍ 15 ശതമാനം കണ്ട് വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1998ല്‍ 30,000 457 വിസകളാണ് അനുവദിച്ചിരുന്നതെങ്കില്‍ 2013 ആയപ്പോഴേക്കും ഇത് 120,000 ആയി ഉയര്‍ന്നു. ഒരു ഓസ്‌ട്രേലിയന്‍ വ്യവസായ സ്ഥാപനം സ്‌പോണ്‍സര്‍ ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് നാല് വര്‍ഷം വരെ ജോലി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതാണ് 457 വിസകള്‍.
ഇപ്പോള്‍ ഈ വിസയുടെ പ്രചാരം മുമ്പത്തേക്കാള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ജൂണിനും 2015 മാര്‍ച്ചിനും ഇടയിലുള്ള ഒമ്പത് മാസ കാലയളവില്‍ 15 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പുതിയ കണക്കുകള്‍ വെളിവാക്കുന്നത്. ഭക്ഷ്യസേവനം, ഐടി, ശാസ്ത്രസാങ്കേതിക സേവനങ്ങള്‍ എന്നീ രംഗങ്ങളിലാണ് കൂടുതല്‍ വിസകള്‍ ഇപ്പോള്‍ അനുവദിക്കുന്നത്. ഇന്ത്യ, യുകെ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപേക്ഷകരില്‍ അമ്പത് ശതമാനവും.