UPDATES

സയന്‍സ്/ടെക്നോളജി

ആപ്പിള്‍ ഒരു തുറന്ന സ്ഥാപനം; ട്രംപിന്റെ കുടിയേറ്റ നയത്തില്‍ ആശങ്കയുമായി സിഇഒ ടിം കുക്കിന്റെ കത്ത്

കുടിയേറ്റ ഉത്തരവ് നേരിട്ട് ബാധിക്കുന്ന നിരവധി ജീവനക്കാര്‍ ആപ്പിളില്‍ ഉണ്ടെന്ന് ടിം കുക്ക് ആപ്പിള്‍ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍

പ്രിയപ്പെട്ടവരെ,

ഈ ആഴ്ച വാഷിംഗ്ടണിലുള്ള ഉദ്യോഗസ്ഥരുമായുള്ള എന്റെ സംഭാഷണത്തില്‍ കുടിയേറ്റത്തിന്റെ പ്രാധാന്യം ആപ്പിള്‍ മനസിലാക്കുന്നതായി ഞാന്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ കമ്പനിയുടെയും നമ്മുടെ രാജ്യത്തിന്റെയും ഭാവിക്ക് അത് പരമപ്രധാനമാണ്. കുടിയേറ്റമില്ലാതെ ആപ്പിളിന് നിലനില്‍പ്പില്ല എന്ന് മാത്രമല്ല, ഇത്രയും പുഷ്ടിപ്പെടാനും നവീകരിക്കപ്പെടാനും നമുക്ക് സാധിക്കുകയും ചെയ്യുമായിരുന്നില്ല.

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിച്ചുകൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ ഭരണനിര്‍വഹണ ഉത്തരവിനെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും ആശങ്കയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആശങ്കകളെ ഞാനും പങ്കുവെക്കുന്നു. അത് നമ്മള്‍ പിന്തുണയ്ക്കുന്ന ഒരു നയമല്ല.

കുടിയേറ്റ ഉത്തരവ് നേരിട്ട് ബാധിക്കുന്ന നിരവധി ജീവനക്കാര്‍ ആപ്പിളില്‍ ഉണ്ട്. അത്തരത്തില്‍ വിഷമങ്ങള്‍ അനുഭവിക്കുന്നവരുമായി നമ്മുടെ മാനവശേഷി, നിയമ, സുരക്ഷ സംഘങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരെ പിന്തുണയ്ക്കുന്നതിനായി അപ്പിളിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. കുടിയേറ്റ നയങ്ങളെ കുറിച്ച് ആശങ്കകളോ ചോദ്യങ്ങളോ ഉള്ളവരെ സഹായിക്കുന്നതിനായി ആപ്പിള്‍വെബ് ആവശ്യമുള്ള വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, നമ്മുടെ സഹപ്രവര്‍ത്തകരെയും നമ്മുടെ കമ്പനിയെയും പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി നമ്മള്‍ വൈറ്റ് ഹൗസുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ഞാന്‍ പല തവണ വിശദീകരിച്ചിട്ടുള്ളത് പോലെ വൈവിദ്ധ്യമാണ് ഒരു സംഘത്തിന്റെ ശക്തി. ആപ്പിളില്‍ ജോലി ചെയ്യുന്നവരെ കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങളില്‍ ഒന്ന് പരസ്പരമുള്ള സഹാനുഭൂതിയും പിന്തുണയ്ക്കാനുള്ള മനസുമാണ്. എല്ലാ കാലത്തും ഉണ്ടായിരുന്നത് പോലെ ഇപ്പോഴും അത് പ്രധാനമാണ് എന്ന് മാത്രമല്ല ഒരു തരിപോലും അത് ശോഷിക്കുകയുമില്ല. ആപ്പിളില്‍ എത്തുന്ന എല്ലാവര്‍ക്കും സ്വാഗതവും ബഹുമാനവും മൂല്യവും നല്‍കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുമെന്ന് എനിക്കറിയാം.

ആപ്പിള്‍ ഒരു തുറന്ന സ്ഥാപനമാണ്. അവര്‍ എവിടെ നിന്ന് വരുന്നുവെന്നോ ഏത് ഭാഷയിലാണ് സംസാരിക്കുന്നതെന്നോ ആരെയാണ് പ്രേമിക്കുന്നതെന്നോ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നതെന്നോ ഉല്‍കണ്ഠപ്പെടാത്ത വിധത്തില്‍ തുറന്ന കാഴ്ചപ്പാടുള്ള ഒരു സ്ഥാപനമാണിത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിഭകളുടെ പ്രതിനിധികളാണ് നമ്മുടെ ജീവനക്കാര്‍. ഭൂഖണ്ഡത്തിന്റെ ഓരോ മുക്കിലും മൂലയില്‍ നിന്നും വന്നവരുമാണവര്‍.

ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ‘നമ്മള്‍ പല കപ്പലുകളില്‍ തീരത്തണഞ്ഞവരായിരിക്കാം, പക്ഷേ  ഇപ്പോള്‍ നമ്മള്‍ ഒരു വഞ്ചിയിലാണ് സഞ്ചരിക്കുന്നത്.’

ടിം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍