UPDATES

ലളിത് മോദിയെ വിദേശയാത്രകള്‍ക്ക് വഴിവിട്ട് സഹായിച്ചു; സുഷമ സ്വരാജ് കുരുക്കില്‍

മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്ക് വിസ ലഭിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വഴിവിട്ട് സഹായിച്ചതായി ആരോപണം. ഐപിഎല്ലില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കവെയാണ് അദ്ദേഹത്തിന് ബ്രിട്ടണ്‍ സന്ദര്‍ശിക്കാന്‍ സുഷമ സ്വരാജ് വഴിവിട്ട സഹായം ചെയ്തത്. മോദിക്ക് വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2014 ജൂലായില്‍ ബ്രിട്ടീഷ് എംപിക്ക് കത്തയച്ചുവെന്നാണ് സുഷമയ്‌ക്കെതിരായ ആരോപണം.

വിഷയത്തില്‍ ഇടപെട്ടതായി സുഷമ സ്വരാജ് സമ്മതിച്ചു. തികച്ചും മാനുഷികപരമായ തലങ്ങളിലാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, ഐപിഎല്ലുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യത്തിന് കേസുനടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വിസ നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.

വിഷയത്തിലുള്ള സുഷമയുടെ ഇടപെടല്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്നും അവര്‍ ഉടന്‍ തന്നെ രാജി വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ പ്രതിയായ മോദിയെ വഴിവിട്ട് സഹായിച്ചത് ധാര്‍മ്മികമായി ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു.

ലണ്ടനില്‍ താമസിക്കുന്ന ലളിത് മോഡിയുടെ ഭാര്യ കാന്‍സര്‍ രോഗബാധിതയാണെന്നും പോര്‍ച്ചുഗലില്‍ ഓഗസ്റ്റ് നാലിന് സര്‍ജറി തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞിരുന്നു. ഇത് പ്രകാരമാണ് ഇടപെട്ടതെന്നുമാണ് സുഷമസ്വരാജിന്റെ വാദം. 2010 ലെ ഐപിഎല്ലിന്റെ ഫൈനല്‍ മല്‍സരം അവസാനിച്ചതിന് ശേഷമാണ് സാമ്പത്തിക ആരോപണങ്ങളുടെ പേരില്‍ ലളിത് മോഡിയെ ഐപിഎല്‍ ചെയര്‍മാന്‍ കമീഷണര്‍ സ്ഥാനത്ത് നിന്ന് ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍