UPDATES

സിനിമ

വിസാരണ ഒരോര്‍മപ്പെടുത്തലാണ്; ഒപ്പം ഒരു ഷോക്ക് ട്രീറ്റ്മെന്റും

Avatar

റിബിന്‍ കരീം

‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’, ശ്രീ നാരായണഗുരുവിന്റെ ഈ വാചകമാണ് സമീപകാലത്തെ ഒരു മികച്ച സിനിമാ അനുഭവത്തിന് ഒരു ആസ്വാദന കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, മലയാളം അടക്കം നാലോളം സിനിമകള്‍ ഉള്ള മള്‍ട്ടിപ്ലക്‌സില്‍ ‘വിസാരണ’ എന്ന ചിത്രം കാണാന്‍ തീരുമാനിക്കുന്നതിന് പിന്നിലെ ചേതോവികാരം സംവിധായകന്റെ സ്ഥാനത്ത് കണ്ട ‘വെട്രിമാരന്‍’ എന്ന പേര് മാത്രം.

അധികാരം / അധികാര ബോധം, വ്യവസ്ഥാപിതത്വം / ഏകാധിപത്യം, പൗര (ജനാധിപത്യ) ബോധം / അടിച്ചമര്‍ത്തല്‍ മനോഭാവം, സ്വാതന്ത്ര്യ ബോധം / അരാജകത്വം എന്നീ ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് വ്യക്തി / സമൂഹം, ഗോത്രം / സ്റ്റേറ്റ്, ദേശം / ഇതര ദേശ രാജ്യങ്ങള്‍ എന്നീ ദ്വന്ദങ്ങളും സംഘര്‍ഷങ്ങളും അവക്കുള്ളിലും പരസ്പരവുമുള്ള ഒറ്റതിരിഞ്ഞതും കൂട്ടായതുമായ ഏറ്റുമുട്ടലുകളും യുദ്ധങ്ങളും ഉരുത്തിരിയുന്നതും ചരിത്രത്തിന്റെ ഗതി രക്തപങ്കിലമാക്കുന്നതും എന്നാണ് സാമാന്യ പാഠം. സ്വതേ ശിഥിലമായ മനുഷ്യപ്രകൃതത്തെയും ചുറ്റുപാടിനെയും ജീവിതാര്‍ഹമാംവിധം അനുനയിപ്പിച്ചെടുക്കുക എന്ന അതിജീവനോന്മുഖമായ പൊതുബോധ്യം തന്നെയാണ് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാക്കപ്പെടുന്നതിന്റെ ശരിയായ ഉദ്ദേശ്യവും. പിന്നെയും എവിടെയാണ് അധികാര സ്വരൂപങ്ങളുടെ ചരിത്രം രക്തച്ചൊരിച്ചിലിന്റേയും കൂട്ടക്കുരുതികളുടേയും നിന്ദ്യമായ അടിച്ചമര്‍ത്തലുകളുടേയും പാഴ് വേലയായിത്തീരുന്നത്? സാഹിത്യത്തിലെന്ന പോലെ ചലച്ചിത്രങ്ങളിലും ഈ അന്വേഷണം ശക്തമായി ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളതിന് ഏറെ ഉദാഹരണങ്ങളുണ്ട്.

വെട്രിമാരന്റെ വിസാരണ എന്ന ചിത്രമല്ല, അതിനു പിന്നിലുള്ള കഥയാണ് നമ്മെ ഒരേ സമയം അമ്പരിപ്പിക്കുന്നതും ഞെട്ടിക്കുന്നതും!

എം ചന്ദ്രകുമാര്‍ എഴുതിയ ലോക്കപ്പ് നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിട്ടുള്ളത്. കോയമ്പത്തൂരില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്ന ചന്ദ്രകുമാറിന്റെ ജീവിതാനുഭവം അഭ്രപാളികള്‍ എത്തിയപ്പോള്‍ പിറന്നത് എണ്ണം പറഞ്ഞ ഒരു തമിഴ് സിനിമയാണ്. അന്യദേശ തൊഴിലാളിയെന്നു കരുതി അയാളേയും മൂന്നു യുവാക്കളേയും പോലീസ് പിടിച്ചുകൊണ്ടുപോയി തങ്ങള്‍ ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരില്‍ ഭീകരമായി മര്‍ദ്ദിച്ച അനുഭവത്തെ ആധാരമാക്കി എഴുതിയ നോവലാണത്.

ദശലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ ലോകത്തുടനീളം വീടു വിട്ടിറങ്ങുകയും അതിജീവനത്തിനു വേണ്ടി അതിര്‍ത്തികള്‍ താണ്ടിക്കടക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും അവര്‍ തങ്ങള്‍ ഒരിക്കലും ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ നിയമപാലകര്‍ ഒരുക്കിയ കെണികളില്‍ അകപ്പെടുന്നു. സൗദി അറേബ്യ മുതല്‍ കേരളത്തില്‍ വരെ ഇത്തരം സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഉണ്ട്. ഈ അവസ്ഥയില്‍ വെട്രിമാരന്‍ ഈ സിനിമയുടെ കഥയ്ക്കുള്ള സാര്‍വലൗകികതയുടെ കാര്യത്തില്‍ കൃത്യമായ നിലപാടാണ് പുലര്‍ത്തുന്നത്.

ചിത്രത്തില്‍ ഇത്തിരിയെങ്കിലും മനസ്സാക്ഷിയുള്ള ഒരു മജിസ്‌ട്രേറ്റിന്റേയും പോലീസ് ഉദ്യോഗസ്ഥന്റേയും മധ്യസ്ഥത ചെറുപ്പക്കാരെ വെറുതെ വിടാന്‍ നിമിത്തമായിത്തീര്‍ന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈ സുഹൃത്തുക്കള്‍ കുറേക്കൂടി ഇരുണ്ട ഒരു കുറ്റകൃത്യത്തിലേക്കു നയിക്കപ്പെടുന്നു.

ഇതിനു ഹേതുവാകുന്നത് അറിഞ്ഞോ അറിയാതെയോ ആദ്യം സഹായിച്ച പോലീസ് ഓഫീസര്‍ ആണ്. ഒരു ത്രില്ലര്‍ ചിത്രത്തിന്റെ കൂടുതല്‍ യാഥാസ്ഥിതികമായ രീതിയിലാണ് വിസാരണ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതും.

ആടിനെ പട്ടി മുതല്‍ കൊമ്പനാന വരെയാക്കി മാറ്റി ഫാബ്രിക്കേറ്റ് സ്‌കാന്‍ഡലുകള്‍ക്ക് തിരക്കഥയെഴുതാന്‍ നന്നേ പരിചയം ഉള്ള പോലീസ് ഫോഴ്‌സ് ആണ് നമ്മുടേത്. അത് കേരളത്തില്‍ ആയാലും ആന്ധ്രയില്‍ ആയാലും. 

നഗരത്തിലെ ഒരു ബിഗ് ഷോട്ടിന്റെ വീട്ടില്‍ വലിയ മോഷണം നടക്കുന്നു. മോഷണതിനിടെ പ്രായമായ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ ആണ് സിനിമയുടെ പശ്ചാത്തലം. അവിടെ ജോലി നോക്കുന്ന നാല് ചെറുപ്പക്കാരായ തമിഴ് നാട് സ്വദേശികള്‍ ആ മോഷണത്തിനും കൊലപാതകത്തിനും ഉത്തരവാദികളാകുന്നു. കൊലപാതകികളില്‍ ഒരാള്‍ തമിഴ് സംസാരിച്ചിരുന്നു എന്നതാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച ഒരേ ഒരു ഘടകം.

ഭരണകൂടം ഒരാളെയോ അയാളടങ്ങിയ ഒരു സംഘത്തെയോ ഭീകരന്‍(ര്‍), തീവ്രവാദി(കള്‍), നക്‌സലൈറ്റ്, കൊലപാതകികള്‍ തുടങ്ങിയ വിശേഷണങ്ങളോടെ അവതരിപ്പിച്ചാല്‍ പിന്നെ എല്ലാ സ്‌ഫോടനങ്ങളുടേയും സമാധാനഭംഗങ്ങളുടേയും ഉത്തരവാദിത്തം അയാളുടേയും അവരുടേയും പേരില്‍ വെച്ചുകെട്ടുക എന്നത് പൊതുസമൂഹത്തിന്റെ വിനോദമാണ്.

പോലീസ് എന്നും ഭരണകൂടത്തിന്റെ പ്രത്യക്ഷരൂപമാണ്. ഭരണകൂടം പൗരാവകാശങ്ങള്‍ക്കുമേല്‍ എങ്ങനെ മെക്കിട്ടുകേറാന്‍ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പോലീസിന്റെ ചെയ്തികള്‍ക്ക് അര്‍ത്ഥവും അനര്‍ത്ഥവും വരുന്നത്. നിരപരാധികളായ ഈ നാല് ചെറുപ്പക്കാരെ പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കുന്ന രീതിയില്‍ അതിക്രൂരമായ മര്‍ദന മുറകള്‍ക്കും പീഡനത്തിനും ഇരയാക്കുക വഴി ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിബന്ധിക്കപ്പെടുന്നത് അവരുടെ മേലുദ്യോഗസ്ഥരുടെ താല്‍പ്പര്യങ്ങള്‍ കൊണ്ടുകൂടിയാണ്. ഉപമകളില്ലാത്ത പീഡനങ്ങള്‍ക്കൊടുവിലും ‘തെറ്റൊന്നും ചെയ്തിട്ടില്ല സര്‍ ‘ എന്ന് വിതുമ്പുന്ന നായക കഥാപാത്രം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ പ്രേക്ഷകന്റെയും മനസ്സിലെ കരടായി തിയേറ്റര്‍ വിട്ടൊഴിയുമ്പോഴും കൂടെ സഞ്ചരിക്കുന്നു.

സിനിമയുടെ പോസ്റ്ററില്‍ പോലും ശക്തമായ രാഷ്ട്രീയം സൂക്ഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കുന്ന നാല് പേരുടെയും മുഖം മറച്ച രീതിയില്‍ ആണ് പോസ്റ്ററില്‍ പോലും ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിലെ ഒരു സംഭാഷണത്തില്‍ ആ മുഖംമൂടിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചിഹ്നങ്ങള്‍ കൂടി വെളിവാകുന്നുണ്ട്.

ഉപജീവന മാര്‍ഗം തേടി പിറന്ന നാട് വിടുന്ന നിമിഷം മുതല്‍ ഒരു മനുഷ്യന്‍ അവന്‍ ഒരു തൊഴിലാളി ആണെങ്കില്‍ ‘അന്യന്‍’ എന്ന പദം കൂടി ഇനീഷ്യലായി ലഭിക്കുന്നുണ്ട്. അത്തരത്തില്‍ വന്നു പെടുന്ന തൊഴിലാളികള്‍ക്ക് അധികാര ഘടനയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഇല്ലാത്തിടത്തോളം അവനെ ആര്‍ക്കും കസ്റ്റഡിയില്‍ എടുക്കാം, മര്‍ദ്ദിക്കാം, കൊന്നു കളയാം, ഒരു തടസ്സവുമില്ല. സിനിമയില്‍ മാത്രം അല്ല, ജീവിതത്തിലും അതിനു ഉദാഹരണങ്ങള്‍ അനവധി ഉണ്ട്.

സംവിധാന ശൈലിയുടെ മിഴിവും പ്രമേയത്തിന്റെ തീക്ഷ്ണതയും മാത്രമല്ല ചില സിനിമകളെ മനസ്സില്‍ തങ്ങി നിര്‍ത്താറുള്ളത്. കാണാത്തതും കേള്‍ക്കാത്തതുമായ രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളെ അറിയാനുള്ള അവസരം ഒരുക്കുന്നു എന്നതാണ് ചില സിനിമകളോടുള്ള ഇഷ്ടത്തിന് നിദാനം. കള്ളന്മാരേയും ഗുണ്ടകളേയും എന്‍കൗണ്ടര്‍ ചെയ്തു കൊല്ലുന്ന പോലീസ് ഒഫീസര്‍മാരായ നായകന്മാര്‍ക്ക് കീ ജയ് വിളിച്ചു പാലഭിഷേകം നടത്തി ശീലമുള്ള ഒരു ജനവിഭാഗത്തിന് തീര്‍ച്ചയായും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് ആയിരിക്കും ‘വിസാരണ’.

ആമുഖത്തില്‍ സൂചിപ്പിച്ചത് പോലെ വാദിക്കാനും ജയിക്കാനും ആരെയെങ്കിലും അപഹസിക്കാനും വേണ്ടി അല്ല, മറിച്ച് സിനിമ എന്ന, ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും ശക്തമായ ഒരു മാധ്യമത്തിന് ഇങ്ങനെ ചിലത് കൂടി സമൂഹത്തോട് പറയാനുണ്ട് എന്ന് തിരിച്ചറിയാനും പതിവ് മസാലക്കൂട്ടുകള്‍ക്കും കാല്‍പനികതയുടെ ഉച്ചസ്ഥായിയില്‍ വിരാജിക്കുന്ന പ്രണയ കാഴ്ച്ചകള്‍ക്കുമപ്പുറം ഇങ്ങനെയും ചില പച്ചയായ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് ഓര്‍മപ്പെടുത്താന്‍ കൂടി ആണ്.

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍