UPDATES

പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത വിഷ്ണുനാഥിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോടതിയിലേക്ക്

അഴിമുഖം പ്രതിനിധി

പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതിന് കെപിസിസി ജനറല്‍ സെക്രട്ടറി വിഷ്ണുനാഥിനെതിരെ തട്ടത്തുമല സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കേസു കൊടുക്കുവാന്‍ ഒരുങ്ങുകയാണ്. വിഷ്ണുനാഥിന്റെ നടപടി സ്‌കൂളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണെന്ന് ആരോപിച്ചാണ് കേസിന് പോകാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജയിലില്‍ പോകേണ്ടി വന്നാല്‍ അഭിമാനപൂര്‍വ്വം പോകുമെന്നാണ് പി സി വിഷ്ണുനാഥ് എം എല്‍ എ അഴിമുഖത്തിനോട് പ്രതികരിച്ചത്. 

കേരളത്തില്‍ കെഎസ്‌യു ന്യായമായ ഒരു സമരരംഗത്താണ്. അത് വിജയത്തിലേക്ക് കടക്കുകയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ സ്വാശ്രയ .മെഡിക്കല്‍ കോളേജില്‍ പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരമാണിത്. ഇത് തികച്ചും ന്യായമാണെന്ന് കേരളത്തിലെ പൊതുസമൂഹത്തിലും രക്ഷിതാക്കള്‍ക്കും ബോധ്യമായിട്ടുണ്ട്. അതിന്റെ പേരില്‍ കോളേജുകളുടെ കൊള്ളയ്‌ക്കെതിരെ പരാതിയുമായി രക്ഷാകര്‍ത്താകള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നു. ചില കോളേജുകള്‍ക്ക് നേരെ നടപടിയുണ്ടായി. ഈ സാഹചര്യത്തിലാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുവാന്‍ തിരുമാനിച്ചത്.

കെഎസ്‌യു സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ക്കായി പോയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള മെമ്പര്‍ഷിപ്പ്  കാംപയിന്‍ ഒക്ടോബര്‍ 7 വരെയാണ്. മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കി പുതിയ സംസ്ഥാന കമ്മറ്റി നിലവില്‍ വരുന്നതു വരെ മുന്‍ കെഎസ്‌യു പ്രസിഡന്റുമാരായ ഞാനും, ഷാഫി പറമ്പിലും, ഹൈബി ഈഡനും, റോജി ജോണും, സജി ജോസഫ് (കെപിസിസി ജനറല്‍ സെക്രട്ടറി) അടങ്ങുന്ന അഞ്ചുപേരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കെഎസ്‌യു തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നിടം വരെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി രൂപീകരിക്കുന്നതു വരെ സമരങ്ങള്‍, ദൈനംദിന സംഘടന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഏകോപിപ്പിക്കുന്നതിന് വേണ്ടി എന്‍എസ്‌യു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചുമതലയുമായി ബന്ധപ്പെട്ട് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തത് എന്റെ താല്‍പര്യത്തിന് വേണ്ടിയോ, സംഘടനയ്ക്കു വേണ്ടിയോ അല്ല. കേരളത്തിലെ വിദ്യാര്‍ത്ഥി സാമൂഹത്തിന്റെ ന്യായമായ ആവിശ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി പൊതുസാമൂഹത്തിന്റെ പിന്തുണയോടു കൂടി നടത്തുന്ന സമരമാണിത്. ഇതിന്റെ പേരില്‍ കോടതി കയറേണ്ടി വന്നാല്‍ യാതോരു മാനക്കേടും തോന്നാതെ അഭിമാന പൂര്‍വ്വം ചെയ്യും.

എന്നാല്‍ കോടതിയിലേക്ക് പോകുന്നതിനെ കുറിച്ച് തട്ടത്തുമല സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറയുന്നത് ഇതാണ്;

സെപ്റ്റംബര്‍ 26-ന് വിദ്യാഭ്യാസ ബന്ദിനും ഒക്ടോബര്‍ 3ന് പഠിപ്പുമുടക്കിനും ആഹ്വാനം ചെയ്തുകൊണ്ട് വിഷ്ണുനാഥ് കുറിപ്പ് ഇറക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സംഘടനകളാണ് ഏറ്റെടുക്കേണ്ടത്. കെഎസ്‌യു സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാത്രം അടങ്ങുന്ന ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പിന്‍ബലത്തില്‍ വിഷ്ണുനാഥ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇപ്പോള്‍ ഇത് അനുവദിച്ചാല്‍ നാളെ മുതല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നേതാക്കള്‍  ഇതൊരു കീഴ്വഴക്കമാക്കും . രാഷ്ട്രീയമോ അല്ലാത്തതോ ആയ ശക്തികളുടെ ഇടപെടല്‍ കൊണ്ട് വിദ്യാഭ്യാസത്തിനുള്ള അവകാശം ലംഘിക്കപ്പെടുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്.

വിഷ്ണുനാഥിനെതിരെയും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനെത്തുന്നവര്‍ക്കെതിരെയും മൗലികാവകാശ ധ്വംസനത്തിനും കോടതിയലക്ഷ്യത്തിനെതിരെയും നടപടിയെടുക്കണമെന്നാണ് പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഈ രക്ഷിതാവ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍