UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ പൊതുസ്‌കൂളുകള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു?

Avatar

മോറിയ ബലിന്‍ഗിറ്റ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ദക്ഷിണ-പശ്ചിമ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ ഹൈസ്‌കൂളിലുള്ള ആണ്‍കുട്ടികളുടെ ബാത്‌റൂം ഗാവിന്‍ ഗ്രിം ആദ്യം ഉപയോഗിച്ചപ്പോള്‍ പ്രത്യേകതകളൊന്നുമുണ്ടായിരുന്നില്ല. ഇവിടെ രണ്ടാംവര്‍ഷത്തിലെ ഒരുമാസം പിന്നിട്ടുകഴിഞ്ഞപ്പോഴാണ് ആണ്‍കുട്ടിയെന്ന നിലയില്‍ ഗ്രിം വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പരിചയപ്പെടുത്തിത്തുടങ്ങിയത്.

റസ്റ്ററന്റുകളിലും സ്റ്റോറുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പുരുഷന്മാര്‍ക്കുവേണ്ടിയുള്ള റസ്റ്റ്‌റൂമുകളാണ് ഗ്രിം ഉപയോഗിച്ചിരുന്നത്. സ്‌കൂളിലും അതുതന്നെ തുടരുക എന്നത് സ്വാഭാവിക പരിണാമമായി തോന്നി. മുടി മുറിക്കുന്നതുപോലെ, ബാഗി പാന്റ്‌സും ഗ്രാഫിക് ടീ ഷര്‍ട്ടുകളും ധരിക്കുന്നതുപോലെ, ടെസ്‌റ്റോസ്റ്റിറോണ്‍ കുത്തിവയ്പുകള്‍ പോലെ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നേറ്റ് കോളിന്‍സിന്റെ അനുമതി ലഭിച്ച് അല്‍പകാലത്തിനുള്ളില്‍ ഗ്രിം സ്‌കൂളില്‍ ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിച്ചുതുടങ്ങി.

എന്നാല്‍ 2014ലെ ശിശിരകാലത്ത് ഒരു ദിവസം അതേ ബാത്‌റൂം ഉപയോഗിക്കാനുള്ള ഗ്രിമ്മിന്റെ ശ്രമം നഗരത്തില്‍ വൈകാരിക പ്രശ്നമായി. തീപാറുന്ന പൊതുചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇന്ന് ഗ്രിമ്മിന്റെ കേസ് ഈ ശാന്തമായ പട്ടണത്തെ ഒരു ദേശീയ ചര്‍ച്ചയുടെ പ്രഭവകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ പൊതുസ്‌കൂളുകള്‍ എങ്ങനെ ഉള്‍ക്കൊള്ളമെന്നതിനെപ്പറ്റിയുള്ള ചര്‍ച്ച.

ഒരിക്കല്‍ ലജ്ജാലുവായിരുന്ന ഗ്രിം ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ അവകാശസമരത്തില്‍ മുന്‍നിര പോരാളിയായിരിക്കുകയാണ്. അന്തസും ആശങ്കയും കലര്‍ന്ന വികാരത്തോടെ ഇതിനെ സമീപിക്കുകയാണ് ഗ്രിം.

‘ഞാന്‍ എന്താണോ അതിനനുസരിച്ച് സമൂഹത്തില്‍ പെരുമാറുന്നതില്‍ ചിലപ്പോള്‍ ഭയം തോന്നുന്നു,’ ഗ്രിം പറയുന്നു.

ഒരു കുട്ടി ഉള്‍പ്പെട്ട കാര്യമാണിതെന്ന് പലരും മറക്കുന്നുവെന്നാണ് ഗ്രിമ്മിന്റെ മാതാപിതാക്കളുടെ പരാതി. ‘എന്റെ കുട്ടിയെ അവര്‍ എങ്ങനെ വേദനിപ്പിക്കുന്നുവെന്ന് അവര്‍ക്കറിയില്ല. അവര്‍ അവനെ വേദനിപ്പിക്കുന്നതു തുടരുന്നു.’

‘ഞങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞവരല്ല,’ ഡേവിഡ് ഗ്രിം പറയുന്നു. ‘ഞങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക മാത്രമാണ് ഉദ്ദേശ്യം. അതിന് എന്തു ചെയ്യേണ്ടി വന്നാലും.’


ഗാവിന്‍ ഗ്രിം

സ്‌കൂളിലെ ഏക ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ ഗ്രിമ്മിനെ ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിക്കുന്നതില്‍നിന്നു വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രശ്‌നത്തിനു കാരണം. ഇതിനെതിരെ ഫെഡറല്‍ പൗരാവകാശമനുസരിച്ച് ഗ്രിം കേസ് നല്‍കി. തുടര്‍ന്നുള്ള നിയമയുദ്ധം ദേശവ്യാപകമായി ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളെപ്പറ്റി സംവാദത്തിനു വഴിവച്ചു. പ്രാദേശിക പ്രശ്‌നം സുപ്രിം കോടതിയിലെത്തി.

നയം തന്റെ പൗരാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നാരോപിച്ച് ഗ്രിം സ്‌കൂള്‍ ബോര്‍ഡിനെതിരെ കോടതിയിലെത്തി. ഏപ്രിലില്‍ കേസ് തുടരാമെന്ന് യുഎസ് അപ്പീല്‍ കോടതി ഉത്തരവിട്ടു. പൊതു സ്‌കൂളുകളിലെ ലിംഗവിവേചനത്തിനെതിരെയുള്ള നിയമത്തിന്റെ ലംഘനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ബാത്‌റൂമുകളില്‍ നിന്നു വിലക്കുന്നതെന്ന ഒബാമ ഭരണകൂടത്തിന്റെ നിലപാട് കോടതി പരാമര്‍ശിച്ചു. കേസില്‍ തീരുമാനമാകുന്നതുവരെ ഗ്രിമ്മിന് ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിക്കാമെന്ന് കീഴ്‌ക്കോടതി വിധിച്ചെങ്കിലും ഇതിനെതിരെ സ്‌കൂള്‍ ബോര്‍ഡ് സുപ്രിം കോടതിയെ സമീപിച്ചു. തീരുമാനം സ്റ്റേ ചെയ്യപ്പെട്ടു.

വിഷയം ആളുകളെ രണ്ടു ധ്രുവങ്ങളിലാക്കി. ബാത്‌റൂം നിരോധനത്തെ അനുകൂലിക്കുന്ന രക്ഷിതാക്കളും പ്രതികൂലിക്കുന്നവരും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നു കരുതുന്നു. രണ്ടിനും ഇടയ്ക്കുള്ള പാത കണ്ടെത്താന്‍ ആര്‍ക്കും ആയിട്ടുമില്ല. യുക്തിസഹമെന്നു കരുതുന്ന ഒരു പരിഹാരവുമായി സ്‌കൂള്‍ ബോര്‍ഡ് വന്നെങ്കിലും – ഹൈസ്‌കൂളിലെ ഒരു ബാത്‌റൂം ലിംഗവ്യത്യാസമില്ലാതെ ഉപയോഗിക്കുന്നതാക്കുക – ഗ്രിം ഇത് തന്നെ കൂടുതല്‍ അപമാനിക്കുന്നതാണെന്നു പറയുകയാണു ചെയ്തത്.

എന്നാല്‍ ചിലര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഗ്രിമ്മിന്റെ അവസ്ഥ അവരുടെ അടിസ്ഥാനബോധത്തിനു നിരക്കുന്നതല്ലെന്നു വാദിക്കുന്നു. ബൈബിള്‍ ഉദാഹരണമായെടുക്കുന്നവരുമുണ്ട്. ലിംഗമാറ്റം പ്രകൃതിയോടും ദൈവത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഇവര്‍ കരുതുന്നു.

‘ദൈവത്തിനു തെറ്റുപറ്റുമെന്ന് പാസ്റ്ററെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല,’ ഹൈസ്‌കൂളിലെ കാവല്‍ക്കാരനും കാല്‍വരി ബാപ്റ്റിസ്റ്റ് ചര്‍ച്ച് പാസ്റ്ററുമായ റാല്‍ഫ് വാന്‍നെസ് പറയുന്നു. ‘നാം എന്താണോ അങ്ങനെയാണ് ദൈവം നമ്മെ ഭൂമിയിലേക്കയയ്ക്കുന്നത്.’

സ്‌കൂള്‍ ബൈബിള്‍ ക്ലബ് ലീഡറായ വാന്‍നെസ് സ്‌കൂള്‍ ബോര്‍ഡിനു മുന്നില്‍ ഗ്രിമ്മിനെ ആണ്‍കുട്ടികളുടെ ബാത്‌റൂമില്‍ നിന്നു വിലക്കേണ്ടതിനു വേണ്ടിയാണു വാദിച്ചത്. ‘അത് ദൈവത്തിനു മുന്നില്‍ എന്റെ ഉത്തരവാദിത്തമായിരുന്നു.’

ദീര്‍ഘവും വേദനാജനകവുമായ ഒരു ലിംഗമാറ്റ പ്രക്രിയയായിരുന്നു ഗ്രിമ്മിന്റേത്. ചെറുപ്രായത്തില്‍ ഒബ്‌സസീവ് കംപല്‍സീവ് ഡിസ് ഓര്‍ഡറും അമിത ഉത്കണ്ഠയുമായിരുന്നു ഗ്രിമ്മിന്റെ പ്രശ്‌നങ്ങള്‍. അതെല്ലാം ലിംഗപരിണാമത്തിന്റേതായിരുന്നുവെന്ന് ഇപ്പോള്‍ ഗ്രിം തിരിച്ചറിയുന്നു. ഇരട്ടസഹോദരനൊപ്പം ഫുട്‌ബോള്‍ കളിക്കാനായിരുന്നു ആഗ്രഹം. പെണ്‍കുട്ടികളുടെ വേഷം ഇഷ്ടമല്ലാത്തതിനാല്‍ ആണ്‍കുട്ടികളുടെ വേഷവും ചെറുതായി മുറിച്ച മുടിയുമായാണ് ഗ്രിം മിഡില്‍ സ്‌കൂളിലെത്തിയത്. സഹോദരിയുടെ വിവാഹത്തിന് പെണ്‍കുട്ടികളുടെ വേഷമണിയാന്‍ നിര്‍ബന്ധിതനായ ഗ്രിം അന്നുമുഴുവന്‍ ഖിന്നനായിരുന്നു.

‘യഥാര്‍ത്ഥ ഞാനല്ല ജീവിക്കുന്നത് എന്ന തോന്നലായിരുന്നു,’ ലിംഗമാറ്റത്തിനു മുന്‍പുള്ള ജീവിതത്തെപ്പറ്റി ഗ്രിം പറയുന്നു. ‘മറ്റൊരാളായിരുന്നു ഞാന്‍ എന്നു തോന്നുന്നു. ആ ജീവിതത്തില്‍ എനിക്ക് ഒന്നും ആസ്വാദ്യമായിരുന്നില്ല.’

ഓണ്‍ലൈന്‍ റോള്‍ പ്ലേയിങ് ഗയിമുകളില്‍ ഗ്രിം എപ്പോഴും പുരുഷവേഷങ്ങള്‍ എടുത്തു. മിഡില്‍ സ്‌കൂള്‍ അവസാനത്തോടെ കൂട്ടുകാര്‍ക്ക് കാര്യം മനസിലായിത്തുടങ്ങി. ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിക്കാനും. ഹൈസ്‌കൂളില്‍ ആദ്യവര്‍ഷമാണ് മാതാപിതാക്കളോട് ഗ്രിം തന്റെ യഥാര്‍ത്ഥ അവസ്ഥയെപ്പറ്റി പറയുന്നത്.

‘ട്രാന്‍സ് ജെന്‍ഡര്‍ എന്നാല്‍ എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു,’ ഡേവിഡ് ഗ്രിം പറയുന്നു.

നിയമപരമായി പേര് മാറ്റി സ്‌കൂള്‍ രേഖകളില്‍ ആണ്‍കുട്ടി എന്നു മാറ്റിയെഴുതി ഗ്രിം ശിശിരത്തില്‍ സ്‌കൂളില്‍ തിരിച്ചെത്തി. ഒക്ടോബറില്‍ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടെ ആണ്‍കുട്ടികള്‍ക്കായുള്ള ബാത്‌റൂം ഉപയോഗിച്ചുതുടങ്ങി. ഏഴ് ആഴ്ച പ്രശ്‌നമൊന്നുമുണ്ടായില്ല.

രക്ഷിതാക്കള്‍ പതിയെ കാര്യം അറിഞ്ഞുതുടങ്ങി. ചിലര്‍ സ്‌കൂളിലേക്കു ഫോണ്‍ ചെയ്തു. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിക്കുന്നതെന്തിന് എന്നറിയാന്‍. പെട്ടെന്നുതന്നെ കാര്യങ്ങള്‍ പൊതുചര്‍ച്ചയായി. മറ്റുകുട്ടികള്‍ക്ക് ഇത് അസൗകര്യമാകും എന്നതു മുതല്‍ ബാത്‌റൂം സെക്‌സ്, ബലാല്‍സംഗം തുടങ്ങിയ ആശങ്കകള്‍ വരെ.

വിഷയം സ്‌കൂള്‍ ബോര്‍ഡ് ഏറ്റെടുത്തു. ഒരു തുറന്ന യോഗത്തില്‍ ഗ്രിം അവരോട് അപേക്ഷിച്ചു: ‘ഞാന്‍ മനുഷ്യനാണ്. ആണ്‍കുട്ടിയാണ്. നിങ്ങള്‍ തീരുമാനമെടുക്കുമ്പോള്‍ എന്റെ അവകാശങ്ങള്‍ കൂടി പരിഗണിക്കുക.’


ഗാവിന്‍ ഗ്രിം അച്ഛനോടും അമ്മയോടുമൊപ്പം

വിദ്യാര്‍ത്ഥികള്‍ അവരവരുടെ ‘ബയൊളോജിക്കല്‍ ജെന്‍ഡര്‍’ അനുസരിച്ചുള്ള ബാത്‌റൂമുകള്‍ ഉപയോഗിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ തീരുമാനം.

ഗ്ലൗസെസ്റ്റര്‍ ഹൈസ്‌കൂളിലെ പല വിദ്യാര്‍ത്ഥികളും ദിവസം തുടങ്ങുന്നത് പ്രാര്‍ത്ഥനാ ഗ്രൂപ്പിനൊപ്പമാണ്. ഇവിരില്‍ ചിലര്‍ പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു ക്ലാസില്‍ അത് ബൈബിളിനെതിരാണെന്നു വാദിച്ചു. ഗ്രിം ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിക്കുന്നതിനെ പലരും എതിര്‍ക്കുന്നത് മതപരമായ കാരണങ്ങളാണ്. അവര്‍ക്ക് ഗ്രിം ഇന്നും പെണ്‍കുട്ടിയാണ്.

‘ഇതുശരിയാണെന്ന് എനിക്കു തോന്നുന്നില്ല. നിങ്ങള്‍ പുരുഷനാണെങ്കില്‍ പുരുഷനാണ്. സ്ത്രീയാണെങ്കില്‍ സ്ത്രീയും. അങ്ങനെയാണ് ദൈവം നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങള്‍ അങ്ങനെയായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു,’ ജോണ്‍ ഗ്രോയെന്‍ എന്ന പത്താംഗ്രേഡുകാരന്‍ പറയുന്നു.

അടുത്തയാഴ്ച മുതല്‍ സ്‌കൂള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കണമെന്നു മാത്രമേ മറ്റു പലര്‍ക്കും ആഗ്രഹമുള്ളൂ. അത് നടക്കാനിടയില്ലെന്ന് അവര്‍ക്ക് അറിയാമെങ്കിലും.

ബാത്‌റൂമുകളെപ്പറ്റിയുള്ള സംഭാഷണം കേട്ടുമടുത്തെന്നാണ് ടക്കര്‍ ഷാര്‍പ് എന്ന പതിനഞ്ചുകാരന്‍ പറയുന്നത്. ആളുകള്‍ സ്‌പോര്‍ട്‌സ് ടീമിനെപ്പറ്റിയോ അക്കാദമിക് കാര്യങ്ങളെപ്പറ്റിയോ ആലോചിച്ചിരുന്നെങ്കില്‍ എന്ന് ടക്കര്‍ ആഗ്രഹിക്കുന്നു.

ഗ്രിമ്മിനെ കണ്ടാല്‍ പെണ്‍കുട്ടിയെന്നു തോന്നാത്തതിനാല്‍ ആണ്‍കുട്ടികളുടെ ബാത്‌റൂം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു മറ്റൊരു പത്താംഗ്രേഡുകാരനായ ജോര്‍ദാന്‍ റോയാന്റെ അഭിപ്രായം.

‘എന്തായാലും എനിക്കു പ്രശ്‌നമില്ല,’ സഹോദരന്‍ കാര്‍ട്ടര്‍ക്കൊപ്പം ഫുട്‌ബോള്‍ പ്രാക്ടീസ് കഴിഞ്ഞു മടങ്ങുന്ന റോയാന്‍ പറഞ്ഞു. ‘അവന്/അവള്‍ക്ക് വേണ്ടതെന്തും ചെയ്യാം.’ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍