UPDATES

യാത്ര

വടക്കന്‍ വെട്ടത്തിന് പിന്നാലെ സ്വീഡനില്‍- ഒരു യാത്രാനുഭവം

Avatar

സ്റ്റീവ് വിക്കേഴ്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വടക്കന്‍ വെട്ടം (northern lights) കേള്‍ക്കാന്‍ പറ്റുമെന്ന് പറയുന്നവര്‍ സ്വീഡനിലുണ്ട്. അവ കാറ്റുപോലെ വീശുമെന്നാണ് ചിലര്‍ പറയുന്നത്. പൈന്‍മുള്ളുകള്‍ തീയിലിട്ടാലെന്ന പോലെ പൊട്ടുമെന്ന് മറ്റുചിലര്‍. സ്വീഡനിലെ ഏറ്റവും കിഴക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ഞാന്‍ ഇതേവരെ ഈ ഉത്തരധ്രുവദീപ്തി കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. എന്തെങ്കിലും ഒരു അടയാളമെങ്കിലും കണ്ടിരുന്നെങ്കില്‍ എന്ന് ഞാന്‍ ഓര്‍ത്തു. ഒരനക്കമെങ്കിലും. പക്ഷെ മഞ്ഞുവീഴുന്ന നേരിയ ഒച്ചയൊഴിച്ചാല്‍ പൂര്‍ണ്ണനിശബ്ദതയായിരുന്നു. 

കിരുനയില്‍ ശൈത്യം എത്തിയിരുന്നു. സ്വീഡിഷ് ലാപ്പ്‌ലാണ്ടിലെ ഒരു ചെറിയ ചുറുചുറുക്കുള്ള പട്ടണമാണ് കിരുന. കിഴക്കന്‍ വെട്ടം കാണാന്‍ ടൂറിസ്റ്റുകള്‍ നിറയെ എത്തുന്ന ഇടമാണിത്. എല്ലാം മരവിച്ചാണ് ഇവിടെ. സൂര്യന്‍ മരവിച്ച വിരല്‍ പോലെ ചില രശ്മികളെ മഞ്ഞുറഞ്ഞ തെരുവുകളില്‍ ദിവസവും കുറച്ചുമണിക്കൂര്‍ മാത്രം പുറത്തുവിടും. 

തെളിഞ്ഞ ആകാശം കാത്തിരിക്കുന്നതിനിടെ ആളുകള്‍ റെയിന്‍ഡിയറിനെ കാണും, ഐസ്‌ഹോട്ടലില്‍ പോകും. 

ശൈത്യം ആസ്വാദ്യമാക്കാന്‍ പറ്റുന്നതൊക്കെ ആളുകള്‍ ചെയ്തിരുന്നു. വാതില്‍പ്പടികളില്‍ മഞ്ഞിനോട് ചേര്‍ന്ന്! മെഴുകുതിരിവെട്ടം, കഫെകളില്‍ നിന്ന് പുറത്തുവരുന്ന കാപ്പിയുടെ മണം, ഓരോ ജനാലയിലും നക്ഷത്രവിളക്കുകള്‍. 

എന്നാല്‍ നഗരത്തിന്‍റെ സന്തോഷത്തിനുമേല്‍ വിള്ളല്‍ വീണുതുടങ്ങിയിരുന്നു. 

യൂറോപ്പിലെ ഏറ്റവും കിഴക്കുള്ള സമി മനുഷ്യരുടെ പ്രദേശങ്ങളിലൂടെയുള്ള എന്റെ റോഡ് യാത്രയിലെ അവസാന ഇടമായിരുന്നു കിരുന. ഇപ്പോഴും മഞ്ഞുപുതഞ്ഞ കാടുകളില്‍ റെയിന്‍ ഡിയറുകള്‍ അലഞ്ഞു നടക്കാറുണ്ട് ഇവിടെ. ഉത്തരധ്രുവദീപ്തി പലയിടങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ കാണാം എന്നായിരുന്നു പ്രതീക്ഷ. 

തടികൊണ്ടുള്ള ബങ്ക് ബെഡുകള്‍ ഉള്ള പഴയതരം ഹോസ്റ്റലുകളില്‍ വിലകുറഞ്ഞ താമസം കിട്ടും. എന്നാല്‍ മോശം കാലാവസ്ഥ കൊണ്ടോ ഭാഗ്യം കൊണ്ടോ എനിക്ക് ഹോസ്റ്റല്‍ മുറി പങ്കിടേണ്ടിവന്നില്ല. ഞാന്‍ എന്റെ കോട്ട് ധരിച്ചുകൊണ്ട് വഴിയിലെ കാട്ടുമൃഗങ്ങളെ ശ്രദ്ധിച്ചും പേടിച്ചും ഓടിച്ചു, മഞ്ഞുമൂടിയ മരങ്ങളുടെയും പിങ്ക് ആകാശത്തിന്റെയും ഐസ് പിടിച്ച നദികളുടെയും ചിത്രങ്ങളെടുക്കാന്‍ ഞാന്‍ വണ്ടി നിറുത്തി. 

ധ്രുവദീപ്തി സെന്‍ട്രല്‍ നോര്‍ത്തേന്‍ സ്വീഡനില്‍ ഇടയ്ക്കിടെ കാണാമെങ്കിലും ആര്‍ട്ടിക്ക് സര്‍ക്കിള്‍ കടന്നാലാണ് ഏറ്റവും തെളിച്ചത്തോടെ കാണാനാവുക. ശൈത്യകാലത്തെ നീണ്ടരാത്രികള്‍ ധ്രുവദീപ്തി കാണാനുള്ള സാധ്യത കൂട്ടുകയെയുള്ളൂ. 

ഓരോ രാത്രി കഴിയുമ്പോഴും പക്ഷെ ധ്രുവദീപ്തിയുടെ അടയാളങ്ങള്‍ പോലും മറച്ചുകൊണ്ടു മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ എന്തെങ്കിലും കാണാന്‍ സാധ്യതയുള്ള സ്ഥലം കിരുനയായത് കൊണ്ടു ഇവിടെ തന്നെ കാത്തിരിക്കുന്നതാകും ഉചിതം എന്നെനിക്ക് തോന്നി. 

1900ല്‍ സ്ഥാപിതമായ നഗരം ഒരു ചെറിയ മൈനിംഗ് ഔട്ട്‌പോസ്റ്റായാണ് ആരംഭിച്ചത്. തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ ഇരുമ്പ് ഖനിയിലെ ജോലികള്‍ക്കായി ആയിരക്കണക്കിന് ജോലിക്കാര്‍ എത്തി. ഖനി വളര്‍ന്നതോടൊപ്പം നഗരവും വളര്‍ന്നു, ആളുകള്‍ക്ക് സ്ഥിരജോലികളും രാജ്യത്തെ ഏറ്റവും തണുത്ത ഇടത്ത് ചൂടുള്ള താമസസ്ഥലങ്ങളും ഉണ്ടായി. 

എന്നാല്‍ ദശാബ്ദങ്ങള്‍ നീണ്ട സ്ഥിരഖനനം കിരുനയിലെ ഭൂമിയില്‍ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്. നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ ഇടിഞ്ഞുവീഴുമെന്ന ഭീഷണിയിലാണ്. 

സ്വീഡിഷ് സര്‍ക്കാരും എല്‍കെഎബി എന്ന മൈനിംഗ് കമ്പനിയും ഇരുമ്പ് ഖനനവും കയറ്റുമതിയും കൊണ്ടു വലിയ ലാഭം ഉണ്ടാക്കിയവരാണ്. അവര്‍ക്ക് ഒരു പോംവഴിയെ മുന്നോട്ടുവയ്ക്കാനുള്ളൂ. നഗരം വീടുകളും ഹോട്ടലുകളും പള്ളിയും രണ്ടുമൈല്‍ കിഴക്കോട്ട് മാറ്റിസ്ഥാപിക്കുക. ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് ഖനിയെ കൂടുതല്‍ വളരാന്‍ വിടുക. 

കിരുനയുടെ വിജയത്തിന്റെ പ്രധാനകാരണം ഖനിയാണ്. ഈ പ്രദേശത്ത് ഏറ്റവുമധികം ജോലികള്‍ നല്‍കുന്നതും ഖനിയാണ്. എന്നാല്‍ അതിന്റെ ഇനിയുള്ള വളര്‍ച്ച ഏതാണ്ട് 18000 ആളുകളുടെ ജീവിതങ്ങളുടെ തകര്‍ച്ചയുമാണ്. 

‘ഞങ്ങള്‍ നില്‍ക്കുന്നില്ല’ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു. ‘ഞങ്ങള്‍ തെക്ക് ഭാഗത്തേയ്ക്ക് പോകും’ കൗണ്ടറില്‍ വിരലോടിച്ചു അവര്‍ പറഞ്ഞു. ‘കൂടുതല്‍ ആളുകളും ഇവിടം വിട്ടുപോകുമെന്നാണ് തോന്നുന്നത്.’

ഒച്ചകളുടെ കാര്യവും അവര്‍ പറഞ്ഞു.

ഭൂമിക്കടിയില്‍ നിന്ന് ചെറിയ മര്‍മ്മരങ്ങള്‍ കേള്‍ക്കാം. രാത്രി പലരും ഇത് കേള്‍ക്കുന്നതായി പറയുന്നുണ്ട്. ഭൂമിക്കടിയില്‍ ഖനിയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നത്തിന്റെയാണത്. ഇരുമ്പ് കുഴിക്കാനായി ഓരോ രാത്രിയും കിരുനയില്‍ മൈനര്‍മാര്‍ ഇരുപത്തഞ്ചു ടണ്‍ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

തെന്നുവണ്ടികളില്‍ ഷോപ്പിംഗ് നടത്തുന്ന വൃദ്ധസ്ത്രീകളുള്ള മഞ്ഞുമൂടിയ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഈ ഇടങ്ങള്‍ ഇല്ലാതാകും എന്നാലോചിക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നു. ടൗണ്‍ഹാള്‍ ഏറെ സംരക്ഷിക്കപ്പെട്ടിരുന്ന കെട്ടിടമാണ്, ഇപ്പോള്‍ അതിനെ സംരക്ഷിക്കല്‍ ഏറെ വിലപിടിച്ച കാര്യവും. അതിലെ ക്ലോക്ക് ടവര്‍ മാത്രം പുതിയ നഗരത്തിലേക്ക് പറിച്ചുനടും. സ്വീഡനിലെ ഏറ്റവും മനോഹരമായ കെട്ടിടമായി ഒരിക്കല്‍ അറിയപ്പെട്ടിരുന്ന ചുവന്ന പള്ളി കഷ്ണങ്ങളായി മുറിച്ച് ടൗണിനപ്പുറം പുനസൃഷ്ടിക്കും.

ആദ്യകാലകെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. 2035 ആകുമ്പോള്‍ ഏതാണ്ട് 2500 വീടുകള്‍ നീക്കം ചെയ്തിട്ടുണ്ടാകും. പ്രോജക്റ്റിന്റെ വലിപ്പവും നഗരം സാമ്പ്രദായിക റെയിന്‍ഡിയര്‍ മൈഗ്രേഷന്‍ പാതകളെ തടസ്സപ്പെടുത്തുമെന്നതും ഉണ്ടെങ്കിലും എതിര്‍പ്പുകള്‍ തീരെ കുറവാണ്. 2017ല്‍ ഭാഗികമായി പണികഴിയുന്ന പുതിയ സിറ്റി സെന്റര്‍ പഴയതിനേക്കാള്‍ ഹരിതാഭമായിരിക്കും എന്ന് പ്ലാനര്‍മാര്‍ പറയുന്നു. ധ്രുവദീപ്തി കാണാന്‍ കിരുനയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കും പറ്റിയ ഇടങ്ങള്‍ ഉണ്ടാകുമെന്നും ഖനി കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും പറയുന്നു. ഭൂമിക്കടിയില്‍ എന്താണെന്ന് കാണാന്‍ ഇപ്പോള്‍ തന്നെ തിരക്കുണ്ട്, എല്‍കെഎബിയുടെ മൈന്‍ കാണാനുള്ള ടിക്കറ്റുകള്‍ ലോക്കല്‍ ടൂറിസ്റ്റ് ഓഫീസില്‍ ലഭ്യമാണ് ഇപ്പോള്‍ തന്നെ.

എനിക്ക് കൂടുതല്‍ കാണാന്‍ താല്‍പ്പര്യം മറ്റൊരു സംഗതിയായിരുന്നു. ഓരോ ശൈത്യത്തിലും ശ്രദ്ധാപൂര്‍വ്വം കൊത്തിമിനുക്കിയെടുക്കുന്ന പ്രശസ്തമായ ഐസ്‌ഹോട്ടല്‍ കിരുനയില്‍ നിന്ന് പതിനഞ്ചു മിനുട്ട് വണ്ടി ഓടിച്ച് ദൂരെ ജുക്കാസ്ജാര്‍വി ഗ്രാമത്തിലാണ്. ജുക്കാസ്ജാര്‍വിയിലെ ആകാശം കൂടുതല്‍ വിസ്തൃതമായും ചുറ്റുമുള്ള കാട് ഏറെ കനമുള്ളതായും തോന്നി. ദൂരെ നിന്നുള്ള സ്‌നോ സ്‌കൂട്ടറുകളുടെ ശബ്ദമൊഴിച്ചാല്‍ ശബ്ദമേയില്ലെന്ന് തോന്നി.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഐസ് കൊണ്ടു ഒരു ഹോട്ടല്‍ എന്ന ആശയവുമായി യിംഗ്വേ ബെര്‍ഗ്ക്വിസ്റ്റ് എന്നാ സ്വീഡിഷ് മനുഷ്യന്‍ ഇവിടെ എത്തിയപ്പോള്‍ അന്നിത് ഒരു ടൂറിസ്റ്റ് വിപ്ലവമാകുമെന്ന് ആരും കരുതിയില്ല. വേനലിന്റെ നീണ്ട ദിവസങ്ങളാണ് ആളുകളെ ഇവിടെ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ കൊടുംശൈത്യത്തിലും ആളുകള്‍ റെയിന്‍ഡിയര്‍ ഇറച്ചി കഴിക്കാനും നായകള്‍ വലിക്കുന്ന തെന്നുവണ്ടികളില്‍ യാത്ര ചെയ്യാനും ഐസ്‌കാര്‍വിംഗ് കോഴ്‌സുകള്‍ പഠിക്കാനും സമി സംസ്‌കാരത്തെപ്പറ്റി അറിയാനും ഇവിടെ എത്താറുണ്ട്. ഐസുകൊണ്ടുള്ള ഒരു ഹോട്ടലില്‍ ഒരു രാത്രി റെയിന്‍ഡിയര്‍ തോലില്‍ കിടന്നുറങ്ങുക ഒരാകര്‍ഷണം തന്നെയാണ്.

കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന തരം നിറങ്ങളുള്ള ജാക്കറ്റുകള്‍ ധരിച്ച കലാകാരന്മാര്‍ ഹോട്ടലിന്റെ അവസാന മിനുക്കുപണികള്‍ നടത്തുന്നത് ഞാന്‍ കണ്ടു. കെട്ടിടത്തിന്റെ ഡിസൈന്‍ എപ്പോഴും വ്യത്യസ്തമാണ്. ലോകത്തെമ്പാടും നിന്നുള്ള ശില്‍പ്പികള്‍ ശൈത്യത്തിന്റെ ഏറ്റവും ഇരുണ്ട മണിക്കൂറുകള്‍ തീം റൂമുകളും സൂട്ടുകളും നിര്‍മ്മിക്കാന്‍ ചെലവിടുന്നു. ഒരു രാത്രി ഇവിടെ ഉറങ്ങാന്‍ മുന്നൂറു ഡോളര്‍ ചെലവാകും. പല്ലുകൂട്ടിയിടിക്കുന്ന തണുപ്പാണ് ഹോട്ടലിനുള്ളിലും. റെയിന്‍ഡിയര്‍ തോലും സ്ലീപ്പിംഗ് ബാഗുകളും ഒക്കെ ഉപയോഗിച്ചാണ് ഹോട്ടലിനുള്ളിലും ഉറക്കം.

രാത്രിയായതോടെ മഞ്ഞും വീണുതുടങ്ങി. ഒരു ദിവസം കൂടിയേ ഇവിടെ ഉള്ളുവെങ്കിലും ഇതേവരെ ധ്രുവദീപ്തി കാണാനോ കേള്‍ക്കാനോ കഴിഞ്ഞില്ല.

ദീപ്തി കാണാന്‍ പറ്റിയ സ്ഥലമായി അറിയപ്പെടുന്ന അബിസ്‌കോ മാത്രമായിരുന്നു പിന്നീടുള്ള എന്റെ ഏക പ്രതീക്ഷ. കിരുനയില്‍ നിന്ന് അറുപത് മൈല്‍ ദൂരെ വെള്ളച്ചാട്ടങ്ങളും കരടികളും മഞ്ഞിലൂടെയുള്ള ഹൈക്കിംഗ് റൂട്ടുകളും ഉള്ള മലിനീകരണം ഏറെ കുറഞ്ഞ ഒരിടമാണ് അബിസ്‌കോ.  അബിസ്‌കോയിലെ മലകള്‍ മഴയുടെ നിഴലുകള്‍ കൊണ്ടു മേഘങ്ങളേ അകറ്റിനിറുത്തും. രാത്രി തെളിഞ്ഞ ആകാശം കാണാം, ധ്രുവദീപ്തി കാണാന്‍ സാധ്യത കൂടുതലാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്തര്‍ദേശീയ ടൂറിസ്റ്റുകള്‍ക്കിടയില്‍ ഈ സ്ഥലത്തെപ്പറ്റി പറഞ്ഞുകേട്ടുതുടങ്ങിയപ്പോള്‍ ഇവിടെ ഒരു സ്‌കൈ സ്‌റ്റേഷന്‍ നിര്‍മ്മിക്കപ്പെട്ടു. അമ്പരപ്പിക്കുന്ന വിലയ്ക്ക് അമ്പരപ്പിക്കുന്ന ധ്രുവദീപ്തിയും കാണാം.

അബിസ്‌കോ ഗസ്റ്റ്‌ഹൌസ് ആണ് ഗ്രാമത്തിലെ സൂപ്പര്‍മാര്‍ക്കറ്റ് അല്ലാതെയുള്ള ഒരു കെട്ടിടം. അവിടെ വന്നിറങ്ങിയപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു ദീപ്തി കാണാന്‍ അത്രയധികം പണം മുടക്കേണ്ടകാര്യമില്ലെന്ന്. കട്ടിയുള്ള മഞ്ഞു മേഘങ്ങള്‍ മാറിയിരുന്നു, രാത്രിക്ക് തണുപ്പും കൂടുതലായിരുന്നു. എന്നാല്‍ തലയ്ക്കുമീതെ നക്ഷത്രങ്ങള്‍ മിന്നിനിന്നിരുന്നു.

ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനോട് ഞാന്‍ വെറുതെ ചോദിച്ചു, ‘ഫ്രീ ആയി ധ്രുവദീപ്തി കാണാന്‍ പറ്റുമോ? എനിക്ക് സ്‌കൈ സ്‌റ്റേഷനില്‍ പൈസ കൊടുക്കണമെന്നില്ല.’

അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, ‘അവിടെ പോകണമെന്നില്ല, ആകാശം എല്ലായിടത്തും ഒന്നുതന്നെയാണ്. ഞാന്‍ ആളുകളെ സാധാരണ കാറിന് അടുത്തെയ്ക്കാണ് അയക്കാറ്. വണ്ടിയോടിച്ചുപോവുക, എന്തെങ്കിലും കാണുന്നത് വരെ കാറിനുള്ളില്‍ ചൂടില്‍ ഇരിക്കുക. പിന്നെ, വിളക്കുകള്‍ അണയ്ക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് ഇരുട്ടുമായി പൊരുത്തപ്പെടാന്‍ സമയം കൊടുക്കണം.’

അയാള്‍ പറഞ്ഞുതന്ന കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഞാന്‍ വണ്ടി ഓടിച്ച് ടോര്‍നെട്രാസ്‌ക് ആറിന്റെ കരയിലെത്തി. ഞാന്‍ വിളക്കുകള്‍ അണച്ച് കാത്തിരുന്നു. അധികം വൈകാതെ പ്രകടനം തുടങ്ങി.

ആദ്യം നേരിയ പച്ച വെളിച്ചം ചക്രവാളത്തില്‍ കണ്ടുതുടങ്ങി. അധികം വൈകാതെ അത് കറുത്ത ആകാശത്തിലേയ്ക്ക് പടര്‍ന്നു, നിറങ്ങളുടെ ഒരു സങ്കലനം നക്ഷത്രങ്ങളുടെ ഇടയില്‍.

ഏതാണ്ട് പതിനഞ്ചുമിനുട്ട് ധ്രുവദീപ്തിയുടെ നൃത്തം കണ്ടു. പക്ഷെ ശബ്ദം ഒന്നും കേട്ടില്ല. ഞാന്‍ കാറ് സ്റ്റാര്‍ട്ട് ആക്കി ഉറങ്ങാന്‍ തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോള്‍ പച്ച നിറത്തിന്റെ അവസാന തിളക്കങ്ങള്‍ ആകാശത്തിലൂടെ നീങ്ങുന്നുണ്ടായിരുന്നു. അപ്പോള്‍ റേഡിയോയില്‍ ചില പൊട്ടിത്തെറികള്‍ കേട്ടു.

അത് മതി എന്ന് ഞാന്‍ കരുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍