UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വിശ്വവിഖ്യാത തെറി’ രാജ്യദ്രോഹമാകുമ്പോള്‍

Avatar

അഴിമുഖം പ്രതിനിധി

പിറ്റേന്ന്…
വെന്തമാംസത്തിന്റെ മണം വിട്ടുമാറാത്തോ-
രൊറ്റ ജനലുള്ള കൂരയ്ക്കകത്തവള്‍
പാതിയില്‍ മീതെയും വെന്തമര്‍ന്നാസന്ന
മൃത്യുവേ കാത്തു നിന്നു…

നിയമപുസ്തകങ്ങളില്‍ രാജ്യദ്രോഹത്തിന്റെ പുതിയ വിവക്ഷകള്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന കാലത്ത് ഈ വരികള്‍ വലിയ അപരാധമായി മാറുന്നുവെങ്കില്‍ അതില്‍ ഒട്ടും യാദൃശ്ചികത തോന്നേണ്ട കാര്യമില്ല. പ്രധാനമന്ത്രിക്കു നേരെയുള്ള വിമര്‍ശനം കടുത്ത രാജ്യവിരുദ്ധതയായി മാറുന്നതിലും വധശിക്ഷെന്ന ശിക്ഷാവിധിയെ എതിര്‍ക്കുന്നത് ജുഡീഷ്യറിയെ അപമാനിക്കുന്നതാകുന്നതിലും മത-ജാതി ഭേദങ്ങളെക്കുറിച്ച് തുറന്നു പറയുന്നത് മതവിദ്വേഷമാകുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഇത് ഇന്നലെ വരെ കണ്ട ഇന്ത്യയല്ല. മാറുന്ന ഇന്ത്യയാണ്.

ഈ അളവുകോലുകള്‍വച്ച് അളന്നാണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പടച്ചുണ്ടാക്കിയ മാഗസിന്‍- വിശ്യവിഖ്യാത തെറി- രാജ്യത്തോട്, സംസ്‌കാരത്തോട്, സവര്‍ണ്ണതയോട് ചെയ്തിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നു ബോധ്യപ്പെടുത്തിയെടുത്തുകൊണ്ടു മാഗസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എബിവിപി എന്ന വിദ്യാര്‍ത്ഥി സംഘടന രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതി ഹിന്ദുത്വ സവര്‍ണ്ണ നേത്രങ്ങള്‍ക്ക് മുന്നില്‍ ശരിയുടെ നേര്‍ക്കാഴ്ച്ചയായി നില്‍ക്കുന്നുവെന്നതും മാറുന്ന ഇന്ത്യയുടെ മാറ്റത്തെ കുറിച്ച് ചിന്തിക്കാന്‍ വക നല്‍കുന്നതാണ്…

സമീപകാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്ത മറ്റൊരു കോളേജ് മാഗസിന്‍ ഉണ്ടോയെന്ന് അറിയില്ല. ഒരു കോളേജ് മാഗസിന്‍ സമൂഹത്തിലേക്ക് നേരിട്ടു കയറി ഇടപെടല്‍ നടത്തുന്നത് ഇതാദ്യമാകാനാണ് സാധ്യത. എത്ര സുന്ദരമായാണ് ആ കുട്ടികള്‍ (മാഗസിന്റെ അണിയറ ശില്‍പികള്‍) ഈ സമൂഹത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ കള്ളത്തരങ്ങളെ, മറവികളെ, വാക്പ്രയോഗങ്ങളെ അവര്‍ പൊളിക്കുകയാണ്. ഇന്നലെവരെ നമ്മുടെ ശരിയായിരുന്നവ ഇന്ന് എങ്ങനെ തെറിയായി എന്നവര്‍ ചോദിക്കുമ്പോള്‍ സമകാലീന സാമൂഹിക സാഹചര്യങ്ങളോടുള്ള എതിര്‍പ്പുകളും വിമര്‍ശനങ്ങളുമായി നമ്മുക്കത് തോന്നുന്നുവെങ്കില്‍, അസഹിഷ്ണുത വരിഞ്ഞു മുറക്കുന്ന മനോനിലയാണ് നമ്മുടേതെന്ന് പറയുന്നത് ഒരിക്കല്‍ കൂടി അന്വര്‍ത്ഥമാവുന്നു.

പൊലയാടിയും, കഴുവേറിയും ചാത്തനും ചെറ്റയും ആരായിരുന്നുവെന്ന് നമുക്കറിയാവുന്നതാണ്. എന്നിട്ടും സൗകര്യപൂര്‍വം നാമത് മറന്നു. പൊലയാടിയും കഴുവേറിയും തെറിയായി. ചെറ്റയും ചാത്തനും ഇകഴ്ത്തലുകളായി. ‘മണ്ണിന്റെ മക്കള്‍ ചേറുകൊണ്ടൊരു പുരയുണ്ടാക്കി, അതിനെ ആരൊക്കെയോ ചെറ്റക്കുടിലുകള്‍ എന്നു വിളിച്ചു, ഇന്ന് മലയാളിയുടെ ഏറ്റവും ലളിതമായ തെറി…ചെറ്റ, ത്ഫൂ…’ എന്നവര്‍ വിളിച്ചു പറയുമ്പോള്‍ അതെങ്ങനെ ‘സംസ്‌കാര’ത്തിനു മേലുള്ള കാറിത്തുപ്പലാകം? 

നാളെ മുതല്‍ നിന്റെയൊക്കെ തന്തയെ ഞങ്ങള്‍ ചെറ്റയെന്നു വിളിച്ചാല്‍, നിന്റെ അമ്മയെ പുലയാടി എന്നും സഹോദരനെ കുണ്ടനെന്നും പെങ്ങളെ കുത്തച്ചിയെന്നും വിളിച്ചാല്‍ നിനക്കൊക്കെ സന്തോഷമാകുമോടാ എന്നു ചോദിക്കുന്നവന്റെ നാലുവരി കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുന്നവരോട് ഈ കുട്ടികള്‍ തിരിച്ചു നിന്നു ചരിത്രം അറിയുമോ, അതറിയാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചാല്‍ തല കുനിക്കേണ്ടി വരില്ലേ?

പുലം എന്ന വാക്കിന് അര്‍ത്ഥം നെല്ല് ആണെന്നും പുലയാടി എന്നാല്‍ ലക്ഷ്മിദേവി ആണെന്നും (ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണെന്നാണ് സങ്കല്‍പ്പം, പുലമാടുക അഥവ നെല്‍ക്കതിരാടുക എന്നാല്‍ ഐശ്വര്യം കളിയാടുക എന്നാണ് അര്‍ത്ഥമെന്ന് പറഞ്ഞു തന്നിരുന്ന അധ്യാപകരുമുണ്ടായിരുന്നു) മനസിലാക്കിയാല്‍ അവരുടെ അമ്മയെ മാത്രമല്ല നമ്മുടെ അമ്മയേയും വിളിക്കാം പുലയാടിയെന്ന്. ചെറ്റ എന്നാല്‍ മണ്ണുമേഞ്ഞുണ്ടാക്കുന്ന പുരയാണെന്നു മനസിലാക്കിയാല്‍ ഇന്നീ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ചെറ്റകളാണെന്നു ബോധ്യപ്പെടും. ചാത്തന്‍ എന്നാല്‍ ഇന്നലെ വരെ നമ്മുടെ പറമ്പില്‍ തടമെടുത്തും തെങ്ങു കയറിയും തന്നിരുന്ന ഒരു പാവം മനുഷ്യനാണെന്നു തിരിച്ചറിഞ്ഞാല്‍ ഇനിയുമൊരാളെ അപഹാസ്യനാക്കി പറയാന്‍ ആ വാക്ക് ഉപയോഗിക്കില്ല. ഈ വക തിരിച്ചറിവുകളെക്കുറിച്ചോര്‍മിപ്പിച്ച ആ കുട്ടികള്‍ എങ്ങനെയാണ് രാജ്യദ്രോഹികളാകുന്നത്? നമ്മള്‍ നമ്മുടെ സംസ്‌കാരത്തില്‍ സവര്‍ണതയുടെ ഈയം പൂശുന്നതിനു മുന്നുള്ള കാര്യങ്ങള്‍ പറഞ്ഞതല്ലേയുള്ളൂ… വാസുദേവ നമ്പൂതിരിക്കും സാവിത്രിക്കും കിട്ടുന്ന നീതി ചിരുതയ്ക്കും കോരനും കിട്ടാത്തതെന്താണെന്നാണ് അവര്‍ ചോദിക്കുന്നത്. പുലയനും പുലയന്റെ മകനും എന്നു മുതലാണ് ചീത്തയും തെറിയുമായതെന്നാണവര്‍ ചോദിക്കുന്നത്. ഇങ്ങനെയൊക്കെ ചോദിക്കേണ്ടി വരുന്നതെന്തു കൊണ്ടാണെന്നും അവര്‍ക്ക് അറിയാം. കാരണം ഇവിടെ നടക്കുന്നത് സവര്‍ണന്റെ രാഷ്ട്രീയമാണ്. ആ സത്യം വിളിച്ചു പറയുന്നതാണോ അവര്‍ ചെയ്ത രാജ്യദ്രോഹം?

21 വര്‍ഷം കാരാഗ്രഹവാസമനുഷ്ഠിച്ച ഒരു മനുഷ്യനെ അയാളുടെ ജന്മദിനത്തില്‍ തന്നെ വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ കാണിച്ച വ്യഗ്രത ഒരിക്കലും ആശാവഹമല്ലെന്നു പറയുന്നതില്‍ എവിടെയാണ് ജുഡീഷ്യറിയോടുള്ള വിമര്‍ശനം? പാതിരാത്രിയില്‍ കൂട്ടു കൂടിയിരുന്ന് ചര്‍ച്ച നടത്തിയത് ഒരു മനുഷ്യജീവന്‍ രക്ഷിക്കാനല്ല ഒരാളെ കഴുവേറ്റാനായിരുന്നു. കൊലയെങ്ങനെ ശിക്ഷയാകും? കൊല മറ്റൊരു തെറ്റ് മാത്രമേ ആകുന്നുള്ളൂ. ഈ വിമര്‍ശനം ജുഡീഷ്യറി കേട്ടതുമല്ലേ? പിന്നെയെങ്ങിനെ ഇവരില്‍ മാത്രം നിങ്ങള്‍ക്ക് കുറ്റം ചുമത്താന്‍ കഴിയും? ഒരു ജനാധിപത്യരാജ്യത്ത് അതിന്റെ ഭാഗമായ നീതിപീഠം വിമര്‍ശനങ്ങള്‍ക്ക അതീതമാണെങ്കില്‍ ആ നീതിപീഠം പാതയിലെ മുള്ളാണെന്നു പറയുക തന്നെവേണം.

ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് ദളിതനെ പച്ചയ്ക്ക് കത്തിക്കുന്ന, പശുവിറച്ചി തിന്നെന്നാരോപിച്ചു മുസ്ലിമിനെ കല്ലെറിഞ്ഞു കൊല്ലുന്ന നാട്ടില്‍ മതഭ്രാന്തിന്റെ കൈകള്‍ വിലക്കിയ ഒരു കലാകാരനെ കുറിച്ചുള്ള സാങ്കല്‍പ്പിക കുറിപ്പ് മതവിദ്വേഷമാകുന്നതെങ്ങനെ? ഇങ്ങനെ ചോദിച്ചുപോയാല്‍ ഉത്തരം പറയാന്‍ നമ്മള്‍ ഏറെ വിയര്‍ക്കും. പക്ഷേ അത്ഭുതമെന്തെന്നാല്‍ മാഗസിനെതിരെ പരാതി സ്വീകരിച്ച കസബ പൊലീസ് വകുപ്പുകള്‍ തിരക്കി നടക്കുകയാണത്രേ…പേടിക്കണ്ട, വേണ്ട വകുപ്പുകള്‍ അവര്‍ കണ്ടെത്തും. ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ എന്നത് ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍ എന്നു തിരുത്തിയെഴുതാന്‍ തയ്യാറായ കാക്കിയുടുപ്പുകാരുണ്ടിവിടെ… അവര്‍ക്ക് വിശ്വവിഖ്യാത തെറിയില്‍ എഴുതിപ്പിടിപ്പിക്കാന്‍ വകുപ്പുകള്‍ക്ക് ക്ഷാമമുണ്ടാകാന്‍ വഴിയില്ല. പക്ഷേ, പൊലീസിനോടും ഹിന്ദുത്വസംഘടനകളോടുമല്ലാതൊരു ചോദ്യം ബാക്കിയുള്ളളവരോട് ചോദിക്കാനുണ്ട്… ആ ചോദ്യം മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ശ്രിഷാമീമിന്റെതാണ്:

‘മുഖ്യധാരാ സമൂഹം തെറിയായി ഉപയോഗിക്കുന്ന പല പദങ്ങളും ജാതീയവും വംശീയവും ലിംഗപരവുമായ അധിക്ഷേപങ്ങളാണ്. അത്തരം പദാവലികളെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍