UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിയുടെ ഊന്നുവടിയുടെ അറ്റം പിടിച്ചോടിയ കുട്ടിയും വിത്തല്‍ ഭായ് ജാവരി എന്ന ഫോട്ടോഗ്രാഫറും

Avatar

അഴിമുഖം പ്രതിനിധി

മഹാത്മാഗാന്ധിയുടെ പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രമെന്ന് അന്ന് ക്യമറയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിത്തല്‍ ഭായ് ജാവരി കരുതിയിരിക്കില്ല. മഹാത്മാഗാന്ധിയുടെ ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച് ഓടിയ കുട്ടിയും ഇന്ന് മറഞ്ഞപ്പോള്‍ ആ ഫ്രെയിമിലെ അവസാന സാക്ഷിയും മണ്‍മറഞ്ഞു. ഗാന്ധിജിയുടെ മൂന്നാമത്തെ മകന്‍ രാംദാസിന്റെയും നിര്‍മലയുടെയും മകന്‍ കനുഭായ് രാംദാസ് ഗാന്ധി ആയിരുന്നു ചരിത്രമായി മാറിയ ആ ചിത്രത്തിലെ ബാലന്‍. കനുഭായ് രാംദാസ് ഗാന്ധി(87) ഇന്നലെ രാത്രിയില്‍ സൂറത്തിലെ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. 

ഗാന്ധിജി വെടിയേറ്റ് മരിക്കുമ്പോള്‍ 17 വയസ്സായിരുന്ന കനുവിനെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തയ്യാറായി. അതിനായി അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ കെന്നത്ത് ഗാല്‍ബ്രൈത്തിനെ ഇതിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഹാര്‍വഡ് ബിസിനസ് സ്‌കൂളിലേക്കാണ് പഠിക്കാന്‍ യുഎസ് അംബാസഡര്‍ നിര്‍ദേശിച്ചത്. എന്നാല്‍ കനു തിരഞ്ഞെടുത്തത് മസാചൂസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അപ്ലൈഡ് മാതമാറ്റിക്‌സിനായിരുന്നു. തുടര്‍ന്ന്‌ വളരെ നാള്‍ ഇദ്ദേഹം നാസയിലും അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിലും ഗവേഷകനായി ജോലി ചെയ്തു.


കനുഭായിയും ഭാര്യ ശിവലക്ഷ്മിയും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം

നാല്‍പതിലേറെ വര്‍ഷം അമേരിക്കയില്‍ കഴിഞ്ഞ കനു അവസാനം 2014-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇതിനിടയ്ക്ക് ബോസ്റ്റണില്‍ അധ്യാപനവും പഠനഗവേഷണങ്ങളുമായി ഏര്‍പ്പെട്ടിരുന്ന ഡോ. ശിവലക്ഷ്മിയെ കനു വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇവരുടെ ജീവിതം വളരെ ദുരിതത്തിലായിരുന്നു. മക്കളില്ലാത്ത കനുഭായും ഭാര്യ ശിവലക്ഷ്മിയും(85) രണ്ടു വര്‍ഷം വിവിധ ആശ്രമങ്ങളിലായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. തെക്കന്‍ ഡല്‍ഹിയിലെ ഒരു വൃദ്ധസദനത്തില്‍ കഴിഞ്ഞിരുന്ന ഇവരുടെ ദയനീയ അവസ്ഥയെ കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

ഒടുവില്‍ ആ വിശ്വവിഖ്യാതമായ ചിത്രത്തിന്റെ ഭാഗമായിരുന്ന ആവസാനത്തെ ആളും മറഞ്ഞപ്പോള്‍ ബാക്കിയായത് ചില തര്‍ക്കങ്ങളും സംശയങ്ങളുമാണ്. ചിത്രത്തിലുള്ളവരും ചിത്രത്തിന് പിന്നിലുണ്ടായിരുന്ന ആളും ഇന്നില്ല. ചിത്രത്തിന്റെ പഴക്കത്തെപ്പറ്റി പല തര്‍ക്കങ്ങളുമുണ്ട്. വിത്തല്‍ ഭായ്, 1930 ഏപ്രിലില്‍ ഗുജറാത്തിലെ ദണ്ഡിയാത്രക്കിടെയാണ് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പകര്‍ത്തിയതെന്നാണ് പല ലേഖനങ്ങളിലും കാണുന്നത്. ഊന്നുവടിയുടെ ഒരറ്റത്ത് പിടിച്ച് ഓടിയ ഗാന്ധിജിയുടെ കൊച്ചുമകന്‍ കനുഭായ് രാംദാസ് ഗാന്ധിയുടെ പ്രായവും ചിത്രം എടുത്തു എന്നു പറയുന്ന വര്‍ഷവും തമ്മില്‍ പൊരുത്തമില്ലാത്തതാണ് തര്‍ക്കത്തിന്റെ പ്രധാനകാരണം. ഏതായാലും ആ ചിത്രം പകര്‍ത്തിയത് സ്വതന്ത്ര്യസമര സേനാനിയും, ഫോട്ടോഗ്രാഫറുമായ വിത്തല്‍ ഭായ് ജാവരിയാണെന്നാണ് പല രേഖകളും പറയുന്നത്. ഇതിന് ഒരു തര്‍ക്കവും ആരും ഉന്നയിച്ച് കേട്ടിട്ടില്ല. വിത്തല്‍ ഭായ് ഇന്ത്യയിലെ ആദ്യകാല ഫിലിംമേക്കറുകൂടിയായിരുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുള്ള വിത്തല്‍ ഭായ്, ഗാന്ധിയന്‍ തത്വചിന്തകളില്‍ ആകൃഷ്ടനാകുകയും തുടര്‍ന്ന് അഹിംസ സിദ്ധാന്തത്തിലേക്കു കടക്കുകയുമായിരുന്നു. മഹാത്മാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം ഒരു ജീവിതലക്ഷ്യമായിട്ടായിരുന്നു വിത്തല്‍ ഭായ് കൊണ്ടു നടന്നിരുന്നത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ ശേഖരിക്കാനാണ് ജീവിത്തിന്റെ നല്ലൊരു പങ്കും വിത്തല്‍ ഭായ് ചെലവഴിച്ചത്.

ഗാന്ധിയോട്‌ വ്യക്തിപരമായി നല്ല അടുപ്പമുണ്ടായിരുന്ന വിത്തല്‍ ഭായ്ക്ക് ഗാന്ധിജിയുടെ ജീവിതത്തിലെ പല ചിത്രങ്ങളും പകര്‍ത്തുവാനുള്ള ഭാഗ്യമുണ്ടായി. ഗാന്ധിജിയുടെ ജീവിതത്തിലെ പല ഭാഗങ്ങളും പകര്‍ത്തിയ വിത്തല്‍ ഭായി മഹാത്മജിയുടെ ജീവിതത്തെ ആസ്പദമാക്കി വിശദമായ ഒരു ഡോക്യുമെന്റെറിയും തയ്യാറാക്കി. വിത്തല്‍ ഭായ് ശേഖരിച്ച രേഖകളും ചിത്രങ്ങളും പലരും ഗാന്ധി ഡോക്യുമെന്റെറിക്കായി ഉപയോഗിച്ചിട്ടുണ്ട്. ‘ഗാന്ധി-എ ഫോട്ടോ ബയോഗ്രാഫി’ എന്ന ബുക്ക് എഴുത്തിയ പീറ്റര്‍ റൂഹി തന്റെ ബുക്കിനായി വിത്തല്‍ ഭായ് പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

1969-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരമോന്നത ബഹുമതിയായ പദ്മ ഭൂഷണ്‍ നല്‍കി വിത്തല്‍ ഭായിയെ ആദരിച്ചിരുന്നു. എഴുത്തുക്കാരന്‍ കൂടിയായ  അദ്ദേഹത്തിന് സാഹിത്യം-വിദ്യാഭ്യാസം മേഖലകളിലെ സംഭാവനയ്ക്കാണ് പദ്മ ഭൂഷണ്‍ ബഹുമതി നല്‍കിയത്. വിത്തല്‍ ഭായിയുടെ പ്രസിദ്ധമായ ബുക്കാണ് ‘ഫ്രീംഡംസ് ബാറ്റില്‍: ഐ.എന്‍.എ ഇന്‍ ആക്ഷന്‍,1942-1945’. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ചരിത്രവും, രണ്ടാം ലോക മഹായുദ്ധത്തിലെ ഇന്ത്യയുമൊക്കെയാണ് ബുക്കില്‍ പ്രതിപാദിച്ചിരിക്കുന്നത്. 1916-ല്‍ ജനിച്ച വിത്തല്‍ ഭായ് 69-മത്തെ വയസില്‍ 1985-ലാണ് മരിക്കുന്നത്. 

വിത്തല്‍ ഭായിയുടെ ഗാന്ധി ഡോക്യുമെന്റെറി കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ- 

1. http://youtube.com/watch?v=rjB7EDmL7Es

2. http://youtube.com/watch?v=cMT7VygRdGo

3. http://youtube.com/watch?v=Z6eXVHgSc2Y

4. http://youtube.com/watch?v=BZ4bgnpHMu8

5. http://youtube.com/watch?v=CCIL5P3Y0xI

6. http://youtube.com/watch?v=RK9KlzCzxss 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍