UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് കലയ്ക്കല്ല; മോദി അജണ്ടയ്ക്ക് വേണ്ടിയുള്ള ഫെസ്റ്റിവല്‍; വിവാന്‍ സുന്ദരത്തിന്റെ തുറന്ന കത്ത്

Avatar

ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ വന്‍പേരുകളിലൊന്നാണ് വിവാന്‍ സുന്ദരം. തന്റെ 30 വര്‍ഷം നീണ്ട കലാജീവിതത്തില്‍ നിരവധി അതിര്‍ത്തികള്‍ മാറ്റിവരച്ച ചിത്രകാരന്‍. ഇന്ത്യന്‍ കലാലോകത്ത് ഇന്‍സ്റ്റലേഷനും വീഡിയോ ആര്‍ട്ടും അവതരിപ്പിച്ചവരിലെ പ്രധാനിയും വിവാന്‍ സുന്ദരമാണ്. പെയിന്റര്‍ എന്നതിനൊപ്പം ആക്ടിവിസ്റ്റും ക്യുറേറ്ററും ഹിസ്‌റ്റോറിയനുമൊക്കെയാണ് വിവാന്‍ സുന്ദരം. ബറോഡയിലെ വാഡ്‌ഫെസ്റ്റ് ചിത്രപ്രദര്‍ശനത്തില്‍ താന്‍ എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് വിവാന്‍ സുന്ദരം അയച്ച തുറന്ന കത്ത് അഴിമുഖം പ്രസിദ്ധീകരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധികളെ തുറന്നുകാട്ടുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

 

1. ബറോഡയിലെ എം എസ് സര്‍വകലാശാലയിലെ പെയ്ന്റിംഗ് വിഭാഗത്തില്‍ നടക്കുന്ന ‘ബാക്ക് ടു കോളേജ്’ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു കത്ത് എനിക്ക് ലഭിച്ചു. 

2. ഫൈനാര്‍ട്ട്‌സ് ഫാക്കല്‍റ്റിയില്‍ (എഫ്എഫ്എ) നടക്കുന്ന വാഡ്‌ഫെസ്റ്റ് (VadFest) ചിത്രപ്രദര്‍ശനത്തില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് ക്യൂറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മിക്ക കലാകാരന്മാര്‍ക്കും അറിയാം; പരിപാടി സംഘടിപ്പിക്കുന്ന സുഹൃത്തുക്കളെ വേദനിപ്പിക്കരുത് എന്ന ഉദേശത്തില്‍ സംഭവത്തെ കുറിച്ച് ഒരു പൊതുപ്രസ്താവന നടത്തുന്നതില്‍ നിന്നും എന്നെ തടയുകയാണ് അവരുടെ ലക്ഷ്യം എന്ന് തോന്നുന്നു. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പ്രദര്‍ശനത്തിന്റെ പ്രത്യാഘാതങ്ങള്‍ സൗഹൃദത്തിന് അപ്പുറത്തേക്ക് വ്യാപിക്കുന്നതിനാല്‍ അതിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിചാരിക്കുന്നു.

3. എഫ്എഫ്എ/വാഡ്‌ഫെസ്റ്റ് ചിത്രപ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് നിരവധി കലാകാരന്മാരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ആശയവിനിമയം നടത്തി. വാഡ്‌ഫെസ്റ്റ് എന്ന കൊടിക്ക് കീഴില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ തുടക്കം, സംഘാടനം, സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം അവ്യക്തത നിലനില്‍ക്കുന്നു. വിഐഎസിഎഫ് ട്രസ്റ്റ് (VIACF Truts) എന്ന് പറയുന്ന ഒരു സംഘടനയെ സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു; എഫ്എഫ്എയില്‍ നടക്കുന്ന പരിപാടിക്ക് 200 ബറോഡ പൗരന്മാരുടെ പിന്തുണയുണ്ടെന്ന ഒരു പരാമര്‍ശവും ശ്രദ്ധിക്കപ്പെടുകയുണ്ടായി; വാഡ്‌ഫെസ്റ്റ് നടക്കുന്ന സമയത്ത് എഫ്എഫ്എയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി എം എസ് സര്‍വകലാശാല സാമ്പത്തിക സഹായം നല്‍കുമെന്നും കേള്‍ക്കുന്നു (സര്‍വകലാശാല സംസ്ഥാന സര്‍ക്കാരിന്റെ കീഴിലല്ല, മറിച്ച് യുജിസിയുടെ കീഴിലാണെങ്കില്‍ കൂടിയും). വാഡ്‌ഫെസ്റ്റ് ചിത്ര പ്രദര്‍ശനത്തിന്റെ സമയത്ത് ബോധപരമായി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാകാനുള്ള വിചിത്രമായ തീരുമാനവും എം എസ് സര്‍വകലാശാല/എഫ്എഫ്എ കൈക്കൊണ്ടിട്ടുണ്ട്. ഇതുമൂലം, അവസാന പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള രണ്ട് മാസക്കാലും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പണിപ്പുരയാണ് നഷ്ടമാകുന്നത്. 

4. വാഡ്‌ഫെസ്റ്റിന്റെ ആര്‍ഭാടകരമായി രൂപകല്‍പ്പന ചെയ്യപ്പെട്ട വെബ്‌സൈറ്റില്‍ (സമീപകാല പത്ര പരസ്യങ്ങളിലും) ബിജെപി സര്‍ക്കാരിന്റെ ലോഗോയും ഗുജറാത്ത് മുഖ്യമന്ത്രിയുടെയും വിനോദസഞ്ചാര മന്ത്രിയുടെയും ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മറ്റൊരു സംഘടനയെ കുറിച്ചും പരാമര്‍ശം ഇല്ല. 

5. നല്ല ഉദ്ദേശത്തോടെയെന്ന് എനിക്ക് പൂര്‍ണ ബോധ്യമുള്ള നമ്മുടെ എഫ്എഫ്എ സുഹൃത്തുക്കളുടെ ശ്രമങ്ങള്‍ കൈയേറപ്പെട്ടിരിക്കുന്നു. ലജ്ജാകരമായ രീതിയില്‍ കളങ്കപ്പെട്ട ഗുജറാത്ത് സര്‍ക്കാര്‍ വാഡ്‌ഫെസ്റ്റ് കൈയടക്കിയിരിക്കുന്നു. നരേന്ദ്ര മോദിയെ ഉന്നത സ്ഥാനത്തെത്തിച്ചതിന് ബറോഡക്കാരോടുള്ള നന്ദി രേഖപ്പെടുത്തുകയാണ് ഇത്രയും ആര്‍ഭാടകരമായ പരിപാടിയിലൂടെ ബിജെപി ചെയ്യുന്നത്; കലയുടെ മേഖല ഉള്‍പ്പെടുയുള്ള തങ്ങളുടെ വ്യാപാരങ്ങളിലെ ലാഭത്തിന് വേണ്ടി ആകര്‍ഷകമായ ഗുജറാത്ത് പ്രചാരങ്ങള്‍ക്കുള്ളില്‍ ഒരു വലതുപക്ഷ കൂറുമുന്നണിയുണ്ടാക്കുകയാണ് ബറോഡയിലെ കോര്‍പ്പറേറ്റ് പൗരന്മാര്‍ പകരം ചെയ്യുന്നത്. 

6. കലകളുടെ ‘മതേതര’ ആഘോഷം എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വാഡ്‌ഫെസ്റ്റ്, യഥാര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയുടെ വികസന അജണ്ടയാണ് പ്രചരിപ്പിക്കുന്നത്; നഗരത്തില്‍ സമീപകാലത്ത് നടന്ന കൂട്ടക്കൊലകളും ഫൈന്‍ ആട്ട്‌സ് ഫാക്കല്‍റ്റിയിലെ കുട്ടികളെയും ജീവനക്കാരെയും ഇതേ സംഘടനകള്‍ വിചാരണയ്ക്ക് വിധേയമാക്കിയതും മറയ്ക്കാനാണ് യഥാര്‍ത്ഥത്തില്‍ ഈ പരിപാടി സഹായിക്കുക. അവരുടെ കൊടിക്കീഴില്‍ സ്വതന്ത്രരും പ്രതിരോധചിത്തരെയും അണിനിരത്തുന്നതിലൂടെ ബിജെപി/ഗുജറാത്ത് സര്‍ക്കാരിന്റെ വലിയ വിജയമായി ഇത് വാഴ്ത്തപ്പെടും. 

7. കലാകാരന്മാരും കലാസ്ഥാപനങ്ങള്‍/സര്‍വകലാശാലകളും പൗരസമൂഹവും സര്‍ക്കാരും രാജ്യവും തമ്മിലുള്ള ബന്ധം നിര്‍വചിക്കാനും ക്രയവിക്രയം ചെയ്യാനും എല്ലായിപ്പോഴും ബുദ്ധിമുട്ടാണ്. നമ്മുടെ പൗരഉത്തരവാദിത്വങ്ങള്‍ക്ക് ഒരു ദിശാബോധം നല്‍കുന്നതിനായി സഹ്മത് (1990 കളുടെ തുടക്കം മുതല്‍ ബിജെപി/ആര്‍എസ്എസ് അജണ്ടകളെ എതിര്‍ക്കുന്ന ഏറ്റവും പ്രത്യക്ഷമായ സാംസ്‌കാരിക സംഘടനകളില്‍ ഒന്ന്) കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. (കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലും സമീപകാലങ്ങളിലും സഹ്മത് സംഘടിപ്പിച്ച വിപരീത വേദകളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സ്ഥിരമായി നടത്തിയവരാണ് വാഡ്‌ഫെസ്റ്റ് ക്ഷണിക്കപ്പെട്ട നിരവധി കലാകാരന്മാരും എഫ്എഫ്എ ക്യൂറേറ്റര്‍മാരും എന്നതിനാലാണ് ഞാന്‍ ഇത് പരാമര്‍ശിക്കുന്നത്). 

8. അര്‍എസ്എസ്/ബിജെപി തങ്ങളുടെ ഹിന്ദുത്വ അജണ്ട നിര്‍വചിക്കുകയും, ചരിത്രവും മാനവവിഭവങ്ങളും ശാസ്ത്രവും കലയും ഉള്‍പ്പെടെയുള്ള ആധുനിക വൈജ്ഞാനിക സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറാന്‍ അവരുടെ സംസ്‌കാരിക അഭിലാഷങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഭരണപാര്‍ട്ടിയുടെ ഭാഗവും സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതുമായ വലതുപക്ഷ സംഘടനകള്‍ സംവാദത്തിന്റെ വിഷയങ്ങള്‍ നിശ്ചയിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ അതിജാഗ്രത പാലിക്കേണ്ട സമയമാണിത്.

9. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ജാതീയ വിഭജനത്തിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുകയും പുരോഗമന ചിന്തകളുടെയും ക്രിയാത്മകതയുടെയും മുന്നണിയില്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്ന എന്റെ സ്വന്തം ഫൈന്‍ ആട്ട്‌സ് ഫാക്കല്‍റ്റിയുടെ ക്ഷണം ‘നിരസിക്കേണ്ടിവരുന്നത്’ അത്യന്തം ഖേദകരമാണ്. 

10. പക്ഷെ കലാകാരന്മാര്‍ സ്വയം നിര്‍ണയിക്കുന്ന സെന്‍സര്‍ഷിപ്പിനും അസഹിഷ്ണുതയുടെയും കാലമായി ഈ സമയത്തെ വിടാന്‍ അനുവദിക്കാതിരിക്കുക എന്നതാവും കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. നമ്മള്‍ എവിടെ നില്‍ക്കുന്നു എന്നതിനെ കുറിച്ചും ഏത് തരം സംസ്‌കാരത്തെയും സമൂഹത്തെയുമാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് എന്നും വിമര്‍ശനാത്മകമായി മനസിലാക്കുകയാണ് പ്രധാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍