UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

സ്വാമി വിവേകാനന്ദനെ വിട്ടുകൊടുക്കരുത്, റഷ്യക്കാരുടെ ചാരപ്പണി… ഹരീഷ് ഖരെ എഴുതുന്നു

പഞ്ചാബ് തെരഞ്ഞെടുപ്പ് മുതല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് വരെ

ഹരീഷ് ഖരെ

ജാനുവരി 12 വ്യാഴാഴ്ച്ച, ഗ്രാമീണ വ്യവസായ വികസന ഗവേഷണ കേന്ദ്രത്തിലെ (CRRID) ഡോ. കൃഷന്‍ ചന്ദാണ് എന്നോടു പറഞ്ഞത്, അന്ന് സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികദിനമാണെന്ന്. അദ്ദേഹം സംഗ്രഹിച്ച- The Relevance of Swami Vivekananda in Contemporary India എന്ന പുസ്തകവും എനിക്കു തന്നു. സ്വാമിജിയെക്കുറിച്ചുള്ള കൃതികള്‍ എപ്പോഴും നല്ല വായനക്ക് പറ്റുന്നവയാണ്. സ്വാമി വിവേകാനന്ദന്റെ 150-ആം ജന്മമവാര്‍ഷികത്തില്‍, രണ്ടു വര്‍ഷം മുമ്പ്, CRRID സംഘടിപ്പിച്ച ഒരു ചര്‍ച്ചാ സമ്മേളനത്തിന്റെ സംഗ്രഹമാണ് ആ പുസ്തകം. തികച്ചും യാദൃശ്ചികമായി മറ്റൊരു പുസ്തകമായ The Modern Monk- വിവേകാനന്ദന്‍ നമുക്കിന്നെന്താണോ അത്, എന്റെ മേശപ്പുറത്തെത്തി.

അപാരമായ ആത്മീയ ശക്തിയുടെ അവതാരമായിരുന്നു സ്വാമി വിവേകാനന്ദന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ആയിരക്കണക്കിന് പുസ്തകങ്ങളും വ്യാഖ്യാനങ്ങളും അദ്ദേഹത്തെക്കുറിച്ച് വന്നു. നമ്മള്‍ അദ്ദേഹത്തിന്റെ പേരില്‍ സ്മാരകങ്ങളും സ്കൂളുകളും കോളേജുകളും ഉണ്ടാക്കി. എന്തിനേറെ, ഒരു ബുദ്ധിജീവി ഗവേഷണ കേന്ദ്രം എന്നു പറയുന്ന ഒന്നുപോലും. ഇത്രയൊക്കെ വിപുലമായ അനുസ്മരണ-നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടും നമ്മുടെ ദേശീയജീവിതം അദ്ദേഹത്തിന്റെ ഉയര്‍ന്ന ആശയങ്ങളില്‍ നിന്നും ജ്ഞാനോദയ പ്രബോധനങ്ങളില്‍ നിന്നും ഏറെ അകന്നുനില്‍ക്കുന്നു എന്നത് ഒരുതരത്തില്‍ ഒരു നിഗൂഢതയാണ്.

പണ്ഡിതന്‍മാര്‍ക്ക് അക്കാര്യത്തില്‍ പലതും പറയാനുണ്ടാകും, എന്നാല്‍ സ്വാമി വിവേകാനന്ദനെ പല രീതിയിലും ഒരു കക്ഷിപക്ഷപാതിയായി അവതരിപ്പിച്ചു എന്നാണെനിക്ക് തൊന്നുന്നത്. ഈ മഹാനായ അദ്ധ്യാപകനെ വലതുപക്ഷം അവരുടെ നിക്ഷിപ്ത രാഷ്ട്രീയതാത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയും, ആ പ്രക്രിയയില്‍, കേവലം 30-ആം വയസില്‍ 1893-ല്‍ ചിക്കാഗോയില്‍ ലോക മത പാര്‍ലമെന്റിനെ തന്റെ വാക്കുകളാല്‍ വിസ്മയിപ്പിച്ച ആ മഹാനായ സന്യാസിയുടെ മാര്‍ഗദര്‍ശിത്വം ഒരു ദേശമെന്ന നിലയില്‍ നാം നഷ്ടപ്പെടുത്തുകയും ചെയ്തു.

ചിക്കാഗോയില്‍, വിഭാഗീയതയ്ക്കും, മര്‍ക്കടമുഷ്ടിക്കും, അതിന്റെ ഭീകര പിന്തുടര്‍ച്ചക്കാരനായ മതഭ്രാന്തിനുമെതിരെ സ്വാമി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹം അങ്ങേയറ്റത്തെ ദേശീയവാദിയായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ നിരീക്ഷണങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്, “ഞാനദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെ ആഴത്തില്‍ കടന്നുപോയി, അതിനുശേഷം എനിക്കെന്റെ രാജ്യത്തോടുള്ള സ്നേഹം ആയിരം മടങ്ങ് വര്‍ധിച്ചു.”

നെഹ്രു എഴുതിയത്, “ഇന്ത്യയുടെ ആധുനിക ദേശീയ മുന്നേറ്റത്തിന്റെ മഹാന്മാരായ സ്ഥാപകരില്‍ ഒരാളാണ്,” സ്വാമി എന്നാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ദേശീയത സങ്കുചിതമായിരുന്നില്ല; വേദാന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മഹത്തായ കാഴ്ച്ചപ്പാടുകള്‍ ഒരിക്കലും മറ്റ് മതങ്ങളെയോ പ്രമാണങ്ങളെയോ അധിക്ഷേപിച്ചുകൊണ്ടായിരുന്നില്ല. മറ്റേതെങ്കിലും വിശ്വാസധാരയുടെ മേല്‍ വേദാന്തത്തിന്റെ ആധിപത്യം സ്ഥാപിക്കാനുമായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രമം. നാഗരികതകളുടെ സംഘട്ടനത്തിന്റെ ആദ്യകാല പ്രവാചകരില്‍ ഒരാളായിരുന്നില്ല അദ്ദേഹം.

സ്വാമിജിയെ കക്ഷിപക്ഷപാതിത്വത്തിന് ദുരുപയോഗം ചെയ്യാന്‍ പാകത്തില്‍ വിട്ടുകൊടുക്കുക എന്നത് ഒരു ദേശീയദുരന്തത്തില്‍ കുറഞ്ഞു ഒന്നുമല്ല. ഒരു ദേശം എന്ന നിലയില്‍ നാം ആത്മീയ ദാരിദ്ര്യത്തിലാണ്.

ഡെമോക്രാറ്റ് കക്ഷിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റഷ്യക്കാര്‍ നുഴഞ്ഞുകയറിയതും അത് ഡൊണാള്‍ഡ് ട്രംപിന് വേണ്ടിയുള്ള ഇടപെടലാകാമെന്നുമുള്ള ആശങ്കകള്‍ അമേരിക്കക്കാരെ കുഴക്കിക്കൊണ്ടേയിരിക്കുന്നു. ഈ ആരോപണങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ല. സ്വന്തം പൌരന്മാരെയും പുറത്തുള്ളവരെയും നിരീക്ഷിക്കുന്നതിലും ചാരപ്പണി നടത്തുന്നതിലും റഷ്യക്കാര്‍ക്ക് മികച്ച സ്ഥാപനങ്ങളും ശീലവുമുണ്ട്. കെ‌ജി‌ബി-യുടെ കൈകള്‍ നീണ്ടു പരന്നു കിടക്കുന്നു.

കാനഡയുടെ പ്രഥമ വനിതയായിരുന്ന മാര്‍ഗരറ്റ് ത്രൂദ്യോവിന്‍റെ Beyond Reason എന്ന പുസ്തകത്തിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള രസകരമായ ഒരു ഭാഗം ഞാനോര്‍ക്കുന്നു. മാര്‍ഗരറ്റ് ത്രൂദ്യോവിന് തന്നെക്കാള്‍ ഏറെ പ്രായക്കൂടുതലുള്ള എന്നാല്‍ ആകര്‍ഷണീയമായ വ്യക്തിത്വമുള്ള കാനഡ പ്രധാനമന്ത്രി പിയറി ത്രൂദ്യോവിനോടു പ്രണയം തോന്നി. അതൊരു പ്രസിദ്ധമായ വിവാഹമായിരുന്നു. അങ്ങനെയാകണമല്ലോ. അതിസുന്ദരിയായ, കലാപകാരിയായ, മുന്‍ ഹിപ്പിയായ, ബഹുമാനപ്രകടനങ്ങള്‍ ഇല്ലാത്ത, നായചാതുര്യം തീണ്ടാത്ത മാര്‍ഗരറ്റ്; പൊതുജീവിതത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭാരങ്ങളുമുള്ള പിയറി.

പുസ്തകത്തില്‍ അവരോര്‍മ്മിക്കുന്നപോലെ, ഒരിക്കല്‍ ഇരുവരും മോസ്കോവില്‍ ഒരു ഔദ്യോഗിക സന്ദര്‍ശനത്തിനായി പോയി. പ്രധാനമന്ത്രിയുടെ താമസസ്ഥലത്തിന്റെ മുക്കും മൂലയും റഷ്യക്കാര്‍ ചാരപ്പണി നടത്തുമെന്ന് യാത്രയ്ക്ക് മുമ്പ് കാനഡ അധികൃതര്‍ മുന്നറിയിപ്പ് നല്കിയിരുന്നു; വലിയ പ്രേമ സല്ലാപങ്ങളൊന്നും വേണ്ട എന്നു മാര്‍ഗരറ്റിനുള്ള മുന്നറിയിപ്പായിരുന്നു അത്. അവരത് വിശ്വസിച്ചില്ല, സോവിയറ്റുകളെക്കുറിച്ചുള്ള പതിവ് പടിഞ്ഞാറന്‍ പേടിയായി കരുതി.

യാത്രയ്ക്ക് മുമ്പേ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ് അവര്‍ സന്തോഷിച്ചു (ഇപ്പോഴത്തെ കാനഡ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ആയിരുന്നു പിറക്കാനിരുന്ന ആ കുഞ്ഞ്). കാനഡയില്‍ ആ വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചില്ല. ആതിഥേയര്‍ക്കും ആ വിവരം അറിയുമായിരുന്നില്ല. ആദ്യ ദിവസം പ്രധാനമന്ത്രിക്കും സംഘത്തിനും തിരക്കുപിടിച്ച പരിപാടികളായിരുന്നു. ക്ഷീണിച്ച ദമ്പതികള്‍ ക്രെംലിനിലെ തങ്ങളുടെ മുറിയില്‍ വിശ്രമിക്കാന്‍ പോയി. പക്ഷേ ഗര്‍ഭിണിയായ മാര്‍ഗരറ്റിന് ഓറഞ്ച് തിന്നാന്‍ വല്ലാത്ത കൊതി. ക്ഷീണിച്ചുകിടക്കുന്ന ഭര്‍ത്താവ് അവരോടു പോയിക്കിടന്നുറങ്ങാന്‍ പറഞ്ഞു. പെട്ടന്നവര്‍ കാനഡയില്‍ നിന്നും തന്ന ചാരപ്പണിയെക്കുറിച്ചുള്ള ഉപദേശത്തെക്കുറിച്ചോര്‍ത്തു.

കുസൃതിക്കാരിയായ അവര്‍ മുറിയില്‍ നിന്നും ഭര്‍ത്താവിനോട് ഉറക്കെ വിളിച്ചുപറഞ്ഞു, എനിക്കൊരു ഓറഞ്ച് വേണമെന്ന്. അവരെഴുതുന്നു, “അഞ്ചു മിനിറ്റിന് ശേഷം വാതിലില്‍ ഒരു മുട്ടുകേട്ടു. പുറത്ത് ഭാവവ്യത്യാസമില്ലാതെ ഒരു പരിചാരകന്‍ കയ്യില്‍ ഒരു താലവുമായി നില്ക്കുന്നു. അതില്‍ നേന്ത്രപ്പഴം, ആപ്പിള്‍, നടുവിലായി അഭിമാനത്തോടെ ഒരു ഓറഞ്ചും…”

മാര്‍ഗരറ്റ് ത്രൂദ്യോ എഴുതി, “അവരുടെ ചാരപ്പണി വിദ്യകളെ ഞാന്‍ അങ്ങേയറ്റം ബഹുമാനിച്ചു.”

പഴയശീലങ്ങള്‍ അത്രയെളുപ്പം മറക്കില്ല. പഴയ രീതിയിലെ രഹസ്യം ചോര്‍ത്തലില്‍ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന പുതിയ വിദ്യ വന്നു എന്നേയുള്ളൂ.

കുറച്ചുകാലം മുമ്പ് പഞ്ചാബ് നിരീക്ഷകന്‍ കൂടിയായ കാര്‍ത്തിക് വെങ്കടേഷ് Café Dissensus എന്ന ഓണ്‍ലൈന്‍ മാസികയിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു. (https://cafedissensus.com/). ന്യൂ യോര്‍ക്കില്‍ നിന്നും മൊസാറാപ് എച്ച് ഖാന്‍, മേരി ചാക്കോ എന്നെ രണ്ടു വിദ്യാര്‍ത്ഥികളാണ് അതിറക്കുന്നത്. വിമത ശബ്ദത്തിന് വേണ്ടി മാത്രമായുള്ള ഒരു വേദിയാണത്. ‘മുഖ്യധാര’ അഭിപ്രായമെന്ന നിലയില്‍ മുഖംമൂടി ധരിച്ച നിരവധി ഔദ്യോഗികാഭിപ്രായങ്ങള്‍ നമുക്കിടയില്‍ ഉണ്ട്. ഈ യുവവിമതര്‍ വ്യത്യസ്തമായൊരു കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് നമ്മുടെ കാലത്തെ പ്രശ്നങ്ങളെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും ശ്രമിക്കുന്നു.

അതിന്റെ ത്രൈമാസിക പതിപ്പ് ഒരു പ്രത്യേക വിഷയത്തില്‍ ചര്‍ച്ചക്കായി വിമതശബ്ദങ്ങളെയും അസ്വസ്ഥമായ ആത്മാക്കളെയും കൊണ്ടുവരുന്നു. ഫലം മിക്കപ്പോഴും ഉത്തേജനജനകമാണ്-വിഷമയവും. അതിന്റെ അടുത്തിടെയുള്ള ചില പതിപ്പുകള്‍, ഫൈസ് അഹമ്മദ് ഫൈസ്, ജെഎന്‍യുവും അതിന്റെ വിമത പാരമ്പര്യവും, ബോളിവുഡ്, ദേശീയത തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്.

ഏപ്രില്‍ 2017 ലക്കം ‘പഞ്ചാബ്: അരികും കേന്ദ്രവും’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. കാര്‍ത്തിക്കാണ് ഗസ്റ്റ് എഡിറ്റര്‍. ദേശീയ വ്യവഹാരത്തില്‍ പഞ്ചാബിന്റെ കേന്ദ്രത്വത്തെയും ജന-കേന്ദ്രീകൃത പാര്‍ശ്വവത്കരണത്തെയും പൊളിച്ചുകളഞ്ഞുകൊണ്ടുള്ള ഒരു സമീപനമാണ് കാര്‍ത്തിക് ഉദ്ദേശിക്കുന്നത്.
പഞ്ചാബിനെക്കുറിച്ച് മികച്ച ലേഖനങ്ങളും നിരീക്ഷണങ്ങളും അയാള്‍ക്ക് ലഭിക്കട്ടെ. [email protected] എന്ന വിലാസത്തില്‍ അയാളെ ബന്ധപ്പെടാം. രചനകള്‍ ഫെബ്രുവരി 28-നു മുമ്പായി നല്‍കണം. അപ്പോഴേക്കും പഞ്ചാബുകാര്‍ വോട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ടാകും. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്കപ്പുറം വിഷയത്തെ കാണാന്‍ നിരീക്ഷകരും വിശകലനവിദഗ്ദ്ധരും ഉണ്ടാകും.

കഴിഞ്ഞ വാരം മുന്‍ ഇന്ത്യന്‍ കരസേന മേധാവി ഒരു നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിലെ അനൌചിത്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ ജനറല്‍മാരും മറ്റ് പല വായനക്കാരും ഈ അഭിപ്രായം പങ്കുവെച്ചു. സര്‍ജിത് ഗില്‍ എഴുതി, “അറുപത് വര്‍ഷം മുമ്പ് ഞാന്‍ ഒരു കുട്ടിയായിരുന്നപ്പോള്‍ സേനയില്‍ നിന്നും സുബേദാറായി വിരമിച്ച എന്റെ മുത്തച്ഛന്‍ ഗ്രാമത്തില്‍ താമസമാക്കി. അപ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നത്. സര്‍പഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗ്രാമപ്രമുഖര്‍ ആവശ്യപ്പെട്ടു. ഒരു സുബേദാരുടെ 15 കൊല്ലത്തെ പദവി എന്നെ തൃപ്തനാക്കിയെന്നും അതിലും വലുതല്ല സര്‍പഞ്ച് എന്നുപറഞ്ഞു അദ്ദേഹം അത് വിനയപൂര്‍വ്വം നിരസിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ സുബേദാര്‍ ഈ നൂറ്റാണ്ടിലെ ജനറലിനേക്കാള്‍ തന്റെ പദവിയുടെ അഭിമാനം നിലനിര്‍ത്താന്‍ അറിവുള്ളവനായിരുന്നു എന്നു തോന്നുന്നു.”

അവസാനമായി , പഞ്ചാബ് സമ്മതിദായകരുടെ മനസാണോ ഇത് പ്രതിഫലിപ്പിക്കുന്നത് എന്നു ചോദിച്ച് ന്യൂയോര്‍ക്കിലെ ഒരു സുഹൃത്ത് അയച്ചുതന്നതാണിത്,

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഒരിക്കല്‍ പറഞ്ഞു:
“നിങ്ങള്‍ക്ക് പറക്കാനാവില്ലെങ്കില്‍, ഓടുക;
ഓടാനാവില്ലെങ്കില്‍, നടക്കുക’
നടക്കാനാവില്ലെങ്കില്‍, ഇഴയുക;
പക്ഷേ നീങ്ങിക്കൊണ്ടേയിരിക്കുക.”

പഞ്ചാബി മറുപടി പറഞ്ഞു:
“ശരിയാണ് ലൂഥര് സാഹിബേ, പക്ഷേ എവിടേക്കു പോണം?”

ലൂഥര്‍ സാഹിബിന് വേണ്ടി ഞാന്‍ മറുപടി പറയാം: വരൂ, എന്റെയൊപ്പം ഒരു കാപ്പി കുടിക്കൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍