UPDATES

വിഴിഞ്ഞം തുറമുഖം; ഇടതുസര്‍ക്കാര്‍ നയം യഥാര്‍ത്ഥത്തില്‍ എന്താണ്?

അദാനിക്കു നേട്ടമുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുമോ, അതോ കരാര്‍ റദ്ദാക്കുമോ?

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടു കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടത്തിനു ശേഷവും ഓരോ ഘട്ടത്തിലും വിഴിഞ്ഞം തുറമുഖ പദ്ധതി ചര്‍ച്ചയായതും ഇതേ വിവാദങ്ങള്‍കൊണ്ടു തന്നെയായിരുന്നു. ഒക്ടോബറില്‍ സിഎജികരട് റിപ്പോര്‍ട്ട് ചോരുകയും അതില്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നുമുള്ള വിവരങ്ങള്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കരാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നവരായിരുന്നു അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ്. തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ കരാറില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിലവിലുള്ള കരാര്‍ അതേപടി നിലനില്‍ത്താനാണ് ശ്രമിച്ചത്. മുമ്പു കരാറിനെ എതിര്‍ത്തിരുന്ന തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും മൗനമായി. അന്നും ഇന്നും ഒരു പോലെ കരാറിനെ എതിര്‍ക്കുന്നതു വിഎസ് അച്യുതാനന്ദന്‍ മാത്രമാണ്. വിഎസ് കഴിഞ്ഞ ദിവസം നിയമസഭയില്‍ വിഴിഞ്ഞം കരാര്‍ സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ ദുരൂഹതയുണ്ടെന്നും കരാറില്‍ മാറ്റം വരുത്തണമെന്നുമായിരുന്നു വിഎസ് സഭയിയില്‍ ആവശ്യപ്പെട്ടത്. കരാറില്‍ അഴിമതിയുണ്ട് കരാര്‍ ദുരൂഹത നിറഞ്ഞതും സംശയകരവുമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ എല്‍ഡിഎഫ് അതേപടി തുടരേണ്ട കാര്യമില്ലെന്നുമാണ് വിഎസ് പറഞ്ഞത്. ഇതിനു പിന്നാലെ കരാര്‍ സംസ്ഥാനനത്തിനു നഷ്ടമാണെന്നും അദാനി കോടികള്‍ കൊള്ളലാഭമുണ്ടാക്കുകയാണെന്നും കാണിച്ചു സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്.

സിഎജിയും ഈ കരാര്‍ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും മറിച്ച് ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് നല്‍കിയ സ്ഥിതിക്ക് അദാനിക്ക് മാത്രം നേട്ടമുണ്ടാകുന്ന വിഴിഞ്ഞം പദ്ധതി റദ്ദാക്കുന്നത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഇതിനെക്കുറിച്ച് പ്രമുഖ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നത്; ‘അതിന് ആദ്യം ചെയ്യേണ്ടത് കരാര്‍ ഒപ്പിട്ട യുഡിഎഫ് സര്‍ക്കാര്‍ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തോ എന്ന് പരിശോധിക്കണം. ചട്ടവിരുദ്ധമായി നടന്നിട്ടുണ്ടെങ്കില്‍ അഴിമതി നിരോധന നിയമത്തിന്റെ 13(1)(ഡി) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കണം. ഇക്കാര്യത്തില്‍ ഉള്‍പ്പെട്ട തുക കണക്കാക്കുമ്പോള്‍ സിബിഐ അന്വേഷണമാണ് അഭികാമ്യം. പദ്ധതി നടക്കുകയോ നടക്കാതിരിക്കുകയോ അല്ല, അഴിമതി അന്വേഷിക്കപ്പെടണം. വിഴിഞ്ഞം കരാര്‍ പുനഃരാലോചിക്കാന്‍ കഴിയുമോ, പുനഃരാലോചിക്കണോ, സര്‍ക്കാരിന് നഷ്ടമുണ്ടാകുമോ, നഷ്ടം കുറയ്ക്കാന്‍ ആകുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ട് പഠിച്ച ശേഷം സര്‍ക്കാര്‍ അടിയന്തിരമായി കാര്യകാരണ സഹിതം വ്യക്തമാക്കണം. അതിനു സര്‍ക്കാര്‍ തയ്യാറാവുന്നില്ല എങ്കില്‍ കോടതി സമീപിക്കാന്‍ അവകാശമുണ്ട്.’ (ഫെയ്‌സ്ബുക്ക് പോസ്റ്റ്).

വിജയകരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ തന്നെ പറഞ്ഞ പദ്ധതിയാണ് വിഴിഞ്ഞം. അതിന് തെളിവുമുണ്ട്, 2015 ഏപ്രിലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിഴിഞ്ഞത്തിന്റെ ഫീസിബിലിറ്റി റിപ്പോര്‍ട്ട് (പ്രായോഗിക കാര്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട്) പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. റിപ്പോര്‍ട്ടിന്റെ 108ാം പേജില്‍ പറയുന്നത് ‘സാമ്പത്തിക വിശകലനം നടത്തിയാല്‍ ഈ പദ്ധതി വിജയപ്രദമല്ല. അതുകൊണ്ട് പദ്ധതിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തുറമുഖത്തോടനുബന്ധിച്ചുള്ള ഭൂമി മറ്റ് വികസനകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്’. ഈ ഫീസിബിലിറ്റി റിപ്പോര്‍ട്ടിന്റെ 92ാം പേജ് മുതല്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത് അന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിരുന്നത് പലതും വാസ്തവവിരുദ്ധമാണെന്നാണ്. ‘തുറമുഖം ലാഭകരമാണ്. ലാഭവിഹിതം സര്‍ക്കാരിന് ലഭിക്കും. 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖം സര്‍ക്കാരിന് കിട്ടുമെന്നും’ ജനങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ കാണിക്കുന്നത് പദ്ധതി സാമ്പത്തികമായി ഒരിക്കലും ലാഭകരമായിരിക്കില്ലെന്നാണ്.

ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്
കരാര്‍ കാലാവധി, അദാനി ഗ്രൂപ്പുമായി ആദ്യം പറഞ്ഞിരുന്ന മുപ്പത് വര്‍ഷത്തില്‍ നിന്ന് 40 വര്‍ഷത്തേക്ക് മാറ്റിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതും തെറ്റാണ്. കരാര്‍ 80 വര്‍ഷം വരെ നീട്ടാനുള്ള നിബന്ധന കൂടി ചേര്‍ത്തിരിക്കുകയാണ് ചെയ്തത്. അദാനി ഗ്രൂപ്പ് ചെലവഴിക്കുന്ന പണം 2020ന് മുമ്പ് ഫ്‌ലാറ്റുകള്‍, നക്ഷത്ര ആഡംബര ഹോട്ടലുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനാണെന്ന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് എന്ന് പറയാതെ പറഞ്ഞിട്ടുമുണ്ട്. വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്‌നറുകള്‍ക്കും കപ്പലുകള്‍ക്കും നിരക്ക് നിശ്ചയിക്കുന്നതിന് അധികാരം അദാനി ഗ്രൂപ്പിന് നല്‍കുന്നത് കൂടാതെ പുലിമുട്ട്, ഫിഷിങ് ഹാര്‍ബര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുള്ള ചെലവ് എടുക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. ഇങ്ങനെ പല കാര്യങ്ങളും യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിരുന്നതിന്റെ ഘടക വിരുദ്ധമായ കാര്യങ്ങളാണ് കരാറില്‍ ചെയ്തതെന്ന് ഫീസിബിലിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒന്നു കൂടിയുണ്ട്, ഭൂമിയും ആസ്തിയും സര്‍ക്കാരിന്റെ ആയിരിക്കുന്നതിനോടൊപ്പം കമ്പനിക്ക് ഈ ഭൂമിയും കരാറും ഉല്‍പന്നങ്ങളും പണയം വയ്ക്കാനും സാധിക്കുമെന്ന്.

ഫീസിബിലിറ്റി റിപ്പോര്‍ട്ട്‌

സിഎജി റിപ്പോര്‍ട്ടിലും എടുത്ത് പറയുന്നത് കരാര്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്നു തന്നെയാണ്. സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് ‘വിഴിഞ്ഞം തുറമുഖ കരാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടിന്നില്ലെന്ന് മാത്രമല്ല നിലവിലെ കരാര്‍കൊണ്ട് കേരളത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ല. വിഴിഞ്ഞം പദ്ധതിക്കായി കേരളം ആകെ ചിലവിന്റെ 67 ശതമാനമാണ് മുടക്കുന്നത്. അദാനി ഗ്രൂപ്പ് മുടക്കുന്നത് 33 ശതമാനമാണ്. എന്നാല്‍ ഇത്രയും മുടക്കിയിട്ടും കേരളത്തിന്റെ ലാഭം 13,948 കോടി രൂപയാണെന്നും ചെറിയ ശതമാനം മുതല്‍ മുടക്കുന്ന അദാനി ഗ്രൂപ്പിന്റെ ലാഭം 1.5 ലക്ഷം കോടി രൂപയാണെന്നുമാണ് കാണുന്നത്’. കൂടാതെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിഎജി ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ മുന്‍ സംസ്ഥാന സര്‍ക്കാരിനോ കമ്പനിക്കോ കഴിഞ്ഞിട്ടില്ലെന്നതും പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്ചിലവുകളുമുണ്ടായിട്ടുണ്ട്. 40 വര്‍ഷത്തെ കരാറിനാണ് (രേഖകളില്‍ 80 വര്‍ഷം വരെ കരാര്‍ നീട്ടാനുള്ള നിബന്ധനകളുമുണ്ട്) അദാനി ഗ്രൂപ്പുമായും സംസ്ഥാനം ഒപ്പിട്ടിരിക്കുന്നത്. ഇനി ഈ കരാറില്‍ മാറ്റം വരുത്തുവാന്‍ കഴിയുന്ന കാര്യം സംശയമാണ്.

പദ്ധതിക്കായി സര്‍ക്കാര്‍ അദാനിക്ക് അഞ്ഞൂറ് ഏക്കര്‍ ഭൂമിയാണ് നല്‍കുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വെച്ച് കണക്കാക്കിയാല്‍ (ഭൂമിക്ക് ഇതിലും വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍) വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറില്‍ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് കരാര്‍. തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കര്‍ മാത്രമാണ്. മൊത്തം പദ്ധതിത്തുക 7525 കോടി രൂപയാണ്. ഇതില്‍ കേരള സര്‍ക്കാര്‍ മുടക്കുന്നത് 5071 കോടി, അദാനി ഗ്രൂപ്പ് എടുക്കുന്നത് 2461 കോടി രൂപയാണ്. കേരള സര്‍ക്കാര്‍ മുടക്കുന്ന തുകയില്‍ 4089 കോടി രൂപ തുറമുഖ പദ്ധതിക്കും ബാക്കി 3360 കോടി പോര്‍ട്ട് എസ്‌റ്റേറ്റുകളുടെ പദ്ധതിക്കുമാണ്. ഈ പണം സര്‍ക്കാര്‍ നിക്ഷേപിച്ചാല്‍ മാത്രമെ അദാനി ഗ്രൂപ്പ് അവരുടെ പങ്ക് നിക്ഷേപിക്കുവെന്നും കരാറില്‍ വ്യക്തമാണ്. ഇതെല്ലാം ചെയ്താലും മുതല്‍മുടക്കുന്ന കേരള സര്‍ക്കാരിന് 20 വര്‍ഷം കഴിയുമ്പോഴാണ് എന്തെങ്കിലും പദ്ധതിയില്‍ നിന്ന് ലഭിക്കുന്നത്. 20 വര്‍ഷം കഴിയുമ്പോള്‍ വരുമാനത്തിന്റെ ഒരു ശതമാനമാണ് (11.71 കോടി രൂപ) കേരളത്തിന് കിട്ടുക. ഇതിന്റെ 40 ശതമാനം വിജിഎഫ് ആയി (നഷ്ടം നികത്തല്‍ പണം) കേന്ദ്രം മുടക്കിയ പണത്തിന് തിരിച്ചടവായി നല്‍കണം. പിന്നെ കേരള സര്‍ക്കാരിന് കിട്ടുക 6.95 കോടി രൂപ. നാല്‍പത്ത് വര്‍ഷം കഴിയുമ്പോള്‍ പദ്ധതി കേരളത്തിന് സ്വന്തമാക്കുമെന്നാണ് മുന്‍ സര്‍ക്കാര്‍ പറഞ്ഞത്. നാല്‍പതു വര്‍ഷം കഴിയുമ്പോള്‍ 827 കോടി രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന്റെ 40 ശതമാനം കേന്ദ്രത്തിനു കൊടുക്കണം. അപ്പോള്‍ കേരളം മുടക്കിയ തുകക്ക് പത്തു ശതമാനം പലിശവെച്ചു കൂട്ടുകയാണെങ്കില്‍ രണ്ടര ലക്ഷം കോടിയിലേറെ വരും. ഈ മുതല്‍മുടക്കിനാണ് സര്‍ക്കാരിന് തുച്ഛമായ പ്രതിഫലം കിട്ടുന്നത്.

പദ്ധതിയില്‍ നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ വിഴിഞ്ഞത്ത് കുറഞ്ഞത് പന്ത്രണ്ടര ലക്ഷം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള സാധ്യതയുണ്ടാവണം. വിഴിഞ്ഞത്ത് കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി 2030ല്‍ 12.5 ലക്ഷം ട്വന്റി ഇക്വലന്റ് യൂണിറ്റാണ്. ഇതില്‍ 2053വരെ മാറ്റമൊന്നുമുണ്ടാകില്ലെന്ന് കരാറിലുണ്ട്. വല്ലാര്‍പാടവും രാജ്യത്തെ മറ്റു തുറമുഖങ്ങളും വിഴിഞ്ഞതിന് ഭീഷണിയാകുമെന്ന കാര്യം പോകട്ടെ. ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിയ കൊളംബോ പോര്‍ട്ടിനെ (ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിലുള്ള തുറമുഖം) എങ്ങനെ വിഴിഞ്ഞം നേരിടും? ഇപ്പോള്‍ 50 ലക്ഷത്തിനടുത്ത് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം കൊളംബോ പോര്‍ട്ടിനുണ്ട്. 20 വര്‍ഷത്തിന് ശേഷവും പന്ത്രണ്ടര ലക്ഷം കണ്ടെയ്‌നര്‍ സൗകര്യം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ഇപ്പോഴെ വ്യക്തമാക്കിയിട്ടുള്ള വിഴിഞ്ഞവും കൊളംബോയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. വ്യാപാര ശൃംഖലകളുടെ റൂട്ടില്‍ അതീവ പ്രാധാന്യമുള്ളതും കൊളംബോയ്ക്ക് നേട്ടമാണ്. സത്യത്തില്‍ നിലവില്‍ കൊളംബോ പോര്‍ട്ടിനോട് കിടപിടിക്കാന്‍ കഴിയുന്നത് കൊച്ചിയിലെ വല്ലാര്‍പാടത്തിനാണ്. എന്നാല്‍ അവിടെയുള്ള വികസനം വളരെ മന്ദഗതിയിലാണ്. നിലവില്‍ പത്ത് ലക്ഷം കണ്ടെയ്‌നറുകള്‍ക്കുള്ള ശേഷിയെ വല്ലാര്‍പാടത്തിനുള്ളൂ. രണ്ടാം ഘട്ടത്തില്‍ വല്ലാര്‍പാടത്തിന്റെ കണ്ടെയ്‌നര്‍ ശേഷി 30 ലക്ഷവും മൂന്നാം ഘട്ടത്തില്‍ 55 ലക്ഷവുമാക്കണം. എന്നാല്‍ രണ്ടാംഘട്ടത്തിനുള്ള സമയം (2014) കഴിഞ്ഞിട്ടും ഇതുവരെയും കരാറുകാരെ (ദുബായ് പോര്‍ട്ട്‌സ്) കൊണ്ട് ശേഷി വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. അനാസ്ഥകള്‍ കൊണ്ട് വല്ലാര്‍പാടവും വലിയൊരു സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ്. ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ട് നിലിവിലെ കരാര്‍ റദ്ദാക്കി സംസ്ഥാനത്തിന് നേട്ടമുണ്ടാകുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്ന കാര്യത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യതയായിരിക്കും വിഴിഞ്ഞം സമ്മാനിക്കുക.

പദ്ധതി വരുമ്പോള്‍ പ്രദേശത്തെ മല്‍സ്യത്തൊഴിലാളികളുടെ തൊഴിലിനും, ജീവനും സംരക്ഷണം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും നടപടികള്‍ എടുത്തിട്ടുണ്ടെന്ന് മുന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ കാര്യത്തെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരോ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പദ്ധതിക്കായി കിലോമീറ്ററുകളോളം കടലിന്റെ ഭാഗങ്ങള്‍ മണ്ണിട്ട് നികത്തുന്നതിന്റെ പരിസ്ഥിതി ആഘാതം താങ്ങാനുള്ള ശേഷിയും  സംസ്ഥാനത്തിനില്ല. ഇതൊക്കെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. പക്ഷെ ഇതിനുള്ള പരിഹാരങ്ങളെ കുറിച്ച് ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിശദീകരണങ്ങളുണ്ടായിട്ടില്ല. പൂര്‍ണമായും എതിര്‍ക്കുകയും പദ്ധതിക്ക് തറക്കല്ല് ഇടുമ്പോള്‍ ബഹിഷ്‌കരിക്കുകയും ചെയ്ത എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എന്തുകൊണ്ട് അദാനിക്ക് അനുകൂലമായി എന്നാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും ചോദ്യം ഉയരുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന് അദാനിക്ക് മാത്രമാണ് നേട്ടമെങ്കില്‍ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാരിനു കഴിയില്ലേ?

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍