UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം; അദാനിയുടെ കൊള്ളയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പച്ചക്കൊടി

Avatar

വി എസ് അച്യുതാനന്ദന്‍

കേരളത്തിനും, കേരള ജനതയ്ക്കും എന്തു നഷ്ടമുണ്ടായാലും സാരമില്ല, തെരഞ്ഞെടുപ്പില്‍ ജയിക്കണം എന്നതുമാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. ഇതാണ് നാളെ വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നതിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തെളിയിക്കുന്നത്. പദ്ധതി വരണമെന്നത് കേരളത്തിന്റെ മൊത്തം ആവശ്യമാണ്. അത് കേരളത്തിന് നേട്ടമുണ്ടാകത്തക്ക വിധത്തില്‍ നടപ്പാക്കണമെന്നതാണ് എല്‍ ഡി എഫിന്റെ നിലപാട്.

കരാറിലെ വ്യവസ്ഥകളും, അത് നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതും പദ്ധതിയുടെ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. ഇത് രണ്ടും കുഴപ്പം പിടിച്ചതാകുമ്പോള്‍ കാര്യങ്ങള്‍ തകിടം മറിയും. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഇതാണ് സംഭവിക്കാന്‍ പോകുന്നത്. നേരത്തെ വല്ലാര്‍പാടം, സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഈ അപകടം നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

നാലുലക്ഷം കണ്ടെയ്‌നര്‍ എത്തിയതിനു ശേഷമേ നിലവിലുണ്ടായിരുന്ന രാജീവ്ഗാന്ധി ടെര്‍മിനലില്‍ നിന്ന് വല്ലാര്‍പാടത്തേക്ക് മാറ്റു എന്നായിരുന്നു കരാറിലെ വ്യവസ്ഥകള്‍. എന്നാല്‍ കണ്ടെയ്‌നറുകളുടെ എണ്ണം മൂന്നരലക്ഷം എത്തുന്നതിന് മുമ്പുതന്നെ വല്ലാര്‍പാടം ആരംഭിച്ചു. ഇപ്പോഴാകട്ടെ അവിടെ മൂന്നുലക്ഷം കണ്ടെയ്‌നര്‍ മാത്രമേ എത്തുന്നുള്ളൂ. എന്നുമാത്രമല്ല, വരുമാനത്തിന്റെ സിംഹഭാഗവും മണ്ണു മാറ്റുന്നതിന് ചെലവാക്കേണ്ടി വന്നിരിക്കുകയാണ്. അതുമൂലം ടെര്‍മിനല്‍ നഷ്ടത്തിലായി എന്നുമാത്രമല്ല, കൊച്ചിന്‍ പോര്‍ട്ടിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലായി. തൊഴിലാളികള്‍ സമരത്തിലുമാണ്. 

അതിനു പുറമെയാണ് നമ്മുടെ ഭൂമി പണയപ്പെടുത്തി ആയിരം കോടി രൂപയുടെ ലോണ്‍ ദുബായ് കമ്പനി നേടിയെടുത്തത്.

സ്മാര്‍ട്ട് സിറ്റിയുടെ കാര്യം എന്താണ്? 2007 നുശേഷം നടപ്പാക്കിയ സര്‍ക്കാരിന്റെ ഐ.ടി പാര്‍ക്കുകളെല്ലാം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിട്ടും, സ്മാര്‍ട്ട് സിറ്റി ഇതേവരെ തുടങ്ങിയില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച കരാര്‍ പ്രകാരം ഇപ്പോള്‍ 35 ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിക്കേണ്ടതാണ്. അത് ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കാനുളള വ്യവസ്ഥയും കരാറിലുണ്ട്. എന്നാല്‍ ഇപ്പോഴും സ്വകാര്യസംരംഭകര്‍ പറയുന്ന കാര്യം ഏറ്റുപാടുക മാത്രാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നത്. ഇരുപതിനായിരം പേര്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് സ്വകാര്യ സംരംഭകര്‍ക്ക് തീറെഴുതി ദുബായ് കമ്പനിയുടെ ലാഭക്കണക്കില്‍ ചേര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്.

ഈ പശ്ചാത്തലത്തില്‍ വേണം വിഴിഞ്ഞം പദ്ധതി കരാര്‍ വിലയിരുത്തേണ്ടത്. കരാര്‍ ഒപ്പിടുന്നതുവഴി നൂറു കണക്കിന് കോടികള്‍ വിലമതിക്കുന്ന കേരളത്തിന്റെ സമ്പത്ത് അദാനി എന്ന കോര്‍പ്പറേറ്റിന് തീറെഴുതി നല്‍കുകയാണ്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് തന്നെ പദ്ധതിക്കുവേണ്ടി വരുന്ന ആകെ ചെലവ് 7525 കോടിയാണ്. ഇതില്‍ 5071 കോടിയും സര്‍ക്കാര്‍ മുതല്‍മുടക്കാണ്. ബാക്കി 2454 കോടി മാത്രമാണ് അദാനി മുടക്കുന്നത്.

പദ്ധതിക്കായി സര്‍ക്കാര്‍ അദാനിക്ക് അഞ്ഞൂറ് ഏക്കര്‍ ഭൂമിയാണ് നല്‍കുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വെച്ച് കണക്കാക്കിയാല്‍ വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറില്‍ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കര്‍ മാത്രമാണ്. ആകെ ലഭിക്കുന്ന 500 ഏക്കര്‍ ഭൂമി പണയം വെച്ചാല്‍ മൂവായിരം കോടി വരെ വായ്പ എടുക്കാം. എന്നുപറഞ്ഞാല്‍, സര്‍ക്കാര്‍ നല്‍കുന്ന ഭൂമി പണയം വെച്ച് എടുക്കുന്ന മൂവായിരം കോടിയില്‍ നിന്ന് 2454 കോടി മാത്രം പദ്ധതിക്കായി അദാനി മുടക്കിയാല്‍ മതി. എന്നുപറഞ്ഞാല്‍, പദ്ധതി തുടങ്ങുന്നതിന് മുമ്പുതന്നെ അദാനിയുടെ കീശയില്‍ 546 കോടി രൂപ വീണിരിക്കും. പി.പി.പി മോഡലില്‍ പദ്ധതിച്ചെലവിന്റെ അറുപത് ശതമാനത്തില്‍ കൂടുതല്‍ തുക സര്‍ക്കാര്‍ മുടക്കുന്ന ഒരു പദ്ധതി ഇന്ത്യയില്‍ ഇതിനുമുമ്പ് നടപ്പാക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ഏതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വന്തം കയ്യില്‍ നിന്ന് ഒരു കാശും മുടക്കാതെ, ഈ പദ്ധതി എണ്‍പത് വര്‍ഷം വരെ കയ്യില്‍വെച്ച് ലാഭം കൊയ്യാനും അദാനിക്ക് സൗകര്യം ചെയ്തുകൊടുത്തിരിക്കുകയാണ്. പദ്ധതി തുടങ്ങിയതിനുശേഷം അദാനി കൊണ്ടുപോകുന്ന കൊള്ളലാഭം ഇതിനുപുറമെയാണ്. ചുരുക്കി പറഞ്ഞാല്‍, സ്വന്തം കയ്യില്‍ നിന്ന് നാലുകാശിന്റെ മുതല്‍മുടക്ക് ഇല്ലാതെ അദാനിക്ക് ഇവിടെ നിന്ന് കോടികള്‍ കൊണ്ടുപോകാന്‍ കഴിയും. ഇത് ഇങ്ങനെയൊക്കെ തരപ്പെടുത്തി കൊടുക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും എത്രയായിരിക്കും കിട്ടുക? ഇതാണ് ഉമ്മന്‍ചാണ്ടി പറയുന്ന സ്വപ്നപദ്ധതിയുടെ ഗുട്ടന്‍സ്. 

വിജയകരമായി നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞ പദ്ധതിയാണ് വിഴിഞ്ഞം എന്നോര്‍ക്കണം. 2015 ഏപ്രിലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിഴിഞ്ഞത്തിന്റെ ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. റിപ്പോര്‍ട്ടിന്റെ 108-ാം പേജില്‍ ഇങ്ങനെ പറയുന്നു. ”സാമ്പത്തിക വിശകലനം നടത്തിയാല്‍ ഈ പദ്ധതി വിജയപ്രദമല്ല.

അതുകൊണ്ട് ഇതിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തുറമുഖത്തോടനുബന്ധിച്ചുള്ള ഭൂമി മറ്റ് വികസനകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തേണ്ടതുണ്ട്” എന്നാണ് പറയുന്നത്. ഈ ഭാഗം അടങ്ങുന്ന ഫീസിബിലിറ്റി റിപ്പോര്‍ട്ടിന്റെ 108-ാം പേജിന്റെ കോപ്പി നിങ്ങള്‍ക്ക് തരുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍, നാളെ അദാനിയുമായി കരാര്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് ഒരു കാര്യം തുറന്നുപറയണം. ഈ പദ്ധതി വയബിള്‍ (വിജയപ്രദം) ആണോ? വയബിള്‍ ആണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നതെങ്കില്‍, പിന്നെ എന്തിനാണ് ഫീസിബിലി റിപ്പോര്‍ട്ടില്‍ ഇത് വയബിള്‍ അല്ല എന്ന് എഴുതിവെച്ചിരിക്കുന്നത്? ഇങ്ങനെ എഴുതിവെച്ച് അദാനി ഒഴികെയുളള മറ്റ് കമ്പനികളെ പിന്‍മാറ്റുന്നതിനുവേണ്ടിയായിരുന്നില്ലേ? അതല്ല, ഫീസിബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ പദ്ധതി വയബിള്‍ അല്ലെങ്കില്‍, സമീപ പ്രദേശത്തെ ഭൂമി അദാനിക്ക് കൈമാറുകയും, ആ ഭൂമിയില്‍ പോര്‍ട്ട് അല്ലാത്ത വ്യവസായം നടത്തുന്നതിന് അദാനിക്ക് സൗകര്യം ചെയ്യുകയുമല്ലേ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്? അതിനുവേണ്ടിയാണല്ലോ പൊതുപണം ഉപയോഗിച്ച് ഹൈവേ ഇതിലേക്ക് നീട്ടുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ഒരു കാര്യം വ്യക്തമാണ്.

വിഴിഞ്ഞം പദ്ധതി: ഉമ്മന്‍ ചാണ്ടി നടപ്പാക്കാന്‍ പോകുന്നത് ഒരു ഭ്രാന്തന്‍ സ്വപ്‌നം
വിഴിഞ്ഞം തുറമുഖം; ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നു
വിഴിഞ്ഞത്ത് ചെയ്യാവുന്നത് – കെ ജെ ജേക്കബ് എഴുതുന്നു
വിഴിഞ്ഞം: ഞങ്ങളുടെ അന്നം മുട്ടിക്കുന്നതാണോ വികസനം? ടി. പീറ്റര്‍ സംസാരിക്കുന്നു
വിഴിഞ്ഞം; പരിസ്ഥിതിവാദികള്‍ക്ക് എന്തറിയാം? അവര്‍ എതിര്‍ക്കുന്നത് രാജ്യപുരോഗതിയെയാണ്
വിഴിഞ്ഞം: സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതും ജനം അറിയേണ്ടതും
വിഴിഞ്ഞം; എതിര്‍ക്കുന്നത് അദാനിയോടൊപ്പം ചേര്‍ന്നുള്ള കൊള്ളയെ -വി എസ് എഴുതുന്നു

ഈ കരാറില്‍ വിഴിഞ്ഞം തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ഒന്നാം സ്ഥാനം റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിന് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി-ഉമ്മന്‍ചാണ്ടി കൂട്ടുകച്ചവടത്തിന്റെ മറ്റ് വ്യവസ്ഥകള്‍ കൂടി പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പദ്ധതി വരുമ്പോള്‍ പ്രദേശത്തെ മല്‍സ്യതൊഴിലാളികളുടെ തൊഴിലിനും, ജീവനും സംരക്ഷണം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് ജനങ്ങളോട് തുറന്നുപറയാനും ഉമ്മന്‍ചാണ്ടി തയ്യാറാവണം. അല്ലാതെ ഒരു സഭാദ്ധ്യക്ഷനും, മുഖ്യമന്ത്രിയും തമ്മിലുള്ള രഹസ്യ ധാരണയാവരുത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊന്നാനി പോര്‍ട്ട് സര്‍ക്കാരിന്റെയും ജനങ്ങളുടെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ നടപ്പാക്കി എന്നത് പരിശോധിക്കണം. ഇരുപത്തി ഒമ്പതര ഏക്കര്‍ ഭൂമി മലബാര്‍ പോര്‍ട്ട് എന്ന കമ്പനിക്ക് പാട്ടത്തിന് നല്‍കിയത് മാത്രമാണ് സര്‍ക്കാരിന്റെ മുതല്‍മുടക്ക്. പോര്‍ട്ടിന്റെ വരുമാനത്തിന്റെ രണ്ടേമുക്കാല്‍ ശതമാനം ആദ്യവര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം വരെയും, നാലര ശതമാനം പതിനാറ് വര്‍ഷം മുതല്‍ മുപ്പതു വര്‍ഷം വരെയും നല്‍കണമെന്നതാണ് വ്യവസ്ഥ. ഇത് നിങ്ങള്‍ വിശദമായി പഠിച്ച് താരതമ്യം ചെയ്യുമെന്നാണ് ഞാന്‍ ആശിക്കുന്നത്.

(പ്രതിപക്ഷനേതാവ് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപമാണ് മുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍