UPDATES

വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്ന് വിദഗ്ദ്ധ സംഘം

ഇന്നത്തെ നിലയില്‍ വിഴിഞ്ഞം പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുത്ത ശില്പശാല ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ വശങ്ങള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു. കടല്‍ ആവാസവ്യവസ്ഥയ്ക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഏറ്റവും ജൈവമായ ഒരു കടല്‍ പരിസ്ഥിതിയാണ് ഈ ഭാഗത്തുള്ളത്. അതുസംബന്ധിച്ച ഗൗരവമായ പഠനമൊന്നും പരിസര ആഘാത പത്രികയിലില്ല. ഇക്കാര്യം പലപ്രാവശ്യം നിരവധി വിഗദ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇപ്പോഴും അതുകണക്കിലെടുത്തിട്ടില്ല. പുലിമുട്ട് നിര്‍മാണം മൂലം കടല്‍ തീരത്തിനുണ്ടാകുന്ന ആഘാതവും വസ്തുനിഷ്ഠമായ പഠനത്തിനു വിധേയമാക്കിയിട്ടില്ല. കൂടാതെ ഈ പ്രദേശം കടലിലെ ഒരു ‘ബയോളജിക്കല്‍ ഹോട്‌സ്‌പോട്ട്’ ആയി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന കാര്യവും പരിഗണിച്ചില്ല.

സാമ്പത്തികമായും പദ്ധതി വന്‍ പരാജയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്കായി ഏകദേശം 6000 കോടി രൂപയാണ് കേരളസര്‍ക്കാര്‍ ഖജനാവില്‍ നിന്നു മുടക്കുന്നത്. 500-ല്‍ത്താഴെ തൊഴിലസവരം സൃഷ്ടിക്കുന്ന പദ്ധതികൊണ്ട് അദാനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന് അവസരമൊരുക്കാന്‍ കഴിയുമെന്നല്ലാതെ മറ്റു കാര്യമായ പ്രയോജനമൊന്നും ഉണ്ടാകില്ല. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിനും സര്‍ക്കാര്‍ തയ്യാറായില്ല. കേരളം കണ്ട് ഏറ്റവും വലിയ ജനവഞ്ചനയാണ് പദ്ധതിയെന്ന് യോഗം വിലയിരുത്തി.

കേരള സര്‍ക്കാര്‍ ഒടുവില്‍ 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നു പറയുന്നു. 475 കോടി രൂപയുടെ ഒരു പാക്കേജ് പദ്ധതിക്കു പുറമെ പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ വന്നാല്‍ അത് കേരളം കണ്ട ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാകും. പദ്ധതിരേഖയില്‍ ഒരിടത്തും പരാമര്‍ശിക്കാത്ത ഇത്രവലിയ ഒരു പുനരധിവാസ പദ്ധതിയുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍പോലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അദാനി കമ്പനിയുടെ താല്പര്യാര്‍ഥം പദ്ധതി രേഖയില്‍ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. കാലാവധി അവസാനിക്കാന്‍ പോകുന്ന ഒരു സര്‍ക്കാര്‍ വിജയകരമല്ലായെന്ന് എല്ലാ വിദഗ്ധരും ചൂണ്ടിക്കാണിച്ച ഒരു പദ്ധതിക്കായി തിരക്കിട്ട് കോടികള്‍ ചെലവഴിക്കുന്നതില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ശില്പശാലയില്‍ ഡോ. ആര്‍.വി.ജി. മേനോന്‍ മോഡറേറ്ററായിരുന്നു.

മുന്‍ ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ്, സെസ്സിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. തോമസ്, സി.എം.എഫ്.ആര്‍.ഐ.യില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞനായ ഡോ. അപ്പുക്കുട്ടന്‍, ഫിഷറീസ് മേഖലയിലെ ഡോ. സഞ്ജീവ് ഘോഷ്, സമുദ്രഗവേഷകനായ റോബര്‍ട്ട് പനിപ്പിള്ള, ആക്റ്റിവിസ്റ്റായ മേഴ്‌സി അലക്‌സാണ്ടര്‍, മുന്‍ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ. കെ.എന്‍. ഹരിലാല്‍, ആക്റ്റിവിസ്റ്റും വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ളയാളുമായ എ.ജെ. വിജയന്‍, മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍, ഐ.ആര്‍.ടി.സി. ഡയറക്ടര്‍ ഡോ. എന്‍.കെ. ശശിധരന്‍പിള്ള, പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി എന്‍. ജഗജീവന്‍, ജില്ലാവൈസ്പ്രസിഡന്റ് ടി. രാജാമണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിസ്ഥിതി കണ്‍വീനര്‍ ടി.പി. ശ്രീശങ്കര്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് ഏറത്ത് സ്വാഗതവും ജില്ലാ പരിസ്ഥിതി കണ്‍വീനര്‍ എസ്. ജയകുമാര്‍ നന്ദിയും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍