UPDATES

കേരളം

വിഴിഞ്ഞം: ഞങ്ങളുടെ അന്നം മുട്ടിക്കുന്നതാണോ വികസനം? ടി. പീറ്റര്‍ സംസാരിക്കുന്നു

ഇപ്പോഴിതൊക്കെ പറഞ്ഞാല്‍ വികസനവിരോധിയായി മുദ്രകുത്തുകയാണ് അടുത്ത നടപടി.

ടി. പീറ്റര്‍

വിഴിഞ്ഞം തുറമുഖം വരുന്നതിലൂടെ സാമ്പത്തികമായി കേരളത്തിന് വലിയ പുരോഗതി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ ഇതുമൂലം മത്സ്യതൊഴിലാളികള്‍ക്ക് സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം തന്നെ വഴിമുട്ടിപ്പോകാവുന്ന സ്ഥിതിയായിരിക്കും ഇതിന്റെ അനന്തരഫലം.

ഒന്നാമതായി തുറമുഖത്തിന്റെ കിടപ്പാണ് നോക്കേണ്ടത്. കപ്പല്‍ തുറമുഖത്തേക്കു വരുന്നത് നേര്‍പാതയിലൂടെ അല്ല, വളഞ്ഞാണ്. വ്യക്തമായി പറഞ്ഞാല്‍ പൂവാര്‍ ഭാഗത്തു നിന്നും. നിലവില്‍ അത് ഫിഷിംഗ് ഏരിയയാണ്. തുറമുഖം വരുമ്പോള്‍ അതിന്റെ ഏഴയലത്തടുക്കാന്‍ പറ്റാതാവും. സ്‌പെഷ്യല്‍ ഇക്കോണോമിക് സോണ്‍ ആയി മാറിയേക്കാവുന്ന ആ സ്ഥലത്ത് വാ തുറക്കാന്‍ പോലും അവകാശമില്ലതെയാവും മത്സ്യതൊഴിലാളിക്ക്.

ജൂണ്‍-ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ കടല്‍ ഒഴുക്ക് മൂലം ഉണ്ടാകുന്ന ശക്തമായ തിരകളില്‍ മണ്ണ് ഒരുപാടു കടലെടുക്കും. ഈ മണ്ണുപോയി കൂടുന്നത് തെക്ക് ഭാഗത്തേക്കായിരിക്കും.അതായത് കടല്‍ക്ഷോഭം ഉള്ള സമയത്ത് ഒഴുക്ക് വടക്ക് നിന്നും തെക്കു ഭാഗത്തേക്കായിരിക്കും. അങ്ങനെ പ്രകൃതിയിലെ പ്രതിഭാസം മൂലം സ്ഥാനമാറ്റം വരുന്ന മണ്ണ് സെപ്തംബര്‍ മാസം കഴിയുമ്പോള്‍ കടല്‍ തന്നെ തിരിച്ചു കൊണ്ട് വരും. പക്ഷേ ആ പ്രവാഹത്തിനു തടസ്സം ഉണ്ടാവുമ്പോള്‍ ഈ പ്രക്രിയക്കും തടസ്സമുണ്ടാവും. ഇതു കൊണ്ട് ഗുണമുണ്ടാവുന്നത് അധികൃതര്‍ക്കാണ്, അവര്‍ക്കീ മണ്ണ് വിറ്റു കാശാക്കാം. പെരുമാതുറയില്‍ അതാണ് സംഭവിച്ചത്. താഴമ്പള്ളി, പൂന്തുറ എന്നിവിടങ്ങളില്‍ കര നഷ്ടപ്പെട്ടപ്പോള്‍ പെരുമാതുറയില്‍ അടിഞ്ഞ മണ്ണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം വിറ്റു.

തുറമുഖം വരുമ്പോള്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നു. മത്സ്യതൊഴിലാളി അവന്റെ തൊഴില്‍ മേഖല വിട്ട് മറ്റൊരു മേഖലയിലേക്ക് പോകുന്നതാണോ വികസനം? മത്സ്യത്തൊഴിലാളിയെ അവന്റെ മേഖലയില്‍ ശക്തനാക്കുകയല്ലേ വേണ്ടത്. അറിയാവുന്ന തൊഴില്‍ ചെയ്തു ജീവിക്കുന്നവന്റെ അന്നം മുട്ടിക്കുന്നതിനെ എങ്ങനെ പുരോഗതിയെന്ന് വിലയിരുത്തും?

മുല്ലൂര്‍ ആണ് തുറമുഖത്തിന്റെ പ്രവേശനകവാടം വരിക. മുല്ലൂര്‍ മത്സ്യതൊഴിലാളികള്‍ ഉള്ള മേഖലയേ അല്ല. തൊഴിലവസരങ്ങള്‍ കിട്ടാനും സാധ്യത ആ പ്രദേശവാസികള്‍ക്കാണ്. അല്ലാതെ മത്സ്യത്തൊഴിലാളികള്‍ക്കല്ല.

തുറമുഖം വരുമ്പോള്‍ വടക്ക് ഭാഗത്ത് കര പോകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. വിഴിഞ്ഞം, കോവളം, പൂന്തുറ, ശംഖുമുഖം, ബീമാപള്ളി, പാലത്തറ എന്നിവിടങ്ങളില്‍ കര ഇല്ലാതെയാകും. കര ഇല്ലതെയാകുമ്പോള്‍ സ്വാഭാവികമായും അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വീടില്ലാതെയാകും. സര്‍ക്കാര്‍ കൂടിവന്നാല്‍ ചെയ്യാന്‍ പോകുന്നത് ഒരു കടല്‍ഭിത്തി കെട്ടുന്നതായിരിക്കും. അതിനു കല്ല് കൊണ്ടുവരുന്നതിനു കുറെ കോടികള്‍ ചെലവാക്കും മെയിന്റനന്‍സിനു വേറെ കുറെ കോടികള്‍.

വിഴിഞ്ഞം കിട്ടിയത് അദാനിക്കായത് കൊണ്ട് ബിജെപി ഇതില്‍ ഇടപെടുകയും ഇല്ല. ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും പ്രതിപക്ഷവും ശ്രദ്ധിക്കുന്നില്ല. വി എസ് അച്യുതാന്ദന്‍ അഴിമതിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. സാധാരണ ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടാറുള്ള അദ്ദേഹം നടപടികള്‍ സുതാര്യമാക്കണം എന്നു മാത്രമല്ലാതെ മത്സ്യത്തൊഴിലാളികളെക്കുറിച്ച് സംസാരിക്കുന്നില്ല.

വികസനത്തിന് ഞങ്ങള്‍ ആരും എതിരല്ല . എതിര്‍ക്കുന്നത് വിഴിഞ്ഞം തുറമുഖം വന്നാല്‍ മത്സ്യത്തൊഴിലാളികളും തീരവും നേരിടേണ്ട പ്രത്യാഘാതങ്ങളെയാണ്. തുറമുഖം സ്ഥാപിക്കാനുള്ള തീരുമാനം അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് കേരളാ സര്‍ക്കാര്‍ നടപ്പിലാക്കുന്നതോടെ വിഴിഞ്ഞം തീരത്തിന്റെ നാശത്തിനു തുടക്കമായി. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അത്രപെട്ടന്നു കീഴടങ്ങില്ല. പ്രതികൂല കാലാവസ്ഥയിലുള്ള കടലിനെ പ്രാണന്‍ പണയം വച്ചുകീഴടക്കി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നവനെ അത്രപെട്ടെന്ന് തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതണ്ട.

ഇപ്പോഴിതൊക്കെ പറഞ്ഞാല്‍ വികസനവിരോധിയായി മുദ്രകുത്തുകയാണ് അടുത്ത നടപടി. എണ്‍പതുകളില്‍ ട്രോളിംഗ് നിരോധനം വന്നപ്പോഴും ആളുകള്‍ ആദ്യം സന്തോഷത്തോടെ വരവേറ്റു. പായസം വച്ച് ആഘോഷിച്ചു. അന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂക്കിവിളിച്ചവര്‍ ഇന്ന് കുടിച്ച പായസത്തിന്റെ ചവര്‍പ്പ് മനസിലാക്കി. ഇതും അതുപോലെ തന്നെ അഞ്ചു വര്‍ഷം കഴിയുമ്പോഴേ മനസിലാവൂ, വിഴിഞ്ഞം പായസമാണോ കാഞ്ഞിരമാണോ എന്ന്.

(നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറിയായ  ടി  പീറ്റര്‍ അഴിമുഖം സ്റ്റാഫ്  റിപ്പോര്‍ട്ടര്‍ ഉണ്ണികൃഷ്ണനുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍