UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അദാനി ചതിച്ചോ?

Avatar

അഴിമുഖം പ്രതിനിധി

‘ആ വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുകയാണ്. അദാനി ഗ്രൂപ്പും ഈ വാര്‍ത്തയെക്കുറിച്ച് ഞങ്ങളോട് അന്വേഷിച്ചിരുന്നു. ഒരു പത്രത്തില്‍ മാത്രമാണ് വാര്‍ത്ത വന്നത്, അതിനാല്‍ അത്ര പ്രാധാന്യം നല്‍കേണ്ടതില്ല.’ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടര്‍ എ എസ് സുരേഷ് ബാബു അഴിമുഖത്തിനോട് പറഞ്ഞു.  കഴിഞ്ഞ ദിവസത്തെ മംഗളം പത്രത്തിന്റെ പ്രധാന വാര്‍ത്തയെ കുറിച്ചുള്ള അധികൃതരുടെ പ്രതികരണമാണിത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിന്റെ സ്വപ്‌നങ്ങളിലൊന്നാണ്. ആ സ്വപ്‌ന പദ്ധതി പൊലിയുന്നുവെന്നും തുറമുഖത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിട്ടുള്ള അദാനി ചതിച്ചുവെന്നുമായിരുന്നു സുരേഷ് ബാബു നിഷേധിച്ച ആ വാര്‍ത്ത.

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് കരാറുകാരായ അദാനി ഗ്രൂപ്പ് പിന്മാറാനൊരുങ്ങുന്നു. തമിഴ്‌നാടിന്റെ കുളച്ചല്‍ പദ്ധതിയില്‍ പിടിമുറുക്കാനാണ് അദാനി വിഴിഞ്ഞം വിടുന്നത്. ഇതോടെ കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതി കൂടി ജലരേഖയാകും. ഇതാണ് വാര്‍ത്തയുടെ തുടക്കം. തിരുവനന്തപുരത്തു നിന്നും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന ഈ വാര്‍ത്തയ്ക്ക് നാഥനില്ല. വാര്‍ത്ത വായിച്ചാല്‍ വളരെ വിശ്വസനീയമായി തോന്നുകയും ചെയ്യും. കേരളത്തിലേയും ദേശീയ തലത്തിലേയും രാഷ്ട്രീയങ്ങള്‍ മിശ്രണം ചെയ്ത് വിഴിഞ്ഞത്തിന്റെ എതിരാളിയായ കുളച്ചല്‍ തുറമുഖത്തെ കൂടെ ചേര്‍ത്ത് വാര്‍ത്തയെ വിശ്വാസയോഗ്യമാക്കാനുള്ള ശ്രമവും നടത്തിയിരിക്കുന്നു.

കേരളത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ വളരെ ആഘാതം സൃഷ്ടിക്കുന്ന ഒരു വാര്‍ത്തയാണ് മംഗളം പ്രസിദ്ധീകരിച്ചത്. വന്‍പദ്ധതികളുടെ കാര്യത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ഏറെ സ്വാധീനിക്കുമെന്ന ഒരു പദ്ധതി ഇല്ലാതാകുന്നു എന്ന എക്‌സ്‌ക്ലൂസീവ് വാര്‍ത്ത മംഗളം സ്വന്തം ലേഖകന്‍ എന്നു പോലും വയ്ക്കാതെ പ്രസിദ്ധീകരിച്ചത് അവര്‍ക്കു തന്നെ ആ വാര്‍ത്തയില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ലേ.

1600 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ വിഹിതമായി നല്‍കേണ്ടത്. അതില്‍ 100 കോടിയോളം രൂപ നല്‍കിയെന്ന് മംഗളത്തിലെ വാര്‍ത്തയില്‍ പറയുന്നുണ്ട്. 100 കോടി രൂപയുടെ അഴിമതിയാണ് അദാനി നടത്തിയിരിക്കുന്നത്.

ഈ പദ്ധതിയില്ലാതാകുന്നതിലെ രാഷ്ട്രീയ ആഘാതവും ഏറെയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിച്ചിരുന്ന യുഡിഎഫും ചേര്‍ന്ന് കേരള ജനതയെ വഞ്ചിക്കുകയായിരുന്നുവെന്നുവരും. രാഷ്ട്രീയക്കാരാല്‍ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പൊതുജനമെന്ന കഴുതയുടെ മേല്‍ ഒരു വിശ്വാസവഞ്ചനയുടെ ഭാണ്ഡം കൂടി.കൂടാതെ ഈ കാര്യം ഉയര്‍ത്തിക്കൊണ്ടു വന്നു പുതിയ സര്‍ക്കാരിനെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യാം. 

മംഗളം വാര്‍ത്ത

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്ന് കരാറുകാരായ അദാനി ഗ്രൂപ്പ് പിന്മാറാനൊരുങ്ങുന്നു. തമിഴ്‌നാടിന്റെ കുളച്ചല്‍ പദ്ധതിയില്‍ പിടിമുറുക്കാനാണ് അദാനി വിഴിഞ്ഞം വിടുന്നത്. ഇതോടെ കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതി കൂടി ജലരേഖയാകും.  വിഴിഞ്ഞത്തിനുവേണ്ടി അദാനി കാര്യമായ തുകയൊന്നും ചെലവിട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 1,600 കോടി രൂപയില്‍ നിന്ന് നല്‍കിയ നൂറുകോടിയോളം രൂപ ചെലവിട്ടുള്ള ജോലികള്‍ മാത്രമാണ് നടക്കുന്നത്.

അദാനി പോര്‍ട്‌സിലെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം തിരുവനന്തപുരം വിട്ടുകഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ അദാനി മുടക്കുമെന്നു പറഞ്ഞിരുന്നത് 2,400 കോടിയാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ആയി 900 കോടി ലഭിക്കും. ശേഷിച്ച 1,300 കോടിയാണ് അദാനിക്കു ചെലവു വരുമായിരുന്നുള്ളൂ. കുറഞ്ഞ ചെലവില്‍ പദ്ധതിയാകെ തട്ടിയെടുക്കാമെന്ന ലക്ഷ്യവുമായാണ് അദാനി വിഴിഞ്ഞത്തെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അദാനിക്ക് 36,000 കോടിയുടെ കുളച്ചല്‍ പദ്ധതി വച്ചുനീട്ടിക്കഴിഞ്ഞു. അദാനി വിഴിഞ്ഞത്തേക്കു വരുന്നതിനു മുമ്പുതന്നെ അതു സംബന്ധിച്ച് തീരുമാനമായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ എന്‍.ഡി.എയില്‍ പ്രവേശിപ്പിക്കാന്‍ ബി.ജെ.പി. ശ്രമം ആരംഭിച്ചിട്ട് ഏറെയായി. അതിനു ജയലളിത മുന്നോട്ടുവച്ച ഉപാധികളില്‍ പ്രധാനം കുളച്ചലും മുല്ലപ്പെരിയാറുമാണ്. കുളച്ചല്‍ പദ്ധതി വരുന്നതോടെ വിഴിഞ്ഞം അട്ടിമറിക്കപ്പെടുന്നതും പിന്നാമ്പുറ നീക്കങ്ങളില്‍പ്പെടും. അതാണ് അദാനി വിഴിഞ്ഞത്തെ ഉപേക്ഷിക്കാന്‍ കാരണം.

ഇപ്പോള്‍ വിഴിഞ്ഞത്തു നടക്കുന്നത് കുറെയേറെ കരിങ്കല്‍പ്പാളികള്‍ കൊണ്ട് കടല്‍ നികത്തുക മാത്രമാണ്. ഇവിടെയും തട്ടിപ്പാണ് നടക്കുന്നത്. ടണ്ണിന് 1,200 രൂപയാണ് സര്‍ക്കാരിനു നല്‍കിയ എസ്റ്റിമേറ്റില്‍ കാട്ടിയിരുന്നത്. ക്വാറിക്കാര്‍ക്കു നല്‍കുന്നത് വെറും 440 രൂപ. 80 ലക്ഷം ടണ്‍ കരിങ്കല്ലാണ് പദ്ധതിക്ക് ആവശ്യം. കടലില്‍ കല്ലിട്ടാല്‍ത്തന്നെ കോടികള്‍ തടയുമെന്നു വ്യക്തം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍