UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം: സര്‍ക്കാര്‍ ഒളിച്ചുവെക്കുന്നതും ജനം അറിയേണ്ടതും

Avatar

എ ജെ വിജയന്‍

ഇപ്പോഴത്തെ പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് കുതന്ത്രം
വിഴിഞ്ഞം കണ്ടെയിനര്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ-നടത്തിപ്പ് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എന്ന കമ്പനിയെ ഏല്‍പ്പിക്കാന്‍ ഈ ജൂണ്‍ 10-ന് ചേര്‍ന്ന കേരള സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായും, എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതായും നമ്മള്‍ പത്രങ്ങളില്‍ വായിച്ചു. മാത്രമല്ല കേരളപ്പിറവി ദിനമായ നവംബര്‍ 1-ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയും പ്രസ്താവിച്ചു.

ഇപ്പോള്‍ തിടുക്കത്തില്‍ നടത്തിയ ഈ പ്രഖ്യാപനങ്ങളെല്ലാം തന്നെ അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒരു കുതന്ത്രം മാത്രമെന്നാണ് എന്റെ പക്ഷം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിഴിഞ്ഞം സ്വാധീനിക്കുമെന്ന് തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പറയുക കൂടി ഉണ്ടായല്ലോ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടിയാലും ഇല്ലെങ്കിലും അരുവിക്കരയിലെ ജനങ്ങളെ ഏതെങ്കിലും തരത്തില്‍ വോട്ട് ചെയ്യുന്നതിനെ വിഴിഞ്ഞം പദ്ധതി സ്വാധീനിക്കുമെന്നുണ്ടെങ്കില്‍ ആ ലക്ഷ്യം ഈ പ്രഖ്യാപനങ്ങളിലൂടെ ഉമ്മന്‍ ചാണ്ടി നേടിക്കഴിഞ്ഞു. അതുകൊണ്ടാണല്ലോ വിഴിഞ്ഞം പദ്ധതി പ്രദേശം അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ പോലും വിഴിഞ്ഞം പദ്ധതിയെ പ്രചാരണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മുഖ്യമന്ത്രി വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത്. (താഴെ കൊടുത്തിരിക്കുന്ന മലയാള മനോരമ, തിരുവനന്തപുരം എഡിഷന്‍, 14 ജൂണ്‍ 2015 കാണുക)

എന്തുകൊണ്ട് വിഴിഞ്ഞം പദ്ധതി ഉടനെ തുടങ്ങാന്‍ കഴിയില്ല?
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ചോദ്യം ചെയ്തുകൊണ്ട് ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിലും സുപ്രീം കോടതിയിലും ഇപ്പോഴും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സുപ്രീം കോടതി അനുവദിച്ചെന്ന തെറ്റായ പ്രചരണം ചില മാധ്യമങ്ങള്‍ പോലും നടത്തിയിട്ടുണ്ട്. ഇത് വസ്തുതാപരമായി ശരിയല്ല. ചില വിഴിഞ്ഞം തുറമുഖ കമ്പനി ഉദ്യോഗസ്ഥരുടെ പ്രേരണ ഒരു പക്ഷേ ഇതിന് പിന്നില്‍ ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.

വിഴിഞ്ഞം പരിസ്ഥിതി അനുമതിക്കെതിരെ ചെന്നൈയിലുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ ഒരു അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത് ഈ ലേഖകനും രണ്ട് മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ്. ഈ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതിനെതിരെ തുറമുഖ കമ്പനിയുടെ (അദാനിയല്ല, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വി.ഐ.എസ്.എല്‍) അഭിഭാഷകന്‍ വാദിച്ചെങ്കിലും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന അഭിപ്രായത്തോടെ ട്രൈബ്യൂണല്‍ അത് നിരാകരിക്കരിക്കുകയും ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഈ സമയത്തു തന്നെ സംസ്ഥാന ഗവണ്മെന്റ് തുറമുഖത്തിനായി ബിഡ് നടപടികള്‍ ആരംഭിച്ച കാര്യവും താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്ന 5 കമ്പനികളുടെ ലിസ്റ്റ് ഉള്‍പ്പെടെ  അഡ്വക്കേറ്റ് ജനറല്‍ തന്നെ ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഹര്‍ജിയില്‍ വേഗം തീര്‍പ്പാക്കണമെന്ന ആവശ്യത്തിന് പിന്‍ബലമേകാനാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇത് കണക്കിലെടുത്ത് വാദം ഉടനെ തുടങ്ങാമെന്ന് ട്രൈബ്യൂണല്‍ സമ്മതിക്കുകയുമുണ്ടായി. അതേ സമയം, ഈ അപ്പീലില്‍ തീര്‍പ്പാകുന്നതു വരെ ഈ പദ്ധതിയുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങില്ലെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ട്രൈബ്യൂണലിന് വാക്കാലുള്ള ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനൊക്കെയും സാക്ഷികളായി ചെന്നൈയിലെ ട്രൈബ്യൂണലില്‍ ഈ ലേഖകനും സംസ്ഥാന തുറമുഖ സെക്രട്ടറിയും കമ്പനി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതുമാണ്. തുടര്‍ന്ന് ഈ ഹര്‍ജിയില്‍ രേഖാമൂലമുള്ള വിശദമായ മറുപടി തുറമുഖ കമ്പനിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സമപ്പിക്കുകയും, അതിനുള്ള രേഖാമൂലമുള്ള മറുപടി (Rejoinder) വീണ്ടും എന്റെ അഭിഭാഷകനും നല്‍കുകയും ചെയ്തു. തുടര്‍ന്ന് ട്രൈബ്യൂണല്‍ മുമ്പാകെ വാദം തുടങ്ങുക പോലും ഉണ്ടായി. അപ്പോഴാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹി ബെഞ്ചില്‍ സമര്‍പ്പിക്കപ്പെട്ട മറ്റൊരു ഹര്‍ജിയില്‍, ചെന്നൈയിലെ ബഞ്ചിലുണ്ടായിരുന്ന ഞാന്‍ സമര്‍പ്പിച്ചതും മറ്റൊരു പുതിയ ഹര്‍ജിയും ഡല്‍ഹിയിലെ ഹരിത ട്രൈബ്യൂണല്‍ ബെഞ്ചിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്. തുടര്‍ന്ന് ഡല്‍ഹിയിലെ ബഞ്ചിലും ഈ കേസിന്റെ വാദം തുടര്‍ച്ചയായി കേള്‍ക്കുന്നതിന് നടപടികള്‍ തുടങ്ങുക പോലും ചെയ്തതാണ്.

എന്നാല്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹി ബഞ്ചിലേക്ക് എന്റേതുള്‍പ്പെടെയുള്ള ഹര്‍ജികള്‍ മാറ്റിയതിനെതിരെ സംസ്ഥാന സര്‍ക്കാരും, തുറമുഖ കമ്പനിയും സുപ്രീം കോടതിയെ സമീപിച്ചതോടെ ഹരിത ട്രൈബ്യൂണലിലെ നടപടികള്‍ തടസ്സപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി അനുമതിക്കെതിരായ എല്ലാ ഹര്‍ജികളും ഡല്‍ഹി ബഞ്ചില്‍ നിന്നും ചെന്നൈ ബഞ്ചിലേക്ക് വിടണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ ആവശ്യം. 2014 നവംബറില്‍ നല്‍കിയ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ 2015 ജനുവരി 21-നാണ് ഒരു ഇടക്കാല ഉത്തരവുണ്ടായത്. 4 ആഴ്ചകള്‍ക്കകം എതിര്‍വാദങ്ങളും അതിനുള്ള മറുപടികളും രേഖാമൂലം സമര്‍പ്പിക്കുക, ഇക്കാലയളവില്‍ കൂടുതല്‍ സത്യവാങ്മൂലങ്ങളുണ്ടെങ്കില്‍ എല്ലാ കക്ഷികളും  രണ്ടാഴ്ചക്കകം സമര്‍പ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളും ആ ഉത്തരവില്‍ ഉണ്ടായിരുന്നു. അതിന്മേല്‍ വാദം കേട്ട് തീരുമാനം എടുക്കുന്നതുവരെ ഡല്‍ഹി ഗ്രീന്‍ ട്രൈബ്യൂണലിലെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. തുടര്‍ ഉത്തരവുകള്‍ക്കായി 6 ആഴ്ച കഴിഞ്ഞ് കേസ് വിളിക്കാനും ഉത്തരവിട്ടു. ഡല്‍ഹി ഗ്രീന്‍ ട്രൈബ്യൂണലിലെ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യുന്ന ഉത്തരവിനെ നമ്മുടെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വളച്ചൊടിക്കുകയുണ്ടായി. ഇനി ടെണ്ടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സുപ്രീം കോടതി അനുവദിച്ചു എന്നുപോലും ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സുപ്രീം കോടതിയുടെ മുന്നിലുള്ള കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം, വിഴിഞ്ഞം പദ്ധതിയില്‍ ടെണ്ടര്‍, നിര്‍മ്മാണ നടപടികളുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്നതല്ല. പരിസ്ഥിതി അനുമതിക്കെതിരായ ഹര്‍ജികള്‍ ഡല്‍ഹി ബഞ്ചില്‍ കേള്‍ക്കാതെ ചെന്നൈ ബെഞ്ചിലേക്ക് മാറ്റണമെന്ന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ വേഗത്തില്‍ ഒരു തീരുമാനം എടുത്താല്‍ മാത്രമേ ഹരിത ട്രൈബ്യൂണലിന്റെ ഏതെങ്കിലും ബഞ്ചിന് വിഴിഞ്ഞം പദ്ധതിയുടെ പരിസ്ഥിതി അനുമതി ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍ കഴിയൂ. എന്നാല്‍ സുപ്രീം കോടതി തയ്യാറായിട്ടുപോലും കേസ് വേഗം അവിടെ തീര്‍പ്പാക്കുന്നതിന് ഇപ്പോള്‍ ഒളിച്ചോട്ടം നടത്തുന്നത് സംസ്ഥാന സര്‍ക്കാരാണെന്നതാണ് ഏറെ രസകരമായ വസ്തുത. 2015 മാര്‍ച്ച് 19-നും പിന്നീട് ഏപ്രില്‍ 29-നും ഈ കേസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ വന്നതാണ്. ഇതിനിടെയാണ് ഫെബ്രുവരി 20-ന് വിഴിഞ്ഞം ബിഡ് നല്‍കേണ്ട ആദ്യ അവസരത്തില്‍ ആരും ബിഡ് നല്‍കാതെ കടന്നുപോയത്. ഏപ്രില്‍ 24-ന് രണ്ടാമത്തെ ബിഡ് തുറന്നതും അദാനിയുടെ ബിഡ് മാത്രം ഉണ്ടായിരുന്നതും അറിയുന്ന ദിവസമായിരുന്നു. അതുകഴിഞ്ഞ് പക്ഷേ ഏപ്രില്‍ 29-ന് കേസ് വിളിച്ചപ്പോഴാകട്ടെ കേരള സര്‍ക്കാരിന്റെ കെ.കെ. വേണുഗോപാല്‍, വികാസ് സിംഗ് എന്നിവരടങ്ങുന്ന സീനിയര്‍ അഭിഭാഷകര്‍ ഹാജരായില്ല. ഈ സീനിയര്‍ അഭിഭാഷകര്‍ക്ക് മറ്റൊരു പ്രമുഖ കേസില്‍ വാദിക്കാന്‍ പോകേണ്ടതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ മാത്രമായി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ കൊച്ചിയില്‍ നിന്നും വന്നെത്തുകയും ചെയ്തിരുന്നു. അന്ന് കോടതിയില്‍ ബിഡ് തുറന്ന കാര്യം എതിര്‍കക്ഷിയുടെ വക്കീല്‍ ഉന്നയിച്ചു. പക്ഷേ വെറും പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് നടക്കുന്നതെന്നും ടെണ്ടര്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞ് അഡ്വ. ജനറല്‍ പോലും തടിതപ്പുകയാണ് ചെയ്തത്. ഇതിലൂടെ വ്യക്തമാകുന്നത്, ഇവിടെ നടന്ന ബിഡ് നടപടികള്‍ വെറും പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണെന്നും, നിര്‍മ്മാണ നടപടിയുടെ ഭാഗമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ ധരിപ്പിച്ചിരിക്കുന്നു എന്നാണ്. അപ്പോള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും, അതില്‍ തീര്‍പ്പായ ശേഷം, ഹരിത ട്രൈബ്യൂണലിന്റെ ഒന്നുകില്‍ ഡല്‍ഹി അല്ലെങ്കില്‍ ചെന്നൈ ബെഞ്ചില്‍ നടക്കാനിരിക്കുന്ന പരിസ്ഥിതി അനുമതിക്കെതിരായ ഹര്‍ജികളിലും തീര്‍പ്പ് ഉണ്ടായ ശേഷം മാത്രമേ വിഴിഞ്ഞത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയൂ എന്നതാണ് സത്യം.

മറ്റൊരു കാര്യം, ഏപ്രില്‍ 29-ന് കേസ് മാറ്റിവച്ച ശേഷം സുപ്രീം കോടതിയുടെ വേനല്‍ക്കാല അവധി ആരംഭിച്ചു. ഇനി ഈ കേസ് പരിഗണിക്കുന്ന ബെഞ്ച് ഉള്‍പ്പെടെ സുപ്രീം കോടതി ജൂലായ് 1-നാണ് തുറക്കുക. ഇക്കാര്യം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും നന്നായി അറിയാം. ഇതിനിടെയാണ് അദാനിയുടെ ബിഡ് അംഗീകരിക്കാനും, കരാറിലേര്‍പ്പെടാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇനി ജൂലായ് 1 കഴിഞ്ഞ് ഈ കേസ് വിളിക്കുമ്പോള്‍, അതിനിടെ അദാനിയുമായി കരാര്‍ ഒപ്പിടുകയാണെങ്കില്‍ അതെല്ലാം തീര്‍ച്ചയായും സുപ്രീം കോടതി പരിശോധിക്കേണ്ടി വരും. ജൂലായ് 1 ആകുമ്പോള്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് കഴിയും; മുഖ്യമന്ത്രിയുടെ വിഴിഞ്ഞം പദ്ധതി പ്രഖ്യാപനത്തിലൂടെ ഉപതെരഞ്ഞെടുപ്പ് ജയം നേടാമെന്ന താല്‍ക്കാലിക ആവശ്യവും അതോടെ കഴിയും. കേസുകളില്‍ തീര്‍പ്പുണ്ടാകാതെ പദ്ധതിയുടെ നിര്‍മ്മാണം നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കാനാണ് സാധ്യത കാണുന്നത്. അങ്ങനെയൊരു ഉത്തരവ് അരുവിക്കര തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായിക്കോട്ടെ എന്നായിരിക്കും മുഖ്യമന്ത്രിയും കരുതുന്നത്.

ഇതറിയാവുന്നതു കൊണ്ടാണ് നവംബര്‍ 1-ന് നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുമെന്ന് തുറമുഖ മന്ത്രി പറയുന്നത്. അതിനകം വിഴിഞ്ഞം പദ്ധതി സംബന്ധിച്ച എല്ലാ കേസുകളിലും തീര്‍പ്പ് ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാകാം. പക്ഷേ, ഈ കേസുകളില്‍ സര്‍ക്കാരിന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് അവര്‍ക്ക് പോലും യാതൊരു പ്രതീക്ഷയും ഇല്ലെന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹി ബഞ്ചില്‍ വാദം തുടങ്ങാറായപ്പോള്‍ അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത്. മാത്രമല്ല, അവിടെയും മനഃപൂര്‍വം കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതിക-സാമൂഹ്യ പ്രശ്‌നങ്ങള്‍
വിഴിഞ്ഞം തുറമുഖ പദ്ധതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥാനത്ത് നിര്‍മ്മിക്കുന്നത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമത്തിലെ നിരവധി ചട്ടങ്ങളുടെ ലംഘനം ആയിരിക്കുമെന്നും, ഇങ്ങനെ നിര്‍മ്മിക്കുന്നത് പദ്ധതിയുടെ സമീപ തീരദേശങ്ങളില്‍ വസിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ വാസസ്ഥലങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുമെന്നുമാണ്  ഞങ്ങളുടെ ഹരിത ട്രൈബ്യൂണലിന് മുമ്പാകെയുള്ള ഏറ്റവും പ്രധാന പരാതി. മാത്രമല്ല, പരിസ്ഥിതി ആഘാത പഠനത്തില്‍ നടത്തിയ തിരിമറികളും തെറ്റുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇവയിലെ രണ്ട് പ്രധാനപ്പെട്ടവ ഇവിടെ ലഘുവായി വിവരിച്ചുകൊള്ളട്ടെ.

1. തുറമുഖത്തിനായി വലിയ പുലിമുട്ട് നിര്‍മ്മിക്കുന്നത് വടക്കുഭാഗത്തെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ കരനഷ്ടത്തിന് ഇടയാക്കും. 

1970-കളില്‍ വിഴിഞ്ഞത്ത് ഫിഷിംഗ് തുറമുഖത്തിന് വേണ്ടി 400 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിച്ച ശേഷം പനത്തുറ, പൂന്തുറ, ബീമാപള്ളി, വലിയതുറ തുടങ്ങിയ ജനസാന്ദ്രതയേറിയ തീരപ്രദേശത്ത് വന്‍തോതില്‍ കര കടലെടുത്തു പോയത് തീരദേശവാസികള്‍ക്കെല്ലാം അനുഭവത്തിലൂടെ അറിവുള്ളതാണ്. പൂന്തുറയില്‍ മാത്രം നൂറുകണക്കിന് ഭവനങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കടലാണ്, അവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യേണ്ടിവന്നു. ഈ കരനഷ്ടപ്പെടല്‍ പ്രക്രിയ ഇപ്പോഴും തുടരുന്നു. ഇങ്ങനെ കര ഇല്ലാതായ കാര്യം കേന്ദ്ര ഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഔദ്യോഗിക പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കു ഭാഗത്ത് കര നഷ്ടമായെങ്കില്‍ തെക്ക് അടിമലത്തുറ മുതല്‍ പൂവാര്‍ വരെ പുതുതായി കര വയ്ക്കുകയും ചെയ്തിട്ടുണ്ട്.

വിഴിഞ്ഞം പദ്ധതിക്കായി നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പബ്ലിക് ഹീയറിംഗീന് മുമ്പ് പ്രസിദ്ധീകരിച്ചപ്പോള്‍, ഈ കര നഷ്ടമാകലും എടുത്തുപറഞ്ഞിരുന്നു. പൂന്തുറയില്‍ 200 മീറ്റര്‍ വരെ വീതിയില്‍ കര നഷ്ടമായതും അതേ സമയം അടിമലത്തുറ ഭാഗത്ത് 220 മീറ്റര്‍ വരെ വീതിയില്‍ പുതിയ കര ഉണ്ടായതും രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പബ്ലിക് ഹീയറിംഗില്‍ രേഖാമൂലം ഉന്നയിക്കപ്പെട്ടു. എന്നാല്‍ മറുപടി പറയാന്‍ കഴിയാത്ത തുറമുഖ നിര്‍മ്മാണ കമ്പനി, റിപ്പോര്‍ട്ടിലെ ഇക്കാര്യങ്ങളടങ്ങിയ ഒരധ്യായം നീക്കം ചെയ്തിട്ടാണ് അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്മെന്റിന് നല്‍കിയത്. ഇങ്ങനെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോട്ടം നടത്തി, തുറമുഖ കമ്പനിയും കേരള ഗവണ്മെന്റും തെറ്റായ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് പരിസ്ഥിതി അനുമതി കരസ്ഥമാക്കിയത്. ഇതെല്ലാം ഹരിത ട്രൈബ്യൂണല്‍ പരിശോധിക്കുകയാണ്.  

400 മീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടവരാണ് പനത്തുറ മുതല്‍ വലിയതുറ വരെയുള്ള തീരദേശവാസികള്‍. ഇപ്പോഴും അത് തുടരുകയുമാണ്. ഇനി 4 കിലോമീറ്റര്‍ നീളമുള്ള പുതിയ പുലിമുട്ട് വിഴിഞ്ഞത്ത് വാണിജ്യ തുറമുഖത്തിന് വേണ്ടി നിര്‍മ്മിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാനാകുമോ? പൂന്തുറ മുതല്‍ വേളി  വരെയുള്ള തീരപ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകില്ലേ? ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളും ആശങ്കകളും അവശേഷിക്കുകയാണ്.

തീരദേശവാസികളുടെ ആശങ്കകളെ കൂടുതല്‍ ബലപ്പെടുത്തുന്ന പുതിയ ചില അനുഭവങ്ങള്‍ കൂടി നമ്മള്‍ തിരിച്ചറിയണം. ഈ ജില്ലയിലെ അഞ്ചുതെങ്ങിന് അടുത്തായി മുതലപ്പൊഴിയില്‍ പുതിയ ഫിഷിംഗ് ഹാര്‍ബറിന്റെ നിര്‍മ്മാണം ഇപ്പോള്‍ നടക്കുകയാണ്. അവിടെ വെറും 200 മീറ്റര്‍ നീളത്തില്‍ പുതിയ പുലിമുട്ട് നിര്‍മ്മിച്ച ഉടനെ വടക്കുഭാഗത്തെ താഴമ്പള്ളി, പൂത്തുറ, അഞ്ചുതെങ്ങ് തീരഗ്രാമങ്ങളില്‍ വന്‍തോതില്‍ കരനഷ്ടവും, വീടുകള്‍ കടലെടുക്കുകയും ചെയ്തു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുലിമുട്ടിന് ഉള്ളിലും പ്രവേശന ഭാഗത്തും മണല്‍ അടിഞ്ഞു.വള്ളങ്ങള്‍ പുലിമുട്ടിലും മണല്‍ത്തിട്ടയിലും ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന് പുലിമുട്ടിലെ പാറകള്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമാക്കാന്‍ കഴിയാതെ ഉപേക്ഷിച്ച സ്ഥിതിയാണ്. കൂടാതെ തിരുവനന്തപുരത്തിന് തെക്ക് ലത്തീന്‍ അതിരൂപതയുടെ ഭാഗമായ വിഴിഞ്ഞത്തിന് വെറും 30 കി.മീ മാത്രം തെക്കുള്ള തേങ്ങാപ്പട്ടണത്ത് പുതിയ ഫിഷിംഗ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയതോടെ തൊട്ടുവടക്കുള്ള തീരഗ്രാമങ്ങളില്‍ വന്‍തോതില്‍ കര നഷ്ടമായി, തീരദേശ റോഡ് പോലും ഇല്ലാതായി. ഈ അനുഭവം നേരിട്ടറിയുന്ന തീരദേശവാസികള്‍ക്ക് 3 കി.മീ നീളമുള്ള പുലിമുട്ട് വിഴിഞ്ഞത്ത് നിര്‍മ്മിക്കും എന്ന ആശയത്തെ ഭീതിയോടെ അല്ലാതെ കാണാനാവുമോ?

2. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവും ഭീഷണിയില്‍

2011-ല്‍ നിര്‍ദ്ദിഷ്ട വാണിജ്യ തുറമുഖത്തിനുള്ള പരിസ്ഥിതി അനുമതി അപേക്ഷ ലഭിച്ച ഉടനെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ കമ്മിറ്റി ഉന്നയിച്ച പ്രതികരണങ്ങള്‍ ഇതാണ്: ഈ രീതിയില്‍ വാണിജ്യ തുറമുഖം വിഴിഞ്ഞത്ത് നിര്‍മ്മിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഏറ്റവുമധികം ഉണ്ടാകുന്നത് വിഴിഞ്ഞത്തെ ഫിഷിംഗ് തുറമുഖത്തിനായിരിക്കും, അത് പരമ്പരാഗത മീന്‍പിടുത്തക്കാരുടെ ഉപജീവനത്തെ ബാധിക്കും, അതുകൊണ്ട് പുതിയ തുറമുഖത്തിന് ദൂരെ എവിടെയെങ്കിലും സ്ഥാനം കണ്ടെത്തുക.

ഇക്കാര്യം ആര്‍ക്കും നിഷേധിക്കാനാകാത്ത ഔദ്യോഗിക രേഖയായി ഇപ്പോഴുമുണ്ട്. ഫിഷിംഗ് ഹാര്‍ബറിന്റെ കടലിലേക്കുള്ള പ്രവേശന കവാടം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നും, മീന്‍പിടുത്ത ഉരുക്കള്‍ അപകടത്തില്‍ പെടുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വടക്കു നിന്നും തെക്കോട്ടുള്ള കടലൊഴുക്കും ശക്തിയായ കാറ്റും കൂറ്റന്‍ പുലിമുട്ടില്‍ കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകാനിടയുള്ള ആ ഭാഗത്തെ പ്രക്ഷുബ്ധാവസ്ഥ മറികടക്കാതെ ചെറുകിട മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് നിലവിലുള്ള ഫിഷിംഗ് ഹാര്‍ബറിന് പുറത്തേക്കോ അകത്തേക്കോ കടക്കാനാവില്ല. മാത്രമല്ല, ഫിഷിംഗ് ഹാര്‍ബറിനകത്ത് മണ്ണടിയാനുള്ള സാധ്യതയും ഏറുമെന്ന് അവര്‍ വ്യക്തമാക്കി. പക്ഷേ ഇതൊന്നും കണക്കിലെടുക്കാതെ തങ്ങള്‍ നിശ്ചയിച്ച ആദ്യ സ്ഥാനത്തു തന്നെ വാണിജ്യതുറമുഖവും പുലിമുട്ടും സ്ഥാപിക്കണമെന്ന വാശിയാണ് കേരളത്തിലെ അധികൃതര്‍ കാണിച്ചത്.

വിഴിഞ്ഞത്തെ ഫിഷിംഗ് ഹാര്‍ബര്‍ അപകടാവസ്ഥയിലായി നശിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനത്തെ ഗുരുതരമായി ബാധിക്കുമെന്ന്  ഉറപ്പാണല്ലോ. ഇതിനും വ്യക്തമായ മറുപടി തുറമുഖ കമ്പനിക്ക് ഇല്ലെന്നതാണ് സത്യം. അതിന് പകരം വാണിജ്യ തുറമുഖം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ഫിഷിംഗ് ഹാര്‍ബറിന്റെ സുരക്ഷിതത്വം കൂടിയേക്കുമെന്ന പച്ചക്കള്ളം പറയാന്‍ പോലും ശാസ്ത്രീയബോധം തീരെയില്ലാത്ത കമ്പനി ഉദ്യോഗസ്ഥര്‍ക്ക് മടിയില്ലെന്നാണ് അവരുടെ ചില പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്.

സമീപനം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം
തീരദേശ മത്സ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ ഈ പദ്ധതി സംബന്ധിച്ച് ഉന്നയിക്കുന്ന മേല്‍പ്പറഞ്ഞവ ഉപ്പെടെയുള്ള ഭയാശങ്കകള്‍ കേള്‍ക്കാനും പ്രതികരിക്കാനും സംസ്ഥാന ഭരണാധികാരികള്‍ തയ്യാറാകുന്നില്ല. ഈ രീതിയില്‍ പോര്‍ട്ട് നിര്‍മ്മിച്ചാല്‍ തീരം നഷ്ടപ്പെടുകയും, തൊഴില്‍ രഹിതരാവുകയും ചെയ്യുന്ന 32 തീരഗ്രാമങ്ങളിലെ അര ലക്ഷം വരുന്ന മീന്‍പിടുത്തക്കാരും അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും ആരുടെയും പരിഗണനയില്‍ വരുന്നില്ല. അവര്‍ക്കെല്ലാം സ്വര്‍ഗ്ഗരാജ്യം കിട്ടുമെന്ന് പറഞ്ഞ് എല്ലാ എതിര്‍പ്പുകളെയും അവഗണിക്കുന്നവര്‍ ഭാവിയില്‍ സ്വന്തം തൊഴിലിടവും കിടപ്പാടവും ഇല്ലാതാകുമ്പോള്‍ അനുഭവിക്കാന്‍ പോകുന്ന നരകയാതനയെ കുറിച്ച് പറയാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കാണിക്കണം.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ 
വിഴിഞ്ഞം: ഞങ്ങളുടെ അന്നം മുട്ടിക്കുന്നതാണോ വികസനം? ടി. പീറ്റര്‍ സംസാരിക്കുന്നു
വിഴിഞ്ഞത്ത് ചെയ്യാവുന്നത് – കെ ജെ ജേക്കബ് എഴുതുന്നു
വിഴിഞ്ഞം തുറമുഖം; ഇടതുപക്ഷം നിലപാട് വ്യക്തമാക്കുന്നു
വിഴിഞ്ഞം പദ്ധതി: ഉമ്മന്‍ ചാണ്ടി നടപ്പാക്കാന്‍ പോകുന്നത് ഒരു ഭ്രാന്തന്‍ സ്വപ്‌നം 
വിഴിഞ്ഞം; പരിസ്ഥിതിവാദികള്‍ക്ക് എന്തറിയാം? അവര്‍ എതിര്‍ക്കുന്നത് രാജ്യപുരോഗതിയെയാണ്

അതേസമയം ഇക്കാര്യങ്ങള്‍ പറയുന്നവരെ വികസന വിരോധികളെന്ന് മുദ്രകുത്താനും ഇവര്‍ക്ക് മടിയില്ല. തിരുവനന്തപുരം ജില്ലയിലെ പാവപ്പെട്ട തീരദേശവാസികളുടെ ക്ഷേമത്തെക്കാള്‍ മുഖ്യം അദാനി പോര്‍ട്‌സ് പോലെയുള്ള വന്‍കിട തുറമുഖ നടത്തിപ്പുകാരും, കോണ്‍ട്രാക്ടര്‍മാരും, ഭൂമാഫിയകളുമാണോ എന്ന് ഗവണ്മെന്റ് വ്യക്തമാക്കണം. അവര്‍ക്ക് കൂട്ടുനില്‍ക്കുന്ന മിക്ക രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയുള്ള ഒരായുധമായി വിഴിഞ്ഞത്തെ കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്.

ഒരു പക്ഷേ മേല്‍വിവരിച്ച പരിസ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങള്‍ തീരദേശവാസികളല്ലാത്തവര്‍ക്ക് ഒരു പ്രശ്‌നമല്ലായിരിക്കാം. പക്ഷേ നമ്മുടെ രാജ്യത്ത് പൌരന്മാരെന്ന നിലയില്‍ തുല്യാവകാശങ്ങള്‍ ഉള്ളവരാണ് ഈ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും എന്ന വസ്തുത മറ്റുള്ളവര്‍ അംഗീകരിച്ചേ മതിയാകൂ. അവര്‍ക്ക് അവകാശപ്പെട്ട നിയമപരമായ പരിരക്ഷ കോടതി അംഗീകരിക്കുകയാണെങ്കില്‍ അത് മുഖ്യമന്ത്രി ആയാലും അംഗീകരിച്ചേ മതിയാകൂ. അല്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വെല്ലുവിളിക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. ഒരു തെരഞ്ഞെടുപ്പ് വിജയത്തിനായി വിഴിഞ്ഞം പദ്ധതി എന്ന ആശയത്തെ ദുര്‍വിനിയോഗം ചെയ്യുകയെന്ന തരംതാണ രാഷ്ട്രീയക്കളി മാത്രമാണ് ഇതിലൂടെ ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്ന് പറയാതെ വയ്യ. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുകളില്‍ പറഞ്ഞവ കൂടാതെ മറ്റ് നിരവധി പരിസ്ഥിതി-സാമൂഹ്യ പ്രശ്‌നങ്ങളും ഈ പദ്ധതിയില്‍ ഉണ്ട്. കടല്‍ നികത്തുന്നതും, പുലിമുട്ടുകളുടെ നിര്‍മ്മാണത്തിനായി 70 ലക്ഷം ടണ്‍ പാറകള്‍ ഖനനം ചെയ്യുന്നതും ഉണ്ടാക്കാനിടയുള്ള സാമൂഹ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണ്. വിഴിഞ്ഞം കടലില്‍ താഴ്ത്താനായി എത്രയെത്ര മൂക്കുന്നിമലകള്‍ ഇടിക്കേണ്ടി വരുമെന്ന് ഊഹിക്കുക പോലും വയ്യ. ഇത് തീരദേശവാസികളെ മാത്രമല്ല ഉള്‍നാടുകളില്‍ വസിക്കുന്ന മനുഷ്യരുടെ പോലും ജീവിതത്തെ ഗുരുതരമായി ബാധിക്കും.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഈ പദ്ധതി സംബന്ധിച്ച കാര്യങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതു വരെ ഈ പദ്ധതി സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതും, ഹര്‍ജിക്കാരെ അധിക്ഷേപിക്കുന്നതും ഒരു ജനാധിപത്യ സംവിധാനത്തില്‍ ഗവണ്മെന്റിന് ഭൂഷണമാണോ. പദ്ധതി സംബന്ധിച്ച ആശങ്കകള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ജനാധിപത്യ ക്രമത്തില്‍ ഗവണ്മെന്റ് തയ്യാറാകാത്ത സ്ഥിതിയില്‍ നീതിന്യായ കോടതിയെ സമീപിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്.

മേലുന്നയിച്ച പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് എത്രയും വേഗം തീര്‍പ്പ് കല്‍പ്പിക്കാന്‍ കോടതി നടപടികളുമായി സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ കോടതി നടപടികള്‍ മനഃപൂര്‍വം നീട്ടുന്നതും കോടതിയെ മറികടന്ന് പദ്ധതി നിര്‍മ്മാണം നടത്താന്‍ മുതിരുന്നതും സര്‍ക്കാരിന് കൂടുതല്‍ നഷ്ടത്തിന് മാത്രമേ ഇടവരുത്തൂ എന്നു കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

ആറന്‍മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ പരിസ്ഥിതി അനുമതി നിഷേധിക്കപ്പെട്ടതും തുടര്‍ന്ന് നിര്‍മ്മാണ പ്രവൃത്തികള്‍ മാറ്റി അവിടത്തെ പാടങ്ങളും മറ്റും പൂര്‍വ സ്ഥിതിയിലാക്കാന്‍ കോടതി ആവശ്യപ്പെട്ടതും ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. അതേസമയം കടലില്‍ കല്ലിട്ട് കഴിഞ്ഞാല്‍ അത് എടുത്തുമാറ്റുക വളരെ അതീവ ദുഷ്‌കരമാണെന്ന കാര്യം കൂടി അറിഞ്ഞിരിക്കുക.

(സാമൂഹ്യ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍