UPDATES

വിഴിഞ്ഞം പദ്ധതി ‘പിഴിഞ്ഞം പദ്ധതി’യായി അധ:പതിച്ചു; വിഎസ്

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയാണ് അരങ്ങേറിയിട്ടുള്ളത് വി എസ് അച്യുതാനന്ദന്‍. കേരളത്തിന്റെയും, രാജ്യത്തിന്റെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ലാന്റ് ലോര്‍ഡ് പോര്‍ട്ടായി നടപ്പാക്കാവുന്ന പദ്ധതി, പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി നരേന്ദ്രമോദിയുടെ വിശ്വസ്തനും, രാജ്യത്തെ ഒന്നാംകിട കോര്‍പ്പറേറ്റുകളില്‍ ഒരാളുമായ അദാനിക്ക് നല്‍കിയത് നേരത്തെ തന്നെ ഉറപ്പിച്ച കച്ചവടത്തിന്റെ ഫലമാണ്. 

7525 കോടി രൂപയുടെ പദ്ധതിക്ക് അദാനി ചെലവാക്കുന്നത് 4089 കോടി രൂപയാണ്. ഇതില്‍ തന്നെ 1635 കോടി അദാനിക്ക് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുകയും വേണം. അതായത്, പദ്ധതിക്കായി അദാനി മുതല്‍മുടക്കേണ്ടത് 2454 കോടി രൂപ മാത്രമാണ്. പദ്ധതി തുകയുടെ മൂന്നിലൊന്നില്‍ താഴെ മാത്രം. ഇതാകട്ടെ നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി സമാഹരിക്കാന്‍ തീരുമാനിച്ച 2500 കോടിയിലേതിനേക്കാള്‍ കുറവുമാണ്. കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് എം.പിയുടെ വസതിയില്‍ വെച്ച് അദാനിയുമായി മുഖ്യമന്ത്രിയും, തുറമുഖമന്ത്രിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയതും ആ ചര്‍ച്ചയില്‍ മുന്നൂറ് കോടിയുടെ കോഴ ഇടപാട് ഉണ്ടായതും സംബന്ധിച്ച് നേരത്തെ തന്നെ വാര്‍ത്ത വന്നിട്ടുള്ളതാണ്. ഇത്രയും ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്ത മീറ്റിംഗ് ആണെങ്കില്‍ അതിന് മിനിട്‌സ് ഉണ്ടാകേണ്ടതാണ്. അത്തരമൊരു മിനിട്‌സ് ഈ മീറ്റിംഗില്‍ ഇല്ലാ എന്നാണ് തുറമുഖ മന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനര്‍ത്ഥം അദാനിയുമായി നടത്തിയ ചര്‍ച്ച ഒരു ഡീല്‍ തന്നെയാണെന്ന് വ്യക്തമാണ്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ലാന്റ് പോര്‍ട്ടായി നിര്‍മ്മിക്കുന്നതിനും, അതിന്റെ പ്രവര്‍ത്തനം മാത്രം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിനുമാണ് ടെണ്ടര്‍ വിളിച്ചത്. ആ ടെണ്ടറില്‍ പങ്കെടുത്ത അദാനിയെ സുരക്ഷാ അനുമതി ഇല്ലെന്ന പേരുപറഞ്ഞ് ഒഴിവാക്കിയത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും, വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനും, രാജ്യസുരക്ഷയ്ക്കും വേണ്ടി കൊണ്ടുവന്ന ലാന്റ് ലോര്‍ഡ് പോര്‍ട്ട് എന്ന പദ്ധതി അട്ടിമറിച്ച് സ്വകാര്യ കമ്പനിക്ക് കൊളളലാഭം കൊയ്യുന്നതിനും, കേരളത്തെ കൊള്ളയടിക്കുന്നതിനും വേണ്ടി ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പദ്ധതി അതേ അദാനിക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇത് പദ്ധതിക്ക് പിന്നില്‍ മറിഞ്ഞ കോടിക്കണക്കിന് രൂപയുടെ കോഴയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. 

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ അദാനിക്ക് നല്‍കിയിരിക്കുന്ന വിഴിഞ്ഞം പദ്ധതിയും, ടെണ്ടര്‍ ഡോക്യുമെന്റും, കണ്‍സഷന്‍ എഗ്രിമെന്റും തമ്മില്‍ താരതമ്യം ചെയ്ത് ജനങ്ങളുടെ മുന്നില്‍ എത്തിക്കണമെന്ന് ഞാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു. എല്‍.ഡി.എഫ് വിഴിഞ്ഞം പദ്ധതിക്ക് എതിരല്ല. ഏതറ്റം വരെയും പോയി അത് നടപ്പിലാക്കണമെന്നാണ് എല്‍.ഡി.എഫ് ആഗ്രഹിക്കുന്നത്. വെറും 2454 കോടി രൂപ മാത്രം മുതല്‍മുടക്കി അദാനി ഈ പദ്ധതി തട്ടിയെടുക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതി കേരളത്തിനെ മുടിപ്പിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു. കേരളത്തെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന ‘പിഴിഞ്ഞം പദ്ധതി’യായി വിഴിഞ്ഞം പദ്ധതി അധ:പതിച്ചിരിക്കുന്നു. ഇതിന്റെ കറവക്കാര്‍ നരേന്ദ്ര മോദിയും, ഉമ്മന്‍ചാണ്ടിയുമാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. പ്രബുദ്ധകേരളം ഇവര്‍ക്ക് ചുട്ട മറുപടി നല്‍കും. കോഴപ്പണം മാത്രം ആഗ്രഹിക്കുന്ന, ജനങ്ങളുടെ താല്‍പര്യത്തിന് പുല്ലുവില കല്‍പ്പിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാന്‍ കഴിയുകയില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍