UPDATES

വിഴിഞ്ഞം തുറമുഖം; ടെന്‍ഡര്‍ കാലാവധി നീട്ടും

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ കമ്പനികളൊന്നും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ ടെന്‍ഡര്‍ കാലാവധി
നീട്ടുമെന്നും ആവശ്യമെങ്കില്‍ ഈ മാസം തന്നെ റീ ടെന്‍ഡര്‍ വിളിക്കുമെന്നും തുറമുഖവകുപ്പ് മന്ത്രി കെ ബാബു പറഞ്ഞു. കമ്പനികളുടെ ആശങ്കകള്‍ സുതാര്യമായും നിയമപരമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കമ്പനി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തും. നേരത്തെ താത്പര്യം പ്രകടിപ്പിച്ച കമ്പനികളുമായി മുഖ്യമന്ത്രി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കബോട്ടാഷ് നിയമത്തില്‍ ഇളവ് വരുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ കമ്പനികള്‍ക്ക് ആശങ്കയുണ്ടെന്നാണ് സര്‍ക്കാര്‍ മനസിലാക്കുന്നത്. ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. കബോട്ടാഷ് നിയമത്തിലെ ഇളവ് ഇപ്പോള്‍ പ്രസക്തമായ വിഷയമല്ല. പദ്ധതി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മാത്രമാണ് ഈ വിഷയം പ്രസക്തമാവുകയെന്ന് മന്ത്രി പറഞ്ഞു. കമ്പനികള്‍ ടെന്‍ഡറില്‍ നിന്ന് പിന്മാറിയത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുകയാണ്. കമ്പനികളുടെ പിന്മാറ്റം ഞെട്ടലുണ്ടാക്കി. സുതാര്യ നടപടികളിലൂടെ കമ്പനികളെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

അപേക്ഷ സമര്‍പ്പിച്ചതില്‍ 5 കമ്പനികള്‍ നിര്‍മ്മാണയോഗ്യത നേടിയിരുന്നു. ഇതില്‍ ആദാനി ഗ്രൂപ്പ് അടക്കം മൂന്ന് കമ്പനികള്‍ ടെണ്ടര്‍ രേഖകള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. ഈമാസം 20നായിരുന്നു ടെണ്ടര്‍ സമര്‍പ്പണത്തിനുള്ള അവസാന കാലാവധി. എന്നാല്‍ ഒരു കമ്പനികളും ടെണ്ടര്‍ സമര്‍പ്പിച്ചില്ല. ഒരു മാസ കാലാവധിക്കുള്ളിലും കമ്പനികള്‍ എത്തിയില്ലെങ്കില്‍ വീണ്ടും ടെണ്ടര്‍ ക്ഷണിക്കേണ്ട സാഹചര്യമുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍