UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടലിനും ഷിപ്പിംഗ് കമ്പനിക്കും ഇടയില്‍ നാലു ജീവിതങ്ങള്‍

Avatar

വി ഉണ്ണിക്കൃഷ്ണന്‍

എംവി ബ്രഹ്മേക്ഷര എന്ന ടഗ്ഗ് വിഴിഞ്ഞം ഓപ്പണ്‍ പോര്‍ട്ടില്‍ എത്തിയിട്ട് മൂന്നു മാസമായി. കാണുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഒന്നാണെന്ന് തോന്നും. പക്ഷേ അതിനുള്ളില്‍ നാലു ജീവനുകളുണ്ട്. ചീഫ് എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍, രണ്ടു സീമാന്‍മാര്‍ എന്നിവരാണ് കമ്പനിയുടെ മറുപടി കാത്ത് അതിനുള്ളില്‍ കഴിയുന്നത്‌. ഒരു തുള്ളി വെള്ളം വേണമെങ്കില്‍, ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണമെങ്കില്‍  എന്തു ചെയ്യും എന്ന ചോദ്യമായിട്ടാണ് അവരുടെ ഓരോ ദിവസവും പുലരുന്നത്. പുറത്തിറങ്ങി നിശ്ചിത ദൂരത്തിനപ്പുറം പോയാല്‍ പോലീസിന്റെ പിടിയിലാകും എന്ന ഭീതിയിലാണ് അവര്‍ കഴിയുന്നത്. 

ഇവര്‍ നാലു പേരില്‍ ഒരാള്‍ മലയാളിയാണ്. കൊച്ചി ഇടപ്പള്ളി സ്വദേശിയായ ശ്രീകുമാര്‍. ശ്രീകുമാര്‍ മൂന്നു മാസമായി തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തു തന്നെയാണ്.  എംവി ബ്രഹ്മേക്ഷര എന്ന കപ്പലുകള്‍ വലിച്ചു കൊണ്ടു പോകാനുള്ള ടഗ്ഗിലെ ചീഫ് എഞ്ചിനീയറാണ് ശ്രീകുമാര്‍. തിരുവനന്തപുരത്തു നിന്നും ഏതാനും മണിക്കൂറുകള്‍ യാത്ര ചെയ്‌താല്‍ അയാള്‍ക്ക് വീട്ടിലെത്തി ഭാര്യയെയും കുട്ടിയേയും കാണാം. എന്നാല്‍ വീട്ടില്‍ പോകുന്നതു പോയിട്ട്, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തേക്കൊന്നു വരാന്‍ പോലും ആവാത്ത അവസ്ഥയിലാണ് ശ്രീകുമാര്‍. ടഗ്ഗില്‍ നിന്നും പുറത്തിറങ്ങി നിശ്ചിത ദൂരം കഴിഞ്ഞാല്‍ അയാളെ അറസ്റ്റ് ചെയ്യാന്‍ കമ്പനിയ്ക്ക് കഴിയും. സമാനമായ സ്ഥിതി തന്നെയാണ് മറ്റു മൂന്നു ജീവനക്കാരുടേതും. മാസ ശമ്പളം പോയിട്ട് ദാഹജലമോ അത്യാവശത്തിന് ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെടുകയാണ് ഇവര്‍.

അഫബിള്‍ ഫിഷറീസ് എന്ന കമ്പനിയുടെ ജീവനക്കാരാണ് നാലു പേരും. ചരക്കുകപ്പലുകളുടെ തകരാറുകള്‍ തീര്‍ക്കാനും കരയ്ക്കെത്തിക്കാനും സഹായിക്കുന്ന ടഗ്ഗുകളുമാണ് കമ്പനിയ്ക്കുള്ളത്. ഓരോന്നില്‍ നിന്നുമായി കോടിക്കണക്കിനു രൂപ വരുമാനവും. എന്നാല്‍ പിച്ചക്കാശു പോലെ വല്ലപ്പോഴും ലഭിക്കുന്ന 1800 രൂപയാണ് തിരുവനന്തപുരത്തു കുടുങ്ങിക്കിടക്കുന്ന ജീവനക്കാര്‍ക്കായി ചെലവാക്കുന്ന ആകെ തുക. നാലു പേര്‍ക്ക് രണ്ടു ദിവസത്തേക്ക് പോലും തികയാത്ത ഈ തുകയാണ് ഇവര്‍ക്ക് കഴിഞ്ഞുകൂടാനുള്ള ആകെ മാര്‍ഗ്ഗം. അതും ഡ്യൂട്ടിയിലുള്ള സമയം ഓരോ ക്രൂവിനും 400 രൂപ ദിനം പ്രതി നല്‍കണം എന്ന് നിയമമുള്ളപ്പോള്‍. തുടക്കത്തില്‍ ഇവരെ സഹായിച്ചിരുന്ന പോര്‍ട്ട് അധികൃതര്‍ക്കും ഇപ്പോള്‍ അതു തുടരാനാവാത്ത അവസ്ഥയാണ്.

കഴിഞ്ഞ വര്ഷം സെപ്തംബര്‍ 18ന് തൂത്തുക്കുടിയില്‍ നിന്നും മാലിദ്വീപിലേക്ക് നിര്‍മ്മാണ ആവശ്യത്തിനുള്ള കല്ലുകളുമായി യാത്ര തുടങ്ങുമ്പോള്‍ അവര്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ ഒരു കാലയളവിലൂടെയുള്ള യാത്രയ്ക്കാണ് തുടക്കം കുറിക്കുന്നത് എന്ന്.

മാലി ദ്വീപിലെ കുല്‍ഹുദുഫുഷി എന്ന ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് പോകാന്‍ അനുമതി വാങ്ങുകയും മുന്നോട്ടു പോവുകയും ചെയ്ത ഇവരുടെ ബാര്‍ജ്ജും ടഗ്ഗും ഗ്രൌണ്ടഡ് (ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ കപ്പല്‍ അടിത്തട്ടില്‍ തട്ടി മുന്നോട്ടു നീങ്ങാത്ത അവസ്ഥ) ആയതോടെയാണ് പ്രശ്നം തുടങ്ങിയത്. മാലിദ്വീപിലെ യാത്രയ്ക്കിടയില്‍ രണ്ടു തവണ ഇവരുടെ ബാര്‍ജ്ജ് ഗ്രൌണ്ടഡ് ആവുകയുണ്ടായി. കൂടാതെ ഇവ തമ്മില്‍ കൂട്ടിയിടിക്കുകയും അതിലൊന്നിന്റെ ഇന്ധന ടാങ്കില്‍ ദ്വാരമുണ്ടാവുകയും ചെയ്തു. ഇത് ജീവനക്കാരുടെ പിഴവാണ് എന്ന് ആരോപിച്ചാണ് കമ്പനിയുടെ പ്രതികാര നടപടികള്‍ ആരംഭിച്ചത്. ഇവര്‍ക്ക് ശമ്പളം നല്‍കാതെയും ഡ്യൂട്ടിയില്‍ നിന്നും വിടുതല്‍ നല്‍കാതെയും ഇമിഗ്രേഷന്‍ രേഖകള്‍ നല്‍കാതെയും കഷ്ടപ്പെടുത്തുകയാണ് അതിനു ശേഷം കമ്പനി. 

‘ഗ്രൌണ്ടഡ് ആവുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് നാവിഗേഷണല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിന്റെ പിഴവാണ്. കൂടാതെ കമ്പനി തന്നെ ഏര്‍പ്പാടാക്കിയ ലോക്കല്‍ പൈലറ്റ്‌  ആയിരുന്നു ആ സമയം ബാര്‍ജ്ജ് നിയന്ത്രിച്ചിരുന്നത്. കൂടാതെ ആഴം കുറഞ്ഞ സ്ഥലമായിരുന്നതിനാലും ജലപ്രവാഹത്തിന്റെ ശക്തി കൂടിയിരുന്നതിനാലും മുന്‍പോട്ടു പോകാനാവാത്ത അവസ്ഥയിലേക്കെത്തുകയായിരുന്നു. ഏറെ ശ്രമത്തിനൊടുവില്‍ കല്ലുകള്‍ ദ്വീപില്‍ ഇറക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഒഴിഞ്ഞ ബാര്‍ജ്ജിനു ക്ലിയറന്‍സ് വേണ്ടതിനാല്‍ ഞങ്ങള്‍ കുല്‍ഹുദുഫുഷിലെത്തി. അവിടെവച്ച് ഞങ്ങള്‍ അറസ്റ്റിലാവുകയായിരുന്നു. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ അതോറിറ്റി ചുമത്തിയ കേസില്‍ ഞങ്ങള്‍ക്ക് ഒന്നര മാസത്തോളം തടവില്‍ കിടക്കേണ്ടി വന്നു. തീരത്തുള്ള പവിഴപ്പുറ്റുകള്‍ക്ക് നാശം വരുത്തി എന്നതിനായിരുന്നു ശിക്ഷ. സംഭവത്തിനു കാരണമായ ബാര്‍ജ്ജ് കമ്പനിയ്ക്ക് കൈമാറുകയും ചെയ്തു. ഉത്തരവ് പോലും കാണിക്കാതെ അവര്‍ ഞങ്ങളെ തടവിലിട്ടു. കമ്പനിയുമായി ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ ഏറെയും വിഫലമായി. ഞങ്ങള്‍ അയച്ച മെസ്സെജുകള്‍ക്കും വിളിച്ച കോളുകള്‍ക്കും കയ്യും കണക്കുമില്ല.  കമ്പനി ഒന്നിനും പ്രതികരിക്കുകയുണ്ടായില്ല. ഗത്യന്തരമില്ലാതെയാണ് ഞങ്ങള്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഇക്കാര്യം അറിയിക്കുന്നത്. കപ്പല്‍ കമ്പനി ഉടമകളുടെ സംഘടനയായ പി ആന്‍ഡ് ഐയിലും ഞങ്ങള്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു’ ശ്രീകുമാര്‍ പറയുന്നു.

കമ്പനി ചൂണ്ടിക്കാട്ടുന്ന മറ്റൊരു കുറ്റം ഇവര്‍ തങ്ങള്‍ നേരിട്ട പ്രശ്നങ്ങളെ ഉന്നത അധികാരികളെ അറിയിച്ചു എന്നതാണ്. ഇക്കാരണത്താലാണ് പ്രശ്നത്തിനു തീര്‍പ്പുണ്ടാകാന്‍ താമസം നേരിടുന്നത് എന്ന അടിസ്ഥാനമില്ലാത്ത വാദവും കമ്പനി നിരത്തുന്നു.

ഗുജറാത്ത്‌ സ്വദേശി രൂപ പട്ടേല്‍ എന്ന വ്യക്തിയാണ് അഫ്ഫബിള്‍ ഷിപ്സ് എന്ന കമ്പനിയുടെ ഡയറക്ടര്‍. മുംബൈ സാന്താക്രുസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രതിനിധിയെ പലതവണ ശ്രീകുമാറും കൂട്ടരും ബന്ധപ്പെട്ടു. 10ഓളം ജീവനക്കാരുണ്ടായിരുന്ന എംവി ബ്രഹ്മേക്ഷരയിലെ ക്യാപ്റ്റന്‍ അടക്കമുള്ള ആറുപേര്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ സൈന്‍ഓഫ്‌ വാങ്ങി പോവുകയും ചെയ്തു. മിക്കവര്‍ക്കും അവരുടെ ശമ്പളം പോലും ലഭിച്ചിട്ടില്ല. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ ഒന്നു വരെയായിരുന്ന ശ്രീകുമാറിന്റെ ജോലിയുടെ കാലാവധി ഒരറിയിപ്പുമില്ലാതെ നീട്ടി ഇപ്പോള്‍ മാര്‍ച്ച് മാസം വരെ എത്തിച്ചിരിക്കുകയാണ് കമ്പനി. 

ആന്ധ്രാപ്രദേശ് സ്വദേശിയായ ക്യാപ്റ്റന്‍ വെങ്കടേഷ് പപ്പുവിന് കമ്പനി നല്‍കാനുള്ളത് 7 ലക്ഷം രൂപയാണ്. ഇദ്ദേഹത്തിനു സൈന്‍ ഓഫ് നല്‍കുമ്പോള്‍ ആകെ ലഭിച്ചത് 10000 രൂപ. മിച്ചമുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോള്‍ തന്റെ ഫോണ്‍കോളുകള്‍ കമ്പനി പ്രതിനിധി എടുക്കാറു പോലുമില്ല എന്ന് ക്യാപ്റ്റന്‍ പറയുന്നു. ശ്രീകുമാറിന്റെ കാര്യവും സമാനമാണ്. മറൈന്‍ മെര്‍ക്കന്‍റ്റൈല്‍ ഡിപ്പാര്‍ട്ട്മെന്റ് കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് എന്നിവിടങ്ങളിലും ക്യാപ്റ്റനും ശ്രീകുമാറും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കപ്പല്‍ ഉടമകളുടെ സംഘടനയിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. 

തുടക്കത്തില്‍ രണ്ട് ഏജന്റ്റുമാര്‍ ഇവര്‍ക്കു വേണ്ടി ഇടപെട്ടിരുന്നുവെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ സമീപനം കാരണം അവര്‍ പിന്മാറുകയായിരുന്നു. ജയറാം എന്ന ഏജന്‍റ്റ് ഇവര്‍ക്കായുള്ള ഇമിഗ്രേഷന്‍ രേഖകള്‍ തയ്യാറാക്കുകയും വിടുതലിനുള്ള അവസാനഘട്ടം വരെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ അയാളെയും ആവശ്യപ്പെട്ട തുക നല്‍കാതെ കമ്പനി ചതിച്ചു. അതോടെ ഇവരുടെ അവസ്ഥ പൂര്‍ണ്ണമായും അനിശ്ചിതാവസ്ഥയിലാവുകയായിരുന്നു.

‘ഷിപ്പിലെ ക്രൂവിനെ ഫ്രീ ആക്കാനുള്ള നടപടികള്‍ എല്ലാം ഞാന്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് കമ്പനി പിന്മാറുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ അഫബിള്‍ ഫിഷറീസുമായുള്ള എല്ലാ ഡീലിംഗുകളും നിര്‍ത്തിയിരിക്കുകയാണ്’, ജയറാം വ്യക്തമാക്കി.

കമ്പനിയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവാം അത് തങ്ങള്‍ക്കു മനസ്സിലാവും എന്ന് ഇവര്‍ പറയുന്നു.  തങ്ങള്‍ക്കു കിട്ടാനുള്ള ശമ്പളത്തുക നല്‍കുന്നതില്‍ ഒരു ഉറപ്പ് ലഭിക്കുകയാണെങ്കില്‍ കാത്തിരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മാസങ്ങളോളം കുടുംബത്തെപ്പോലും കാണാതെ അധ്വാനിച്ചതിന്റെ കൂലിയാണത്.  കമ്പനിയില്‍ നിന്നും അനുകൂലമായ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോഴും. 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍