UPDATES

ട്രെന്‍ഡിങ്ങ്

ശശികലക്ക് ജയിലില്‍ സുഖവാസം തന്നെ; ദൃശ്യങ്ങള്‍ പുറത്ത്

ശശികല അനധികൃത സൗകര്യങ്ങള്‍ അനുഭവിക്കുന്നുവെന്നു റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിരുന്നു

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല ജയിലില്‍ അനധികൃത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന മുന്‍ ജയില്‍ ഡിഐജി ഡി രൂപയുടെ വാക്കുകള്‍ ശരിവയ്ക്കുന്ന ദൃശ്യങ്ങള്‍ ഒരു കന്നട ചാനല്‍ പുറത്തുവിട്ടു. ബംഗളൂരു പരപ്പനാ അഗ്രഹാര ജയിലില്‍ നിയമങ്ങളൊന്നും പാലിക്കാതെ ആഢംബര ജീവിതം തന്നെയാണ് ശശികല നയിക്കുന്നതെന്നു വ്യക്തമാകുന്നതാണ് ഈ ദൃശ്യങ്ങള്‍.

ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ സ്വതന്ത്രയായി പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുകൊണ്ട് ഭക്ഷണപാത്രവുമായി സെല്ലിലേക്കു നടക്കുന്ന ശശികലയെയാണു കാണാനാവുന്നത്. ഈ കാര്യങ്ങളടക്കം പുറത്തു പറഞ്ഞതിനു പിന്നാലെയാണു രൂപയെ ജയില്‍ ഡി ഐ ജി സ്ഥാനത്തു നിന്നും ട്രാഫിക്കിലേക്ക് മാറ്റിയത്.

സെല്ലില്‍ ശശികലയ്ക്കായി അഞ്ചു സെല്ലുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകളില്‍ മറ്റ് തടവുകാര്‍ ആരും ഇല്ലെന്നും രൂപ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനു ശശികല രണ്ടുകോടി രൂപ കോഴ നല്‍കിയെന്നും രൂപയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ശശികലയ്ക്ക് അത്തരം സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നായിരുന്നു ജയില്‍ ഡി.ജി.പി രൂപയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ അവരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രൂപ പറഞ്ഞതാണ് ശരിയായ കാര്യങ്ങളെന്നു വ്യക്തമായിരിക്കുകയാണ്.

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ശശികലയെ അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്നത്. തുടര്‍ന്ന് അവര്‍ ബംഗളുരുവിലെ വിചാരണ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍