UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബഹുമാനപ്പെട്ട മന്ത്രി ജനറല്‍ വി.കെ സിങ്; താങ്കള്‍ നാവടക്കണം

Avatar

ടീം അഴിമുഖം

സാധാരണക്കാരെക്കാള്‍ അച്ചടക്കമുള്ളവരും പെരുമാറ്റ മര്യാദയുള്ളവരുമായാണ് നമ്മളില്‍ പലരും വളരുന്ന കാലത്ത് സൈനികോദ്യോഗസ്ഥരെക്കുറിച്ച് ധരിച്ചിട്ടുള്ളത്. അതിനെ സാധൂകരിക്കുന്ന വിധത്തില്‍ അവരില്‍ നിരവധി പേര്‍ മാന്യതയുടെയും പെരുമാറ്റ മര്യാദയുടെയും മികച്ച മാതൃകകളുമായിരുന്നു. പക്ഷേ എല്ലാത്തിലും അപവാദങ്ങളുണ്ട്, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ് അക്കൂട്ടത്തില്‍പ്പെട്ടതാണ്. ഇന്ത്യന്‍ സായുധസേനയുടെ തലവനായിരുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കാത്ത അമാന്യവും അധിക്ഷേപാര്‍ഹവുമായ പെരുമാറ്റമാണ് അയാളില്‍ നിന്നും ഉണ്ടാകുന്നത്.

ആദ്യം, തന്റെ പ്രായം സംബന്ധിച്ച് അയാള്‍ സര്‍ക്കാരുമായി അനാവശ്യമായ ഒരു തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് ഭാഗ്യം അയാളെ തേടിവന്നു. ലോകത്തിന്നു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള വലിയ അവസരം അയാള്‍ക്ക് കിട്ടി. നയതന്ത്ര ലോകത്ത് വാക്കുകള്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പ്രാപ്തമാണ്. ഇവിടെയാണ് ജനറലിന് പിഴയ്ക്കുന്നത്. ഭാഗ്യവശാല്‍, ഇതുവരെയും അയാള്‍ തന്റെ മുതിര്‍ന്ന മന്ത്രിയെ, മികച്ച നയതന്ത്രജ്ഞതയോടെ ഇടപെടുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അന്താരാഷ്ട്ര തലത്തില്‍ ഗതികേടിലാക്കിയിട്ടില്ല.

പക്ഷേ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോള്‍ രാജാവിനെക്കാള്‍ രാജഭക്തി കാണിക്കാനുള്ള അയാളുടെ അഭ്യാസങ്ങള്‍ പലപ്പോഴും പരമാബദ്ധങ്ങളിലേക്കും അധിക്ഷേപകരമായ വാക്കുകളിലേക്കും മറിഞ്ഞുവീഴാറുണ്ട്. മുമ്പൊരിക്കല്‍, ആരെങ്കിലും ഒരു നായയെ കല്ലെറിഞ്ഞാല്‍ അതിനും സര്‍ക്കാര്‍ ഉത്തരവാദിയാണോ എന്നാണ് സിങ് ചോദിച്ചത്. ദളിതര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സിങ്ങിന്റെ ഈ ഉപമാപ്രയോഗം. ജാതിവാദി മുതല്‍ വര്‍ഗീയവാദി വരെയുള്ള പേരുകള്‍ ചാര്‍ത്തിക്കിട്ടിയ ആക്രമണം സിങിന് പിന്നാലെ വന്നു. അയാളെ കുറ്റപ്പെടുത്താത്ത ഏകവിഭാഗം നായ സ്നേഹികളായിരുന്നു, തീര്‍ച്ചയായും അവര്‍ക്കതിന് അവകാശമുണ്ട്.

ഇപ്പോള്‍, ഒരു പദവി, ഒരു പെന്‍ഷന്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി ആത്മഹത്യ ചെയ്ത ഒരു വിമുക്തഭടന്റെ മരണം രാഷ്ട്രീയവത്കരിക്കാതിരിക്കേണ്ടത് എങ്ങനെയെന്ന്‍ മറ്റ് രാഷ്ട്രീയകക്ഷികളെ പഠിപ്പിക്കുകയാണ് ജനറല്‍. അല്പനേരത്തേക്ക് മന:ശാസ്ത്ര വിദഗ്ധന്റെ തൊപ്പിയെടുത്തണിഞ്ഞ ജനറല്‍ പാവപ്പെട്ട ആ സൈനികന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്നു പറഞ്ഞു. പിന്നീട് സൂത്രത്തില്‍ നിഷ്പക്ഷ നാട്യത്തോടെ മരിച്ച സൈനികന്‍ ഒരു കോണ്‍ഗ്രസ് പഞ്ചായത്ത് സര്‍പഞ്ച് ആയിരുന്നു എന്നും അറിയിച്ചു. ഓ, പ്രിയപ്പെട്ട ജനറല്‍, വെടി വീണ്ടും പിഴച്ചല്ലോ!

രാഷ്ട്രീയനേതാക്കള്‍ ഇത്തരം അധിക്ഷേപങ്ങളും പിഴവുകളും വരുത്തുന്നത് നമുക്കൊരു ശീലമാണല്ലോ? ഒരു പക്ഷേ നമ്മള്‍ ഒരു ജനറലില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചതായിരിക്കും. എന്തായാലും രാഷ്ട്രീയം വലിയ തുല്യതയുടെ വേദിയാണ്. എത്ര വേഗമാണ് ജനറല്‍ അതിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ജീര്‍ണമായ അറ്റത്തേക്ക് കുന്തവും കുതിരയും കൊടിയുമായി ഓടിപ്പോകുന്നത്.

പക്ഷേ അങ്ങനെയായാല്‍പ്പോലും ആത്മഹത്യ ചെയ്ത ഒരാളുടെ രാഷ്ട്രീയ അനുഭാവത്തെ അതുമായി ബന്ധപ്പെടുത്തുന്നത് തീര്‍ത്തും അപലപനീയമാണ്. എന്താണ് അതുകൊണ്ട് ജനറല്‍ സൂചിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പിടികിട്ടുന്നില്ല.

മന്ത്രിമാരുടെ പണിയിലെ മികവ് അവര്‍ക്കുവേണ്ടി സംസാരിക്കണം എന്ന അഭിപ്രായക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുകേള്‍ക്കുന്നു. എന്തായാലും ജനറല്‍ പ്രധാനമന്ത്രി പറഞ്ഞത് കേള്‍ക്കുന്നില്ല, കേട്ടാലും അനുസരിക്കുന്നില്ല എന്നത് വ്യക്തമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍