UPDATES

വിശ്വസ്തതയാണ് കൈമുതല്‍; കോഴിക്കോട് മേയര്‍ വികെസി മമ്മദ് കോയ നയം വ്യക്തമാക്കുന്നു

Avatar

പക്വമതി, സൗമ്യന്‍ ഇത്യാദി ഗുണങ്ങളോടു കൂടിയ പാര്‍ട്ടിക്കൂറുള്ള മേയര്‍ക്കുവേണ്ടിയുള്ള കോഴിക്കോട്ടെ സിപി ഐഎമ്മിന്റെ അന്വേഷണം വികെസി മമ്മദ് കോയയിലാണെത്തിയത്. ഇപ്പോഴത്തെ പാര്‍ട്ടിക്ക് ദുര്‍ഘടം പിടിച്ച ഒരേര്‍പ്പാടായിരുന്നു ഈ കണ്ടെത്തല്‍. ദീര്‍ഘകാലത്തെ ഇടത് ഭരണത്തില്‍ മനംമടുത്ത കോഴിക്കോട്ടുകാര്‍ക്ക് ഒരാശ്വാസമായിരുന്നു പ്രചാരണ തുടക്കത്തിലേയുള്ള മേയര്‍ പ്രഖ്യാപനം. ദാസനും ഭാസ്‌ക്കരനും പ്രൊഫസറും വരുത്തിവെച്ച ചീത്തപ്പേരുമാറ്റിയെടുക്കാനുള്ള ശ്രമമായിരുന്നു പാര്‍ട്ടിക്കിത്. നിരന്തര തിരിച്ചടികള്‍ക്കൊടുവില്‍ വിജയം അത്യാവശ്യമായിരുന്നതുകൊണ്ട് വി.കെ.സിയുടെ അവതരണത്തിന് തുരങ്കം തീര്‍ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ എതിരാളികള്‍ ഉണ്ടായിരുന്നില്ല. 

പ്രതീക്ഷച്ചതിലേറെ തിളക്കത്തോടെ ഇടതും വികെസി മമ്മദ് കോയയും വിജയിച്ചു. 1975-ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വികെസി മമ്മദ് കോയ പാര്‍ട്ടിക്കൂറ് നേരത്തെ തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടി വികെസിയോടും. അങ്ങിനെയാണ് 2001-ല്‍ ബേപ്പൂരില്‍ നിന്നും നിയമസഭയിലേത്തിയത്. ആദ്യത്തെ പൊതുജനസേവന നിയോഗമായിരുന്നില്ല വികെസിയ്ക്ക് നിയമസഭാംഗത്വം. 1990-ല്‍ ജില്ല കൗണ്‍സില്‍ അംഗമായും 1995-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും ജനങ്ങളെ സേവിച്ചു. കാലിക്കറ്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി അംഗമായി പ്രവര്‍ത്തിക്കാനും വികെസി യ്ക്കു നിയോഗം ലഭിച്ചു.

പൊതുപ്രവര്‍ത്തനത്തിനപ്പുറം മമ്മദ് കോയ വ്യവസായിയാണ്. വ്യവസായ പെരുമയെ തുടര്‍ന്നാണ് മമ്മദ് കോയയ്ക്കു വികെസി എന്ന വിളിപ്പേരു വരുന്നത്.

കെ. സെയ്തലവി, സി. സെയ്താലിക്കുട്ടി എന്നീ സുഹൃത്തക്കളോട് ചേര്‍ന്നാണ് വി. മമ്മദ് കോയ ചെരുപ്പ് നിര്‍മ്മാണസ്ഥാപനത്തിന് അടിക്കല്ലിടുന്നത്. വികെസി അങ്ങിനെ പാദരക്ഷരംഗത്തെ സുവര്‍ണ്ണ ബ്രാന്‍ഡായി 1984-ല്‍ ആരംഭിച്ച വി.കെ.സി ഇന്ന് രാജ്യത്തെ പ്രശസ്ത പാദരക്ഷാ നിര്‍മ്മാണ കമ്പനിയാണ്. പ്രതിദിനം മൂന്ന് ലക്ഷം ജോഡി ചെരുപ്പുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു. 300 മൊത്ത വിതരണക്കാര്‍. 65,000 ചെറുകിട വില്‍പ്പനക്കാര്‍. പ്രതിവര്‍ഷം 50% വളര്‍ച്ച. ഗള്‍ഫ് രാജ്യങ്ങള്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും സംതൃപ്ത ഉപഭോക്താക്കള്‍. മക്കളായ റസാഖും, നൗഷാദും പിതാവിനൊപ്പം. സച്ചിന്‍ തെണ്ടുല്‍ക്കറും രത്തന്‍ റ്റാറ്റയും വി.കെസിയുടെ മാതൃകകള്‍.

നഗരപിതാവെന്ന നിലയില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് മുഖ്യ പരിഗണനയെന്ന് വികെസി മമ്മദ് കോയ പറയുന്നു. തെരുവുവിളക്കുകള്‍, കുടിവെള്ളം, അഴുക്കുചാല്‍ നിര്‍മ്മാണം തുടങ്ങിവയക്കും ആദ്യ പരിഗണന. ‘കോടതി നിര്‍ദ്ദേശം മാനിച്ച് തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് ശ്രമം തുടങ്ങി കഴിഞ്ഞു. അനുയോജ്യമായ വഴികണ്ടെത്താനുള്ള നീക്കം വിജയിച്ചിട്ടില്ല. ഒരു ടീം ബില്‍ഡ് ചെയ്യാനാണ് ശ്രമം. നല്ല നിര്‍ദ്ദേശങ്ങള സ്വീകരിക്കാന്‍ തയ്യാറാണ്’, മേയര്‍ പറഞ്ഞു. 

‘വികസന ഫണ്ടുകള്‍ ചെലവഴിക്കുന്നതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പിന്നിലെന്ന കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയല്ല. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിട്ടും പണം നലകാന്‍ കഴിയാത്തതാണ് ഈ പരാതിക്കാധാരം. ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് അടിയന്തര പരിഹാരമുണ്ടാക്കും. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ ഫണ്ടുകള്‍ പരമാവധി വിനിയോഗിക്കാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു കഴിഞ്ഞു.’ വികെസി മമ്മദ് കോയ പറഞ്ഞു. 

കോഴിക്കോട്ടുകാര്‍ക്ക് തന്നില്‍ നല്ല വിശ്വാസമുണ്ട്. 20 തൊഴിലാളികളില്‍ നിന്നാരംഭിച്ച വികെസിയില്‍ പതിനായിരത്തിലേറെപ്പേര്‍ നേരിട്ട് ജോലി ചെയ്യുന്നു. വ്യവസായ നടത്തിപ്പും പൊതുപ്രവര്‍ത്തനവും വിരുദ്ധവഴികളല്ല. കാലംതെളിയിച്ച വിശ്വസ്തതയാണ് കൈമുതല്‍ വികെസി മമ്മദ് കോയ നയം വ്യക്തമാക്കി.

(തയ്യാറാക്കിയത് എം.കെ. രാമദാസ്)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍