UPDATES

വിദേശം

ഹാ! ഞങ്ങളുടെ സോവിയറ്റ് യൂണിയന്‍!

Avatar

അബിഗെയില്‍ ഹൌസ്ലോഹ്നെര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മോസ്കോ അന്താരാഷ്ട്ര സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ മാധ്യമ വിദ്യാര്‍ത്ഥി ഒക്സാന ചെര്‍നിഷെവ തന്റെ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്റെ അഭിപ്രായം ശരിവെക്കുന്നു: സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഒരു ദുരന്തമായിരുന്നു.

ആഗോളതലത്തില്‍ സോവിയറ്റ് യൂണിയന്‍ ബഹുമാനം ആര്‍ജ്ജിച്ചിരുന്നു. അമേരിക്കയുമായി ഇഞ്ചോടിഞ്ച് പൊരുതി നിന്നു. ഭൂഗോളത്തിന്റെ വിദൂര മൂലകളില്‍ വരെ അത് സ്വാധീനം ചെലുത്തി.

“ഞങ്ങള്‍ വമ്പന്‍മാരും ശക്തരുമായിരുന്നു. പിന്നെയത് തകര്‍ന്നു,” ഒക്സാന  ചെര്‍നിഷേവ  പറഞ്ഞു. നഷ്ടപ്പെട്ട പ്രതാപത്തിന്റെ തീവ്രവികാരമാണ് 61-കാരനായ പുടിന്‍റേതെങ്കില്‍, ഓമനത്തമുള്ള മുഖമുള്ള ഈ 18-കാരിക്ക് അത് തന്റെ അച്ഛനമ്മമാര്‍ ഗൃഹാതുരതയോടെ പറഞ്ഞുകേള്‍പ്പിച്ച കഥകളും നഷ്ട വിലാപങ്ങളുമാണ്.

സോവിയറ്റ് യൂണിയന്‍ തകര്‍ന്ന്5 കൊല്ലത്തിനുശേഷമാണ് ചെര്‍നിഷേവ ജനിച്ചത്.

ഉക്രെയിനില്‍ നിന്നും ക്രിമിയയെ റഷ്യയോട് കൂട്ടിച്ചേര്‍ത്തത്, ഉക്രെയിനിലെയും, മറ്റ് റഷ്യന്‍ റിപ്പബ്ലിക്കുകളിലെയും റഷ്യന്‍ അനുകൂല വിമതരെ പിന്തുണക്കുന്നത്, ഇതെല്ലാം സോവിയറ്റ് യൂണിയന്റെ ഓര്‍മ്മകളില്ലാത്ത, എന്നാല്‍ അതിന്റെ ചരിത്രപരമായ ശക്തിക്കായി ആഗ്രഹിക്കുന്ന യുവതലമുറയുടെ ഭാവനകളെ ദീപ്തമാക്കുന്നുണ്ട്.

യുവാക്കളുടെ ഇടയില്‍ പുടിന്റെ പ്രീതി കുത്തനെ ഉയര്‍ന്നിരിക്കുന്നു എന്നാണ് ഒരു സര്‍വെ കാണിക്കുന്നത്. സോവിയറ്റ് നാളുകളില്‍ ക്രിമിയയും ഉക്രെയിന്നുമൊക്കെ റഷ്യയുടെ ഭാഗമായിക്കണ്ട പഴയ തലമുറക്കാരേക്കാള്‍ കൂടുതല്‍ യുവാക്കള്‍ക്കിടയില്‍ പുടിന്‍ പ്രിയം എറിയിരിക്കുന്നു.

കഴിഞ്ഞ മെയ് മാസം അവസാനം നടത്തിയ സര്‍വ്വേയോട് പ്രതികരിച്ചവരില്‍ 18-നും 24-നും ഇടക്കുള്ളവരില്‍ പുടിനെ പിന്തുണക്കുന്നവര്‍ 86ശതമാനമാണ്. മറ്റേത് പ്രായക്കാരില്‍ നിന്നുള്ളതിനെക്കാളും പിന്തുണ ഈ പ്രായക്കാരില്‍ നിന്നാണ്. 40-നും 54-നും ഇടക്ക്  പ്രായമുള്ളവരില്‍ 82% പുടിനെ പിന്തുണച്ചു.

ആയിരക്കണക്കിന് റഷ്യന്‍ കുട്ടികളെപ്പോലെ,ചെര്‍നിഷേവയും അവളുടെ മാതാപിതാക്കള്‍- ഒരു ബേക്കറി മാനേജരും, ഫാക്ടറി തൊഴിലാളിയും- പറഞ്ഞുകൊടുത്ത, ജീവിതം കൂടുതല്‍ ചിട്ടയായിരുന്ന,“ഭക്ഷണം കൂടുതല്‍ രുചികരവും, ഐസ്ക്രീം ഇതിലും വിലക്കുറവുമായിരുന്ന” ആ കാലത്തെക്കുറിച്ചുള്ള കാല്‍പനികമായ കഥകള്‍ കേട്ടാണ് വളര്‍ന്നത്.

ഇതിനെക്കാളെല്ലാം, ആഗോള ശക്തിയായിരുന്ന സൈനികപ്പെരുമയാണ് അവളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

“ലോകം ഞങ്ങളെ ഭയക്കണമെന്നാണ് ഞാന്‍ കരുതുന്നത്,” സര്‍വ്വകലാശാലയിലെ കാപ്പിക്കടയില്‍ ഒരു ചൂടുകാപ്പിയും മൊത്തി ചെര്‍നിഷേവ പറയുന്നു. “ഭയക്കുക എന്നുപറഞ്ഞാല്‍ ബഹുമാനിക്കുക എന്നാണ്.”

നഗരത്തിലെ ഐക്യ റഷ്യയ്ക്ക് വേണ്ടിയുള്ള യുവ ഭടന്‍മാര്‍ എന്ന പുടിന്റെ പാര്‍ടിയുടെ യുവജന സംഘത്തിന്റെ കേന്ദ്രകാര്യാലയത്തിലുള്ള 26-കാരനായ മാക്സിം രുദനെവ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഓര്‍ക്കുന്നില്ല, അയാള്‍ക്ക് ചെര്‍നിഷേവയെയും അറിയില്ല.

പക്ഷേ, അയാളുടെ സമപ്രായക്കാരുടെപോലെ, 1990-കളിലെ ആ ദുരിതം നിറഞ്ഞ കുട്ടിക്കാലം അയാള്‍ക്കോര്‍മ്മയുണ്ട്. ആയിരക്കണക്കിനാളുകള്‍ക്ക് ജോലിയും പെന്‍ഷനും നഷ്ടമായി. രാജ്യം അപരിചിതവും, നീതിരഹിതവുമായ മുതലാളിത്തത്തിലേക്ക് തട്ടിത്തടഞ്ഞു നടക്കുകയായിരുന്നു.

രുദനെവിന്റെ അച്ഛന്‍ ഒരു മുന്‍പട്ടാളക്കാരനായിരുന്നു. 1990-കളില്‍ കുടുംബം പോറ്റാന്‍ അയാള്‍ വഴിയില്‍നിന്നും ബദാം പെറുക്കിയിരുന്നു എന്നു രുദനെവ് പറഞ്ഞു.

ഇന്നയാളുടെ അച്ഛന് സ്വന്തമായി ഒരു ചെറിയ കച്ചവടമുണ്ട്. രുദനെവ് പുടിന്റെ പാര്‍ടിയില്‍ പടവുകള്‍ ഓരോന്നായി ചവിട്ടി മുകളിലേക്ക് കയറുന്നു. രാഷ്ട്രീയത്തിലും, അധികാരത്തിലും അത് അവസരങ്ങള്‍ വാഗ്ദാനം നല്കുന്നു എന്നു അയാള്‍ പറയുന്നു.

“ഞങ്ങളുടെ തലമുറ പ്രസിഡന്റിനെ പിന്താങ്ങാന്‍ കാരണം അദ്ദേഹത്തിന് മുമ്പ് എങ്ങിനെയായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാം, അതിനുശേഷവും,” അയാള്‍ പറഞ്ഞു.

കഴിഞ്ഞ കുറെ മാസങ്ങളായി പുടിന്റെ ജനപ്രീതി റഷ്യയില്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോളത് ഏതാണ്ട് 83 ശതമാനമാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം

വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രേയല്‍ രാഷ്ട്രീയം
ലണ്ടന്‍: തിരിച്ചു പോകാത്തവരുടെ നഗരം
ഉദാരീകരണം വേണ്ടെന്ന്‍ ചൈന പറയുമ്പോള്‍
ദക്ഷിണാഫ്രിക്ക വളരുന്നു; മധ്യവര്‍ഗത്തിലേക്ക്
ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍

പക്ഷേ പുടിന്റെ വിമര്‍ശകര്‍ പറയുന്നത് അയാള്‍ മറ്റൊരു സാധ്യതയ്ക്കും അവസരം നല്‍കില്ല എന്നതാണ്. കഴിഞ്ഞ മാസങ്ങളില്‍, ഭരണകൂടം ഇന്‍റര്‍നെറ്റിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പ്രതിപക്ഷ നേതാവ് വീട്ടുതടങ്കലിലാണ്.

ഹൈസ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ക്കുള്ള പ്രധാന പാഠപുസ്തകത്തില്‍ 6 പുറങ്ങള്‍ക്കുളില്‍ പുടിന്റെ പേര് 26 തവണയാണ് പ്രതിപാദിച്ചിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടുന്നു പ്രധാന പുടിന്‍ വിമര്‍ശകരിലൊരാളായ മോസ്കോയിലെ അറിയപ്പെടുന്ന ചരിത്രാധ്യാപകന്‍ ഈഗോര്‍ ഡൊലൂട്സ്കി.  ഏതാനും വര്‍ഷം മുമ്പ് പുടിന്‍ ഭരണത്തെ ഏകാധിപത്യം എന്നു വിശേഷിപ്പിച്ചതിന് ഡൊലൂട്സ്കിയുടെ പാഠപുസ്തകം പൊടുന്നനെ പിന്‍വലിച്ചിരുന്നു.

അടുത്ത കൊല്ലം പുതിയ പാഠപുസ്തകം ഇറക്കുന്നത് റഷ്യന്‍ ചരിത്രത്തിന്റെ ഈ തെറ്റായ വ്യാഖ്യാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡൊലൂട്സ്കി മുന്നറിയിപ്പ് നല്കുന്നു.

കലാലയങ്ങളില്‍ പുടിന്‍ വിരുദ്ധരായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ന്യൂനപക്ഷമാണെന്ന് മാത്രമല്ല അവര്‍ ഒതുക്കപ്പെടാനും പീഡിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

“റഷ്യയില്‍ തടവറയില്‍ പോകാന്‍ വളരെ എളുപ്പമാണ്,”ചെര്‍നിഷേവയുടെ സുഹൃത്ത് ആന്‍റണ്‍ കുസാക്കിന്‍-20- പറഞ്ഞു. അയാള്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ വീട്ടുതടങ്കലിലാക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ക്രിമിയയെ കൂട്ടിച്ചേര്‍ത്ത പുടിന്‍റെ നടപടി‘എല്ലാം നശിപ്പിച്ചു’, കസാക്കിന്‍ പറഞ്ഞു. ഇന്നത്തെ കാലാവസ്ഥയില്‍ കലാലയ രാഷ്ട്രീയം ഇല്ലെന്നുതന്നെ പറയാമെന്ന് ചെര്‍നിഷേവയും സമ്മതിക്കുന്നു.

റഷ്യയെ താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്ന പാശ്ചാത്യര്‍ക്കെതിരെയുള്ള നിലക്കാത്ത ശീതസമരത്തിന്റെ ചിത്രമാണ് ഔദ്യോഗിക മാധ്യമങ്ങള്‍ നിരന്തരം നല്‍കുന്നത്. പുറംലോകത്താകട്ടെ റഷ്യയുടെ വിദേശനയത്തിന്റെ പേരില്‍ അന്താരാഷ്ട്ര ഒറ്റപ്പെടല്‍ കൂടുകയും ചെയ്യുന്നു.

“ഇപ്പോള്‍ ആശയക്കുഴപ്പത്തിന്റെ കാലമാണ്. എന്തിനെയാണ്, ആരെയാണ് പിന്തുടരേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല,” എന്നാണ് അന്താരാഷ്ട്ര ബന്ധങ്ങള്‍ പഠിക്കുന്ന 20-കാരിയായ അന്ന ഗസക്  ഈ അവസ്ഥയെ വിലയിരുത്തിയത്.

യൂറോപ്പില്‍ താമസിച്ചിട്ടുള്ള ഗസക് പറയുന്നതു പുടിന്റെ വിദേശ നയം നല്ലരീതിയിലുള്ള ശക്തിപ്രകടനമാണെന്നും സോവിയറ്റ് കാലത്ത് “ഞങ്ങള്‍ കൂടുതല്‍ ഒരുമിച്ചുനിന്നിരുന്നു എന്നുമാണ്.”

ഇപ്പോള്‍ ഗസകിന്‍റെ സമപ്രായക്കാരൊക്കെ തങ്ങള്‍ക്ക് കഴിയുമെങ്കില്‍ യൂറോപ്പിലോ അമേരിക്കയിലോ ‘കൂടുതല്‍ നല്ല ജീവിതം’ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ അങ്ങനെ പോകുന്നവരും അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന റഷ്യയെ ശക്തമായി ന്യായീകരിക്കുന്നവരാണ്.

പുടിനൊരു ശക്തനായ നേതാവാണെന്ന് മോസ്കോവിലെ ഒരു ആഡംബര നഗരകേന്ദ്രത്തിലെ സ്റ്റാര്‍ബക്സ് കടയിലിരുന്നു ഗസക് പറയുന്നു. “പക്ഷേ, വിദേശനയത്തില്‍ കാണിക്കുന്ന ഇത്തരം കാര്യങ്ങള്‍ ആഭ്യന്തര രംഗത്തും കാണിക്കാന്‍ കഴിയാത്തതെന്താണെന്ന് എനിക്കറിയില്ല.” റഷ്യയിലെ സാമ്പത്തിക കുഴപ്പങ്ങളിലും,അറുതിയില്ലാത്ത അഴിമതിയിലുമുള്ള നിരാശകൂടിയായിരുന്നു അത്.

ഇതൊക്കെയായാലും കായികവിനോദങ്ങളെയും മൃഗങ്ങളേയും ഇഷ്ടപ്പെടുന്ന, നഗ്നമായ മാറിടം കാട്ടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രസിഡണ്ട് മോസ്കോവില്‍ ടീ ഷര്‍ട്ടിലും കാപ്പികപ്പുകളിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഒരു നേതാവിനുവേണ്ടി തിരയുന്ന യുവാക്കള്‍ക്കിടയില്‍ പുടിന്‍ വലിയൊരു മാതൃകാ ബിംബമാണെന്ന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമൊക്കെ പറയുന്നു.

സൂചിയില്‍ ശൈത്യകാല ഒളിമ്പിക്സ് വിജയകരമായി നടത്തിയതും അന്താരാഷ്ട്ര രംഗത്തെ ‘സ്വതന്ത്ര’ നിലപാടുമൊക്കെ പുടിനെ പ്രശംസിക്കാന്‍ അവര്‍ എടുത്തുകാട്ടുന്നു. റഷ്യയ്ക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളായാണ് പുടിനെ അവര്‍ കാണുന്നത്.

നുണക്കുഴിച്ചിരിയും,കിലുങ്ങുന്ന വര്‍ത്തമാനവും, ഗൌരവത്തിനൊരു കണ്ണടയും പിടിപ്പിച്ച ചെര്‍നിഷേവയ്ക്ക് പടിഞ്ഞാറന്‍മാര്‍ റഷ്യയെ ഒരു ‘മൂന്നാംലോക രാജ്യം മാതിരിയാണ് ‘ കാണുന്നതെന്ന തോന്നലെ മടുപ്പുണ്ടാക്കുന്നു.

പക്ഷേ പുടിന്‍ തന്റെ രാജ്യത്തെ ശരിയായ പാതയില്‍ തിരികെയെത്തിക്കും എന്നുതന്നെയാണ് അവള്‍ വിശ്വസിക്കുന്നത്. “ഒരു പക്ഷേ ലോകം ഞങ്ങളെ വീണ്ടും പേടിക്കാന്‍ തുടങ്ങിയിരിക്കുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍