UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പള്ളിമാര്‍ പിണങ്ങട്ടെ, സുധീരന്‍ യാത്ര തുടരുക തന്നെ ചെയ്യും

Avatar

അഴിമുഖം പ്രതിനിധി

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷ യാത്ര വടകരയിലെത്തി സ്വീകരണമേറ്റു വാങ്ങേണ്ട സമയത്തു തന്നെ മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായ ‘വ്യക്തിപരമായ അസൗകര്യം’ ഒരു പകര്‍ച്ച വ്യാധിയാണ്. തലമൂത്ത പല നേതാക്കന്മാരിലേക്കും പടര്‍ന്നു കയറുന്ന വ്യാധി. ഒരു വര്‍ഷം മുമ്പ് നടത്തിയ ജനപക്ഷ യാത്രയെ പച്ചക്കറിയാത്രയെന്നു വിളിച്ചു പരിഹസിക്കുകയായിരുന്നു എതിരാളികളെങ്കില്‍ ഇത്തവണയത് ഒറ്റപ്പെടുത്തലിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ശക്തമായ ഒരു കേന്ദ്രമായി സുധീരന്‍ മാറിയിരിക്കുന്നു എന്നതുതന്നെയാണ് ഇതു കാണിക്കുന്നത്.

എ ഐ ഗ്രൂപ്പുകളും കോണ്‍ഗ്രസിലെ മറ്റുള്ള പരശതം ഉപഗ്രൂപ്പുകളും ഇപ്പോള്‍ വി എമ്മിനെതിരെ നടത്തുന്ന പ്രചരണം സുധീരന്‍ സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ്. മുല്ലപ്പള്ളിയുടെ ‘ അസൗകര്യ’ത്തിനു പിന്നിലും ഈ ചെടുപ്പ് തന്നെയാണ്. സ്വന്തക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന യാത്രയില്‍ തങ്ങളെന്തിനു പങ്കാളികളാകണം എന്നാണവര്‍ ചോദിക്കുന്നത്. കെപിസിസി പ്രസിഡന്റിനോടുള്ള പരസ്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ജനരക്ഷയാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെടുമോ സുധീരന്‍ എന്നാണ് ഇപ്പോളുയരുന്ന ചോദ്യം.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ ഇടയില്ല. സുധീരന് കൃത്യമായ ലക്ഷ്യമുണ്ട്, അതിലേക്കുള്ള യാത്രയാണ് അദ്ദേഹം നടത്തുന്നത്. തന്റെ രാഷ്ട്രീയജീവിതത്തില്‍ ഏഴുവര്‍ഷത്തെ ഇരുള്‍ നിറച്ചവരോടും അതുവഴി തനിക്കുണ്ടായ നഷ്ടങ്ങള്‍ക്കും കണക്കുചോദിക്കേണ്ടതുണ്ട്. ആലപ്പുഴയില്‍ സംഭവിച്ച തോല്‍വിക്കുശേഷം നേരിടേണ്ടി വന്ന അവഗണന സുധീരനെപ്പോലെ ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും ചിന്തിച്ചിരുന്നതല്ല. കരുണാകരന്റെ രാഷ്ട്രീയപതനത്തിനുശേഷം കോണ്‍ഗ്രസിന്റെ ഭാവി ഉമ്മന്‍ ചാണ്ടിയിലും സുധീരനിലുമാണ് കേന്ദ്രീകരിക്കപ്പെട്ടത്. ആന്റണിയെ മാറ്റി നിര്‍ത്തി പറഞ്ഞാല്‍ ഒരുപക്ഷേ ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഔന്നത്യം അവകാശപ്പെടാവുന്ന രാഷ്ട്രീയവുമായി സുധീരന്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ ഒരാന്റണിയിലൊക്കെ മാത്രം ഒതുക്കി പറയേണ്ടുന്ന ആദര്‍ശം സുധീരന്റെ പേരിനോട് നന്നായി ശോഭിച്ചിരുന്നു. ഒരിക്കല്‍ പാളിയത് ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന പ്രഖ്യാപനത്തിനു പിന്നാലെ തന്നെ ഒരിക്കല്‍ കൂടി ആലപ്പുഴ ലോകസഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയതാണ്. ആ വരവ് ചിലരുടെയൊക്കെ ആശ്വാസം അസ്ഥാനത്താക്കുകയും അവര്‍ ആത്മാര്‍ത്ഥതയോടെ പണിയെടുത്ത് ആലപ്പുഴയുടെ സുരക്ഷിതത്വത്തില്‍ തന്നെ തോല്‍വി വാങ്ങിച്ചു കൊടുക്കുകയും ചെയ്തു. പേരെടുത്തൊരു മന്ത്രിയായിരുന്നു എന്ന ഖ്യാതിപോലും ജനങ്ങള്‍ മറന്നുപോകുന്നതരത്തിലുള്ള പിന്‍വാങ്ങലിനാണ് പിന്നീട് സുധീരന്‍ നിര്‍ബന്ധിതനായത്.

വി എം സുധീരന്‍ കോണ്‍ഗ്രസില്‍ ഒന്നുമില്ലാതായി തീര്‍ന്നിരിക്കുന്നു എന്നു വി എം സുധീരന്‍ തന്നെ ഉറപ്പിച്ചിരുന്ന സമയത്താണ് ഹൈക്കമാന്‍ഡ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ നടത്തിയ ഏറ്റവും ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ വി എമ്മിനെ കെപിസിസി പ്രസിഡന്റാക്കിയത്. ഇത്തരമൊരു ദുസ്സാഹസത്തിന് ഡല്‍ഹി തയ്യാറെടുക്കുന്നുവെന്നറിഞ്ഞുകൊണ്ടാണ് കാര്‍ത്തികേയന്റെ തൊട്ട് സതീശന്റെ പേരുവരെ എഴുതിയെടുത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പ്രസിഡന്റിനെ കാണാന്‍ പോയത്. പക്ഷേ സുധീരന്റെ കസേരയോഗത്തിന് തടയിടാന്‍ ഉമ്മന്‍ ചാണ്ടിയുടെയോ ചെന്നിത്തലയുടെയോ രാഷ്ട്രീയ നാരദത്വത്തിന് സാധിച്ചില്ല.

വി എമ്മിന് കേരളത്തിലുള്ള പരിവേഷത്തില്‍ തന്നെയായിരുന്നു നേരിട്ട് ഇടപെടലിന് ശക്തിയില്ലാത്ത കേരള ഘടകത്തിലേക്ക് അദ്ദേഹത്തെ നിയോഗിക്കുമ്പോള്‍ ഡല്‍ഹി കോണ്‍ഗ്രസ് മുതലാക്കിയത്. തനിക്ക് കിട്ടിയ ടാസ്‌ക് എത്രത്തോളം കടുത്തതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ സുധീരന്‍ കളി തുടങ്ങി. ഭരണത്തിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയാരാണോ അയാളായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിന്റെ നാക്കും തലയും എന്ന വഴക്കത്തിന് സുധീരന്‍ മാറ്റമുണ്ടാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും നയത്തിലും പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായി. എതിര്‍പ്പുണ്ടായിട്ടും ഉമ്മന്‍ ചാണ്ടിക്കു സുധീരനെ അനുസരിക്കേണ്ടതായി വന്നു. എന്നാല്‍ പോര് ഉറപ്പിച്ച സ്ഥിതിക്ക് തന്റെ പാളയത്തില്‍ വേണ്ടത്ര ആളില്ലാത്തതിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് സുധീരന് നല്ലബോധ്യമുണ്ടായിരുന്നു. ആളെക്കൂട്ടുമ്പോള്‍ അതാരൊക്കെയായിരിക്കണം എന്നും അദ്ദേഹത്തിന്റെ കൈയില്‍ കണക്കുണ്ടായിരുന്നു. പാര്‍ട്ടി തന്നെ അകറ്റിനിര്‍ത്തിയ കാലത്ത് നടത്തിയ നിരീക്ഷീണത്തില്‍ നിന്നും കോണ്‍ഗ്രസിലെ നിരാശാബാധിതരുടെ ലിസ്റ്റ് സുധീരന്‍ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ സുധീരന്‍ പാളയത്തില്‍ നില്‍ക്കുന്നവരിലേറെയും ആ ലിസ്റ്റില്‍പ്പെട്ടവരാണ്.

അടുത്തിടെ പൂര്‍ത്തിയായ പുനസംഘടനയിലൂടെ മിക്കയിടങ്ങളിലും ജംബോ കമ്മിറ്റികള്‍ ഉണ്ടായി വന്നതിനു പിന്നിലും സുധീരന്റെ ഈ നീക്കമായിരുന്നു. ഇപ്പോള്‍ എ ഐ ഗ്രൂപ്പ് നേതാക്കന്മാര്‍ സുധീരനെതിരെ ഉയര്‍ത്തുന്ന ഗ്രൂപ്പ് രൂപീകരണ ആരോപണത്തിന് ഉപയോഗിക്കുന്നതും ഈ ജംബോ കമ്മിറ്റികളെയാണ്. പക്ഷേ സുധീരനെ സംബന്ധിച്ച് ഈ കുറ്റപ്പെടുത്തലുകള്‍ അദ്ദേഹത്തെ ഒരുതരത്തിലും അസ്വസ്ഥതപ്പെടുത്തില്ല. ഓരോ തവണയും ഭാരവാഹി പുനസംഘടനയില്‍ നടക്കുന്നത് എ ഗ്രൂപ്പും ഐ ഗ്രൂപ്പും പിന്നെ ഓരോ നേതാക്കന്‍മാരുടെയും പേഴ്‌സണല്‍ ഗ്രൂപ്പും നല്‍കുന്ന ലിസ്റ്റുകള്‍ പ്രകാരം ആളെ നിയമിക്കലാണ്. ഇവിടെയാണ് സുധീരന്‍ സ്വയം കളിച്ചതും. ഓരോ ജില്ലയിലും തന്റെ പത്തുപേരെയെങ്കിലും സുധീരനും ഉള്‍പ്പെടുത്തി. കെപിസിസിയിലും തന്നെ പിന്തുണയ്ക്കുന്നവരെ പരമാവധി തിരുകി കയറ്റി. തനിക്കെതിരെ വലിയൊരു യുദ്ധം ഉടനുണ്ടാവുമെന്നും അന്ന് ഒപ്പം നിന്നു പൊരുതാന്‍ ആളുവേണമെന്നും മനസിലാക്കി സുധീരനിലെ ദീര്‍ഘദര്‍ശി നടത്തിയ നീക്കം. ഇപ്പോള്‍ എതിരാളികള്‍ പറയുന്നതുപോലെ വേണമെങ്കില്‍ സുധീരനും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവാകുന്നുവെന്ന് ഒരു തരത്തില്‍ സമ്മതിക്കാമെങ്കിലും പ്രത്യക്ഷ ഗ്രൂപ്പുകളിക്ക് അദ്ദേഹം നില്‍ക്കില്ല. മറിച്ച് താന്‍ നടത്തുന്ന ആദര്‍ശപോരാട്ടത്തില്‍ അണികളെ ചേര്‍ക്കുന്നുവെന്ന ലൈനിലായിരിക്കും സുധീരന്‍ ചുവടുവയ്ക്കുന്നത്. ഇതിലൂടെ ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്താനും സാധിക്കും.

ഭരണത്തുടര്‍ച്ചയെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടെങ്കില്‍പ്പോലും ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തില്‍പ്പോലും ഒട്ടും ബലമില്ല. ഉമ്മന്‍ ചാണ്ടിയുടെ ജനപ്രിയതയ്ക്ക് ഉടവു വന്നെന്നും ജനം വെറുത്തുപോയ സര്‍ക്കാരാണിതെന്നു കോണ്‍ഗ്രസുകാര്‍ പോലും അടക്കം പറയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉമ്മന്‍ ചാണ്ടി- രമേശ് ചെന്നിത്തല ദ്വയത്തെ മാത്രം ഇറക്കിയതുകൊണ്ട് കാര്യമില്ലെന്ന് അങ്ങു ഡല്‍ഹിയിലിരിക്കുന്നവര്‍ക്കും അറിയാം. മുച്ചോടെ പിഴുതുപോകാതെ പാര്‍ട്ടിയെ കാത്ത സംസ്ഥാനമാണ്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ തന്നെ കൊടുക്കും. ഇവിടെയാണ് സുധീരന് വീണ്ടും വഴി തുറക്കുന്നത്. ഇടതു വശത്ത് അച്ചുതാനന്ദന്‍ നായകനായി എത്തിയാല്‍ ഇപ്പോഴത്തെ സ്ഥിതിവച്ച് ഉമ്മന്‍ ചാണ്ടിക്ക് ഒന്നും ചെയ്യാനാകില്ല. അപ്പുറത്ത് വി എസ് ആണെങ്കില്‍ ഇപ്പുറത്ത് ഒത്തപ്രതിയോഗി വി എം എന്നു തന്നെയാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ  കോണ്‍ഗ്രസുകാര്‍ സമ്മതിക്കുന്നത്. ഇനിയിപ്പോള്‍ വി എസ്സിനു പകരം വരുന്നത് പിണറായി ആണെങ്കില്‍ സുധീരനിലൂടെ മേല്‍ക്കൈ നേടാനും കഴിയുമെന്ന വിശ്വാസവും കോണ്‍ഗ്രസിനകത്തുണ്ട്. ഇത്തവണ പ്രതിപക്ഷത്തിരിക്കാനാണ് യോഗമെങ്കില്‍ സുധീരന് കെപിസിസി പ്രസിഡന്റ് എന്ന നിലയിലും കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയിലും കുറച്ചുകൂടി ശക്തനാകാന്‍ കഴിയും. തെരഞ്ഞെടുപ്പ് പരാജയം എന്തായാലും ഉമ്മന്‍ ചാണ്ടിക്ക് ഒറ്റയ്ക്ക് ചുമക്കേണ്ടി വരും. താന്‍ നേരിട്ട് ഇടപെടാതെ തന്നെ ഉമ്മന്‍ ചാണ്ടിയെന്ന മലയുടെ അടി മറ്റുള്ളോര്‍ തുരന്നോളുമെന്ന് സുധീരന് അറിയാം. കോണ്‍ഗ്രസുകാരെ സംബന്ധിച്ച് സ്വര്‍ഗവും നരകവും പാര്‍ട്ടിയില്‍ നിന്നു തന്നെ അനുഭവിക്കണമെന്നതാണ് നിയതി തീരുമാനം. അങ്ങനെയാണെങ്കില്‍ കര്‍ത്താവിന്റെ മുന്നില്‍ മുട്ടുകുത്താനുള്ള സമയം ഉമ്മന്‍ ചാണ്ടിക്ക് ആഗതമായിരിക്കുന്നു. ഇനി കര്‍ത്താവിന്റെ തീരുമാനം മറിച്ചാണെങ്കില്‍, അതായത് ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ വരച്ചതിന് നീളം ബാക്കിയാണെങ്കില്‍ സുധീരന്‍ നല്ല സമരിയാക്കാരനെ പോലെ കുഞ്ഞൂഞ്ഞിന് ഓശാന പാടും. പുതുപ്പള്ളി അടവുകളോട് പടവെട്ടാന്‍ താന്‍ ആയിട്ടില്ലെന്ന് അന്തിക്കാട്ടുകാരന് നന്നായി അറിയാം. പന ഉണങ്ങാന്‍ കാത്തിരിക്കുകയെ പിന്നെ വഴിയുള്ളൂ.

പക്ഷെ മറ്റൊരു ലക്ഷ്യം സുധീരന്‍ ഇതിനിടയില്‍ നേടിയെടുക്കും. താനിപ്പോള്‍ ഇരിക്കുന്ന കസേരയില്‍ തനിക്കു മുന്നിരുന്ന രമേശ് ചെന്നിത്തലയെ ഇല്ലാതാക്കുക എന്നതാണ് ആ ലക്ഷ്യം. അതിനുള്ള ചീട്ടുകള്‍ ഇറക്കി കഴിഞ്ഞു. സ്വപ്‌നങ്ങള്‍ ഒത്തിരിയുള്ളയാളും എന്നാല്‍ അതിലേക്കെത്താനുള്ള ഇന്ധനം അധികമൊന്നും ഇല്ലാത്ത കോണ്‍ഗ്രസുകാരനുമാണ് ചെന്നിത്തല. കരുണാകരന്റെ ഒരു ഗുണവും കിട്ടാത്ത ശിഷ്യന്‍. ആകെയറിയാവുന്നത് കോണ്‍ഗ്രസിന്റെ ആസ്ഥാനകലയായ പിന്നില്‍ കുത്താണ്, അതില്‍പ്പോലും അത്രകണ്ടങ്ങ് അവഗാഹവുമില്ല. മറ്റുള്ളവര്‍ ചേര്‍ന്നു സ്വന്തം നേതാവിനെ കുഴിയില്‍ ഇറക്കുന്നതു മാറി നിന്നു കണ്ടും മനസിലാക്കിയതേയുള്ളൂ. ഇനി എനിക്ക് മുഖ്യമന്ത്രിയാവണം എന്നു തോന്നലുണ്ടായപ്പോള്‍ തൊട്ട് അതുവരെ ചാരി നിന്ന ഉമ്മന്‍ ചാണ്ടിയെ തള്ളിമാറ്റി സ്വന്തമായി ആളെക്കൂട്ടാന്‍ തുടങ്ങിതാണ്. കുറച്ചുപേരൊക്കെ വന്നു. വിശാല ഐ എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കി. പക്ഷേ അതിലുള്ളവരൊക്കെ ഉമ്മന്‍ ചാണ്ടി ഭക്തരായ ഐ ഗ്രൂപ്പുകാരാണെന്നു മാത്രം. എന്നും സ്വന്തം നേട്ടത്തിനു വേണ്ടി മാത്രം നടന്ന ഒരാളില്‍ അത്രകണ്ട് വിശ്വസിക്കേണ്ടെന്നു മറ്റുള്ളവര്‍ക്ക് അറിയാം. ഒറ്റ തിരിഞ്ഞും കൂട്ടത്തില്‍ ചേര്‍ന്നും ഉമ്മന്‍ ചാണ്ടിക്കെതിരെ ആക്രമണങ്ങള്‍ നടത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്തെന്നു കരുതിയിരിക്കുമ്പോഴാണ് സുധീരന്റെ രംഗപ്രവേശം. അധികനേരം വേണ്ടി വന്നില്ല ഉമ്മന്‍ ചാണ്ടിക്കൊപ്പം ഡല്‍ഹിക്കുപോകാന്‍ ഉടുപ്പിട്ട് ഇറങ്ങാന്‍. പക്ഷേ ഒന്നും നടന്നില്ല. എതിരാളികള്‍ രണ്ടുപേരായതോടെ ആടുകളെ തമ്മില്‍ ഇടിപ്പിച്ചു ചോരകുടിക്കാമെന്ന കുറുക്കന്‍ ബുദ്ധി പ്രയോഗിക്കാന്‍ ശ്രമം തുടങ്ങി. രണ്ടു കുറുക്കന്മാര്‍ക്കിടയിലെ ആടാണ് താനെന്നും താനൊരിക്കലും അവര്‍ക്കു മുന്നിലെ ഭീകരജീവിയാകില്ലെന്നും ഇപ്പോള്‍ ബോധ്യമായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴെടുത്തിരിക്കുന്ന ബുദ്ധി മുടിഞ്ഞ കരുണാകര ഭക്തിയാണ്. ഗുരുവായൂരില്‍ വരെ പോവുന്നുണ്ട്. മല കയറി ശാസ്താവിനെ കാണാറുണ്ടെന്ന് തെളിയിക്കാന്‍ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഇടാറുമുണ്ട്. അതിനു പിന്നില്‍ മറ്റൊരു കാഞ്ഞബുദ്ധി കൂടിയുണ്ട്. താനൊരു സവര്‍ണ നായരാണെന്നും അതോടൊപ്പം ഭൂരിപക്ഷസമുദായങ്ങളുടെ പ്രതിനിധിയാണെന്നും തെളിയിക്കണം. നമ്മളിലൊരാളായ രമേശ് ചെന്നിത്തലയെന്നു അഖിലലോക നായന്മാരുടെ മാര്‍പ്പാപ്പ പെരുന്നയിലെ വേദിയിലിരുത്തി സുഖിപ്പിച്ചപ്പോള്‍ ഞെളിഞ്ഞിരുന്നതൊക്കെ അതിന്റെ ഭാഗമായാണ്. നായന്മാരെക്കാള്‍ എണ്ണത്തില്‍ കൂടിയ ചോകോമ്മാരെ പിണക്കാതിരിക്കാന്‍ വെള്ളപ്പള്ളിയോ തോണ്ടാനും നുള്ളാനുമൊന്നും പോകുന്നുമില്ല. അങ്ങനെയങ്ങനെ ഭൂരപക്ഷത്തിന്റെ നേതാവെന്ന സ്ഥാനം നേടിയെടുത്ത് സുധീരന്റെയും ഉമ്മന്‍ ചാണ്ടിയുടെയുമെല്ലാം തലയക്കു മുകളിലൂടെ പറക്കാനാണ് ഹരിപ്പാടുകാരന്റെ കണക്കുകൂട്ടലുകള്‍.

ഈ അപക്വതകള്‍ കണ്ടു തന്നെയാണ് തനിക്കു പെട്ടെന്നു വെട്ടി തോല്‍പ്പിക്കാവുന്ന ചീട്ടുമാത്രമാണ് രമേശ് ചെന്നിത്തലയെന്ന ആത്മവിശ്വാസം സുധീരനില്‍ നിറഞ്ഞത്. കളത്തില്‍ താനും ഉമ്മന്‍ ചാണ്ടിയും മാത്രം മതി. വെള്ളാപ്പള്ളിയെ പത്തുപറഞ്ഞാല്‍ അത്രയും ഈഴവ പിന്തുണ ഉണ്ടാകുമെന്ന ചിന്തിച്ച തല കോണ്‍ഗ്രസില്‍ സുധീരനെയുണ്ടായിരുന്നുള്ളൂ. മറുവശത്ത് അച്ചുതാനന്ദനും സിപിഐഎമ്മും കളിച്ച കളി ഇപ്പുറത്ത് സുധീരന്‍ ഒറ്റയ്ക്കു കളിച്ചു. അതിന്റെ അഡ്വാന്റേജ് പാര്‍ട്ടിക്കു കിട്ടിയില്ലെങ്കിലും സുധീരന് കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ പരമാവധി ജനപിന്തുണയുണ്ടാക്കാനാണ് കെപിസിസി പ്രസിഡന്റ് നോക്കുന്നത്. തങ്ങള്‍ക്ക് പുകഴ്ത്തി പറയാന്‍ പറ്റുന്ന നേതാവിനെ സര്‍വസ്വമായി കരുതുന്നവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോള്‍വരെ അത് ഉമ്മന്‍ ചാണ്ടിയാണ്. പക്ഷെ ഉമ്മന്‍ ചാണ്ടിയുടെ ജനപ്രിയത പണ്ടേപോലെ ഫലിക്കുന്നില്ല. ബാറും സരിതയുമൊക്കെയായി ഉമ്മന്‍ ചാണ്ടിക്കുള്ള ചേരുംപടികള്‍. ഉമ്മന്‍ ചാണ്ടി മാറുന്ന ഒഴിവിലേക്കുള്ള ക്വാളിഫിക്കേഷന്‍ ടെസ്റ്റ് നിലവില്‍ പാസായിരിക്കുന്നത് വി എം സുധീരന്‍ മാത്രമാണ്. മാധ്യമങ്ങളോ കോണ്‍ഗ്രസ് നേതാക്കളോ വലിയ പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും സുധീരന്റെ പ്രസംഗം കേള്‍ക്കാനും നേതാവിനെ കാണാന്‍ ജനങ്ങള്‍ എത്തുന്നുണ്ട്. അതു നല്ല സൈനാണ്. അതുകൊണ്ടു തന്നെ, മുല്ലപ്പള്ളിമാര്‍ പിണങ്ങിയാലും സുധീരന്‍ തളരില്ലെന്നു ചുരുക്കം…

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍