UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെജിറ്റേറിയന്‍ സുധീരനും നോണ്‍ വെജ് മുരളീധരനും

‘Politics is the last resort of a scoundrel’ എന്ന് ബര്‍ണാഡ് ഷാ പറഞ്ഞപ്പോള്‍, കേരളത്തിലെ 90 ശതമാനത്തിലേറെ വരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചേര്‍ന്ന, ഇത്ര വ്യക്തമായ ഒരു വിശകലനമാണ് ഷാ നടത്തുന്നത് എന്ന് അന്ന് ആരും കരുതിക്കാണില്ല.

ബര്‍ണാഡ്ഷായുടെ വിലയിരുത്തലിനു ശേഷം എത്രയോ വര്‍ഷം കഴിഞ്ഞാണ് സി.ജെ.തോമസ് ഖദര്‍വസ്ത്രം ധരിച്ചു വന്ന തന്നെ കണ്ടാല്‍ ഒരു കൊള്ളക്കാരനാണെന്നു തോന്നുമോ എന്ന സംശയം പ്രകടിപ്പിച്ചത്.

വലതുപക്ഷം രാവും പകലും കര്‍മ്മനിരതരാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ പണി തുടങ്ങിയ ചില ഒറ്റ എം.എല്‍.എ. പാര്‍ട്ടികള്‍ നടത്തുന്ന കഠിനാധ്വാനം കണ്ട് കൊള്ളസംഘത്തലവന്‍മാര്‍ പോലും അത്ഭുതപ്പെട്ടുപോയി. കര്‍മ്മം ചെയ്താല്‍ മതി; ഫലം ഇച്ഛിക്കരുത് എന്ന് പണ്ട് ആരോ പറഞ്ഞതിന് അവര്‍ ഒരു തിരുത്തുവരുത്തി. ഫലം നിശ്ചയിച്ച് ഉറപ്പിച്ചശേഷമേ കര്‍മ്മം തുടങ്ങാവൂ.

അത്തരമൊരു മഹാകര്‍മ്മത്തിന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും നടുവില്‍ നിന്നും ഉമ്മന്‍ചാണ്ടി നേതൃത്വം കൊടുക്കുന്നതിനിടയിലാണ് ഹൈക്കമാന്‍ഡ് വി.എം.സുധീരനെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവായി കെട്ടിയിറക്കിയത്. അത് കര്‍മ്മസപര്യയ്ക്ക് വിഘ്‌നം വരുത്തുമെന്ന് അതിനു മുമ്പുതന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നതാണ്. സോണിയയും രാഹുലും അത് കേട്ടില്ല. അവര്‍ ചെയ്തുവരുന്ന അതേ പ്രവൃത്തിയാണ് തങ്ങള്‍ കേരളത്തില്‍ ചെയ്തുവരുന്നതെന്നും, എ.ഐ.സി.സി.യുടെ പ്രസിഡന്റായി എ.കെ.ആന്‍ണിയെ നിയമിക്കുന്നതുപോലെ ആത്മഹത്യാപരമായ ഒരു തീരുമാനമാണ് സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കുന്നതെന്നും അറിയാവുന്ന ഇംഗ്ലീഷില്‍ ഇരുവരും സോണിയയോടു പറഞ്ഞതാണ്. പറഞ്ഞത് മനസിലാകാത്തത് കൊണ്ടാകാം. നേരെ വിപരീതമായാണ് കാര്യങ്ങള്‍ നടന്നത്. 

സ്ഥാനമേറ്റ അന്നു മുതല്‍ സുധീരന്‍ കുത്സിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കേരളത്തില്‍ ഇനി ഗ്രൂപ്പുകളില്ല എന്ന് സോണിയയെ കൊണ്ട് പറയിപ്പിച്ചു. അതുകേട്ട് ഉമ്മന്‍ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും കയ്യടിക്കേണ്ടിവന്നു. മദാമ്മയ്‌ക്കെതിരുനിന്നാല്‍ പടിയ്ക്ക് പുറത്താകുമെന്ന് ഗ്രൂപ്പുകാര്‍ ഭയപ്പെട്ടു. അതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സുധീരന്‍ വാക്കുകളിലൂടെയും ചില പ്രവൃത്തികളിലൂടെയും വ്യക്തമാക്കി.

തുടര്‍ന്നാണ് സുധീരന്‍ മാരകമായ ആ പ്രഹരം നടത്തിയത്. മദ്യലോബിക്കെതിരെയുള്ള സമരം. അതോടെ കോണ്‍ഗ്രസ് നേതാക്കളുടെ തനിനിറം പുറത്തായി. 916 സ്വര്‍ണ്ണമെന്ന് ജനം കരുതിയ വി.ഡി.സതീശന്‍ പോലും ഒറ്റരാത്രികൊണ്ട് വെറും ചെമ്പാണെന്നുതെളിഞ്ഞു. സാധാരണ ഇത്തരം യാത്രകളില്‍ നിന്നും വ്യത്യസ്തമായി, എ – ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദമായ  പാരവയ്പ്പുകള്‍ ഉണ്ടായിട്ടും, പൊതുജനങ്ങള്‍  സുധീരന്റെ മീറ്റിംഗുകളില്‍ ധാരാളമായി പങ്കെടുത്തു. അതിനു കാരണം സുധീരന്‍ എന്ന വ്യക്തിയുടെ ക്രെഡിബിലിറ്റിയാണ്. സുധീരന്‍ ആവശ്യത്തിലേറെ ആദര്‍ശം പറയുന്ന നേതാവാണ് എന്ന് പറയുന്നവര്‍ പോലും സുധീരന്‍ അഴിമതിക്കാരനാണെന്നോ മദ്യലോബിയുടെ ആളാണെന്നോ പറയില്ല. ഒരു പക്ഷേ, വി.ഡി.സതീശന്‍ എന്ന അത്യന്താധുനിക കുറുക്കന്‍ ഒഴിച്ച്.

ആ സെലിബ്രിറ്റി ഫാക്ടര്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്വസ്ഥത കെടുത്തുന്നത്. 20 കൊല്ലം അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടാല്‍ തങ്ങളെ സ്വന്തം വീട്ടുകാര്‍ പോലും തിരിച്ചറിയില്ലെന്ന് ഇരുവര്‍ക്കും നല്ല പോലെ അറിയാം.

മറ്റൊരു വി.എസ്. ആയി മാറുകയാണോ സുധീരന്‍? വി.എസിന് സംസ്ഥാന നേതൃത്വത്തിന്റെയോ പൊളിറ്റ്ബ്യൂറോയുടെയോ പിന്തുണയില്ലായിരുന്നു. തീര്‍ത്തും ഒറ്റയാള്‍പോരാട്ടം. സുധീരന്റെ കാര്യം അങ്ങനെയല്ല. സംസ്ഥാന പ്രസിഡന്റാണ്. ഹൈക്കമാന്‍ഡിന്റെ നോമിനിയാണ്. എ.കെ.ആന്റണിയുടെ ശബ്ദമാണ്. ആന്റണിയേക്കാള്‍ ഭംഗിയായി രാഷ്ട്രീയം കൈകാര്യം ചെയ്യാനറിയുന്നയാളാണ്. വെള്ളാപ്പള്ളിയെപ്പോലുള്ള മുരട്ടുകാളകളെ കൊമ്പില്‍പിടിച്ച് എറിഞ്ഞവനാണ്. ആന്റണിയെ പുകച്ചു പുറത്തുചാടിച്ചതുപോലെ എളുപ്പമാകില്ല സുധീരനെ ഇല്ലായ്മ ചെയ്യുന്നത് എന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് നല്ലവണ്ണം അറിയാം. ഉമ്മന്‍ചാണ്ടിക്ക് സുധീരന്റെ മാത്രം കാര്യം നോക്കിയാല്‍ മതി. ചെന്നിത്തലയ്ക്ക് അങ്ങനെയാണോ? ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും കാര്യം നോക്കണം. സുധീരന്‍ അകത്തു വരരുത്, ഉമ്മന്‍ചാണ്ടി പുറത്താകുകയും വേണം. എങ്കില്‍ മാത്രമേ, കേരള മുഖ്യമന്ത്രി എന്ന തന്റെ സ്വപ്നം പൂവണിയൂ. എങ്കില്‍ മാത്രമേ, ഇഷ്ടംപോലെ കായ്കനികള്‍ പറിയ്ക്കാന്‍ കഴിയൂ.

സുധീരന്റെ ഇമേജു തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സ്വന്തം ഭൂതഗണങ്ങളെ വിട്ടപ്പോള്‍ സുധീരനേയും ഉമ്മന്‍ചാണ്ടിയേയും ഒറ്റയടിക്ക് ശരിപ്പെടുത്താന്‍ ചെന്നിത്തല ഔദ്യോഗിക-അനൗദ്യോഗിക ഭൂതഗണങ്ങളെ അഴിച്ചുവിട്ടു.

ബെസ്റ്റ് ഓഫ് അഴിമുഖം 

കോണ്‍ഗ്രസിനെ നന്നാക്കിയെടുക്കാന്‍ സുധീരനാകുമോ?
സുധീരൻ ചെന്നിത്തല ആകുമ്പോൾ….
അച്ചടക്കവും ആദര്‍ശവും സുധീരന്റെ മാത്രം കുത്തകയല്ല
ആദർശ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയെ പൊളിച്ചടുക്കുമോ?
നില്‍പ്പുസമര വേദിയിലെത്താന്‍ സുധീരന് വേണ്ടി വന്നത് 118 ദിവസം

ജനപക്ഷയാത്രയ്ക്കു കോട്ടയത്തു നല്‍കിയ സ്വീകരണത്തില്‍ സുധീരനോടൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്ന ഒരാള്‍ ആപ്പിള്‍ ട്രീ തട്ടിപ്പു കേസിലെ പ്രതിയാണ്. സുധീരനോടൊപ്പം ടിയാന്‍ ഇരിക്കുന്ന പടം ജനപക്ഷയാത്രയുടെ ഫേസ്ബുക്കില്‍ തന്നെ പോസ്റ്റ് ചെയ്താണ് ഉമ്മന്‍ചാണ്ടിയുടെ ഭൂതഗണങ്ങള്‍ സുധീരനെതിരെ ജനവികാരം ഉണര്‍ത്താന്‍ ശ്രമിച്ചത്.

ആപ്പിള്‍ ട്രീ തട്ടിപ്പു വീരന്‍ – കോട്ടയം ഡി.സി.സി. അംഗമാണ്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ്. ഇത്തരം ആളുകള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം അന്തിയുറങ്ങിയാലും അത് ഉമ്മന്‍ചാണ്ടിയുടെ ഇമേജിനെ ബാധിയ്ക്കില്ല. എന്നാല്‍, അവര്‍ സുധീരനോടൊപ്പം സ്റ്റേജ് പങ്കിട്ടാല്‍, അത് സുധീരന്റെ അറിവോടെയല്ലെങ്കില്‍ പോലും, സുധീരന്റെ ഇമേജിനെ ബാധിക്കും. വാസ്തവത്തില്‍, ഇതാണ് ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം.

ചെന്നിത്തലയുടെ ഭൂതഗണങ്ങള്‍ സുധീരന്റെ മദ്യവിരുദ്ധ നിലപാട് പൊളിയ്ക്കുവാന്‍ തെളിവുകള്‍ പോലും ഉണ്ടാക്കി. കെ.പി.സി.സി. സെക്രട്ടറിയും ചെന്നിത്തലയുടെ ഗ്രൂപ്പുകാരനുമായ ഒരു മാന്യദേഹം ജനപക്ഷയാത്രയ്ക്ക് ഏതോ ഒരു മദ്യകച്ചവടക്കാരന്റെ കൈയ്യില്‍ നിന്ന് അയ്യായിരം രൂപ സംഭാവന വാങ്ങി, രസീതും കൊടുത്തു. എന്നിട്ട്, രസീതിന്റെ ഫോട്ടോകോപ്പി പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എത്തിച്ചുകൊടുത്തു.

ഏതായാലും, ഇത്തവണ സുധീരന്‍ ലക്ഷ്യം നോക്കിത്തന്നെ കാഞ്ചിവലിച്ചു. കോട്ടയം ജില്ലയില്‍ നടന്ന രണ്ടു സംഭവങ്ങളേയും കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കന്‍ ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനെത്തന്നെ നിയോഗിച്ചു. മാത്രമല്ല, നീക്കത്തിന് എ.ഐ.സി.സി.യുടെ അനുവാദവും വാങ്ങി. വൈകിയില്ല.തലകള്‍ ഉരുളുക തന്നെ ചെയ്തു.

സുധീരന്‍ അടുത്ത വെടിപൊട്ടിച്ചത് ഉമ്മന്‍ചാണ്ടിയുടേയും കെ.ബാബുവിന്റെയും വി.ഡി.സതീശന്റെയും മറ്റും നെഞ്ചിലായിരുന്നു. ബാറുകച്ചവടക്കാരുടെ വോട്ടും പണവും വേണ്ട എന്ന്  സുധീരന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പ്രസ്താവിച്ചു. മാത്രമല്ല, മദ്യപന്‍മാരെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്ന കാര്യം പുനഃപരിശോധിക്കേണ്ടിവരുമെന്നും പറഞ്ഞു. അതൊരു തമാശയാണെന്ന് സുധീരനും അറിയാം. അങ്ങനെ വന്നാല്‍, കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ മദ്യവിരുദ്ധസമിതിയുടെ മദ്യപിയ്ക്കാത്ത പ്രവര്‍ത്തകരെ വേണ്ടിവരും. (സുധീരന്‍ അത്ര കടന്നൊന്നും ചെയ്തില്ലെങ്കിലും, ഏറ്റവും കുറഞ്ഞത് കെ.പി.സി.സി. യോഗങ്ങളിലും മന്ത്രിസഭാ യോഗങ്ങളിലും സത്യപ്രതിജ്ഞാ ചടങ്ങുകളിലും ഗാന്ധിജയന്തി ചടങ്ങുകളിലുമെങ്കിലും കോണ്‍ഗ്രസുകാര്‍ മദ്യപിക്കാതെ എത്തണമെന്ന് നിര്‍ബന്ധിച്ചാല്‍ കൊള്ളാം. കാര്യം നടക്കണമെന്നില്ല.)

കാര്യങ്ങള്‍ അതിരു കടക്കുന്നു എന്നു മനസ്സിലാക്കിയതോടെ ബാറുകാരുടെ ഏജന്റുമാര്‍ എല്ലാം ഒന്നിച്ചു. അവര്‍ തമ്മിലുള്ള എ-ഐ വ്യത്യാസങ്ങള്‍ തല്‍ക്കാലം മറന്നു. കെ.പി.സി.സി. പ്രസിഡന്റ് ഔദ്യോഗികമായി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നു വരെ ചിലര്‍ പറഞ്ഞു.

ഏറ്റവും മൂര്‍ച്ചയുള്ളനാവുകൊണ്ട് സുധീരനെ തലങ്ങും വിലങ്ങും വെട്ടിയത് മുന്‍ കെ.പി.സി.സി. പ്രസിഡന്റുകൂടിയായ കെ.മുരളീധരനാണ്. അങ്ങനെയാണ് കര്‍മ്മകുശലനായ ഒരാള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിയ്‌ക്കേണ്ടത്. ‘എനിക്കൊരു സാദാ പാര്‍ട്ടി മെമ്പര്‍ഷിപ്പ് തരണേ’ എന്നു ആരോടെന്നില്ലാതെ യാചിച്ചുകൊണ്ട് കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ രണ്ടുവര്‍ഷത്തിലേറെ മുരളീധരന്‍ തളരാതെ നടന്നു.  അണക്ക് എട്ട് എന്ന നിലയില്‍ ആര്‍ക്കും ഏതുസമയവും കിട്ടുന്ന ഈ മെമ്പര്‍ഷിപ്പാണ് മുരളീധരന് നിഷേധിച്ചത്. ആള് ഏതാണ് ഇനമെന്ന്  അതില്‍ നിന്നുതന്നെ മനസ്സിലാക്കാം. അന്ന് മുരളീധരനുവേണ്ടി പരസ്യമായി വാദിച്ച ഒരൊറ്റ കോണ്‍ഗ്രസ് നേതാവേ ഉണ്ടായിരുന്നുള്ളു. വി.എം.സുധീരന്‍. അച്ഛനെ ചീത്തപറഞ്ഞു നടന്ന മകന് ഇതൊക്കെ എത്ര നിസ്സാരം!

കേരളത്തില്‍ എണ്ണൂറോളം ബാറുകളേ ആകെയുള്ളു. ബാര്‍ മുതലാളിമാരുടെ എണ്ണം അതിലും കുറയും. കാരണം പലര്‍ക്കും ഒന്നിലേറെ ബാറുകള്‍ ഉണ്ട്. ഈ ബാര്‍ മുതലാളിമാരുടെ വോട്ടും പണവും വേണ്ട എന്നു പറയുമ്പോള്‍ എന്തിനാണ് ഈ നേതാക്കള്‍ ഇത്രയേറെ കലികൊള്ളുന്നത്? എണ്ണൂറ് ബാര്‍ മുതലാളിമാര്‍ക്ക് എണ്ണൂറ് വോട്ടല്ലാതെ എണ്‍പതിനായിരം വോട്ടുവരില്ലല്ലോ. പിന്നെ, അവരുടെ പണം. അവരുടെ പണം വാങ്ങി അവര്‍ക്കുവേണ്ടി ഭരണം നടത്താനാണെങ്കില്‍ അത് അവര്‍ തന്നെ നേരിട്ടു നടത്തിയാല്‍ പോരേ? എന്തിനാണ് രാഷ്ട്രീയക്കാരെന്ന ഇടനിലക്കാര്‍?

ജനപക്ഷയാത്രയില്‍ സുധീരന്‍ ഭരണനേട്ടങ്ങള്‍ എടുത്തുകാട്ടുന്നില്ല എന്നതാണ് മുരളീധരന്റെ ഒരു പരാതി. വാസ്തവത്തില്‍ അതല്ലേ സുധീരന്‍ ചെയ്യുന്ന ഏറ്റവും നല്ല പ്രവൃത്തി?

ഏതു ഭരണനേട്ടമാണ് എടുത്തുകാട്ടേണ്ടത്?  ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനക്കാരെ രക്ഷപ്പെടുത്തി രാഷ്ട്രീയ വിലപേശല്‍ നടത്തിയതോ? കരിമണല്‍ ഖനനകേസില്‍  കാര്യങ്ങള്‍ വ്യക്തമാക്കാത്തതുകൊണ്ട് മാത്രം ഗവണ്‍മെന്റ് തീരുമാനത്തിനെതിരെ നേടിയ സിംഗിള്‍ബഞ്ച് വിധിയോ? അതിനെതിരെ അപ്പീലിനു പോകാന്‍ 20 മാസത്തിലേറെ എടുത്ത കര്‍മ്മകുശലതയോ? (സലീംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് സിംഗിള്‍ ബഞ്ച് വിധി വന്ന് മൂന്നുമണിക്കൂറിനകം ഡിവിഷന്‍ ബഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയ അതേ സര്‍ക്കാരും അതേ അഡ്വക്കേറ്റ് ജനറലും തന്നെ.) മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരായി സത്യവാങ്മൂലം ഫയല്‍ ചെയ്തതോ? ടോം ജോസ് എന്ന ഐ.എ.എസുകാരനെ വച്ചുകൊണ്ട് കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി.യ്ക്ക് കൊടുക്കാതെ സ്വകാര്യ കമ്പനിയ്ക്കു കൊടുക്കാന്‍ നടത്തിയ നീക്കങ്ങളോ? കൊച്ചി മെട്രോ മുതല്‍ വേളിയിലെ കാബറെ ഹോട്ടല്‍ വരെ വില്‍പ്പനയ്ക്കുവച്ച എമര്‍ജിംഗ് കേരളയെക്കുറിച്ചോ? സകലനിയമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ട് ആറന്‍മുള വിമാനക്കമ്പനിയുടെ ഷെയര്‍ എടുത്തതോ? കാടിനുള്ളില്‍ അനധികൃത ഖനനം ചെയ്യാനുള്ള മൗനാനുമതി കൊടുത്തതോ? സകല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കൂട്ടിക്കൊടുപ്പുകളുടെയും അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും വിളനിലമായി തന്റെ ഓഫീസും ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും മാറിയിട്ടും ഞാനൊന്നുമറിഞ്ഞില്ല എന്നു പറഞ്ഞുനടക്കുന്ന അറുവഷളന്‍ മുഖ്യമന്ത്രിയെക്കുറിച്ചോ? സരിതയുടെ പാവാടച്ചരടില്‍ കുറേ മന്ത്രിമാര്‍ ഏറെനാള്‍ കുടുങ്ങിക്കിടന്നതിനെക്കുറിച്ചോ? ഒരു മന്ത്രിയുടെ ഭാര്യ അയാള്‍ക്കെതിരെ ഗാര്‍ഹികപീഢനനിരോധന നിയമമനുസരിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെക്കുറിച്ചോ? പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വീണ്ടും അന്വേഷിക്കണമെന്ന് കോടതി പറഞ്ഞതിനെക്കുറിച്ചോ? ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും ഉള്ള പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കോടതി പറഞ്ഞതിനെക്കുറിച്ചോ? ട്രഷറി കാലിയായതിനെക്കുറിച്ചോ? ധനമന്ത്രിക്ക് കൈക്കൂലി  കൊടുത്തുവെന്ന് ഒരു ബാറുമുതലാളി തുറന്നുപറഞ്ഞിട്ടും ഒന്നും സംഭവിയ്ക്കാത്തതുപോലെ  പോകുന്ന മന്ത്രിയെക്കുറിച്ചോ? തന്റെ കൈയില്‍ പല മഹാന്മാരുടെയും യഥാര്‍ത്ഥചിത്രമുണ്ടെന്ന്  അഴിമതിക്കേസില്‍ പിടിയിലായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ട് നിശബ്ദമായിരിക്കുന്ന മന്ത്രിസഭയെക്കുറിച്ചോ?

സുധീരന് രാഷ്ട്രീയം അറിയില്ല എന്നതാണ് മുരളീധരന്റെ കണ്ടുപിടുത്തം. രാഷ്ട്രീയം മുരളീധരനില്‍ നിന്നു തന്നെ കണ്ടുപഠിയ്ക്കണം. പഠിയ്ക്കാന്‍ ഉഴപ്പന്‍. നാട്ടില്‍ അലമ്പന്‍. ദുബായില്‍ ജോലിതരമാക്കി കൊടുത്തിട്ടും അതുകളഞ്ഞ് നാട്ടില്‍ വന്ന് അച്ഛന്റെ കെയര്‍ഓഫില്‍  നേരിട്ട് എം.പി.യായി. ആ കാലയളവില്‍ സമ്പാദിച്ച സ്വത്തിനെക്കുറിച്ച് ധാരാളം കഥകളും ഉപകഥകളും കേട്ടിരുന്നു. ഏതെങ്കിലും കെട്ടിടമോ  ഭൂമിയോ കണ്ടിഷ്ടപ്പെട്ടാല്‍ ഉടമസ്ഥന്‍ എം.പി. പറയുന്ന വിലയ്ക്ക് അത് എം.പി.യ്ക്ക് വിറ്റിരിക്കും. ഏതാണ്ടൊരു പഴയ ജയലളിത മോഡല്‍.

പിന്നീടാണ് അച്ഛന്‍ മകനെ കെ.പി.സി.സി. പ്രസിഡന്റായി വാഴിക്കുന്നത്. പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയില്‍ നിന്ന് രാജി എഴുതി മേടിയ്ക്കുകയായിരുന്നത്രേ. കെ.പി.സി.സി. പ്രസിഡന്റായിരിക്കെ പാര്‍ട്ടി പിളര്‍ത്തി ഡി.ഐ.സി. (കെ) എന്ന പാര്‍ട്ടിയുണ്ടാക്കി, അതിന്റെ പ്രസിഡന്റായി. പുതിയ പാര്‍ട്ടി ക്ലച്ചുപിടിക്കുന്നില്ല എന്നു കണ്ട് കൂടെ നിന്ന പലരും തിരിച്ച് കോണ്‍ഗ്രസില്‍ ചേക്കേറി. മുരളീധരന്‍ എന്‍.സി.പി.യില്‍ ചേര്‍ന്ന് അതിന്റെ പ്രസിഡന്റായി. ആ സ്ഥാനത്തിരുന്നുകൊണ്ടുതന്നെ കോണ്‍ഗ്രസില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റിനെ പാര്‍ട്ടി പുറത്താക്കി. പിന്നെ രണ്ടുകൊല്ലം കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പിന് യാചിച്ച് തെണ്ടിനടന്നു. 2011 ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. എം.എല്‍.എ.യായി.

ഈ രാഷ്ട്രീയം കളിക്കാന്‍ സുധീരന് അറിയില്ല എന്നാണ് മുരളീധരന്‍ പറയുന്നത്.

സുധീരന്‍ ജനപക്ഷയാത്രയില്‍ പരിസ്ഥിതിയെക്കുറിച്ച് ആണ് സംസാരിക്കുന്നത് എന്നാണ് അടുത്ത പരാതി. 1992 -ല്‍ ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജനീറോവില്‍ വച്ച് യു.എന്‍. സംഘടിപ്പിച്ച ‘എര്‍ത്ത്‌ സമ്മിറ്റി’നെ കുറിച്ച്  മുരളീധരന്‍ കേട്ടിട്ടുണ്ടോ?  172 രാജ്യങ്ങള്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ 116 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു. അന്നവര്‍ ചര്‍ച്ച ചെയ്തത് പരിസ്ഥിതിയെക്കുറിച്ചായിരുന്നു. ലോകത്തിന്റെ തന്നെ രാഷ്ട്രീയം ഉരുത്തിരിയുന്നത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ബുദ്ധിയുള്ളവര്‍ അന്നേ അറിഞ്ഞിരുന്നു. അതിനു വളരെ മുമ്പുതന്നെ, 1975-77 കാലഘട്ടത്തില്‍ തന്നെ, കേരളത്തില്‍ പരിസ്ഥിതി രാഷ്ട്രീയം ഉടലെടുത്തിരുന്നു. അതുകൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിച്ചിട്ടും സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത്.

സുധീരന്റേത് പച്ചക്കറിയാത്രയാണ് എന്നാണ് മുരളീധരന്റെ അടുത്ത വെളിപാട്. പച്ചക്കറിയാത്രയെക്കുറിച്ച് പറഞ്ഞപ്പോഴാണ് 2004 ആദ്യം മുരളീധരന്‍ നടത്തിയ ഒരു നോണ്‍വെജിറ്റേറിയന്‍ യാത്രയെക്കുറിച്ച് ഓര്‍മ്മവന്നത്.

അന്ന് മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്നു. അച്ഛനും മോനും കൂടി പാര്‍ട്ടിയേയും ഹൈക്കമാന്‍റിനേയും വെല്ലുവിളിച്ചു നടക്കുന്ന കാലം. ആയിടയ്ക്ക് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വച്ച് കരുണാകര-മുരളീധര ഗ്രൂപ്പിന്റെ ഒരു പൊതുയോഗം നിശ്ചയിച്ചു. യോഗത്തില്‍ വച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും അതിന്റെ പ്രഖ്യാപനം നടത്തുമെന്നും ഏറെക്കുറെ ഉറപ്പായിരുന്നു. 11 മണിയോടെ അച്ഛനും മകനും സജ്ജീകരണങ്ങള്‍ നേരിട്ടു കണ്ട് ഉറപ്പുവരുത്താന്‍ ടാഗോര്‍ തീയേറ്ററില്‍ എത്തി. അവിടെ നിന്ന് മുരളീധരന്‍ നേരെ കെ.പി.സി.സി. ഓഫീസിലേക്ക് പോയി. അപ്പോള്‍ ഹൈക്കമാന്റില്‍ നിന്ന് ആരോ കാണാന്‍ വരുന്നു എന്ന സന്ദേശം കിട്ടി. ഹൈക്കമാന്‍ഡ് അവസാന നിമിഷം ഒത്തുതീര്‍പ്പു ഫോര്‍മുലയുമായെത്തുന്നു എന്നാണ് മുരളി കരുതിയത്. ഹൈക്കമാന്‍ഡ് പ്രതിനിധി മുരളീധരന് ഒരു സി.ഡി. കൊടുത്തു. 30 മിനുട്ട് കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു. ആയിടയ്ക്ക് മുരളി ദില്ലിയിലേക്കു നടത്തിയ ഒരു ‘നോണ്‍-വെജിറ്റേറിയന്‍’ യാത്രാവിശേഷമായിരുന്നു സി.ഡി.യില്‍. കൃത്യം 30 മിനുട്ട് കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു. സി.ഡി.യുടെ പകര്‍പ്പ് പത്രക്കാരുടെ കൈയ്യില്‍ കൊടുക്കണമോ അടുത്ത ദിവസം തന്നെ ആന്റണി മന്ത്രിസഭയില്‍ അംഗമാകണോ എന്നായിരുന്നു ചോദ്യം. വൈകുന്നേരത്തെ മീറ്റിംഗില്‍ നിന്ന് മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

അന്നു വൈകുന്നേരം ടാഗോര്‍ തീയേറ്ററിലെ മീറ്റിംഗില്‍ മുരളീധരന്‍ എത്തിയില്ല. മുരളിയ്ക്കുവേണ്ടി ഒരുക്കിയ കസേര ഒഴിഞ്ഞുകിടക്കുന്നു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. കരുണാകരനു പോലും. പുതിയ പാര്‍ട്ടിയുടെ പിറവി ഉണ്ടായില്ല. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എം.എല്‍.എ. അല്ലാതിരുന്നതുകൊണ്ട് ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നു. വടക്കാഞ്ചേരിയില്‍ മത്സരിച്ചു തോറ്റു. മന്ത്രിസ്ഥാനവും പോയി.

ബര്‍ണാഡ് ഷാ, അങ്ങയെ വീണ്ടും നമിക്കുന്നു. അങ്ങ് എത്ര വലിയ ക്രാന്തദര്‍ശിയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍