UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുകയുന്ന ഗ്രൂപ്പിസത്തിനുമേലെ സുധീരന്‍റെ കേരള സഞ്ചാരം

Avatar

കെ എ ആന്റണി

കേരളത്തില്‍ ഇത് രാഷ്ട്രീയ യാത്രകളുടെ കാലമാണ്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി ജനമനസ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യാത്ര നടത്തുന്നത്. പതിവുപോലെ ഇക്കുറിയും വടക്കു നിന്ന് തെക്കോട്ടു തന്നെയാണ് യാത്ര.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നയിക്കുന്ന കേരള ജന രക്ഷാ യാത്രയ്ക്ക് ഇന്നലെ കാസര്‍കോഡ് കുമ്പളയില്‍ തുടക്കമായി. സുധീരന്റെ യാത്രയ്ക്ക് തൊട്ടുപിന്നാലെ യാത്രകളുടെ ഒരു ഘോഷയാത്ര തന്നെ കേരളത്തെ കാത്തിരിക്കുന്നുണ്ട്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിംലീഗ് യാത്ര, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന മറ്റൊരു യാത്ര എന്നിങ്ങനെ ഓരോ പാര്‍ട്ടിയും പ്രത്യേകം പ്രത്യേകം യാത്രകളുമായി കേരളത്തെ ഇളക്കി മറിക്കാനായി ഒരുങ്ങിക്കഴിഞ്ഞു.ഇരുധ്രുവ രാഷ്ട്രീയത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കുമ്മനം യാത്ര ആരംഭിക്കുന്നത്. ബിജെപിക്ക് ഒപ്പം ചേര്‍ന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്റെ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ സമത്വ മുന്നേറ്റ ജാഥ നയിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും ഉടനെ തന്നെ മറ്റൊരു യാത്ര സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ തമ്മിലടിക്ക് തല്‍ക്കാല്‍ അവധി പ്രഖ്യാപിച്ചു കൊണ്ടാണ് സുധീരന്റെ യാത്ര ആരംഭിച്ചിട്ടുള്ളത്. യാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷം വഹിച്ചു കൊണ്ട് കോണ്‍ഗ്രസില്‍ ഐക്യ കാഹളം മുഴക്കി (ഈ ഐക്യം പരമാവധി സീറ്റ് നിര്‍ണയം വരെയേ ഉണ്ടാകൂവെന്ന് ഇവര്‍ മൂന്നുപേര്‍ക്കു മാത്രമല്ല ജനങ്ങള്‍ക്കും അറിയാം).

കോണ്‍ഗ്രസിലെ ഐക്യ കാഹളത്തോടു കൂടിയാണ് യാത്ര ആരംഭിച്ചത് എങ്കിലും യുഡിഎഫിനുള്ളില്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി പുകയുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഘടകകക്ഷികളായ ജെഡിയുവിന്റേയും മുസ്ലിംലീഗിന്റേയും ഇന്നലത്തെ പ്രതികരണം. വര്‍ഗീയതയ്ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ജെഡിയു നേതാക്കളായ ശ്രേയംസ് കുമാറും വര്‍ഗീസ് ജോര്‍ജ്ജും പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിക്കുണ്ടായ കാരണങ്ങളില്‍ ഒന്നു തന്നെയാണ് മൃദു ഹിന്ദുത്വ സമീപനം എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദും സമ്മതിച്ചു. സുധീരന്‍ നയിക്കുന്ന യാത്ര വര്‍ഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരെയാണെന്ന് പറയുമ്പോഴും കേരളത്തില്‍ വര്‍ഗീയതയെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നു തന്നെയാണ് രണ്ടുഘടകകക്ഷികളുടേയും നേതാക്കള്‍ വ്യക്തമാക്കിയത്.


വര്‍ഗീയതയ്ക്ക് എതിരെ സുധീരന്‍ യാത്ര ആരംഭിക്കുന്ന ദിവസം തന്നെ വര്‍ഗീയ പ്രസംഗം നടത്തിയെന്ന സുധീരന്റെ തന്നെ പരാതിയിന്‍മേല്‍ കേസില്‍ കുടുങ്ങിയ വെള്ളാപ്പള്ളി നടേശന് ജാമ്യം എടുക്കാന്‍ യുഡിഎഫ് ഘടകകക്ഷിയായ ജെഎസ്എസിന്റെ നേതാവ് രാജന്‍ബാബു കോടതിയില്‍ പോയത് യാത്രയുടെ മോടി കുറയ്ക്കുന്ന പ്രവര്‍ത്തിയായി പലരും വ്യാഖ്യാനിക്കുന്നുണ്ട്.

യാത്രയുടെ ഉല്‍ഘാടന വേളയില്‍ നടത്തിയ പ്രസംഗങ്ങളില്‍ സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമായും ആക്രമിച്ചത് കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനേയും കേരളത്തിലെ സിപിഐഎം, ആര്‍എസ്എസ് അക്രമങ്ങളേയുമാണ്. അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ പരസ്പരം ചര്‍ച്ച നടത്താമെന്ന ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റേയും സിപിഐഎം നേതാവ് പിണറായി വിജയന്റേയും പ്രസ്താവനകള്‍ വോട്ടു ലക്ഷ്യം വച്ചുള്ള തട്ടിപ്പാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. ഇതില്‍ അല്‍പം വാസ്തവം ഉണ്ടെന്ന് ജനങ്ങളും സമ്മതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വികസനവും കരുതലുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം എന്നും അതുകൊണ്ടു തന്നെ ജനങ്ങള്‍ യുഡിഎഫിനെ കൈയൊഴിയില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് എന്തുകൊണ്ടോ വാചാലനായില്ല. കേരളത്തിലെ ബാറുകള്‍ പൂട്ടിച്ചതിന്റെ ക്രഡിറ്റ് സുധീരനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും അവകാശപ്പെട്ടതാണ്. എന്നാല്‍ ഇതേകുറിച്ച് പറയാന്‍ പുറപ്പെട്ടാല്‍ ബാര്‍ കോഴയെ കുറിച്ചു പറയേണ്ടി വരും. വികസനങ്ങളെ കുറിച്ചു പറയാന്‍ നിന്നാല്‍ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കിനെ കുറിച്ചും ഭൂമിതട്ടിപ്പ് കേസില്‍ മുന്‍ഗണ്‍മാന്‍ സലിംരാജിനെ കുറിച്ചും പറയേണ്ടി വരും എന്നതൊക്കെ കൂടി തന്നെയാകണം വികസനത്തിന് വേണ്ടത്ര ഊന്നല്‍ നല്‍കാതിരുന്നത്.

ഇതൊക്കെയാണെങ്കിലും ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ കൗശലം ഇന്നലേയും പ്രകടമായി. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുട്ടികള്‍ക്കായി ആരംഭിച്ച ഏഴ് ബഡ്‌സ് സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കുമെന്ന പ്രഖ്യാപനം ഇതിന് തെളിവാണ്. യാത്ര പുരോഗമിക്കുമ്പോള്‍ അത് കടന്നുപോകുന്ന ഓരോ ജില്ലയ്ക്കും ഇതേപോലുള്ള എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.

മദ്യനയത്തിലും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കാര്യത്തിലും സുധീരന്‍ കാണിച്ച ആത്മാര്‍ത്ഥത ജനങ്ങളും മനസിലാക്കി എന്നതിന്റെ സൂചനയായിരുന്നു എന്‍ഡോസള്‍ഫാന്‍ പോരാട്ട നായിക ലീലാ കുമാരിയമ്മ തന്റെ വിരലില്‍ ധരിച്ചിരുന്ന സ്വര്‍ണ മോതിരം ഊരി സുധീരന് നല്‍കിയ നടപടി. പണ്ട് ഗാന്ധിജിക്ക് കുട്ടിയായിരുന്ന കൗമുദി ടീച്ചര്‍ സ്വര്‍ണ വള ഊരി നല്‍കിയതുപോലെ ഒരു പരിത്യാഗം! ഈ സംഭവം യാത്ര നയിക്കുന്ന കേരള ഗാന്ധിക്ക് കൂടുതല്‍ കരുത്തും ആവേശവും പകരുമെന്ന് ഉറപ്പ്.

എങ്കിലും ഓരോ യാത്രയും കേരളത്തിന്റെ വടക്കേയറ്റമായ കാസര്‍കോട് ജില്ലയില്‍ നിന്നും പ്രയാണം ആരംഭിക്കുമ്പോള്‍ പിടയ്ക്കുന്നത് കേരളത്തിലെ പാവം വോട്ടര്‍മാരുടെ മനസ്സാണ്. ഓരോ യാത്രയും ഫണ്ട് പിരിവു കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. വോട്ടു മാത്രം നല്‍കിയാല്‍ പോര പണവും നല്‍കണമെന്ന അവസ്ഥ. അതുകൊണ്ട് തന്നെ യാത്രകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അനുസരിച്ച് വോട്ടര്‍മാരുടെ പേടിയും വര്‍ദ്ധിക്കുന്നുണ്ടെന്നതാണ് പരമാര്‍ത്ഥം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍