UPDATES

ബാര്‍ കോഴക്കേസ് യുഡിഎഫിനെ വിഴുങ്ങുമ്പോഴും നിലപാട് വ്യക്തമാക്കാതെ സുധീരന്‍

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തന്റെ നിലപാട് വ്യക്തമാക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തയ്യാറായില്ല. ആരോപണവിധേയനായ ധനമന്ത്രിയെ പൂര്‍ണമായി തള്ളിക്കളഞ്ഞില്ലെങ്കിലും വ്യക്തമായി ന്യായീകരിക്കാനും സുധീരന്‍ മുതിര്‍ന്നില്ല. ബജറ്റ് ആരാണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന പൊതുതത്വം മാത്രമാണ് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചത്. വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇന്നലെ വിഷയത്തില്‍ കെപിപിസി വൈസ് പ്രസിഡന്റ് എം എം ഹസനും വക്താവ് അജയ് തറയില്‍ പരസ്പര വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചത്. 

മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാലകൃഷ്ണപിള്ളക്കെതിരെ ശക്തമായ നിലപാടുമായി പാര്‍ട്ടിയുടെ മുഖപത്രമായ വീക്ഷണം രംഗത്ത് വന്നതും ശ്രദ്ധേയമാണ്. ബാലകൃഷ്പിള്ളയെ മുന്നണിയില്‍ നിന്നും പുറത്താക്കണമെന്ന് ഇന്നലെ ഹസന്‍ ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെ മുന്നണിക്ക് മുന്നോട്ട് പോകാനാവില്ല എന്ന നിലപാടായിരുന്നു അജയ് തറയിലിന്. 

പുള്ള തുള്ളിയാല്‍ മുട്ടോളം എന്ന തലക്കെട്ടില്‍ ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ രൂക്ഷ വിമര്‍ശമാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ഉള്ളത്. 

ബാലകൃഷ്ണപിള്ളയുടെ അഴിമതി വിരുദ്ധ നിലപാട് കായംകുളം കൊച്ചുണ്ണിയുടെ സത്യപ്രബോധനം ആണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും പത്രം പറയുന്നു.

കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകളില്‍ പിള്ളയുടെ പങ്ക് ചിലപ്പോള്‍ ചെറുതും മറ്റു ചിലപ്പോള്‍ വലുതുമായിരുന്നു. അഴിമതിവരുദ്ധത പ്രസംഗിക്കുന്നതിന് മുന്‍പ് പിള്ള ഇടമലയാര്‍ കേസിന്റെയും ഗ്രാഫൈറ്റ്് കേസിന്റെയും പാപക്കറ കഴുകി ശുദ്ധി വരുത്തണം. മുഖ്യമന്ത്രിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയായിരുന്നില്ലെങ്കില്‍ ബാലകൃഷ്ണപിള്ള ഇന്ന് രാഷ്ട്രീയ തിരസ്‌കാരത്തിന്റെ വൃദ്ധസദനത്തില്‍ അവഗണിക്കപ്പെട്ടു കഴിയുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയായി മാറുമായിരുന്നു. പിള്ളയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ച കരുണാകരന്‍ ശൈലിയേ ഇത്തരക്കാരോട് പാടുള്ളൂ.

യുഡിഎഫില്‍ തന്റെ ഗജകേസരി യോഗം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ബാലകൃഷ്ണപിള്ള പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോവുകയാണെങ്കില്‍ പോകട്ടെയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പിള്ള തുള്ളിയാല്‍ മുട്ടോളം; പിന്നെ ചട്ടിയില്‍ എന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. അതേ സമയം മുഖപ്രസംഗം പത്രത്തിന്റെ അഭിപ്രായമാണെന്ന് വീക്ഷണത്തിന്റെ ചുമതലയുള്ള എ സി ജോസ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍