UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത്രയ്ക്ക് ചീപ്പാണോ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍?

Avatar

അഴിമുഖം പ്രതിനിധി

ഇത്ര ചീപ്പാണോ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍! ഇതൊരു സോഷ്യല്‍ മീഡിയ ട്രോളാണ്. ബിജു രമേശിന്റെ മകളും മുന്‍ റവന്യ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റിന്റെ നടപടിയാണ് ചീപ്പായി പോയത്. എ ക്കാരും ഐ ക്കാരും മാത്രമല്ല, കോണ്‍ഗ്രസുകാരല്ലാത്തവരുപോലും ഇക്കാര്യത്തില്‍ സുധീരനെ എതിര്‍ക്കുകയാണ്.

സുധീരന്റെ സ്വതേ പിഞ്ഞിയിരിക്കുന്ന ആദര്‍ശക്കുപ്പായത്തിലേക്ക് സ്വയം തെറിപ്പിച്ച ചെളിയായി പോയി ഈ വിവാഹവിവാദം. ഇത്തരത്തിലാണ് ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും സുധീരന്‍ കൈകാര്യം ചെയ്യാന്‍ പോകുന്നതെങ്കില്‍ ഇന്ദിരാഭവനിലെ കസേരയ്ക്ക് അധികം ആയുസുണ്ടാവില്ല. ഹൈക്കമാന്‍ഡിന് പരാതി പോയി കഴിഞ്ഞു. സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ കഴിയാത്തതില്‍ ഇല്ലാത്ത വിഷമവും വ്യഗ്രതയുമാണ് ഉമ്മന്‍- ചെന്നിത്തല സംഘക്കാര്‍ക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം തിരികെ വാങ്ങിയെടുക്കുന്ന കാര്യത്തിലുള്ളത്. മാസം ഒന്നു കഴിഞ്ഞു പിണറായി മുഖ്യമന്ത്രിയായിട്ട്. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെക്കാളും ആക്ഷേപങ്ങളെക്കാളും കൂടുതല്‍ സമയം പരസ്പരം ചെളിവാരിയെറിയാനാണ് കോണ്‍ഗ്രസുകാര്‍ ചെലവാക്കിയത്. സുധീരന്‍ പ്രസിഡന്റും രമേശ് പ്രതിപക്ഷനേതാവും ഉമ്മന്‍ ചാണ്ടി കെഎസ്ആര്‍ടിസി ബസില്‍ കയറിയുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമൊക്കെയായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ കേരളത്തില്‍ ഇത്രയേറെ ആശ്വാസത്തോടെ അഞ്ചുവര്‍ഷം തികയ്ക്കുന്ന സര്‍ക്കാര്‍ ഇത്തവണത്തെ ഇടതുപക്ഷസര്‍ക്കാരായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ മറ്റുള്ളവനെ താറടിച്ചു കാണിക്കുക എന്ന വി എസ് തന്ത്രം തന്നെയാണ് വിഎമ്മും പയറ്റി നോക്കുന്നത്. പക്ഷേ ഓരോന്നായി പാളുന്നതാണ് കാണുന്നത്. അതിനൊടുവിലത്തെ ഉദാഹരണമാണ് കല്യാണപ്രശ്‌നം.

”ഒരു സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തതാണ് ബിജു രമേശിന്റെ ആരോപണങ്ങള്‍. വ്യക്തിപരമായ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നു” എന്നാണ് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഇതില്‍ എന്ത് ഔചിത്യക്കുറവാണ് ഉമ്മന്‍ ചാണ്ടിയും രമേശും കാണിച്ചത്? ബിജു രമേശ് ഭീകരനോ കൊലയാളിയോ അല്ല. കേരളത്തില്‍ നിമയാനുസൃതമായി പ്രവര്‍ത്തിക്കുന്ന ബാറുകളുടെ ഉടമ, ബിസിനസുകാരന്‍. അയാള്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, നിയമപരമായി. അയാളുടെ ആരോപണങ്ങള്‍ സര്‍ക്കാരിന് അപമാനം ഉണ്ടാക്കിയെങ്കില്‍, അതില്‍ നേരുകള്‍ ഇല്ലെന്ന് സുധീരന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോ? അതുപോട്ടെ, സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരുമായി യാതൊരു ബന്ധവും പാടില്ലെന്നാണെങ്കില്‍ പ്രതിപക്ഷ നേതാവായിരുന്ന വി എസ്സിനോടും ഇടതുപക്ഷ നേതാക്കളോടും എത്രമാത്രം വൈരാഗ്യം യുഡിഎഫുകാര്‍ കൊണ്ടു നടക്കണം! ആരോപണങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയമായിട്ടുള്ളതാണെങ്കില്‍ അതിനെ ആ വിധത്തിലല്ലേ കാണേണ്ടത്. മര്യാദയും മന:സാക്ഷിയും കൊണ്ടു നടക്കുന്ന സുധീരന് ഇക്കാര്യത്തില്‍ മൂന്നാംകിട ഈഗോ വന്നതെന്തുകൊണ്ടാണ്. ബിജു രമേശിനോടുള്ള വിദ്വേഷത്തേക്കാള്‍ തന്റെ എതിരാളികളോടുള്ള പകയാണ് സുധീരനില്‍ കണ്ടത്. പക മനസില്‍ ഇട്ടു നടക്കുന്ന രണ്ടുപേരാണ് ഇരുപക്ഷത്തും ആദര്‍ശനേതാക്കളായി നിലകൊള്ളുന്നതെന്ന തമാശയും ഇതിനോടൊപ്പം ചേര്‍ത്തു പറയുന്നു.

ബിജു രമേശിന്റെ മകളെ ആരാണ് വിവാഹം കഴിച്ചത്, കോണ്‍ഗ്രസ് നേതാവും കോന്നി എംഎല്‍എയും മുന്‍മന്ത്രിയുമായ അടൂര്‍ പ്രകാശിന്റെ മകന്‍. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹത്തിനാണ് പോയതെന്നു കരുതിയാല്‍ മതിയായിരുന്നു സുധീരന്. ആരോപണങ്ങളേല്‍ക്കാത്ത മന്ത്രിയായിരുന്നില്ല അടൂര്‍ പ്രകാശ്. ആരോപണവിധേയനായി നില്‍ക്കുന്ന സമയത്ത് എന്തുകൊണ്ട് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുധീരന് ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. ആ സമയത്ത് പറയണമായിരുന്നു ഇത്തരമൊരാള്‍ മന്ത്രിസഭയില്‍ ഇരിക്കുന്നത് സര്‍ക്കാരിന് അപമാനമാണെന്ന്. മിണ്ടിയില്ല. കെ.എം മാണിയുടെ കാര്യത്തിലും ഇതേ മൗനം തുടര്‍ന്നു. ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ഉടക്കുകളുമായി ഡല്‍ഹിയില്‍ പോയി. അവിടെ സുധീരന്‍ തോറ്റുപോയി എന്നൊക്കെയാണ് വര്‍ത്തമാനമെങ്കിലും ഉള്ളില്‍ കരുതിയ ലക്ഷ്യം ഒരുപരിധി വരെ വിജയിപ്പിച്ചെടുക്കാന്‍ സുധീരന് കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരെയും ജനങ്ങള്‍ക്കു മുന്നില്‍ വിവസ്ത്രരാക്കാന്‍ സുധീരന് കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലവും കണ്ടു. എന്നാലും സുധീരന്‍ അഴിമതിക്കാരനെന്ന് ഉറപ്പിക്കുകയും സീറ്റ് കൊടുക്കാതിരിക്കാന്‍ പരിശ്രമിക്കുകയും ചെയ്ത അടൂര്‍ പ്രകാശ് വീണ്ടും ജനവിധി തേടുകയും മികച്ച ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. സുധീരനും ആ മണ്ഡലത്തില്‍ പോയി പ്രസംഗിച്ചു. അവിടെയെല്ലാം ഊരിവീണത് സുധീരന്റെ ആദര്‍ശം തന്നെയായിരുന്നു. വാക്കും പ്രവര്‍ത്തിയുമായി പുലബന്ധമില്ലെന്ന് അദ്ദേഹം ഓരോതവണയും തെളിയിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി എന്തും ചോദിക്കും, സുധീരന് അതില്‍ നിന്നും ഒഴിയാനുള്ള വിദ്യയൊക്കെ നന്നായി അറിയാവുന്നതുമാണ്. പക്ഷേ ഇവിടെ കൃത്യമായ ഉദ്ദേശത്തോടെ തന്നെയാണ് സുധീരന്‍ പ്രസ്താവന നടത്തിയത്. ബിജു രമേശ് മോശക്കാരനെന്നു പറയുന്നതിനെക്കാള്‍ മോശക്കാരനായൊരാളുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് അതിലേറെ മോശക്കാരായി മാറി രമേശും ഉമ്മന്‍ ചാണ്ടിയുമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അദ്ദേഹത്തിനു താത്പര്യം. ഇക്കാര്യത്തിലൊക്കെ ഉമ്മന്‍ ചാണ്ടിയെ സമ്മതിക്കണം, കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കെപിസിസി പ്രസിഡന്റിന് അവകാശമില്ലേ എന്ന മറുചോദ്യവുമായി കുഞ്ഞൂഞ്ഞ് ചോദ്യം ചോദിച്ചവന്റെ വായടപ്പിച്ചേനെ, ആ ക്വാളിറ്റിയൊന്നും സുധീരനില്ല. ഉമ്മന്‍ ചാണ്ടി തന്ത്രങ്ങള്‍ കൊണ്ടു നടക്കുന്ന നേതാവാണ്, സുധീരന്‍ പകയും. ഒത്തിരി കണക്കൂട്ടലുകള്‍ നടത്തുന്നുണ്ട് സുധീരന്‍. അഞ്ചുവര്‍ഷത്തിനപ്പുറം ഒരു കസേര അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്.

സുധീരന്‍ ലക്ഷ്യം നേടുമോ ഇല്ലയോ എന്നറിയില്ല. കാരണം ഈ പാര്‍ട്ടി കോണ്‍ഗ്രസാണ്. പക്ഷേ സുധീരന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച പോര, പ്രയോഗിക്കുന്ന അസ്ത്രങ്ങള്‍ ഉന്നം തെറ്റുകയോ തിരികെ വന്ന് എയ്തവനില്‍ തന്നെ തറയ്ക്കുകയോ ആണ് ഇപ്പോള്‍ കാണുന്നത്. കളിയിതാണെങ്കില്‍ മുറിവേറ്റ് പുറത്തുപോകും. സുധീരനെ കല്യാണം വിളിച്ചിരുന്നില്ലെന്ന പരിഹാസം കൊണ്ട് ബിജു രമേശ് തന്നെ ഈ വിവാദത്തില്‍ സുധീരനെ നിലംപരിശാക്കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ ഒരു പരിക്കും ഇക്കാര്യത്തില്‍ ഉണ്ടായതുമില്ല. എന്നെ തല്ലിക്കോ എന്നു പറഞ്ഞുകൊണ്ട് ഒരു വടി അവരുടെ കൈകളില്‍ സുധീരന്‍ തന്നെ വച്ചു കൊടുക്കയും ചെയ്തു. അങ്ങനെ അടിയും കൊണ്ട് പുളിയും കുടിച്ചപോലെയായി സുധീരന്റെ അവസ്ഥ….

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍