UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരനെതിരെ വാളെടുക്കുന്നവര്‍ ഒന്നു തിരിഞ്ഞുനോക്കേണ്ടതുണ്ട്

Avatar

ജോസഫ് വര്‍ഗീസ്

ജനപക്ഷയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ എ കെ ആന്റണി, കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ അഭിസംബോധന ചെയ്തത് എന്റെ പ്രിയ സുഹൃത്ത് എന്നായിരുന്നു. സുധീരന്റെ മദ്യനയത്തെ പരസ്യമായി പിന്തുണച്ച ആന്റണിയുടെ ഈ പ്രസംഗം, തന്റെ പ്രിയ സുഹൃത്ത് സുധീരനെ തിരുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന സന്ദേശം കൂടിയായിരുന്നു. രാഹുല്‍ ഗാന്ധിയോട് പരാതി പറയാന്‍പോയ പലര്‍ക്കും ആന്റണിയുടെ ഈ സന്ദേശം മനസ്സിലായി കാണുമോ എന്നറിയില്ല. എന്നാല്‍ ആന്റണിക്ക് പല കണക്കുക്കൂട്ടലുകളുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തെ ജാഗരൂകനായി വീക്ഷിക്കുന്ന അദ്ദേഹം ഇവിടെ ഇനിയും ഒരങ്കത്തിന് തനിക്ക് ബാല്യമുണ്ടെന്നു തന്നെ വിശ്വസിക്കുന്നു. വീട്ടാന്‍ പല കടങ്ങളും ബാക്കി കിടക്കുന്നുണ്ട് ആന്റണിക്ക്. ഉമ്മന്‍ ചാണ്ടി തന്നോട് ചെയ്തതെന്നും അത്രപെട്ടെന്ന് മറക്കാന്‍ അദ്ദേഹം തയ്യാറാകില്ല. എ ഗ്രൂപ്പിലെ ഒരു വിഭാഗം എംഎല്‍എമാരെ കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി തന്നെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്ന ഉത്തമബോധ്യം ഉള്ളിടത്തോളംകാലം ഉമ്മന്‍ ചാണ്ടിയെ കേരളരാഷ്ട്രീയത്തില്‍ സുരക്ഷിതനായി കഴിയാന്‍ അദ്ദേഹം സമ്മതിക്കില്ല. ഒരുപക്ഷേ നേരിട്ട് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടെന്നു വരില്ല, സമയം വരുന്നതുവരെ മറ്റൊരാള്‍ വഴിയായിരിക്കാം ആന്റണി തനിക്ക് ചെയ്യാനുള്ളതൊക്കെ ചെയ്യുന്നത്. ആ ഒരാളായി വി എം സുധീരനെ കാണാം.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റു മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമെല്ലാം ഒറ്റക്കെട്ടായി സുധീരനെതിരെ കുറ്റം പറഞ്ഞാലും ഹൈക്കമാന്‍ഡിന് അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ട്. വി എമ്മിന് കോണ്‍ഗ്രസിനകത്ത് ഒരു ക്രൗഡ് പുള്ളര്‍ ഇമേജ് ഉണ്ടെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പൊതുസമൂഹത്തിനും സ്വീകാര്യനായൊരു നേതാവാണദ്ദേഹം. കെ കരുണാകരനും എ കെ ആന്റണിക്കും ശേഷം ഇത്തരമൊരു പൊതുസ്വീകാര്യത നേടാന്‍ കഴിഞ്ഞ നേതാവ് സുധീരന്‍ മാത്രമാണ്. കരുണാകരന് അദ്ദേഹത്തിന്റെതായൊരു political charisma ഉണ്ടായിരുന്നു. ആന്റണിക്കും അദ്ദേഹത്തിന്റെതായൊരു പ്രഭാവം കേരളത്തിലുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തലയ്‌ക്കോ ഉമ്മന്‍ ചാണ്ടിക്കോ ഇത്തരമൊരു അവകാശവാദത്തിന് സാധ്യമല്ല. ഇരുനേതാക്കള്‍ക്കും പലതും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ കേരളത്തിന്റെ നേതാക്കളെന്നു പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ കരുത്തരായ നേതാക്കന്മാര്‍ മാത്രമാണവര്‍. ആന്റണിക്കും കരുണാകരനും കേരളത്തിലെ ഏതു മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിക്കോ ചെന്നിത്തലയ്‌ക്കോ അതിനു കഴിയില്ല. ഇവര്‍ക്ക് കേരളത്തിലെ പത്തു മണ്ഡലങ്ങളില്‍പോലും ഇങ്ങനെയൊരു ധൈര്യം കാണിക്കാന്‍ കഴിയണമെന്നില്ല.

ഇവിടെയാണ് വി എം സുധീരന്‍ വ്യത്യസ്തനാകുന്നത്. സുധീരന്‍ ജനകീയനായ നേതാവാണ്. ഒരുപ്രത്യേക വിഭാഗമല്ല അദ്ദേഹത്തിന്റെ ശക്തി, പൊതുസമൂഹമാണ്. ആദര്‍ശവും ആശയവും പറയാനും പ്രവര്‍ത്തിക്കാനും ആര്‍ജ്ജവം കാണിക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് തന്നെ ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഈ ഗുണങ്ങളെല്ലാം തന്നെയാണ് ഹൈക്കമാന്‍ഡിന് സുധീരനില്‍ വിശ്വാസം അര്‍പ്പിക്കാന്‍ കാരണവും.

കേരളത്തിലെ യു ഡി എഫ് ഗവണ്‍മെന്റിന് പ്രസ്താവനകളിലൂടെയും നിലപാടുകളിലൂടെയും നിരന്തരം പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് സുധീരനെ കെപിസിസി പ്രസിഡന്റാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുന്നത്. പ്രസിഡന്റാകാന്‍ യാതൊരുവിധ ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാനും അദ്ദേഹം തയ്യാറായിരുന്നില്ല. അപ്രതീക്ഷമായ ഈ സ്ഥാനനേട്ടം അദ്ദേഹത്തിന്റെ എതിരാളികളെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പരസ്യമായി പറയാന്‍ തയ്യാറായത്. പഴയൊരു കാര്യം ഇതിനോടു ചേര്‍ത്ത് വായിക്കാം. കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്താണ് കെ പി അനില്‍കുമാറിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. കോഴിക്കോട്ടുകാരനായ അനില്‍കുമാറിനെ പ്രസിഡന്റായി അംഗീകരിക്കാന്‍ മുരളി തയ്യാറായില്ല. കുറെക്കാലം അദ്ദേഹം അനില്‍കുമാറിനോടുള്ള ബഹിഷ്‌കരണം തുടര്‍ന്നിരുന്നു. അന്ന് മുരളിയുടെ നടപടിയെ ബാലിശമെന്ന് ആക്ഷേപിച്ചവര്‍ തന്നെയായിരുന്നു സുധീരനെ ബഹിഷ്‌കരിക്കാന്‍ തയ്യാറായത്. എന്നാല്‍ അന്ന് കാണിച്ചതിനെക്കാള്‍ ബാലിശമായിരുന്നു ഇപ്പോള്‍ നടന്നത്. 

സുധീരന്റെ ശൈലി പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്നുവെന്ന പരാതിയാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ പുതിയ ആയുധം. എന്താണ് സുധീരന്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടപ്പെട്ടുപോയ ധാര്‍മ്മികത തിരികെകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് സുധീരന്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തും പുറത്തും വലിയ പിന്തുണയും കിട്ടുന്നുണ്ട്. സുധീരനു ചുറ്റും ജനങ്ങള്‍ കൂടുന്നതും മാധ്യമങ്ങള്‍ അദ്ദേഹത്തെ പൊതിയുന്നതും ഇക്കാരണങ്ങള്‍ കൊണ്ടാണ്. ഇതൊക്കെ അസൂയയുണ്ടാക്കുന്നവര്‍ ചിന്തിക്കേണ്ടത് സുധീരന് കിട്ടുന്ന പിന്തുണയുടെ ഓഹരി പാര്‍ട്ടിക്കും കൂടി വന്നുചേരുന്നുണ്ടെന്നാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

വെജിറ്റേറിയന്‍ സുധീരനും നോണ്‍ വെജ് മുരളീധരനും
കോണ്‍ഗ്രസിനെ നന്നാക്കിയെടുക്കാന്‍ സുധീരനാകുമോ?
എന്നിട്ടും ഉമ്മന്‍ ചാണ്ടി ഭരിച്ചുകൊണ്ടേയിരിക്കുന്നു
മന്ത്രിക്കസേരയ്ക്ക് മേലെ ഒരു അധ്യക്ഷക്കസേര
സുധീരനെ ആര്‍ക്കാണ് പേടി?

മദ്യനയത്തിലെ ഉറച്ച നിലപാടാണ് സുധീരന്‍ പലരുടെയും കണ്ണിലെ കരടായി മാറാന്‍ കാരണം. ഒരു പ്രസ്ഥാനത്തിന് മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് അദ്ദേഹം സംരക്ഷിക്കാന്‍ നോക്കുന്നത്. മദ്യനയം നിലനിര്‍ത്തണമെന്ന് പറയുന്നത് നിലവില്‍ ഘടകകക്ഷിയായ മുസ്ലിംലീഗ് മാത്രമാണ്. ആ സമുദായത്തില്‍ നിന്ന് അധികമാരും അബ്കാരി ബിസിനസ് ചെയ്യുന്നില്ലെന്നതാകാം കാരണം. എന്നാല്‍ കേരളകോണ്‍ഗ്രസ് അടക്കം മറ്റു ഘടകകക്ഷികള്‍ക്ക് ആ നിലപാട് സ്വീകരിക്കാന്‍ പ്രയാസമാണ്. കത്തോലിക സഭപോലും മദ്യനയത്തിന്റെ കാര്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ മദ്യവ്യവസായം നടത്തുന്നവരില്‍ നസ്രാണികളും ഈഴവരുമാണ് ഭൂരിപക്ഷം. ഈ രണ്ടുസമുദായത്തിനും ഇവരെക്കൊണ്ട് നിര്‍ലോഭമായ സഹായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കത്തോലിക്ക സഭ പ്രത്യക്ഷത്തില്‍ മദ്യനയം തിരുത്തരുതെന്ന് പ്രസ്താവനകള്‍ നടത്തുന്നുണ്ടെങ്കിലും അബ്കാരികളുടെ മുന്നറിയിപ്പുകള്‍ അവരെ ഭയപ്പെടുത്തുന്നുണ്ട്. പള്ളിമേട പണിയാനും പള്ളി പണിയാനും ഇനി തങ്ങളെ തേടിവരേണ്ടെന്ന് അബ്കാരികള്‍ സഭാപിതാക്കന്മാരോട് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. മദ്യനയം തിരുത്തേണ്ടത് ഇവിടെ പലര്‍ക്കും അബ്കാരികളേക്കേള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. 

കെ എം മാണി, താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം ചിരിക്കുന്നതും പലതും മനസ്സിലായിട്ടുതന്നെയാണ്. മാണിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഏതെങ്കിലും ഒരു കള്ളവാറ്റുകാരനല്ല, ലൈസന്‍സുള്ള ഒന്നിലധികം ബാറുകള്‍ നടത്തുന്ന, സമുദായത്തില്‍ സ്വാധീനമുള്ള, രാഷ്ട്രീയരംഗത്ത് ബന്ധങ്ങളുള്ള ഒരാളാണ്. അത്തരമൊരാളുടെ ആരോപണം നിസ്സാരമായി കാണരുത്. എന്നാല്‍ ഈ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് നിയമസഭയില്‍ പറഞ്ഞവരോട് മുഖ്യമന്ത്രി മറുപടി പറഞ്ഞത്, നിങ്ങള്‍ പാര്‍ട്ടി സീറ്റ് വിറ്റവരല്ലേയെന്നാണ്. ആ പാര്‍ട്ടിയില്‍ അത്തരമൊരു കളങ്കം വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതല്ലെങ്കില്‍പ്പോലും ഇത്തരമൊരു മറുപടിയാണോ മുഖ്യമന്ത്രി കൊടുക്കേണ്ടത്? ആദ്യത്തെ തവണയും ഈ മന്ത്രിസഭയുടെ ആദ്യകാലത്തും ഉമ്മന്‍ ചാണ്ടിയെ ഏതെങ്കിലും ആരോപണങ്ങള്‍കൊണ്ട് കുടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏതാരോപണമുണ്ടായാലും എവിടെയൊക്കെയോ ഉമ്മന്‍ ചാണ്ടിയുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്.

യാദൃശ്ചികമാണോയെന്നറിയില്ല, ഇത് ഡിസംബര്‍മാസമാണ്; കെ കരുണാകരന്റെ ചരമദിനം അടുത്തു. അഴിമതിക്കാരന്‍, ചാരന്‍, കൊലപാതകത്തിന് കൂട്ടുനിന്നവനെന്നതടക്കം പല നാണക്കേടുകളും സ്വന്തം പാര്‍ട്ടിക്കാരാല്‍ മുദ്രണം ചാര്‍ത്തപ്പെട്ട നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹത്തെ അങ്ങനെയൊരു ദുര്‍വിധിയിലേക്ക് എത്തിക്കാന്‍ നേതൃത്വം കൊടുത്തുവരില്‍ പ്രമുഖന്‍ ഇന്നത്തെ മുഖ്യമന്ത്രി തന്നെയാണ്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വന്ന സാങ്കേതിക പിഴവാണ് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ ഇടയാക്കിയത്. രാജനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞിട്ടും അതു മൂടിവയ്ക്കാന്‍ ശ്രമിച്ചെന്നതായിരുന്നു ലീഡര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. സംസ്ഥാന ഡിജിപിക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞപ്പോള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ചെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കെ കരുണാകരന്‍. അദ്ദേഹത്തിന് എന്നും തന്റെ ജനങ്ങളില്‍ വിശ്വാസമായിരുന്നു. തന്റെ ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ആരോപണങ്ങളുടെ പാപഭാരം ചുമക്കേണ്ടിയും വന്ന നേതാവാണ് കരുണാകരന്‍. എന്നാല്‍ ആരോപണങ്ങള്‍ സ്വന്തം ശരീരത്തില്‍ വന്നു മുട്ടുമ്പോഴും താന്‍ രാജിവച്ചാല്‍ അത് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ജയിക്കാന്‍ അവസരമുണ്ടാക്കുമെന്ന ന്യായമാണ് ഉമ്മന്‍ ചാണ്ടി ഉയര്‍ത്തുന്നത്.

ചരിത്രവും വര്‍ത്തമാനകാലവും വേട്ടയാടുന്നവരാണ് ഇന്ന് സുധീരനെതിരെ വാളെടുത്തു നില്‍ക്കുന്നത്. എന്നാല്‍ വി എം സുധീരനെതിരെ ആരോപണം ഉന്നയിക്കുന്നവെല്ലാം തന്നെ ദുര്‍ബലരാണെന്നതാണ് സത്യം. അവര്‍ക്കിനി ആകെ ചെയ്യാന്‍ കഴിയുന്നത് ഒരു തവണ കൂടി അധ്യക്ഷക്കസേരയില്‍ അദ്ദേഹത്തെ ഇരുത്താതിരിക്കുക എന്നതാണ്. കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോള്‍ ഒരു ഗ്രൂപ്പിലും അംഗമല്ലാത്ത സുധീരനെ ഇനിയൊരു തവണകൂടി ഇന്ദിരാഭവനിലെ അധികാര കസേരയിലേക്ക് എത്തിക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും സാധിച്ചേക്കും. അങ്ങനെ സംഭവിച്ചാലും സുധീരന്‍ തോല്‍ക്കുന്നില്ല. ചിലപ്പോള്‍ വിജയം വൈകിപ്പിക്കാന്‍ കഴിഞ്ഞേക്കാം  എന്നു മാത്രം. 

 

(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

 

* Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍