അഴിമുഖം പ്രതിനിധി
ഒടുവില്‍ പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിക്ക് വഴങ്ങിയപ്പോള്‍ ആരോപണവിധേയരും ഒരേ മണ്ഡലത്തില്‍ മൂന്നിലേറെ തവണ മത്സരിച്ചവരും പട്ടികയില്‍ ഇടം കണ്ടു. സോണിയ ഗാന്ധി ഒപ്പു വയ്ക്കുന്ന അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ട് പുറത്തിറങ്ങും.
സുധീരന്‍ ലക്ഷ്യം വച്ച മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ ബാബു, കെ സി ജോസഫ്, എന്നിവര്‍ തിരിച്ചെത്തുന്നതിന് കാരണമായി ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത എന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം തന്നെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന് പൂര്‍ണ തൃപ്തിയില്ലെന്ന സൂചനകളുമുണ്ട്. ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റി നിര്‍ത്തിയാല്‍ താന്‍ മത്സരിക്കാനില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ അടവ് തന്ത്രം തന്നെയാണ് വിജയം കണ്ടത് എന്നു തന്നെ വേണം കരുതാന്‍. ഇന്ന് രാവിലെ തന്നെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയ ഉമ്മന്‍ചാണ്ടി മുന്നണിയിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെ കൊണ്ട് ഹൈക്കമാന്‍ഡിന് ഫാക്‌സ് സന്ദേശം അയച്ചതും കീറാമുട്ടിയായി തുടര്‍ന്നു പോന്ന സീറ്റ് തര്‍ക്കത്തിന് വിരാമമാകാന്‍ കാരണമായി.
തര്‍ക്കം അവസാനിക്കുമ്പോള്‍ 39 സിറ്റിങ് എംഎല്‍എമാരില്‍ 34 പേരും മത്സരരംഗത്തുണ്ടാകും. സീറ്റ് വേണ്ടായെന്ന് പറഞ്ഞ് ഒഴിഞ്ഞ മുതിര്‍ന്ന നേതാക്കളായ സിഎന്‍ ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരെ കൂടാതെ തേറമ്പില്‍ രാമകൃഷ്ണന്‍, പി എ മാധവന്‍ എന്നിവരും മത്സരരംഗത്തുനിന്ന് ഒഴിവാക്കപ്പെട്ടു.
തനിക്ക് ഇത്തവണ സീറ്റ് വേണ്ടെന്ന് പറഞ്ഞ ടിഎന്‍ പ്രതാപനാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട മറ്റൊരാള്‍. സീറ്റ് വേണ്ടെന്ന് പറഞ്ഞ് വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പ്രതാപന് കൈയ്പമംഗലം സീറ്റ് അനുവദിച്ചിരുന്നു. എന്നാല്‍ ഇത് പ്രതാപന്റെ അപേക്ഷ പ്രകാരം രാഹുല്‍ ഗാന്ധി അനുവദിച്ചതാണെന്ന വിവാദത്തെ തുടര്‍ന്നാണ് പ്രതാപന്‍ മത്സരരംഗത്തുനിന്നും രണ്ടാം വട്ടവും പിന്‍വാങ്ങിയത്.
സുധീര തന്ത്രങ്ങള്‍ മുഴുവന്‍ പാളിയെന്ന് തന്നെയാണ് സീറ്റ് നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ച നടപടി വ്യക്തമാക്കുന്നത്. വിജയ സാധ്യതയെന്ന ഉമ്മന്‍ചാണ്ടിയുടെ വാദത്തിന് മുന്നില്‍ ഹൈക്കമാന്‍ഡ് മുട്ടുകുത്തിയത് ചാണ്ടിയെ പിണക്കിയാല്‍ കേരളത്തില്‍ പാര്‍ട്ടി പിളരുമെന്ന കൃത്യമായ സൂചന കൊണ്ടു കൂടിയാണ്. ഇതോടൊപ്പം ക്രൈസ്തവ സഭകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എതിരെ തിരിയാനുള്ള സാഹചര്യം കൂടി ഹൈക്കമാന്‍ഡ് കണക്കിലെടുത്തുവെന്ന് തന്നെയാണ് സൂചന.
ഹൈക്കമാന്‍ഡിനെ എതിര്‍ക്കാന്‍ താനില്ലെന്ന നിലപാട് സുധീരന്‍ ഇന്ന് രാവിലെ തന്നെ സ്വീകരിച്ചിരുന്നു. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ കൊണ്ടു വന്ന ഹൈക്കമാന്‍ഡിനോട് തല്‍ക്കാലം ഒരു ഗുസ്തിക്ക് തയ്യാറല്ലെന്ന് സൂചിപ്പിക്കുന്നത് തന്നെയായിരുന്നു ഉമ്മന്‍ചാണ്ടി ഡല്‍ഹി വിട്ടപ്പോള്‍ തന്നെ സുധീരന്‍ പറഞ്ഞു തുടങ്ങിയത്. നല്ല സ്ഥാനാര്‍ത്ഥി പട്ടികയ്ക്കായി ആത്മാര്‍ത്ഥ ശ്രമം നടത്തിയെന്നും തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ നന്മയ്ക്കായി മാത്രമായിരുന്നുവെന്നും സുധീരന്‍ പറയുമ്പോള്‍ അതില്‍ ഒരു പരാജിതന്റെ സ്വരം കൂടി കൂട്ടി വായിക്കേണ്ടതുണ്ട്. അടൂര്‍ പ്രകാശിനെ മാത്രം ഒഴിവാക്കി അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇറക്കിക്കുകയെന്ന സുധീരന്റെ ശ്രമം മുസ്ലിം ലീഗിന്റെ ഫാക്‌സ് സന്ദേശത്തോടു കൂടിയാണ് പാളിയത്. പരാജിതനായ സുധീരനും ഡല്‍ഹി വിട്ടു.