UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് പ്രതിപക്ഷ നേതാവ്? വിഎസോ സുധീരനോ?

Avatar

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും അനുദിനം എന്നോണം തലവേദന സൃഷ്ടിക്കുകയാണ് കെപിസി പ്രസിഡന്റ് വി എം സുധീരന്‍. കേരളത്തിലെ മുഴുവന്‍ ബാറുകളും അടച്ചു പൂട്ടിക്കുന്നിടത്തു നിന്നും തുടങ്ങിയ എതിര്‍പ്പിന്റെ സ്വരവും തിരുത്തല്‍ പ്രക്രിയയും തെരഞ്ഞെടുപ്പിലേക്ക് നീളുന്ന ഈ ഘട്ടത്തിലും തുടരുകയാണ്. വിവാദ ഉത്തരവുകള്‍ ഒന്നൊന്നായി ചോദ്യം ചെയ്യപ്പെടുകയും തിരുത്താനോ പിന്‍വലിക്കാനോ ഉള്ള കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുകയുമാണ് സുധീരന്‍ ചെയ്യുന്നത്. പോയിപ്പോയി കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷം കെപിസിസി പ്രസിഡന്റാണെന്ന പ്രതീതി സംജാതമായിരിക്കുന്നു.

സുധീരന്റെ മനസ്സിലിരുപ്പ് എന്തുതന്നെയായാലും ഒരു നല്ല വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുണ്ട്. ഭരണം എന്നത് എന്തു നെറികേടും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അല്ലെന്ന് കരുതുന്നവര്‍ സുധീരനൊപ്പമാണ്. ഇത് സുധീരനും നന്നായി അറിയാം. അതുകൊണ്ട് കൂടിയാണ് സുധീരന്‍ സുധീരമായി തന്നെ മുന്നോട്ടു പോകുന്നത്.

മെത്രാന്‍ കായല്‍, കടമക്കുടി എന്നിവിടങ്ങളില്‍ നിലം നികത്താന്‍ നല്‍കിയ അനുമതിക്ക് തൊട്ടുപിന്നാലെയായിരുന്നു നെല്ലിയാംപതിയിലെ ഏക്കറുകണക്കിന് പാട്ടഭൂമി സര്‍ക്കാരിന്റേത് അല്ലെന്ന് വരുത്തിതീര്‍ത്ത് കരം അടയ്ക്കാന്‍ പോബ്‌സ് ഗ്രൂപ്പിന് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. തോട്ടം ഉടമകളേയും റിസോര്‍ട്ട് മാഫിയകളേയും മാത്രമല്ല റിയല്‍ എസ്റ്റേറ്റ് ലോബിക്കും തുണയാകുകയാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാക്കുകയാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വിവാദ ഉത്തരവ്. വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യ കമ്പനിയില്‍ നിന്നും മുന്‍സര്‍ക്കാര്‍ കണ്ടുകെട്ടിയ 128 ഏക്കറോളം ഭൂമി ഐടി വികസനത്തിന് എന്ന പേരില്‍ അതേ കമ്പനിക്ക് പതിച്ചു നല്‍കിയിരിക്കുകയാണ്.

എറണാകുളം തൃശൂര്‍ ജില്ലകളിലായി പരന്നു കിടക്കുന്ന തണ്ണീര്‍ തടങ്ങളാണ് മെസേഴ്‌സ് കൃഷി പ്രോപ്പര്‍ട്ടി ഡെവലെപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നല്‍കി കൊണ്ട് ഉത്തരവായത്. ഇതിനുവേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത് ആകട്ടെ ബംഗളുരുവിലെ ആര്‍ എം ഇസഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയും. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് പറുന്നതുപോലെ പഴയ കമ്പനി ഇപ്പോള്‍ പുതിയ രൂപത്തില്‍ വന്നിരിക്കുന്നുവെന്ന് സാരം.

ഈ ഉത്തരവിന് എതിരെ പ്രതിപക്ഷം മാത്രമല്ല തണ്ണീര്‍ത്തടങ്ങള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി എന്‍ പ്രതാപനും വിഡി സതീശനും രംഗത്തു വന്നിരിക്കുന്നുവെന്നത് മുഖ്യമന്ത്രിയേയും റവന്യൂമന്ത്രിയേയും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നു. വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവ് ഇക്കഴിഞ്ഞ ദിവസം പറഞ്ഞത് കേരളം കണ്ട ഏറ്റവും വലിയ പരിസ്ഥിതി വിരുദ്ധ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്നാണ്. അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ ഇറക്കുന്ന ആദ്യത്തേതോ പത്താമത്തേയോ അമ്പതാമത്തേയോ പരിസ്ഥിതി വിരുദ്ധ ഉത്തരവല്ല സന്തോഷ് മാധവനും സംഘത്തിനും ഭൂമി നല്‍കി കൊണ്ട് വന്നിട്ടുള്ള പുതിയ ഉത്തരവെന്നാണ് ഹരീഷിന്റെ വാദം.

വിവാദ ഉത്തരവുകളും അവയ്ക്ക് എതിരെ സുധീരന്‍ നടത്തുന്ന കുരിശു യുദ്ധങ്ങളും ജനപിന്തുണ നേടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ചില നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പ്രായം സംബന്ധിച്ച് സുധീരന്‍ നടത്തിയ പ്രസ്താവന തന്നെ ഇതിനൊരു ഉദാഹരണമാണ്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ ഉദ്ദേശിച്ചെന്ന മട്ടില്‍ സുധീരന്‍ നടത്തിയ പ്രസ്താവന ഉമ്മന്‍ചാണ്ടിയേയും കെ സി ജോസഫിനേയും ഒക്കെ ലക്ഷ്യം വച്ചു കൂടിയുള്ളതാണെന്ന വ്യാഖ്യാനം ഇതിനകം തന്നെ വന്നു കഴിഞ്ഞു.

തുടര്‍ച്ചയായി മൂന്നു തവണ മത്സരിച്ചു വിജയിച്ച താന്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം ലഭിക്കുന്നതിനുവേണ്ടി ഇത്തവണ മാറി നില്‍ക്കുന്നുവെന്ന് കാണിച്ച് കൊടുങ്ങല്ലൂര്‍ എംഎല്‍എ ടിഎന്‍ പ്രതാപന്‍ കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കിയ ഇടത്തുനിന്നാണ് പുതിയ വിവാദവും ചര്‍ച്ചയും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പ്രതാപന്റെ കത്ത് പുറത്തുവിടുക വഴി സുരക്ഷിത മണ്ഡലങ്ങളില്‍ നിന്നും സ്ഥിരമായി മത്സരിക്കുന്ന മുതിര്‍ന്ന നേതാക്കളെയാണ് സുധീരന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന അഭിപ്രായം ശക്തമാണ്. ഉമ്മന്‍ചാണ്ടി മത്സര രംഗത്തു നിന്നും മാറിയാല്‍ അടുത്ത മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആരെന്ന ചോദ്യവും പ്രസക്തമാകുന്നത് അതുകൊണ്ട് തന്നെയാണ്.

ഇത്തവണ മാത്രം മത്സര രംഗത്തു നിന്നും മാറി നില്‍ക്കുന്നുവെന്ന് പറയുന്ന പ്രതാപനും വിമര്‍ശിക്കപ്പെടുന്നുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എയായ പ്രതാപന് മണലൂര്‍ സീറ്റില്‍ ചെറിയ നോട്ടമുണ്ടായിരുന്നു. പി എ മാധവനെ മാറ്റാതെ പ്രതാപന് മണലൂര്‍ ലഭിക്കില്ല. അതു കൊണ്ട് കൂടിയാകണം അത്രസുരക്ഷിതമല്ലാത്ത കൊടുങ്ങല്ലൂരില്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് പ്രതാപന് തീരുമാനിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു. സുധീരനും പ്രതാപനും ചേര്‍ന്ന് നടത്തുന്ന ഒരു ഒത്തുകളിയായും ചിലരൊക്കെ കാണുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍