UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്‍ ധീരനായിരിക്കേണ്ടതെന്തുകൊണ്ട്?

Avatar

രഞ്ജിത് ജി. കാഞ്ഞിരത്തില്‍

നായകനോ നന്മയോ വിജയിക്കുന്ന ചിത്രങ്ങളും കഥകളുമാണ് നാമിതുവരെ കണ്ടിരുന്നത്. പക്ഷെ ക്ലൈമാക്സില്‍ നായകനും നന്മയും തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു മസാല ചിത്രമാണ് കേരളത്തിലെ മദ്യനിരോധനം.

കല്ലു, കരട്, കുഞ്ഞാലിക്കുട്ടി മുതല്‍ മുള്ളു, മുരട്, മുരളീധരന്‍ വരെ കൌരവപക്ഷത്ത് നില്‍ക്കുമ്പോള്‍ ഒരു ജയം സാധ്യമാകാന്‍ ഇത് കുരുക്ഷേത്രമല്ലെന്നും, കൂടെയൊരു ശ്രീകൃഷ്ണനില്ലെന്നും, നടക്കുന്നത് ധര്‍മയുദ്ധമല്ലെന്നും, നന്നായി അറിയാവുന്നത് വി എം സുധീരന് തന്നെയാണ്.

മദ്യവും മദിരാക്ഷിയും രതിയും ചതിയും വയലന്‍സും കണ്ണീരും ചേരുംപടി ചേര്‍ത്തുള്ള ഒന്നാംതരം മുഴുനീള എന്‍റര്‍ടെയിനറാണിന്ന് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. ഗ്രൂപ്പ് എന്ന കോക്കസിന്റെ ഭാഗമാകാതെ അതില്‍ പിടിച്ചു നില്ക്കാന്‍ കഴിയില്ല. സുധീരനാകട്ടെ ഭൂതകാലത്ത് സ്വയംതന്നെ ആന്‍റണി ഗ്രൂപ്പിന്റെ പ്രമുഖ നേതാവായിരുന്നു. കരുണാകരന്റെ അവസാന സര്‍ക്കാരിന്റെ കാലത്ത്‌ ആന്‍റണി ഗ്രൂപ്പിന്റെ മാനേജര്‍മാരുടെ കുട്ടിക്കരണം മറിച്ചിലുകളില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പ്‌ എന്ന ഔദ്യോഗിക സംവിധാനത്തില്‍ നിന്നും പുറത്തുവന്ന ആളാണ് സുധീരന്‍. യഥാര്‍ത്ഥത്തില്‍ ആന്‍റണി ഗ്രൂപ്പിന്‍റെ സൃഷ്ടാവായിരുന്ന വയലാര്‍ രവിയെ ആദ്യവും, വീറുറ്റ പോരാളിയും മുഖവുമായിരുന്ന സുധീരനെ തൊട്ടു പിന്നാലെയും, പുകച്ചു പുറത്തു ചാടിച്ചതോടെ എ ഗ്രൂപ്പ്‌ ഒരു പ്രത്യേക വിഭാഗം നേതാക്കളുടെ കയ്യില്‍ ഭദ്രമായി എന്നതാണ് ഇതിന്റെ മറുവശം. അങ്ങനെ ഗ്രൂപ്പ്‌ മാമാങ്കം നടക്കുന്ന കോണ്‍ഗ്രസ്സില്‍ അതിനതീതമായി എന്നാല്‍ ജനപക്ഷത്തു നില്‍ക്കുന്ന സമീപനമാണ് സുധീരന്‍ ഇന്നുവരെ സ്വീകരിച്ചിരുന്നത്. കരിമണല്‍, എന്‍ഡോസള്‍ഫാന്‍, ശശീന്ദ്രന്റെയും കുട്ടികളുടെയും കൊലപാതകം, ചക്കിട്ടപ്പാറ ഖനനം, ടി പി വധം, ബി ഓ റ്റി പദ്ധതി, ആറന്മുള വിമാനത്താവളം തുടങ്ങിയ ഏതാണ്ടെല്ലാ വിഷയങ്ങളിലും ഉപജാപക ജംബൂകന്മാരുടെ കുതന്ത്രങ്ങളുടെ മുനയൊടിച്ചത് സുധീരന്റെ ഇടപെടലുകളായിരുന്നു. കേരളത്തിലെ ഓരോ മനുഷ്യനും മനസ്സാ ആഗ്രഹിച്ചതാണ് എല്ലായ്പ്പോഴും സുധീരന്‍ പറഞ്ഞിരുന്നത്.

രമേശ്‌ ചെന്നിത്തല മാറി മറ്റൊരു കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ അത് സുധീരനാകാതിരിക്കാന്‍ പതിവുപോലെ എ – ഐ വിഭാഗങ്ങള്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. വെള്ളം ചേര്‍ക്കാത്ത നിലപാടുകളിലൂടെ പല ഘടക കക്ഷികള്‍ക്കും, ഗ്രൂപ്പ്‌ മാനേജര്‍മാര്‍ക്കും സുധീരന്‍ അനഭിമതനാവുകയായിരുന്നു. എന്നാല്‍ പണിക്കാരുപേക്ഷിച്ച കല്ല് മൂലക്കല്ലായി എന്ന് പറഞ്ഞ പോലെ സുധീരന്‍ കെ പി സി സി പ്രസിഡണ്ടായി. ഒരുപക്ഷെ രാഹുല്‍ഗാന്ധിയുടെ ഇന്നേവരെയുള്ള തീരുമാനങ്ങളില്‍ ഏക നല്ല തീരുമാനം സുധീരന്റെ അധ്യക്ഷ പദവിയായിരിക്കും.

പദവികളുടെ മുള്‍ക്കിരീട ഭാരമില്ല എന്ന സ്വാതന്ത്ര്യം അന്നുവരെ സുധീരന്റെ പോരാട്ടങ്ങളെ ആയാസരഹിതമാക്കിയിരുന്നു. കെപിസിസി അധ്യക്ഷ പദവി വലിയൊരളവുവരെ അദ്ദേഹത്തെ പ്രതിരോധത്തിലാക്കി എന്ന് പറയണം. ഗാലറിയില്‍ ഇരുന്നു കളി കാണുന്ന പലരും അങ്ങോട്ട്‌ ഗോള്‍, ഇങ്ങോട്ട് ഗോള്‍, പണ്ടിങ്ങിനെ ആയിരുന്നില്ല എന്നൊക്കെ പറയാന്‍ തുടങ്ങി. പലപ്പോഴും പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നിലപാടിനെ പൊതിഞ്ഞു സംസാരിക്കേണ്ടിവരുമ്പോള്‍ അദ്ദേഹത്തിന്റെ ആദര്‍ശനിലപാടുകളില്‍ നിന്നുള്ള പിന്നോക്കം പോക്കായി വ്യാഖ്യാനിക്കപ്പെട്ടു. പലവിധചുഴികളും മലരികളും അതിജീവിച്ച് ഇപ്പോഴത് മദ്യനയത്തിലെ ഇന്നത്തെ അവസ്ഥയിലെത്തി നില്‍ക്കുന്നു.

ഒറ്റ നോട്ടത്തിലും സാമാന്യഗണിതത്തിലും സുധീരന്‍ പരാജയപ്പെട്ടു എന്ന് കാണാം. അഭിനവ ചാണക്യനായ ഉമ്മന്‍ചാണ്ടി തന്റെ യഥാര്‍ത്ഥ എതിരാളിയായ രമേശ്‌ ചെന്നിത്തലയെ പോലും കൂടെ നിര്‍ത്തി സുധീരനെതിരെ യുദ്ധം നയിക്കുകയാണ്. ആദ്യം കരുണാകരനോടും, പിന്നെ രമേശ്‌ ചെന്നിത്തലയോടും ഇപ്പോള്‍ സുധീരനോടുമുള്ള ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരിക സൂചി കുത്താനുള്ള ഇടം പോലും പാണ്ഡവര്‍ക്ക് നല്‍കില്ല എന്ന് പറഞ്ഞ ഉദ്ധതനായ ദുര്യോധനന്റെ രൂപമാണ്.  ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ബുദ്ധികൂര്‍മതയുടെ ബലം മനസ്സിലാക്കാന്‍ രണ്ടു സംഭവങ്ങള്‍ നമ്മെ സഹായിക്കും.

ബാര്‍ നിലവാര പ്രശ്നത്തില്‍ ആദ്യം തന്നെ പ്രതിരോധത്തിലാക്കിയ കെ എം മാണിയെ കൂട്ടിലാക്കിയ രീതി നോക്കൂ. മറ്റൊന്ന് എം എല്‍ എ മാരുടെ യോഗം വിളിച്ചപ്പോള്‍ ഉണ്ടായ ചര്‍ച്ചകള്‍ മന:പൂര്‍വ്വം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണ്. ബെന്നി ബഹനാന്‍ വിഷയം അവതരിപ്പിച്ചു എന്നുപറഞ്ഞു വന്ന റിപ്പോര്‍ട്ടുകളില്‍ “സുധീരന്‍ കോണ്‍ഗ്രസ്സിലെ ക്യാന്‍സര്‍ ആണെന്നും വേണ്ടി വന്നാല്‍ മുറിച്ചു മാറ്റണമെന്നും” കെ മുരളീധരന്‍ പറഞ്ഞതായി പ്രത്യേകം എടുത്തു പറഞ്ഞു. മൂന്നു രൂപ മെമ്പര്‍ഷിപ്പ്‌ തേടി തെരുവില്‍ കാത്തു കെട്ടിക്കിടന്ന മുരളിക്കുവേണ്ടി പാര്‍ട്ടിക്കകത്തും പുറത്തും ശക്തിയുക്തം വാദിച്ചത് സുധീരനായിരുന്നു. അങ്ങനെയുള്ള സുധീരനെ വൃത്തികെട്ട രീതിയില്‍ വിമര്‍ശിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതോടെ സുധീരാനുകൂലികളുടെയും സാമാന്യ ജനത്തിന്റെയും രോഷം കെ മുരളീധരന്റെ നേര്‍ക്കായി. ചുരുക്കത്തില്‍ മുരളീധരന്റെ നാവുപിഴയെ ഉപയോഗിച്ച് മുരളിയെത്തന്നെ ബലിയാടാക്കി അതിസമര്‍ത്ഥമായി ഉമ്മന്‍ചാണ്ടി രംഗമൊഴിഞ്ഞു. (സമാനമായ കളംമാറ്റം മുന്‍പൊരിക്കലും ഉമ്മന്‍ചാണ്ടി പ്രയോഗിച്ചിട്ടുണ്ട്. രമേശ്‌ ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദം നല്കണം എന്ന ആവശ്യം ശക്തമായപ്പോള്‍ അതിനെതിരെ രംഗത്തു വന്നത് ലീഗാണ്. ഫലത്തില്‍ യുദ്ധം രമേശ്‌ ചെന്നിത്തല ഗ്രൂപ്പും മുസ്ലീം ലീഗും തമ്മിലായി.)

മദ്യ നിരോധനം അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് സുധീരന്‍ രാജി വെക്കണം എന്നുപദേശിച്ച ധാരാളം രാഷ്ട്രീയ നേതാക്കളെ പ്രത്യേകിച്ച് വാമപക്ഷവാദികളെ കണ്ടു. അവരെ ഓര്‍മ്മിപ്പിക്കാനുള്ളത് ശ്രീമാന്‍ പിണറായി വിജയന്‍ തന്റെ കേരളയാത്രയില്‍ നടത്തിയ പ്രശസ്തമായ പ്രസംഗത്തിലെ സാരോപദേശകഥയാണ്. കടലിലെ തിരമാലകളുടെ ഇളക്കം കണ്ട് ഒരു ബക്കറ്റില്‍ കുറെ വെള്ളം കോരിയെടുത്ത് അതില്‍ തിരയിളക്കം കാണാതെ വിഷണ്ണനായ കുട്ടിയുടെ കഥ. അതിന്‍റെ അവസാനം കടലിനോട് ചേര്‍ന്ന് നിന്നാലെ തിരമാലകളുടെ ഇളക്കവും ശക്തിയും രൂപപ്പെടൂ എന്ന് പിണറായി വിജയന്‍ അടിവരയിട്ടു. അതേ വസ്തുത സുധീരനും ബാധകമാണെന്ന് സുധീരനെ രാജി വെക്കാന്‍ വെല്ലുവിളിക്കുന്ന ഇടതുപക്ഷക്കാര്‍ മറന്നുപോയി. ബക്കറ്റില്‍ നിന്നും കോരിയെടുത്ത ജലത്തിനു മറ്റൊരു കഥയാകും പറയാനുണ്ടാവുക എന്ന് പറഞ്ഞു പിണറായിക്ക് മറുപടി കൊടുത്ത വി എസ്സ് ആകട്ടെ സ്വന്തം ബക്കറ്റ്തന്നെ നശിപ്പിച്ചു കളഞ്ഞു കടലിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതേ വി എസ്സ് , സുധീരന്റെ സ്ഥാനത്യാഗം കാംക്ഷിക്കുകയും ചെയ്യുന്നു.

വരുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പുകള്‍ യോജിച്ച് ഒരു സ്ഥാനാര്‍ത്ഥിയെയായിരിക്കും സുധീരനെതിരെ അവതരിപ്പിക്കുക. അതായത് പോരാട്ടം സുധീരനും സുധീരന്‍വിരുദ്ധ ഗ്രൂപ്പുകളും തമ്മിലായിരിക്കുമെന്ന് സാരം. ഇതിനു മുന്‍പ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവസാനം തിരഞ്ഞെടുപ്പ് നടന്നത് ആന്റണിയും വയലാര്‍ രവിയും തമ്മിലായിരുന്നു. ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന കരുണാകരന്‍ അന്നത്തെ തിരഞ്ഞെടുപ്പില്‍ പോലീസിനെ ദുരുപയോഗിച്ചു എന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. അന്ന് കരുണാകരന്റെ തന്ത്രങ്ങളെ പ്രയോഗത്തില്‍ വരുത്തിയത് രമേശ്‌ ചെന്നിത്തല, ജി കാര്‍ത്തികേയന്‍, എം ഐ ഷാനവാസ്‌ എന്നിവരായിരുന്നു. അതിന്‍റെ മറ്റൊരു രൂപമായിരിക്കും ഇനിയും കാണാന്‍ പോവുന്നത്. അന്ന് കേരളത്തിലെ പത്രങ്ങള്‍ ഒന്നും തന്നെ കരുണാകരനൊപ്പം ഇല്ലായിരുന്നു. ഇന്ന് സ്ഥിതി മറിച്ചാണ്. പത്രങ്ങള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്.

ഒരര്‍ഥത്തില്‍ നമ്മുടെ,അതായത് മലയാളികളുടെ, ഇരട്ടത്താപ്പിന്റെ ഇര കൂടിയാണ് സുധീരന്‍. അദ്ദേഹത്തിന്‍റെ നിലപാടുകളില്‍ ശരിയുണ്ട് എന്ന് നമുക്കറിയാം. പക്ഷെ കളിക്കളത്തില്‍ അമ്പേറ്റു വീണ സുധീരനെ നികൃഷ്ടമായി പരിഹസിക്കുകയാണ് നാം ചെയ്യുന്നത്. യേശുക്രിസ്തുവിനെ വേണ്ട, ബരാബാസിനെ മതി എന്നും അവനെ, യേശുവിനെ, ക്രൂശിക്ക എന്നും അലറിവിളിച്ച ഭ്രാന്തെടുത്ത ജനതക്കു സമാനമാണിപ്പോള്‍ മലയാളികള്‍. ഇവിടെയാണ്‌ രാഷ്ട്രീയ പ്രബുദ്ധമെന്നും സാക്ഷരമെന്നും ഉദ്ഘോഷിക്കപ്പെടുന്ന മലയാളിയുടെ ധാര്‍മികത പ്രസക്തമാകുന്നത്. നാം സുധീരന് കലവറയില്ലാതെ ധാര്‍മിക പിന്തുണ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുധീരന് നിങ്ങള്‍ ധാര്‍മിക പിന്തുണ നല്കുന്നോ ഇല്ലയോ എന്നത് സുധീരന്റെയോ നാളിതുവരെ അദ്ദേഹം മുന്നോട്ടുവെച്ച പോരാട്ടങ്ങളുടെയോ പ്രസക്തിയെ തുലോം ബാധിക്കുകയില്ല. പക്ഷെ നിങ്ങളുടെ നിലപാട് തീര്‍ച്ചയായും നിങ്ങളുടെ ധാര്‍മികതയുടെ അളവുകോലായിരിക്കുകയും ചെയ്യും.

 

രാഷ്ട്രീയത്തില്‍ ആദര്‍ശത്തിനു എന്ത് മാത്രം പ്രസക്തിയുണ്ട്.? നിലപാടുകള്‍ക്കും ജനപക്ഷ രാഷ്ട്രീയത്തിനും എന്തുമാത്രം പ്രസക്തിയുണ്ട്? രാഷ്ട്രീയാന്ധതയില്ലാതെ കൃത്യമായി ആലോചിച്ചാല്‍ ആ പ്രസക്തിയാണ് കേരളത്തിലെ സുധീരന്റെ പ്രസക്തിയെന്ന് നമുക്ക് മറുപടി കിട്ടും. കോണ്‍ഗ്രസ് പോലെ ഒരു പാര്‍ട്ടിയില്‍ സുധീരനുണ്ടാവുക, ആ സുധീരന്‍ ധീരനായിരിക്കുക ഇതൊക്കെ സമകാലികമായ അദ്ഭുതങ്ങള്‍ തന്നെയായിരുന്നു.
പത്രങ്ങളുടെയും സമുദായ നേതാക്കളുടെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും കൂട്ടായ ആക്രമണത്തില്‍ സുധീരന്‍ ശരവ്യനായെക്കാം.കെ പി സി സി അധ്യക്ഷന്‍ അല്ലാതെയായി മാറിയേക്കാം.വെന്മയാര്‍ന്ന ഖാദറില്‍ നേരിയ കറുത്ത പാട് പോലുമില്ലാതെ സുധീരന്‍ ഇന്ദിരാ ഭവന്‍ വിട്ടേക്കാം. നിലപാടില്‍ ഉറച്ചു നിന്നത് കൊണ്ടും ജനപക്ഷത്തു നിന്നത് കൊണ്ടും തോൽക്കുന്നെങ്കില്‍, അവരോഹണം ചെയ്യപ്പെടുന്നെങ്കില്‍, അത് സുധീരന്റെ കിരീടത്തിലെ പൊന്‍തൂവല്‍ തന്നെയാണ്.

 

പക്ഷെ തോല്‍ക്കാന്‍ പോലും സുധീരന്‍ കാണിക്കുന്ന ഈ ധൈര്യമുണ്ടല്ലോ അത് നമുക്കുവേണ്ടിയാണ്. കേരളത്തിലെ സാമാന്യ ജനതക്കു വേണ്ടിയാണ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തോടോ പാര്‍ട്ടിയോടോ നാം ഐക്യപ്പെടെണ്ട. പക്ഷെ സുധീരന് ധാര്‍മികപിന്തുണ നല്‍കേണ്ടത് നമ്മുടെ ധാര്‍മികതയുടെ കടമയും ബാധ്യതയുമാണ്. കാരണം നമുക്കു വേണ്ടി, നാടിനു വേണ്ടി നാമാഗ്രഹിക്കുന്നത് പറയാന്‍ നമ്മോടൊപ്പം നില്ക്കാന്‍ സുധീരന്‍ ധീരനായിരിക്കേണ്ടത് നമ്മുടെ, ഈ നാട്ടിലെ കാടിന്റെയും, മലകളുടെയും, അരുവികളുടെടെയും, അന്തരീക്ഷത്തിന്റെയും, മണലിന്റെയും, ഹരിതാഭയുടെയും, സര്‍വ്വോപരി അടുത്ത തലമുറയുടെയും, ആവശ്യമാണ്.

 

ഈ ധാര്‍മിക പിന്തുണ ഇപ്പോഴില്ലെങ്കില്‍ പിന്നെ ഒരിക്കലും നമുക്കതിനു കഴിയില്ല. അങ്ങനെ വരുമ്പോള്‍ ചരിത്രം തെറ്റുകാരെ തിരയുമ്പോള്‍ ചെഗുവേരയെ ഒറ്റിക്കൊടുത്ത ജനതയുടെ തൊട്ടടുത്ത് മലയാളികളും കാണുമെന്നതില്‍ സംശയമില്ല. ഓരോ ജനതയും അവരവര്‍ക്ക് യോജിക്കുന്ന നേതാക്കളെ തിരഞ്ഞെടുക്കുന്നു. അപ്പോള്‍ മലയാളിക്ക് യോജിക്കുന്നത് പിണറായി വിജയന്‍ പോലുമല്ല, ഉമ്മന്‍ചാണ്ടി തന്നെയാണ്.

വാല്‍ക്കഷണം
സമാന സാഹചര്യത്തിൽ വി എസ് അച്യുതാനന്ദന് ലഭിച്ചേക്കാവുന്ന  മാധ്യമ പരിലാളന വി എം സുധീരന്  ലഭിക്കാത്തത് എന്തുകൊണ്ടാണ്?

-വിഷയം മദ്യമായതുകൊണ്ട് 
-എതിരാളി ഉമ്മൻ  ചാണ്ടി ആയതുകൊണ്ട് (പിണറായി  വിജയന്  അല്ലാത്തതുകൊണ്ട്)
-പാര്‍ട്ടി, കോണ്‍ഗ്രസ്  ആയതുകൊണ്ട് (മാര്‍ക്സിസ്റ്റ്  പാര്‍ട്ടി അല്ലാത്തതു കൊണ്ട്)

 

മുതുകുളം സ്വദേശിയായ പ്രവാസിയാണ് ലേഖകന്‍ 

ഞങ്ങള്‍ പ്രസിദ്ധീകരിച്ച രഞ്ജിത്തിന്റെ മറ്റു ലേഖനങ്ങള്‍: യത്തീംഖാന വിവാദത്തിന്റെ കാണാപ്പുറങ്ങള്‍

(എം.എ) ബേബി വിഷാദയോഗം

 

*Views are personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍