UPDATES

സുധീരൻ ഒരിക്കല്‍ കൂടി കോണ്‍ഗ്രസില്‍ തോൽക്കുന്നോ?

ഇത്രയും പൊരുതിയിട്ട് വെറുതെയങ്ങ് ഇട്ടിട്ടുപോകാന്‍ സുധീരനു കഴിയുമോ?

അനാരോഗ്യപ്രശ്‌നങ്ങളാണു കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നന്നും രാജിവയ്ക്കാന്‍ വി എം സുധീരന്‍ കാരണമായി പറയുന്നത്. വി എമ്മിനെ തളര്‍ത്തിയത് സ്വന്തം ആരോഗ്യപ്രശ്‌നങ്ങളോ അതോ പാര്‍ട്ടിയിലേതോ എന്നതാണു വ്യക്തമാകേണ്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ഏറ്റവും മോശമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍, ഇങ്ങനെയൊരു അപ്രതീക്ഷിത തീരുമാനം എടുക്കേണ്ടി വന്നത് വി എം ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരാജയപ്പെട്ടു എന്നതാണോ വ്യക്തമാക്കുന്നത്? അതോ രാജിയും ഒരു രാാഷ്ട്രീയമാണെന്ന ലൈന്‍ സ്വീകരിക്കുകയായിരുന്നോ?

രമേശ് ചെന്നിത്തലയുടെ പകരക്കാരനായി ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിനു മുമ്പ് വരെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അരികിലെവിടെയോ മാറിനില്‍ക്കുകയായിരുന്നു വി എം സുധീരന്‍. 2014 ഫെബ്രുവരിയില്‍ ഹൈക്കമാന്‍ഡ് നേരിട്ട് കേരളത്തില്‍ സംഘടനയുടെ ചുമതലക്കാരനായി സുധീരനെ കൊണ്ടുവരുമ്പോള്‍ ഇപ്പോള്‍ ഉണ്ടായ അതേ അപ്രതീക്ഷിതത്വം തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടി- ചെന്നിത്തല സംഘത്തിനും. തങ്ങള്‍ക്കുണ്ടെന്നു കരുതിയിരുന്ന മേല്‍ക്കൈ സുധീരന്‍ എന്ന ആയുധം ഉപയോഗിച്ച് ഡല്‍ഹി നേതൃത്വം വെട്ടിപ്പൊളിച്ചതിന്റെ നിരാശയും അമ്പരപ്പും എതിര്‍പ്പും എല്ലാം ചേര്‍ന്ന്, പൊതുശത്രുവിനെതിരേ ഒരുമിച്ച് എന്ന തന്ത്രം പയറ്റി എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പുകാരും ഒരുമിച്ചു കൂടി ഇത്രയും നാളും ഒളിച്ചും തെളിച്ചും നടത്തിയ നീക്കങ്ങളുടെ ഫലമാണോ സുധീരന്റെ രാജി എന്നതാണു പ്രധാന ചോദ്യം. സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കാന്‍ ചരടു വലി നടത്തിയ ആള്‍ ആന്റണിയാണെന്നു പറയുന്നുണ്ട്. ആന്റണിക്കും സുധീരനും ഇടയിലെ അന്തര്‍ധാര സജീവമായിരുന്നു.

ഹൈക്കമാന്‍ഡിനെ കൊണ്ട് സുധീരനുമേല്‍ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കാനും മുന്നില്‍ നിന്നതു ആന്റണി തന്നെയാണു. ഒടുവില്‍ സ്ഥാനം രാജിവയ്ക്കുമ്പോള്‍ മുമ്പ് ആന്റണി കാണിച്ച അതേ നാടകീയത സുധീരനും ആവര്‍ത്തിച്ചിരിക്കുന്നു. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറിയെങ്കിലും ആന്റണിയുടെ രാഷ്ട്രീയസാധ്യതകള്‍ അവസാനിച്ചില്ല, ഒരു രാഷ്ട്രപതി സ്ഥാനംവരെ ആന്റണിക്കു വേണമെങ്കില്‍ സ്വപ്‌നം കാണാം, എന്നാല്‍ സുധീരന്റെ ഭാവി ചോദ്യം ചെയ്യുകയാണ്, വി എമ്മിന്റെ കാര്യത്തില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണ്, തീരെയില്ലെന്നല്ല.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു പറഞ്ഞിട്ടും കേള്‍ക്കാതെയാണു ഹൈക്കമാന്‍ഡ് വിഎം സുധീരനെ പിസിസി അധ്യക്ഷനാക്കിയത്. അത്രമേല്‍ പരിതാപകരമായൊരു അവസ്ഥയിലേക്ക് കോണ്‍ഗ്രസ് കേരള ഘടകം വീണുപോയ അവസ്ഥയില്‍ ഗ്രൂപ്പ് ഡിമാന്‍ഡുകള്‍ക്കപ്പുറം സുധീരനെന്ന തീരുമാനം ഹൈക്കമാന്‍ഡില്‍ നിന്നും വന്നത് കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏറെ സന്തോഷിപ്പിച്ചു. കഴിഞ്ഞ കുറെ കാലത്തിനിടയില്‍ ഡല്‍ഹിയില്‍ നിന്നും ഉണ്ടായ ഏറ്റവും നല്ല തീരുമാനമെന്നും അത് വിശേഷിപ്പിക്കപ്പെട്ടു. ഇപ്പോള്‍ രാജികൊണ്ട് മറ്റുളളവരെ ഞെട്ടിച്ചതുപോലെ അന്നു സ്ഥാനലബ്ധികൊണ്ട് സ്വയം ഞെട്ടിക്കാണണം സുധീരനും. കാരണം കോണ്‍ഗ്രസിന്റെ നേതൃത്വസ്ഥാനത്തേക്കല്ല, പ്രധാനപ്പെട്ട പാര്‍ട്ടി, ഭരണസ്ഥാനങ്ങളിലേക്കുപോലും തനിക്കൊരു തിരിച്ചുവരവുണ്ടാകുമെന്നു വി എം വിശ്വസിച്ചിരുന്നില്ല, ആഗ്രഹമുണ്ടായിരുന്നെങ്കില്‍ പോലും. ഒരു റിബല്‍ ശബ്ദമായി ഉയര്‍ന്ന്, ആധര്‍ശദീരതയുടെ പേരുകാരനായി മാറി കുറച്ചുനാള്‍ മുഖ്യധാരയില്‍ നിന്നെങ്കിലും കോണ്‍ഗ്രസിന് അത്രകണ്ട് പഥ്യമല്ലാത്ത ആ രണ്ടു സ്വഭാവങ്ങളും കാരണം തന്നെ വളരെ വേഗമായിരുന്നു സുധീരന്‍ എന്ന പേര് മാഞ്ഞു തുടങ്ങിയത്. ചതുരംഗ പലകയാണു കോണ്‍ഗ്രസ് പാര്‍ട്ടി. ഒന്നുകില്‍ വെട്ടിവീഴുക, അല്ലെങ്കില്‍ മുന്നേറുക. സുധീരന്‍ വെട്ടാന്‍ നോക്കി, പക്ഷേ വീണുപോയി. ആ വീഴ്ചയില്‍ കുറെയേറെ വെട്ടുകള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. അന്നു വെട്ടിയവരോടെല്ലാം പകരം വീട്ടുക എന്ന അവസരം കൂടിയാണു തിരിച്ചുവരവില്‍ സുധീരനു കിട്ടിയത്. അതിനുള്ള കളികളെല്ലാം സുധീരന്‍ നടത്തുകയും ചെയ്തു. പ്രധാന ടാര്‍ഗറ്റ് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. ചെന്നിത്തല മുന്‍കൂര്‍ പരീശീലനം തേടി നേരിടേണ്ട എതിരാളിയല്ലെന്നറിയാം. പക്ഷേ ഉമ്മന്‍ ചാണ്ടി അതല്ല. കരുണാകരനെയും ആന്റണിയെയും വീഴ്ത്തിയവനാണ്. യുദ്ധത്തില്‍ പ്രയോഗിക്കാത്ത തന്ത്രങ്ങള്‍ പോലും രാഷ്ട്രീയത്തില്‍ പയറ്റാമെന്നു വിശ്വസിക്കുന്നയാള്‍. താന്‍ അധികാരമേറ്റു കഴിഞ്ഞ നാള്‍ തൊട്ട് യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി കഴിയുംവരെയുള്ള സമയത്ത് സുധീരന്‍ കളിച്ചത്. ചിലപ്പോള്‍ നിശബ്ദതകൊണ്ട്, മറ്റു ചിലപ്പോള്‍ എതിര്‍പ്പുകള്‍ കൊണ്ട്. ഒടുവില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ പൂര്‍ണമായി പുറത്തുവന്നു. പക്ഷേ അവിടെയും നേരിയ വിജയം ഉമ്മന്‍ ചാണ്ടി സ്വന്തമാക്കി. പക്ഷേ അപ്പോഴും സുധീരന്‍ നിരാശനായില്ല. കാരണം, തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നു സുധീരനും അറിയാമായിരുന്നു. അതു തന്നെ നടന്നു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്ക് ഏറ്റടുക്കാതെ തരമില്ലായിരുന്നു. ഔദ്യോഗിക സ്ഥാനങ്ങളൊന്നും പാര്‍ട്ടിയിലോ പാര്‍ലമെന്ററി രംഗത്തോ വേണ്ടതില്ലെന്നു പറഞ്ഞു ഉമ്മന്‍ ചാണ്ടി മാറി നിന്നു. പ്രതിപക്ഷനേതാവ് എന്ന സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് കിട്ടി. ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു നില്‍ക്കുകയും, ചെന്നിത്തല കളിച്ചു തോല്‍ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന്റെ മുഖം താന്‍ തന്നെയായി മാറുമെന്നു സുധീരന്‍ പ്രതീക്ഷിച്ചു. ഗ്രൂപ്പുകള്‍ക്കെതിരേ എന്നും നിലകൊണ്ട സുധീരന്‍ ഒരാള്‍കൂട്ടത്തെ തനിക്കു ചുറ്റും ഉണ്ടാക്കിയെടുക്കയും ചെയ്തു. എല്ലാം നല്ലരീതിയില്‍ പോകുന്നുവെന്നായിരുന്നു കരുതിയത്.

പക പാമ്പിനേക്കാള്‍ സൂക്ഷിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍. കെഎസ്ആര്‍ടിസിയിലും ട്രെയിനിലും കയറിയി ജനങ്ങള്‍ക്കിടയിലേക്ക് പോയ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരനെ കോണ്‍ഗ്രസുകാര്‍ക്കുപോലും ഇതുവരെ ശരിക്കും മനസിലായിട്ടില്ല. എല്ലാത്തിനും ശമനമായെന്നു ധരിച്ചപ്പോഴും ഗ്രൂപ്പുകള്‍ കൂടുതല്‍ സജീവമായതും പരാതികള്‍ ഡല്‍ഹിയിലേക്കു പോയതുമെല്ലാം ആരുടെ അല്ലെങ്കില്‍ ആരുടെയെല്ലാം കളികളാണെന്നു സുധീരനു മനസിലായില്ലെന്നു കരുതാന്‍ വയ്യാ. തന്നെ തോല്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡിനോ സ്വയം തോറ്റുകൊടുക്കാന്‍ തനിക്കോ കഴിയില്ലെന്ന് ഓരോ തവണയും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി കൊണ്ടിരുന്നു. ഒടുവില്‍ ആ മുന്നറിയിപ്പു തന്നെയാണോ സുധീരന്റെ സ്ഥാന ത്യാഗത്തിനു പിന്നിലും എന്നതാണു സംശയിക്കേണ്ടത്.

മുന്‍പത്തെ പോലെ മടുത്ത് മാറി പോവുകയാവില്ല ഇത്തവണയെന്നു കരുതാം. ഇത്രയും പൊരുതിയിട്ട് വെറുതെയങ്ങ് ഇട്ടിട്ടുപോകാന്‍ സുധീരനു കഴിയുമോ? ആന്റി സ്‌റ്റേറ്റ് കാര്‍ വേണ്ടായെന്നു പറഞ്ഞപ്പോള്‍ മാത്രമാണ് ഉറ്റവര്‍ പോലും അദ്ദേഹം എടുത്ത തീരുമാനത്തെ കുറിച്ച് അറിഞ്ഞത്. ഇന്നത്തെ പത്രസമ്മേളനം കണ്ടപ്പോഴാണ് എതിരാളികള്‍ പോലും സുധീരന്റെ തീരുമാനവും അറിഞ്ഞത്. അറിയേണ്ടത് ആന്റണിയുടെ കാര്യത്തിലുണ്ടായ നിസഹായത സുധീരന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്നാണ്, ഇല്ലെങ്കില്‍ ഈ രാജികൊണ്ട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കരുതിയപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. മറിച്ചാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി വീണ്ടും കാണാന്‍ പോവുകയാണ്. ഹൈക്കമാന്‍ഡ് എന്തു ചെയ്യുമെന്നുകൂടി നോക്കാം.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍