UPDATES

കേരളം

ചാരായ നിരോധനത്തിന് ശേഷം സുധീരന്‍ മദ്യവ്യാപാരികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടില്ല- ടി എന്‍ പ്രതാപന്‍ എംഎല്‍എ

Avatar

മദ്യനിരോധനത്തിനായി ശക്തമായി ശബ്ദമുയര്‍ത്തുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നേരത്തെ മദ്യവ്യാപാരികളുടെ ആനുകൂല്യങ്ങള്‍ പറ്റിയിട്ടുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. പല തവണ സുധീരന്‍ തന്നോട് പണം ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് തൃശ്ശൂര്‍ എലൈറ്റ് ഗ്രൂപ്പ് എംഡി കെ വി സദാനന്ദന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. സുധീരന്‍ നേരത്തെ തൃശ്ശൂരിലുള്ള മറ്റൊരു മദ്യവ്യാപാരിയുടെ കാര്‍ ഉപയോഗിച്ചിരുന്നതായി ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ആരോപിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് പ്രസ്തുത ബാര്‍ ഉടമയുടെ സ്ഥിതീകരിച്ചിരുന്നു. എന്നാല്‍  താന്‍ മദ്യവ്യാപാരം തുടങ്ങുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നപ്പോഴാണ് കാര്‍ വിട്ടുനല്‍കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയരുന്നു.

എന്നാല്‍ ചാരായ നിരോധനത്തിന് ശേഷം സുധീരന്‍ മദ്യവ്യാപാരികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി എന്‍ പ്രതാപന്‍ അറിയിച്ചു. ഇക്കാര്യം കെ വി സദാനന്ദനും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സുധീരന്‍ നേരത്തെ മദ്യപാനിയായിരുന്ന എന്ന ഗോകുലം ഗോപാലന്റെ ആരോപണത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

വിഎം സുധീരന്‍ പൊതുവേദിയില്‍ വച്ച് പ്രമുഖ മദ്യവ്യാപാരിയായ ഗോകുലം ഗോപാലനെ പരസ്യമായി ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി പുതിയ വെളിപ്പെടുത്തലുമായി ബാറുടമകള്‍ രംഗത്തെത്തുകയാണ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി കൊല്ലത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ മദ്യത്തിനെ എതിര്‍ത്ത് പുണ്യവാളനാവുന്നവര്‍ നേരത്തെ മദ്യവ്യാപാരികളുടെ ആനുകൂല്യങ്ങള്‍ പറ്റിയിട്ടുള്ളവരാണെന്ന് ഇന്നും രാജ്കുമാര്‍ ഉണ്ണി ആരോപിച്ചു. ആരും സ്വന്തം കുടുംബത്തില്‍ നിന്നും കാശു കൊണ്ടുവന്നല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുധീരനെതിരെ കടുത്ത ആക്രമണങ്ങള്‍ വന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ ടി എന്‍ പ്രതാപന്‍ ഒഴികെ കോണ്‍ഗ്രസില്‍ നിന്നും ആരും മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ആരോപണ നിഷേധിക്കാന്‍ കെപിസിസി പ്രസിഡന്റും തയ്യാറായിട്ടില്ല. എന്നാല്‍ തത്വാധിഷ്ടിതമായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ സാധാരണമാണ് എന്ന് പറഞ്ഞ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാണ് സുധീരന്‍ തയ്യാറായത്. കോണ്‍ഗ്രസില്‍ തന്നെയുള്ള ചില സുധീര വിരുദ്ധരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും സംസാരമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍