UPDATES

കോണ്‍ഗ്രസ്സിനെ ഇനി നയിക്കുക ആന്‍റണിയുടെ ഏത് മനഃസാക്ഷി സൂക്ഷിപ്പുകാരന്‍?

പുതിയ തീരുമാനം രാഹുല്‍ ഗാന്ധി-ആന്റണി സഖ്യത്തിന്റേതായിരിക്കും എന്നുറപ്പ്

അങ്ങനെ ആ പതിവും തെറ്റി. സാധാരണ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും രാജി വെക്കുന്നെങ്കില്‍ പാവം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു പത്തുദിവത്തേക്കെങ്കിലും മറ്റ് വാര്‍ത്തകള്‍ക്കായി അലയേണ്ടി വരില്ലായിരുന്നു. തച്ചിന് തച്ചിന് പ്രസ്താവനകള്‍ കൊണ്ട് കളവും ബ്രേക്കിംഗ് ന്യൂസുകളും പത്രത്തിലെ കോളങ്ങളും നിറയുമായിരുന്നു. കളഞ്ഞു, എല്ലാം നശിപ്പിച്ച് കളഞ്ഞു. ഇത്തരം കോലാഹലങ്ങള്‍ ഒന്നുമില്ലാത്തതില്‍ പൊതുവില്‍ നിരാശയുണ്ടാവാമെങ്കിലും ഒരു കാര്യത്തില്‍ അവര്‍ക്ക് ആശ്വസിക്കാം. കോലഹാലങ്ങള്‍ക്കൊടുവില്‍ രാജിക്ക് കാരണമായി പരസ്യമായി പറയുന്ന ആദര്‍ശശുദ്ധമായ കാരണം കേട്ട് ഉള്ളില്‍ ചിരിച്ച്, ആത്മനിന്ദയോടെ വാര്‍ത്തയെഴുതേണ്ട ഗതികേട് ഇക്കാര്യത്തില്‍ ഉണ്ടാവില്ല. സുധീരന്‍ പറഞ്ഞ കാരണം ശരിയായിരിക്കാന്‍ തന്നെയാണ് സാധ്യത.

കാരണങ്ങള്‍ പലതാണ്. സുധിരനും ഉമ്മന്‍ചാണ്ടിയും രണ്ട് തട്ടിലാണെന്ന് പാണന്മാര്‍ പാടി നടക്കുന്നതില്‍ യാഥാര്‍ത്ഥ്യമില്ലാതില്ല. രാജിക്കാര്യം ആന്റണിയെയും രമേശ് ചെന്നിത്തലയെയും വിളിച്ചറിയിക്കുകയും ഉമ്മന്‍ ചാണ്ടിയെ വിളിച്ചറിയിക്കാതിരിക്കുകയും ചെയ്തതില്‍ നിന്ന് തന്നെ ഇത് സ്പഷ്ടമാണ്. ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി തുടരുക തന്നെയാണ്. കഴിഞ്ഞ ആഴ്ച കൊല്ലത്ത് എ ഗ്രൂപ്പിന്റെ പ്രത്യേക യോഗം വിളിച്ചുകൊണ്ട് കരുണാകരനെതിരെ കളിച്ച കളി വീണ്ടും ആടാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. പക്ഷെ, അവിടെ ആന്റണിയുടെ വിശ്വസ്തനായ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റി നിറുത്തി എന്നൊരു പാകപ്പിഴ സംഭവിച്ചതായി കാണുന്നു. അപ്പോള്‍ പിന്നെ സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള വഴക്കില്‍ ആന്റണി ആരുടെ ഭാഗത്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു.

മാത്രമല്ല, അങ്ങനെ രണ്ടു പേര്‍ യുദ്ധം ചെയ്യുകയാണെങ്കില്‍ ഇരുവരും തല്ലി ചാകുകയും അതിനിടയില്‍ നിന്ന് നമുക്ക് വല്ലതും അടിച്ചുമാറ്റാന്‍ പറ്റുമോ എന്ന് നോക്കുകയും മാത്രമായിരിക്കും അദ്ദേഹത്തിന്റെ താല്‍പര്യമെന്ന് നാളിതുവരെയുള്ള ആന്റണിയുടെ രാഷ്ട്രീയ പരിശോധിക്കുന്നവര്‍ക്ക് സംശമുണ്ടാകാനിടയില്ല. ഇനി ഉമ്മന്‍ചാണ്ടിയെ കൊണ്ടു നടക്കുന്നതില്‍ വലിയ കാര്യമില്ലെന്ന് മറ്റാരെക്കാളും നന്നായി ആന്റണിക്കറിയാം. ആ സാഹചര്യത്തില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ അടിസ്ഥാനത്തിലാവില്ല സുധീരന്‍ രാജിവെച്ചത് എന്ന് വേണം അനുമാനിക്കാന്‍.

എല്ലാം കൊണ്ടും ഉമ്മന്‍ചാണ്ടിയുടെ കഷ്ടകാലം അതിവേഗം ബഹുദൂരം തുടരും എന്ന് വേണം കരുതാന്‍. ഏതായാലും പുതിയ കെപിസിസി പ്രസിഡന്റ് പദത്തിലേക്കുള്ള പരിഗണന പട്ടികയില്‍ പോലും അദ്ദേഹത്തിന്റെ പേരുണ്ടാവില്ല. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചത് പോലെ യുവരക്തങ്ങള്‍ (കോണ്‍ഗ്രസിന്റെ മാനദണ്ഡം വച്ച്) പരിഗണിക്കപ്പെടാനാണ് സാധ്യത. വിഡി സതീശന്‍, കെ മുരളീധരന്‍ തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നു വരാം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് ഗ്രൂപ്പില്‍ നിന്ന് എന്ന പതിവ് ഫോര്‍മുല ഇത്തവണ ക്ലച്ച് പിടിക്കാന്‍ സാധ്യതയില്ല. എ ഗ്രൂപ്പിനെ അതിന്റെ തലതൊട്ടപ്പനായ ആന്റണിക്ക് പോലും വേണ്ട എന്നതാണ് കാരണം. തനിക്ക് വേണ്ടി രക്തം ചിന്താന്‍ പോലും മടിയില്ലാത്ത ടി സിദ്ദിഖിനെ ഒന്ന് ഡിസിസി പ്രസിഡന്റാക്കാന്‍ പെട്ടപാട് ഓര്‍ക്കുമ്പോള്‍ അങ്ങനെ ഒരു സാഹസത്തിന് ഉമ്മന്‍ചാണ്ടി ഇനി മുതിരാന്‍ സാധ്യതയില്ല.

പക്ഷെ ഒരു പഴയ എ ഗ്രൂപ്പുകാരന്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അവിടെയാണ് വീണ്ടും എ കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തില്‍ ആന്റണി തന്നെ കത്തിവേഷം വീണ്ടും ആടാനുള്ള സാധ്യത നിലനില്‍ക്കുന്നത്. വീമ്പിളക്കുന്നത് പോലെ ആന്റണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെങ്കില്‍ കൊടിക്കുന്നില്‍ സുരേഷ് കെപിസിസി പ്രസിഡന്റായി വന്നാല്‍ അത്ഭുതത്തിന് അവകാശമില്ല. സാധ്യത മാത്രമാണെങ്കിലും അത് ചെറുതല്ലാത്ത ഒരു സാധ്യതയായി പല സ്ഥാനമോഹികളുടെയും ഉറക്കം കെടുത്തുമെന്ന് ഉറപ്പ്.

കാരണം, മുതിര്‍ന്ന നേതാവാണ് എന്ന് വിശേഷിപ്പിക്കും കാണുമ്പോഴും എഴുന്നേല്‍ക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുമെങ്കിലും പുതിയ ആദര്‍ശധീരന്മാരെ അത്ര കണ്ട് വിശ്വസിക്കാനാവില്ലെന്ന് മറ്റാരെക്കാളും ആന്റണിക്ക് നന്നായി അറിയാം. പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളാണ് കേരളത്തില്‍ വേണ്ടതെന്ന യാഥാര്‍ത്ഥ്യത്തിനാവും അദ്ദേഹം മുന്‍ഗണന കൊടുക്കുക. അതാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലാവും പുതിയ കെപിസിസി വരിക. അകലെ നില്‍ക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയും പിസി ചാക്കോയെയും കെ സുധാകരനെയും പോലുള്ള ഭൈമീകാമുകരെ കാണാതയല്ല ഇത് പറയുന്നത്. പണ്ട് കെ കരുണാകരന്റെയും ലീല ദാമോദരമേനോന്റെയും തലയില്‍ പതിച്ച കെപി ഉണ്ണികൃഷ്ണന്‍ എന്ന ഉല്‍ക്ക പോലെ മാനത്തുനിന്നും പൊട്ടിവീഴാന്‍ സാധ്യതയുള്ള പേരുകളാണ് അതും. ഏതായാലും സോണിയ ഗാന്ധി ചികിത്സ കഴിഞ്ഞു തിരിച്ചെത്തുന്നതു വരെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളു. അന്തിമ പ്രഖ്യാപനം അതുകഴിഞ്ഞേ ഉണ്ടാവുള്ളൂവെങ്കിലും തീരുമാനം രാഹുല്‍ ഗാന്ധി-ആന്റണി സഖ്യത്തിന്റേതായിരിക്കും എന്നുറപ്പ്.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍