UPDATES

വോള്‍വോ എക്‌സി 90: എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഗജകേസരി

വോള്‍വോയുടെ കാറുകളെപ്പറ്റി പറയുമ്പോള്‍ എനിക്ക് നൂറു നാക്കാണെന്ന് എനിക്കു തന്നെ തോന്നാറുണ്ട്. അത് വോള്‍വോ കമ്പനിയോട് പ്രത്യേകിച്ച് മമതയുള്ളതു കൊണ്ടോ വോള്‍വോ എനിക്ക് കൈക്കൂലി തരുന്നതു കൊണ്ടോ അല്ല. പ്രോത്സാഹിപ്പിക്കപ്പെടേണ്ട തരത്തിലുള്ള വാഹനങ്ങളാണ് ഈ സ്വീഡിഷ് കമ്പനി നിര്‍മ്മിക്കുന്നത് എന്നതു കൊണ്ടാണത്. യാത്രക്കാരുടെ മാത്രമല്ല, കാല്‍നടക്കാരുടെ പോലും സുരക്ഷ വോള്‍വോയ്ക്ക് പ്രധാനമാണ്. എന്നാല്‍ സുരക്ഷയോടൊപ്പം തന്നെ എഞ്ചിന്‍ മികവും ഇന്‍റീരീയര്‍ കംഫര്‍ട്ടുമെല്ലാം ലോകോത്തര നിലവാരത്തിലാക്കാന്‍ വോള്‍വോ ശ്രദ്ധിക്കുന്നുണ്ട്.

സെഡാനുകളായ എസ്. 60, എസ് 80, ക്രോസ് കണ്‍ട്രി മോഡലായ വി 40, ക്രോസ്‌കണ്‍ട്രി ഹാച്ച്ബായ്ക്കായ വി. 40, എസ്.യുവികളായ എക്‌സ്. സി. 60, എക്‌സ് സി 90 എന്നിവയാണ് വോള്‍വോയുടെ ഇന്ത്യയിലെ മോഡലുകള്‍. ഇന്ത്യയില്‍ വിപണനം തുടങ്ങിയിട്ട് നാളുകളേറെ ആയെങ്കിലും മാര്‍ക്കറ്റില്‍ ഇടിച്ചു കയറാനൊന്നും വോള്‍വോ ശ്രമിച്ചിട്ടില്ല. പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നതാണ് വോള്‍വോയുടെ ലൈന്‍.

എന്നാല്‍ പുതിയ എക്‌സ് സി 90 വന്നപ്പോള്‍ വോള്‍വോ ചുവടൊന്നു മാറ്റി. ആഹ്ലാദാരവങ്ങളോടെയാണ് ഈ പുതുപുത്തന്‍ മോഡലിനെ വിപണിയിലെത്തിച്ചിരിക്കുന്നത്. അത്രയ്ക്കുണ്ട് എക്‌സ് സി. 90 യുടെ കാര്യത്തില്‍ വോള്‍വോയുടെ ആത്മവിശ്വാസം. പുതിയ എക്‌സ് സി 90 കണ്ടവരും വായ് പൊളിച്ചുപോയി. കാരണം, എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഗജകേസരിയാണിവന്‍.

പൂനയ്ക്കടുത്ത് ലോണെവാലയില്‍ മഞ്ഞും മഴയും ഒളിച്ചു കളിക്കുന്ന വൈകുന്നേരങ്ങളിലൊന്നില്‍ എക്‌സ് സി. 90-യെ കരഗതമായപ്പോള്‍ ഞാന്‍ സന്ദേഹത്തിലായിരുന്നു: എന്നെപ്പോലെ ഒരു അശുവിന് ഇവനെ മെരുക്കാനാകുമോ?

സന്ദേഹം അസ്ഥാനത്തായിരുന്നെന്ന് വൈകാതെ ബോധ്യമായി. മഹാരാഷ്ട്രയുടെ ഹൈവേകളിലൂടെയും കാട്ടിടവഴികളിലൂടെയും ഞാന്‍ എക്‌സ്.സി. 90-യെ രണ്ടുദിവസം ‘മേയ്ച്ചു’ കൊണ്ടു നടന്നു.

എക്‌സ്. സി. 90
7 സീറ്റര്‍ എസ്.യു.വി.യാണ് എക്‌സ് സി. 90. ജനനം 2002-ല്‍. ഇപ്പോള്‍ വന്നിരിക്കുന്നത് രണ്ടാം തലമുറയില്‍പ്പെട്ട എക്‌സ്. സി 90 ആണ്. സ്വീഡനില്‍ മാത്രമാണ് ഈ മോഡല്‍ നിര്‍മ്മിക്കപ്പെടുന്നത്. ലോകത്തിലേക്ക് മുഴുവന്‍ കയറ്റുമതി ചെയ്യപ്പെടുന്നത് സ്വീഡനില്‍ നിന്നാണെന്നു ചുരുക്കം. അങ്ങനെ നൂറു ശതമാനവും സ്വീഡീഷാണ് പുതിയ എക്‌സ്. സി. 90 എന്നു പറയാം.

കാഴ്ച
വോള്‍വോയുടെ വാഹനങ്ങള്‍ പൊതുവേ രൂപഭംഗിയില്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ എക്‌സ്. സി. 90 യുടെ കാര്യത്തില്‍ സംഗതി നേരെ മറിച്ചാണ്. കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കുന്ന രൂപഭംഗി. മുന്‍വശം മുഴുവന്‍ കവരുന്നത് വലിയ ഗ്രില്‍ ആണ്. അതില്‍ കുത്തനെയുള്ള ക്രോമിയം സ്‌പോക്കുകള്‍. താരതമ്യേന വീതി കുറഞ്ഞ ഹെഡ്‌ലാമ്പില്‍ പരശുരാമന്റെ മഴുവിനെ ഓര്‍മ്മിപ്പിക്കുന്ന ഡേ ടൈം റണ്ണിംഗ് ലാമ്പ്. ഇന്റഗ്രേറ്റ് ചെയ്ത ബമ്പറില്‍ സ്‌പോര്‍ട്ടിയായി ഇണക്കിച്ചേര്‍ത്തിരിക്കുന്ന ചെറിയ എയര്‍ഡാമും വളരെ ചെറിയ ഫോഗ്‌ലാമ്പും. ഉയര്‍ന്ന ബോണറ്റ് ആരെയും വെല്ലുവിളിക്കാന്‍ പോന്ന ‘തലപ്പൊക്കം’ എക്‌സ് സി. 90 ക്ക് സമ്മാനിക്കുന്നു.

20 ഇഞ്ച് അലോയ്‌യും വലിയ വീല്‍ ആര്‍ച്ചുകളും മൂന്നു നിര വിന്‍ഡോകളും സൈഡ് പ്രൊഫൈലില്‍ എക്‌സ്. സി. 90-യെ ഒരു വമ്പന്‍ എസ്.യു.വി.യാക്കി മാറ്റുന്നു. റൂഫിനോടു ചേര്‍ന്നു നില്‍ക്കുന്ന സില്‍വര്‍ ഫിനിഷുള്ള ഗ്രാബ് റെയ്ല്‍ ഉണ്ട്. ഫുട്‌സ്റ്റെപ്പ് ഇല്ല. പിന്‍ഭാഗം മറ്റേതൊരു വോള്‍വോയും പോലെ തന്നെ. റൂഫില്‍ നിന്നാരംഭിക്കുന്ന ടെയ്ല്‍ ലാമ്പ് ബൂട്ട് ലിഡിന്റെ മേലേക്ക് വിടര്‍ന്നു നില്‍ക്കുന്നു. സ്‌പോയ്‌ലര്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ്, സില്‍വര്‍ഫിനിഷ് സ്‌കഫ് പ്ലേറ്റ് എന്നിവയാണ് പിന്‍ഭാഗത്തെ മറ്റു ഘടകങ്ങള്‍.

ഉള്ളില്‍
കറുപ്പിന്റെയും ഒന്നാന്തരം ലെതറിന്റെയും തടിയുടെയും മായാലോകമാണ് എക്‌സ് സി 90 യുടെ ഉള്‍ഭാഗം. ഇടയ്ക്കിടെ ക്രോമിയം ഫിനിഷിന്റെ തിരയിളക്കങ്ങളും കാണാം. അതിമനോഹരമായ ഡാഷ്‌ബോര്‍ഡില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നത് വലിയ 9 ഇഞ്ച് ടച്ച് സ്‌ക്രീനാണ്. വലിയ അക്ഷരങ്ങളില്‍ വായിക്കാവുന്ന ക്രിസ്റ്റല്‍ ക്ലിയര്‍ സ്‌ക്രീനില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 19 സ്പീക്കറുകളുള്ള ബോവേഴ്‌സ് ആന്റ് വില്‍ക്കിന്‍സ് മ്യൂസിക് സിസ്റ്റമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ‘കണ്‍സള്‍ട്ട് ഹാള്‍ മോഡ്’ ഉള്‍പ്പെടെയുള്ള വിവിധ മോഡുകളില്‍ സംഗീതം പൊഴിക്കുന്ന ഈ മ്യൂസിക് സിസ്റ്റത്തിന്റെയത്രയും മനോഹരമായ ഒന്ന് മറ്റൊരു കാറിലും കണ്ടിട്ടില്ല കേട്ടിട്ടില്ല. വളരെ കുറച്ച് സ്വിച്ചുകള്‍ മാത്രമേ ഉള്ളില്‍ ഉപയോഗിച്ചിട്ടുള്ളു. എ.സി.യുടെയും ഡ്രൈവ്‌മോഡുകളുടെയും സ്വിച്ചുകളാണ് ഇവ. ധാരാളം സ്റ്റോറേജ് സ്‌പേസുകളും ശരീരത്തെ ഇറുക്കെ പുണരുന്ന ലെതര്‍ സീറ്റും വോള്‍വോ എക്‌സ്.സി. 90 യുടെ പ്രഭാവം വര്‍ദ്ധിപ്പിക്കുന്നു. (ഈ സീറ്റുകള്‍ അസ്ഥിരോഗവിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചതാണത്രെ). മൂന്നു നിര സീറ്റുകളുണ്ട്. രണ്ടാം നിരയും പിന്നിലേക്ക് ചെരിക്കാം. മൂന്നാം നിര സീറ്റില്‍ വലിയ സ്ഥലസൗകര്യമുണ്ടെന്ന് പറയാനാവില്ല. മറ്റ് എസ്.യു.വികളെ അപേക്ഷിച്ച് ഭേദമാണെന്നു മാത്രം. പനോരമ സണ്‍റൂഫ്, കാല്‍മുട്ടിലും വശങ്ങളിലുമെല്ലാമുള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്തത്ര എയര്‍ബാഗു കള്‍ (മൂന്നാം നിര സീറ്റുകള്‍ക്കുള്‍പ്പടെ), 40:20:40 ആയി മടക്കാവുന്ന സീറ്റുകള്‍ ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള എക്‌സ്.സി. 90, യൂറോപ്പിലെ ക്രാഷ് ടെസ്റ്റില്‍ ഫുള്‍ മാര്‍ക്കാണ് നേടിയത്.

എഞ്ചിന്‍
2 ലിറ്റര്‍, 222 ബി.എച്ച്.പി. ഡീസല്‍ എഞ്ചിനാണ്. പുതിയ എക്‌സ്.സി. 90 യില്‍ ഉള്ളത്. ഈ ഇരട്ട ടര്‍ബോ എഞ്ചിന്‍ 47.9 കി.ഗ്രാം ലിറ്റര്‍ ടോര്‍ക്ക് നല്‍കുന്നു. ഇക്കോ, കംഫര്‍ട്ട്, ഓഫ് റോഡ്, ഡൈനാമിക് എന്നീ മോഡുകള്‍ മാറി മാറി പരീക്ഷിച്ചു. ഇക്കോ, കംഫര്‍ട്ട് മോഡുകളില്‍ ക്രമാനുഗതമായാണ് പവര്‍ ലഭിക്കുന്നത്. ഓഫ് റോഡ് മോഡില്‍ വാഹനം 40 മി.മീ ഉയരുന്നു. ഡൈനാമിക് മോഡില്‍ വാഹനം പറപറക്കുന്നു. ഓഫ് റോഡ് മോഡില്‍ മലയിറങ്ങാനും കയറാനുമുള്ള ഹില്‍ ഡിസന്റ്അസന്റ് മോഡുകള്‍ ഓട്ടോമാറ്റിക്കായി ആക്ടിവേറ്റ് ആകുന്നുണ്ട്. സെഗ്‌മെന്റിലെ മറ്റ് എസ്.യു.വി.കളെക്കാള്‍ വലിപ്പം കൂടുതലാണെങ്കിലും ഭാരം കുറവായത് (2171 കി.ഗ്രാം) പെര്‍ഫോമന്‍സിനെ സഹായിക്കുന്നുണ്ട്. ഏതായാലും പാഡ്ല്‍ ഷിഫ്റ്റ് കൂടി വേണ്ടിയിരുന്നു എന്ന് എക്‌സ്.സി. 90 ഓടിക്കുന്ന ആര്‍ക്കും തോന്നിപ്പോകും. എയര്‍ സസ്‌പെന്‍ഷനാണ് വോള്‍വോ എക്‌സ്‌സി 90-ക്ക്‌. ഇത്രയും വലിയൊരു എസ്.യു.വി.ക്ക് ബോഡി റോള്‍ തീരെ ഇല്ല എന്നത് ആശ്ചര്യകരമായ കാര്യമാണ്. മേഘങ്ങള്‍ക്കിടയില്‍ ‘ഫ്‌ളോട്ട്’ ചെയ്തു പോകുന്നതു പോലെ പോകാം എക്‌സ്.സി. 90 യില്‍ യാത്ര ചെയ്യുമ്പോള്‍.

എക്‌സ്. സി. 90 ഇന്ത്യയിലെത്തുന്നു എന്നു കേട്ടപ്പോള്‍ തന്നെ 300-ലേറെ ബുക്കിംഗ് കിട്ടി എന്നത് മറ്റൊരു അത്ഭുതം. വോള്‍വോ എന്ന ബ്രാന്റിനെ വൈകിയാണെങ്കിലും ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ ലക്ഷണമാണിത്. ഈ സെഗ്‌മെന്റിലെ ഏറ്റവും മികച്ച എസ്.യു.വി എന്ന് തീര്‍ച്ചയായും വിശേഷിപ്പിക്കാം എക്‌സ്.സി. 90യെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍