UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെക്കികള്‍ക്ക് പ്രിയന്‍ പിണറായി; എല്‍ ഡി എഫ് അധികാരത്തിലെത്തുമെന്നും സര്‍വ്വെ ഫലം

അഴിമുഖം പ്രതിനിധി

ടെക്നോപാർക്ക് ജീവനക്കാരുടെ കമ്മ്യുണിറ്റി വെബ്‌ സൈറ്റായ ടെക്നോപാർക്ക്ടുഡേ ഡോട്ട് കോം ടെക്കികളുടെ ഇടയിൽ നടത്തിയ ഇലക്ഷൻ സർവ്വേ – നിങ്ങൾ വോട്ട് ചെയ്യുമോ (will you vote) 2016 ഫലം പ്രസിദ്ധീകരിച്ചു. 

91 ശതമാനം പേരും ഉത്തരം നല്‍കിയത് ഇത്തവണ വോട്ടു ചെയ്യും എന്നായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സര്‍വ്വേ ഫലത്തില്‍ നിന്നും 25.5 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായത്. പോയ വര്‍ഷം ഇത് 63 ശതമാനമായിരുന്നു.

സംസ്ഥാനം ആര് ഭരിക്കണം, ആരായിരിക്കണം നമ്മുടെ പ്രതിനിധികൾ, ആരാണ് ടെക്കികളുടെ ഇഷ്ടപ്പെട്ട മുഖ്യമന്ത്രി എന്നിങ്ങനെ 9 ചോദ്യങ്ങളാണ് ഓൺലൈൻ സർവെയിൽ ഉൾപ്പെടുത്തിയിരുന്നത്. കേരളം ആരു ഭരിക്കും എന്ന ചോദ്യത്തിന് 60.2% പേരുടേയും ഉത്തരം എല്‍ഡിഎഫ് എന്നായിരുന്നു. 23.8 ശതമാനം യുഡിഎഫിനെയും 16 ശതമാനം ബിജെപിയെയും പിന്തുണച്ചു.

ആരായിരിക്കണം കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ടത് എന്ന ചോദ്യത്തിന് കൂടുതല്‍ പേരും വോട്ടു ചെയ്തത് പിണറായി വിജയനാണ് (25.6%). തൊട്ടു പിന്നിൽ വി എസ് അച്യുതാനന്ദന്‍ 19.7 ഉം ഉമ്മൻ ചാണ്ടി 17.8 ശതമാനം പേരുടെയും പിന്തുണ നേടി.  ഒ രാജഗോപാലും ടി എം തോമസ്‌ ഐസക്കുമാണ് അടുത്ത സ്ഥാനങ്ങളിൽ (11.7%  & 11.1%).  ഇതേ ചോദ്യത്തിന് കുമ്മനം രാജശേഖരൻ  8.6%  ഉം വി എം സുധീരനും രമേശ്‌ ചെന്നിത്തലയും യഥാക്രമം 3.3 ഉം 2.2ഉം ശതമാനം വോട്ടുകൾ നേടി.

കേരളത്തിൽ ബിജെപി  അക്കൗണ്ട്‌ തുറക്കുമോ എന്നതിന് 47.7 ശതമാനം ടെക്കികൾ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രത്തിലെ മോദി തരംഗം കേരളത്തിൽ സ്വാധീനം ചെലുത്തില്ല എന്നാണ് 65.8 ശതമാനം  ടെക്കികളും വിശ്വസിക്കുന്നത്. സിനിമാതാരങ്ങളും മാധ്യമ പ്രവർത്തകരും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട്‌ 56.4 ശതമാനം പേരും യോജിച്ചില്ല. .  യുഡിഎഫ്സര്‍ക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് 82 ശതമാനം പേരും അഭിപ്രായപ്പെടുന്നത്. വികസനം, വർഗീയത, പരിസ്ഥിതി പ്രശ്നനങ്ങള്‍, മാലിന്യ സംസ്കരണം എന്നിവയായിരുന്നു ടെക്കികൾ ചൂണ്ടിക്കാണിച്ച മറ്റു പ്രശ്നങ്ങൾ.

35 ശതമാനം ടെക്കികൾ പുതിയതായി അവരുടെ വോട്ടു നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുന്നു. രണ്ടര ശതമാനം  പേർ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല.

നിങ്ങൾ വോട്ട് ചെയ്യുമോ (will you vote) എന്ന ഈ സർവേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും നടത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍