UPDATES

കാറ്റലോനിയ സ്പെയിനിനോടും ലോകത്തോടും പറയുന്നത്

Avatar

അലക്സ് സാല്‍മണ്ട്
(ബ്ലൂംബര്‍ഗ് വ്യൂസ്)

സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റ ഫലമായി ഗ്രഹണം ബാധിക്കുന്ന ദിവസം തന്നെ രാജ്യത്തിന്റ ജനാധിപത്യ ചരിത്രത്തില്‍ സുപ്രധാനമായേക്കാവുന്നൊരു  തിരഞ്ഞെടുപ്പിന് തിരഞ്ഞെടുത്തത് കാറ്റലോനിയന്‍ പ്രസിഡന്റ് അര്‍ട്ടര്‍ മാസ് മനപൂര്‍വ്വമാണോയെന്നെനിക്കറിയില്ല. കാല കാലങ്ങളായി ഗ്രഹണം നമ്മളൊരു ദുശ്ശകുനമായാണ് കണക്കാക്കിപ്പോരുന്നതെങ്കിലും കാറ്റലോനിയന്‍ തിരഞ്ഞടുപ്പിനെ സംബന്ധിച്ച് അറിഞോ അറിയാതെയോ പലതരത്തിലുമത് പ്രതീകമായി മാറുകയായിരുന്നു  ഗ്രഹണ സമയത്തെ ചന്ദ്രനില്‍ കണ്ടത് കാറ്റലോനിയന്‍ കൊടിയിലെ നിറങ്ങള്‍ തന്നെയാണ്. ഗ്രഹണ സമയത്ത ചന്ദ്രന്‍ ശരിക്കും കാറ്റലോനിയന്‍ സ്വതന്ത്ര ചിന്തയുടെ പ്രതീകം തന്നെയാണ്. ഭൂമി മറയ്ക്കുമ്പോഴും ചന്ദ്രന്റെ ശോഭ കെടുന്നില്ല. അതുപോലെ സ്‌പെയിന്‍ നിരന്തരം മറയ്ക്കാന്‍ ശ്രമിക്കുമ്പോഴും കാറ്റലോനിയന്‍ ജനതയുടെ സ്വതന്ത്ര ചിന്ത അണയാതെ തന്നെ നില നില്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന സൂചനയുമതാണ്. സ്‌പെയിനിനും വൈകാതെയവരെ അംഗീകരിക്കേണ്ടി വരും. 

പൂര്‍ണസ്വാതന്ത്രമെന്ന ആവശ്യം മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ തിരഞ്ഞെടുപ്പു ഫലം നിരാശയേകുന്നതൊന്നുമല്ല ഈയൊരാവശ്യത്തിലൂന്നി മത്സരിച്ച നിലവിലെ പ്രസിഡന്റ് അര്‍ട്ടസ് മാസ് ഉള്‍പ്പെട്ട ടുഗെതര്‍ ഫോര്‍ യെസ് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.എന്നാല്‍ സ്വതന്ത്രവാദികള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും അവര്‍ക്ക് പോള്‍ ചെയ്തതിന്റെ 50 ശതമാനം വോട്ടുകള്‍ നേടാനായായിട്ടില്ലെന്നതാണ് സ്‌പെയിന്‍ ഉയര്‍ത്തുന്ന പ്രധാന വാദം. (സാങ്കേതികമായി സ്‌പെയിനില്‍ നിന്നു വിടുതല്‍ പ്രാപിക്കുക പോലുള്ള തീരുമാനമെടുക്കണമെങ്കില്‍ ഭരണ കക്ഷി 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു നേടിയിരിക്കണമെന്നുണ്ട്). ഉണ്ടായ മാറ്റം കാണാതെ സാങ്കേതികതയില്‍ കടിച്ചു തൂങ്ങിയുള്ള ബാലിശമായ വാദമാണെന്നു പറയേണ്ടി വരും. കാറ്റലോനിയ സ്വതന്ത്രമാകുന്നതിനോടു യോജിക്കുന്ന ഇടതുപക്ഷ ഹരിത മുന്നണി നേടിയ 9 ശതമാനം വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഭൂരിപക്ഷം വോട്ടര്‍മാരും കാറ്റലോനിയ സ്വാതന്ത്രമാകണമെന്നു തന്നെയാണാഗ്രഹിക്കുന്നതെന്നു വ്യക്തമാകും. 

സ്‌പെയിന്‍ പ്രധാനമന്ത്രി മാരിയാനോ റജോയുടെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാറ്റലോനിയയെ ജനങ്ങള്‍ക്കധികവും വേണ്ടാതായ മട്ടാണ്. വെറും 8 ശതമാനം വോട്ടുകള്‍   മാത്രമാണ് തിരഞ്ഞെടുപ്പില്‍ അവരുടെ സമ്പാദ്യം. കാറ്റലോനിയെ സംബന്ധിച്ച് ചെറിയ തോതിലുള്ള ഭരണഘടന ഭേദഗതി പോലും ആവശ്യമില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഡിസംമ്പറില്‍ സ്‌പെയിനില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ ജനസ്വാധീനത്തില്‍ കാര്യമായ ഇടിവു തട്ടിയ പാര്‍ട്ടി സ്‌പെയിനിലാകെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. കടുത്ത കാറ്റലോനിയന്‍ വിരുദധ നിലപാടുകളുമായി ഇനി എത്ര കാലമവര്‍ക്ക് മുന്നോട്ടു പോകാനാകുമെന്നത് കണ്ടറിയേണ്ടതാണ്.

യൂറോപ്യന്‍ യുണിയനും, അന്താരാഷ്ട്ര സമൂഹവും, സ്‌പെയിനുമൊക്കെ തീരുമാനമെടുത്തതിനു ശേഷം മാത്രമേ തങ്ങളുടെ ജനാധിപത്യ അഭിലാക്ഷങ്ങളെ സംബന്ധിച്ച് തീരുമാനിക്കാന്‍ കാറ്റലോനിയക്കാര്‍ക്ക് അവകാശമുള്ളോ? അത്തരമൊരു നിലപാടാണോ നമുക്കുണ്ടാവേണ്ടത്?

ആദ്യമായി അന്താരാഷ്ട്രസമൂഹം കാറ്റലോനിയെ ഒരു പ്രശ്‌നമായി കാണുന്നതിനു പകരം ജനാധിപത്യ രീതിയില്‍ ഒരു സമൂഹം പ്രകടിപ്പിച്ച ആഗ്രഹങ്ങള്‍ സഫലമാക്കിക്കൊടുക്കാനുള്ള അവസരമായി കണ്ടു തുടങ്ങണം. വിവിധ തരം ആക്രമങ്ങള്‍ക്കിരയാവുന്നൊരു സമൂഹം, രണ്ടു തലമുറകള്‍ക്കു മുമ്പു വരെ ക്രൂരനായ ഫാസിസ്റ്റ് ഏകാധിപതി ഭരിച്ചിരുന്ന രാജ്യം. അങ്ങനെയൊരു സ്ഥലത്തുണ്ടാകുന്ന ജനാധിപത്യ മുന്നേറ്റങ്ങള്‍ മാനിക്കപ്പെടണം, അംഗീകരിക്കപ്പെടണം. ആഗോള പ്രതിനിധികളെല്ലാവരും, അതിപ്പോള്‍ എന്നെപ്പോലെ കാറ്റലോനിയന്‍ വിഷയത്തെ അനുഭാവ പൂര്‍വ്വം വീക്ഷിക്കുന്നവരാണെങ്കിലും അതല്ല ഡേവിഡ് കാമറൂണിനെ പോലെ വിരുദ്ധ നിലപാടുള്ളവരാണെങ്കിലും ശരി, തങ്ങളുടെ ഭാവി സ്വയം നിര്‍ണ്ണയിക്കാനുള്ള ആ ജനതയുടെ അവകാശം സമ്മതിച്ചു കൊടുക്കുക തന്നെ വേണം. അതിനു തയ്യാറാകാതെ ഒബാമയും, ഡേവിഡ് കാമറൂണും യൂറോപ്യന്‍ കമ്മീഷനുമൊക്കെ ഇപ്പോള്‍ സ്‌പെയിനില്‍ നടത്തുന്ന ഇടപെടലുകള്‍ കൊണ്ട് യാതൊരു പ്രയോജനവുമുണാകാന്‍ പോകുന്നില്ല. മാത്രമല്ല അത് പ്രതിക്ഷേധങ്ങള്‍ക്കിടവയ്ക്കുകയും ചെയ്യും.

കാറ്റലോനിയക്ക് സ്വതന്ത്ര രാജ്യമെന്ന നിലയ്ക്ക്  വിജയിക്കാന്‍ സാധിക്കുമോയെന്നതൊക്ക  അടിസ്ഥാനമില്ലാത്ത സംശയങ്ങളാണ്. യൂറോപ്യന്‍ യുണിയന്‍ രാജ്യങ്ങളുടെ ശരാശരി ജിഡിപി, ആളോഹരി വരുമാനത്തെക്കാള്‍ കൂടുതലാണ് കാറ്റലോനിയയുടേത്. തങ്ങളുടെ സ്വത്വം സ്ഥാപിച്ചു കിട്ടാനായി യോജിപ്പോടെ സമാധാനത്തോടെയും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അവര്‍ അവലംബിച്ചിട്ടുള്ളത്. യൂറോപ്പ് അതിനെ കാണാതെയും മാനിക്കാതെയുമിരുന്നുകൂട. അങ്ങനെ ചെയ്താല്‍ അത് ജനാധിപത്യത്തെ സര്‍വ്വാത്മനാ പിന്തുണയ്ക്കുമെന്ന യൂറോപ്യന്‍ യൂണിയന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള വൃതിചലനമായിരിക്കും. യൂറോപ്യന്‍ യൂണിയന്‍ അവസരവാദ രാഷ്ട്രീയം കളിക്കുന്നവരാണെന്ന അപഖ്യാതി നേടിയെടുക്കാനെ അതുപകരിക്കൂ.

കാറ്റലോനിയന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു യൂറോപ്യന്‍ കമ്മീഷന്‍  ഇപ്പോള്‍ തന്നെ  വിവാദത്തിലായിരിക്കുകയാണ്. കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞ മറുപടി സ്പാനിഷിലേക്കു പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണകള്‍ക്കിടവച്ചതെന്നാണ് ഇതിന് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. അതെങ്ങനെ സംഭവിച്ചുവെന്നതിനക്കുറിച്ചുള്ള അന്വേഷണവും അവരാരംഭിച്ചിട്ടുണ്ട്. ഏകപക്ഷീയമായി കാറ്റലോനിയ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണോ അതോ അതിനെയെതിര്‍ക്കുന്ന സ്പാനിഷ് ഭരണഘടനയാണോ കമ്മീഷന്‍ അംഗീകരിക്കുന്നതെന്നതായിരുന്നു ജീന്‍ ക്ലോഡ് നേരിട്ട ചോദ്യം. അതിനദ്ദേഹം അപ്പോള്‍ തന്നെ വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു. ഒരംഗരാജ്യത്തിന്റെ ആഭ്യന്തര സ്ഥാപനങ്ങളേയും, ഭരണഘടന സംവിധാനങ്ങളേയും സംബന്ധിച്ച് ഏതെങ്കിലുമൊരു പക്ഷം ചേര്‍ന്നുള്ള നിലപാടെടുക്കാന്‍ കമ്മീഷന് കഴിയില്ലെന്നാണ് ജീന്‍ ക്ലോഡ് വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹം പറയാത്ത ധാരാളം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതായിരുന്നു സ്പാനിഷ് പരിഭാഷ, അംഗരാജ്യത്തിലെയൊരു പ്രാദേശിക ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആ രാജ്യത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന പരിഭാഷയിലെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കു കാരണമായത്. 

തങ്ങളുടെ അംഗരാജ്യങ്ങളിലൊന്നിന്റെ ഭാവിയെ നിര്‍ണ്ണയിക്കാന്‍ പോന്ന സുപ്രധാനമായ ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ ഏകപക്ഷീയമായി ഇടപെടുകയാണെന്ന വിമര്‍ശനം ശക്തമായുണ്ടെങ്കിലും,  യൂറോപ്യന്‍ കമ്മീഷന്‍ തന്നെയാണ് പ്രശ്‌നത്തിലിറങ്ങിച്ചെന്നു പരിഹാരം കാണേണ്ടതെന്നു കരുതുന്ന,  യൂണിയനെ പിന്തുണയ്ക്കുന്ന ധാരാളം പേര്‍ യൂറോപ്പിലെമ്പാടുമുണ്ട്.

കാറ്റലോനിയന്‍ ജനതയുടെ താത്പര്യങ്ങള്‍ അവഗണിക്കാനാവുന്നതല്ലെന്നു സ്‌പെയിനും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. (പ്രത്യക്ഷത്തില്‍ ഭരണകൂടമത് സമ്മതിക്കില്ലെങ്കിലും). പ്രശ്‌നം താനെ കെട്ടടങ്ങുമെന്ന ചിന്തയിലായിരുന്നു പ്രധാനമന്ത്രി മരിയാനോ റെജോ ഇത്രയും നാള്‍. അതിനദ്ദേഹമാവതും ശ്രമിച്ചും നോക്കി. ഒന്നും ഫലം കണ്ടില്ലെന്നു മാത്രമല്ല, മറ്റനേകം പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന അദ്ദേഹം തന്നെ തല്ലാന്‍ പാകത്തില്‍ എതിരാളികള്‍ക്കു കൊടുത്ത മറ്റൊരു നല്ല വടിയായി മാറിയിരിക്കുകയാണിപ്പോള്‍ കാറ്റലോനിയന്‍ പ്രശ്‌നം. പ്രശ്‌നത്തിനെങ്ങനെ ക്രിയാത്മകമായ രാഷ്ട്രീയ പരിഹാരം തേടാമെന്നതിനെക്കുറിച്ചാണ് സ്പാനിഷ് ജനതയും ചിന്തിച്ചു തുടങ്ങേണ്ടത്. ഒരുപക്ഷേ അടുത്ത തിരഞ്ഞെടുപ്പില്‍ സ്‌പെയിനിലുണ്ടാകാനിടയുള്ള രാഷ്ട്രീയ മാറ്റത്തോടെ അതിനെല്ലാമുള്ള വഴി തെളിഞ്ഞേക്കാം.

കാറ്റലോനിയനിലെ സ്വാതന്ത്ര്യവാദികളുടെ ഭാഗത്തു നിന്നു സൂക്ഷ്മതയോടെയും പക്വതയോടെയുമുള്ള സമീപനങ്ങളാണ് ഇനിയുണ്ടാകേണ്ടത്. ജനവിധി നിങ്ങളുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണ്. അന്തരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശക്തവും ചിന്തിച്ചുള്ളതുമായ നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ഡിസംബറില്‍ സ്‌പെയിനിലും അതുപോലെ മറ്റു സ്വയംഭരണ പ്രദേശങ്ങളിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തങ്ങളുമായി യോജിക്കുന്ന വിഭാഗങ്ങളെ കണ്ടെത്തി സഖ്യ മുന്നണി രൂപികരിച്ച് പിന്തുണ വര്‍ദ്ധിപ്പിക്കാം.

ഇംഗ്ലണ്ടിന്റെ പ്രതിസന്ധികളാണ് അയര്‍ലണ്ടിന്റെ അവസരങ്ങളെന്നു അയര്‍ലണ്ടില്‍ പഴയൊരു ചൊല്ലുണ്ട്. അതിനെ കാറ്റലോണിയന്‍ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ഇപ്പോള്‍ മാഡ്രിഡില്‍ (സ്‌പെയിനിന്റെ തലസ്ഥാനം) ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാറ്റലോനിയയ്ക്ക് ഗുണമായി മാറാനുള്ള സാധ്യത തെളിയുന്നുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍