UPDATES

Site Default

കാഴ്ചപ്പാട്

Site Default

ന്യൂസ് അപ്ഡേറ്റ്സ്

റജീനമാർ ആക്രമിക്കപ്പെടുമ്പോൾ മതം എവിടെയാണ്?

Site Default

മദ്രസ വിദ്യാഭ്യാസകാലത്ത് നേരിട്ട് കാണുകയും അനുഭവിക്കുകയും അറിയുകയും ചെയ്ത ഗുരുതരമായ ലിംഗ നീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫേസ്ബുക്കിൽ തുറന്നെഴുതിയതിന്റെ പേരിൽ  വി പി റജീന എന്ന മാധ്യമപ്രവർത്തക  സംഘം ചേർന്ന് ആക്രമിക്കപ്പെടുകയും ഫേസ്ബുക്കിനാൽ തിരസ്കരിക്കപ്പെടുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ രാവിലെയാണ്  റജീനയുടെ നഷ്ടപ്പെട്ട ഫേസ്ബുക്ക്‌ അക്കൌണ്ട് തിരികെ കിട്ടിയത്. ഇസ്ലാമിനെതിരെ അപകീർത്തികരമായ പോസ്റ്റ്‌ ഇട്ടു എന്ന് ആരോപിച്ചാണ് അവർക്ക് നേരെ ആക്രമണവും ആക്രോശവും തെറി വിളികളും റിപ്പോർട്ടിങ്ങും ഉണ്ടായത്. സത്യത്തിൽ എന്തുകൊണ്ടാണ് റജീനമാർ  ആക്രമിക്കപ്പെടുന്നത്? ഇത് പോലുള്ള തുറന്നു പറച്ചിലുകൾ പോസിറ്റീവ് ആയ ചർച്ചകളിലേക്കും  ലിംഗ നീതിയിലേക്കുള്ള  അന്വേഷണങ്ങളിലേക്കും നീളാതെ എന്തുകൊണ്ടാണ് കൂട്ടത്തിൽ ഒരുവൾ അതിതീവ്രമായി ആക്രമിക്കപ്പെടുമ്പോൾ മനുഷ്യ നന്മയും മാനവികതയും പറയുന്ന മതത്തിന്റെ അനുയായികൾ കുറ്റകരമായ നിശബ്ദതയിലും വേട്ടക്കാർക്കൊപ്പം കയ്യടിയിലും പങ്കാളികൾ ആവുന്നത് ? 

വിമർശകരുടെ/സൈബർ ജിഹാദികളുടെ പ്രധാന പ്രശ്നം ഇതൊക്കെയാണ്- 
മദ്രസ സുന്നിയാണെന്ന് പറഞ്ഞത്, വികലമായ അരമന രഹസ്യം പൊതു സമൂഹത്തിനു മുന്നിൽ പറഞ്ഞത്, മുപ്പത് വർഷം മുൻപുള്ള  ഓർമ്മ ഇപ്പോൾ പറഞ്ഞത്, ഏറ്റവും പ്രധാനമായി പിടക്കോഴി കൂവി എന്നത്. ആളുകളുടെ പുറം മാന്യത അനുസരിച്ച് വിമർശനത്തിന്റെ തോത് ഏറിയും കുറഞ്ഞിട്ടും ഉണ്ടാകാം. ആ മാന്യത, അത് കണ്ണടച്ച് ഇരുട്ടാക്കൽ അല്ലാതെ മറ്റെന്താണ്?

വ്യക്തിപരമായി ഞാൻ പഠിച്ചത് മുജാഹിദ് മദ്രസയിൽ ആണ്. മുപ്പത് വർഷം മുൻപ് അന്നവിടെ പഠിപ്പിച്ചിരുന്നത് ഗണിതത്തിലും ചരിത്രത്തിലും ബിരുദമുള്ള മനുഷ്യരാണ്. ഭാഗ്യവശാൽ വിദ്യാഭ്യാസത്തിന്റെ ഒരു ഇടത്തിലും അദ്ധ്യാപകരിൽ നിന്ന് അമാന്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. എന്നതുകൊണ്ട്- എന്നതുകൊണ്ട്  മാത്രം-എനിക്കങ്ങനെ പറ്റാത്തതിനാൽ  ഈ സമുദായം മുഴുവൻ ജോറാണ് എന്നങ്ങ് കണ്ണടച്ച് പാല് കുടിക്കാന്‍ ഞാനില്ല? ഞാനും തട്ടാനും എന്‍റെ കുട്ട്യോളും മാത്രം നിറഞ്ഞതല്ലല്ലോ ലോകം.

അങ്ങാടിപ്പാട്ടായ അരമന രഹസ്യത്തെ മതത്തിന്റെ മുഖം മോശം ആകുമെന്ന പേരിൽ പൂഴ്ത്തി വെയ്ക്കുകയാണോ അതോ, ഇന്നും തുടരുന്ന ബാല പീഡനങ്ങളെ  തുറന്നെതിർക്കുന്ന ഒരുവൾക്ക് വാക്ക് കൊണ്ടെങ്കിലും ഐക്യദാർഡ്യം അറിയിക്കുകയാണോ വേണ്ടത്? ഇസ്ലാമിൽ എവിടെയാണ് പൌരോഹിത്യം? ആരാണ് ഈ പുരോഹിതർ? അറിവ് ലഭിച്ച ഏതൊരു കുട്ടിക്കും ജമാഅത് നമസ്കാരങ്ങളെ നയിക്കാം എന്നിരിക്കെ, പള്ളിയിൽ  സമയത്തിനെത്തുന്ന ആർക്കും നമസ്കാര സമയത്തിനുള്ള അറിയിപ്പായ ബാങ്ക് കൊടുക്കാം എന്നിരിക്കെ ആരാണ് പുരോഹിതൻ?

മുപ്പത് വർഷം മുൻപത്തെ ഓർമ്മ ഇപ്പോൾ പറഞ്ഞത് കൊണ്ടാണോ റജീന രണ്ടാം നളിനി ജമീലയും രണ്ടാം മാധവിക്കുട്ടിയും ആയത്? അവരെയൊക്കെ തെറിയോടു കൂട്ടി ചേർത്ത് പറയാൻ മിനിമം അക്ഷരം തെറ്റാതെ എഴുതാനുള്ള വിദ്യാഭ്യാസമെങ്കിലും ഉണ്ടോ ഈ ജിഹാദികൾക്ക്? മുപ്പത് വർഷം മുൻപത്തെ  തെറ്റ് (നിലവില്‍ അത് ഇല്ലാതെ ആയിട്ടില്ല ) ഇപ്പോൾ വിളിച്ച് പറഞ്ഞതാണ് നിങ്ങൾ പറയുന്ന കൊടും പാപം എങ്കിൽ 1400 വർഷം മുൻപുള്ള ചരിത്രത്തിലേക്ക് എന്തിന് മുഖം തിരിക്കാൻ പറയുന്നു? അതിൽ പലതിനും ഇന്നത്തെ സമൂഹത്തിൽ എന്താണ് പ്രസക്തി? മുപ്പത് വര്‍ഷം മുന്‍പ് പെയ്ത തുള്ളി മഴയും വള്ളി നിക്കറിന്റെയും പുള്ളിപ്പാവാടയുടെയും മാത്രം ഓര്‍മ്മ പൊഴിയുന്ന, മുഖം പൂവിനോ പെരുച്ചാഴിക്കോ കടം കൊടുത്ത പെണ്ണിന് മാത്രമേ നിങ്ങളുടെ സദാചാരക്കള്ളികള്‍ക്കുള്ളില്‍ ഇടമുള്ളൂ എങ്കില്‍ നിങ്ങള്‍ക്ക് വെറും ഒരക്കൌണ്ട് പൂട്ടിക്കാം..അത് ഭീരുക്കൾക്ക് മാത്രം അറിയുന്ന യുദ്ധമുറയാണ്‌.

സംവാദത്തിന്റെ ഏത് ഇടങ്ങളില്‍ ഉണ്ട് പെണ്ണിന് വലിച്ചിട്ട് ഇരിക്കാന്‍ ഒരു ഇരിപ്പിടം? ആണ്‍പാര്‍ട്ടി രൂപീകരിക്കുന്ന വിഭാഗം പോകട്ടെ! അതല്ലാതെ പുരോഗമനം പറയുന്ന ഇടങ്ങളില്‍ പോലും എത്ര പൊതുവേദികളില്‍ സ്ത്രീകള്‍ക്ക് ഇടം ഉണ്ട്  (സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും എന്ന അറിയിപ്പാണോ ആ പൊതു ഇടം?) മൈക്കിലൂടെ വരുന്നത് തൊണ്ട തൊടാതെ വിഴുങ്ങാം എന്നല്ലാതെ, സംവാദങ്ങളില്‍ എവിടെയാണ് പെണ്ണിടങ്ങള്‍ ഉള്ളത്?

ഉഖ്ബത്തുബ്നു അബീമുയീദ് എന്നൊരു മനുഷ്യനെ പറ്റി ചരിത്രം പറയുന്നുണ്ട്. നമസ്കാരത്തില്‍ സാഷ്ടാംഗ പ്രണാമത്തിലായിരിക്കെ (സുജൂദ് )  പ്രവാചകന്റെ മുതുകില്‍ ഒട്ടകത്തിന്റെ കുടല്‍മാല വലിച്ചിട്ട മനുഷ്യൻ. അബൂജഹലിന്റെയും ആ  കൂട്ടാളികളുടെയും ചെയ്തികളില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഇവരില്‍ കാണുന്നത്? ബദര്‍ യുദ്ധത്തില്‍ ഷഹീദാകുന്ന വീറോടെ ഒരുവളെ  അവളുടെ , ഭര്‍ത്താവിനെ, കുടുംബത്തെ, അവളുടെ ജോലിയെ, മാന്യതയെ ഒക്കെ പരലോകം ഉദ്ദേശിച്ചു കൊണ്ട് കടിച്ച് കീറിയ ഈ സമുദായ വക്താക്കളുടെ കൂടെ ഒരു വാക്ക് കൊണ്ട് പോലും നിലയുറപ്പിക്കാന്‍ പറ്റില്ല എന്നത് ഉറപ്പാണ്. ഐഎസും താലിബാനും ഇസ്ലാം അല്ലെങ്കില്‍ ഇവരില്‍ ആരൊക്കെ ഇസ്ലാമില്‍ പെടും? അത്തരം ഒരു പൊയ്ക്കാലില്‍ ആണ് നിങ്ങള്‍ പറയുന്ന ഇസ്ലാം നില്‍ക്കുന്നത് എങ്കില്‍ അങ്ങനെ ഒരിസ്ലാം വേണ്ടെന്ന്‍ പറയാന്‍ ഉള്ള ആര്‍ജ്ജവം എനിക്കുണ്ട്. 

മക്കളെ വീട്ടില്‍ ഖുര്‍ ആന്‍ പഠിപ്പിക്കാന്‍ കുറഞ്ഞ കാലം ഒരു അദ്ധ്യാപകന്‍ വന്നിരുന്നു. മനോഹരമായി ഓതുന്ന, ചരിത്രം പഠിപ്പിക്കുന്ന അദ്ദേഹം എന്റെ മേശപ്പുറത്തിരിക്കുന്ന ബൈബിള്‍ കണ്ടിട്ട്, അതിയായ സ്നേഹത്തോടെ നിങ്ങള്‍ ഇത് വായിക്കുന്നുണ്ടോ, ഇതൊന്നും വായിക്കരുത്, ഇതൊക്കെ വായിക്കുന്നത് തെറ്റാണ് എന്ന് ഉപദേശിച്ചിരുന്നു. അതേ സ്നേഹത്തോടെ നിഷ്കളങ്കനായ ആ അദ്ധ്യാപകനോടും ഒട്ടും നിഷ്കളങ്കര്‍ അല്ലാത്ത ഈ കരിങ്കൂട്ടത്തിനോടും ഒന്നേ പറയാനുള്ളൂ.. ” ഇഖ്റഅ വായിക്കുക”,  അതായിരുന്നു ആദ്യ വചനം. 

വായിക്കുക എന്ന് പഠിപ്പിച്ച ഇസ്ലാം നിങ്ങള്‍ പറയുന്നതല്ല.. നിങ്ങള്‍ പറയുന്ന ഇസ്ലാമിലേക്ക് ഇനിയില്ല. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Site Default

Site Default

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി, അഴിമുഖം കോളമിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍