UPDATES

സാംബ- 2014

ആ ലോകകപ്പാണ് സത്യനെ ഇല്ലാതാക്കിയത്- അനിത മനസ് തുറക്കുന്നു

നാലഞ്ചുവര്‍ഷമായി വിഷാദരോഗത്തിന്റെ പിടിയിലായ സത്യേട്ടന്‍ പതുക്കെ പൂര്‍വസ്ഥിതിയിലായി വരുമ്പോഴാണ് ലോകകപ്പ് വരുന്നത്.

“2006-ലെ ലോകകപ്പ് എങ്ങനെ ഞാന്‍ മറക്കും. ജര്‍മനിയില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തറപറ്റിച്ച് ലോക ഫുട്‌ബോള്‍ കിരീടം ഇറ്റലി തലയില്‍ ചൂടുമ്പോള്‍ ഇങ്ങ് ദുരെ മദ്രാസിലെ ഫ്‌ളാറ്റില്‍ എന്റെ ജീവിതം കൈവിട്ടുപോവുകയായിരുന്നു. നാലഞ്ചുവര്‍ഷമായി വിഷാദരോഗത്തിന്റെ പിടിയിലായ സത്യേട്ടന്‍ പതുക്കെ പൂര്‍വസ്ഥിതിയിലായി വരുമ്പോഴാണ് ലോകകപ്പ് വരുന്നത്. ലോകകപ്പെന്നല്ല, കാല്‍പന്തിന്റെ കണ്‍വെട്ടം ഏതെങ്കിലും ചാനലില്‍ കണ്ടാല്‍മതി അത് സത്യേട്ടന്റെ സിരകളിലേക്ക് പടര്‍ന്നു കയറും. പിന്നെ ഊണും ഉറക്കവുമുണ്ടാവില്ല. ഡോകടര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചതാണ് ഉറക്കമൊഴിയരുത്, അധികം സ്ട്രസ്സുണ്ടാവരുത്. പക്ഷെ ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് ഒമ്പതുവരെ ജര്‍മനിയില്‍ ലോകകപ്പ് ആവേശമാവുമ്പോള്‍ മദ്രാസിലെ വീട്ടില്‍ സത്യേട്ടന്‍ എല്ലാം മറന്ന് ടിവിക്ക് മുമ്പിലായിരുന്നു. ജൂലൈ ഒമ്പതിനാണ് ലോകകപ്പ് അവസാനിച്ചത്. അതിനുശേഷം ഒമ്പത് ദിവസം മാത്രമാണ് സത്യേട്ടന്‍ ജീവിച്ചത്. ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരു പക്ഷികണക്കെ സത്യേട്ടന്‍ ജീവിതത്തില്‍ നിന്ന് പറന്നകലുമ്പോള്‍ ജീവിതത്തിന്റെ കടുത്ത യാഥാര്‍ഥ്യത്തിനുമുമ്പില്‍ പകച്ചു നില്‍ക്കുകയായിരുന്നു ഞാനും മോളും. ഇതൊന്നും അധികം ആരോടും ഞാന്‍ പറഞ്ഞിട്ടില്ല…”

ബ്രസീലില്‍ മറ്റൊരു ലോകകപ്പിന് കാഹളമുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ വി.പി. സത്യന്റെ ഭാര്യ അനിതയെ കാണാന്‍ ചെന്നത്. മാനാഞ്ചിറിയിലെ പുല്‍ത്തകിടിയില്‍ അവരുമായി ചെറുസംഭാഷണത്തിനിരിക്കുമ്പോള്‍ ലോകകപ്പെന്ന ഫുട്‌ബോള്‍ മാമാങ്കത്തെക്കുറിച്ചുള്ള സത്യന്റെ ഓര്‍മകളായിരുന്നു ലക്ഷ്യം. പക്ഷെ ലോകം മുഴുവന്‍ നെഞ്ചിലേറ്റുന്ന ഒരേയൊരു കായിക ഉത്സവമായിട്ടും അവര്‍ കൂടുതലും പറഞ്ഞത് ലോകകപ്പിനെക്കുറിച്ചുള്ള ദുരന്തസ്മരണകള്‍ മാത്രം. പറഞ്ഞു പറഞ്ഞ് അവരൊരു സങ്കടക്കടലായി മാറുകയാണെന്ന് ഞാന്‍ അടുത്തറിഞ്ഞു. പറഞ്ഞതുമുഴുവന്‍ സത്യനെന്ന ഫുട്‌ബോളര്‍ക്കപ്പുറത്തെ ആരുമറിയാത്ത സ്വകാര്യ നിമിഷങ്ങള്‍.

ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് സത്യേട്ടന്‍ മരണത്തിലേക്കിറങ്ങിപ്പോയ ശേഷം രണ്ടാമത്തെ ലോകകപ്പാണിത്. നിങ്ങള്‍ എന്നെ വിളിക്കുന്നതിന് ഒരു നിമിഷാര്‍ധം മുമ്പുവരേയും ഞാന്‍ ഓര്‍ത്തത് 2006ലെ ലോകകപ്പ് എനിക്ക് ഉണ്ടാക്കിയ നഷ്ടത്തെക്കുറിച്ചാണ്. എനിക്ക് വലിയ ഫുട്‌ബോള്‍ കമ്പമൊന്നുമില്ലത്ത കാലത്താണ് സത്യേട്ടന്റെ കൂടെ ജീവിക്കാനിറങ്ങിയത്. എന്നെ കെട്ടാന്‍ പോകുന്ന ആള്‍ രാജ്യത്ത് അറിയപ്പെടുന്ന ഫുട്‌ബോളറാണെന്ന് അറിയാമെങ്കിലും എനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. കാരണം ജീവിതം മുഴുവന്‍ കളിക്ക് വേണ്ടി നീക്കിവെച്ചൊരാളെ കല്യാണം കഴിക്കുന്നത് കൊണ്ട് ഒരു പെണ്‍കുട്ടിക്ക് എന്ത് കിട്ടാനാണ്. പഠിക്കണം, ഒരു ജോലിവേണം, ഇപ്പോള്‍ കല്യാണം വേണ്ട തുടങ്ങിയൊക്കെപ്പറഞ്ഞ് കുറേ എതിര്‍ത്തു നോക്കി. പക്ഷെ അച്ഛന് സത്യേട്ടനില്‍ വലിയ പ്രതീക്ഷയും വിശ്വാസവുമായിരുന്നു. കല്യാണം കഴിയുന്നതോടെ സത്യന്‍ ഫുട്‌ബോള്‍ വിട്ട് ജോലിയിലേക്ക് വരുമെന്നും നീ അങ്ങനെ നിര്‍ബന്ധിക്കണമെന്നും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉപദേശിക്കുകുയും ചെയ്തപ്പോള്‍ ഞാന്‍ സത്യേട്ടന്റെ കൈപിടിച്ച് ആ ജീവിതത്തിലേക്ക് കയറിച്ചെന്നു.

സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ഉപദേശിച്ചപോലെ വിവാഹത്തിന്റെ ആദ്യ നാളില്‍ തന്നെ കളിവിടണമെന്നും ജോലി മതിയെന്നുമുള്ള എന്റെ ആവശ്യം ഞാന്‍ സത്യേട്ടന് മുമ്പില്‍ വെച്ചു. പക്ഷെ അതിനോടുള്ള സത്യേട്ടന്റെ പ്രതികരണം എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഫുട്‌ബോളൊഴിച്ച് ജീവിതത്തില്‍ മറ്റെന്തിലും നിനക്കിടപെടാം. ഫുട്‌ബോള്‍, അതെന്റെ ജീവിതമാണ്. അത് വിട്ടൊരു ലോകത്തെക്കുറിച്ച് നീ ചിന്തിക്കുകയേ വേണ്ട. പിന്നീടൊരിക്കലും അത്തരമൊരാവശ്യവുമായി ഞാന്‍ സത്യേട്ടന്റെ മുമ്പില്‍ ചെന്നിട്ടില്ല. ആ യാഥാര്‍ഥ്യം ഞാന്‍ തിരിച്ചറിഞ്ഞതോടെ ഞാനും ഫുടബോളിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് സത്യേട്ടന്റെ ഫുട്‌ബോള്‍ യാത്രയില്‍ പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഞാനുമിറങ്ങിച്ചെന്നു. സത്യേട്ടന്‍ ഫുട്‌ബോളിനുവേണ്ടി ഊണും ഉറക്കും ഒഴിച്ചിരിക്കുമ്പോള്‍ ഞാന്‍ സത്യേട്ടനും മകളും മാത്രമായുള്ള ജീവിതം പരമാവധി ആസ്വാദ്യകരമാക്കാനുള്ളതെല്ലാം വീട്ടിലിരുന്ന് ചെയ്തു. എന്നിട്ടുമെന്തേ സത്യേട്ടന്‍ ഞങ്ങളെ ഇട്ടേച്ച് പോയത്..!

ലോകകപ്പ് വന്നാല്‍ സത്യേട്ടന്‍ പിന്നെങ്ങോട്ടും പോകില്ല. വീട്ടില്‍ ടീവിക്ക് മുമ്പില്‍ തന്നെയായിരിക്കും. പിന്നെ ചാനലുകളില്‍ കളി അവലോകനങ്ങളുമുണ്ടാവും. മിക്കവാറും കളികളെല്ലാം പുലര്‍ച്ചക്കൊക്കെയായതുകൊണ്ട് ഞാനും മോളും കിടക്കും. സത്യേട്ടനുള്ള രണ്ടോമൂന്നോ ഗ്ലാസ് കട്ടന്‍ ഫ്‌ളാസ്‌കിലുണ്ടാവും. 2002- ഓടെയാണ് സത്യേട്ടന് ചെറുതായി വിഷാദ രോഗം പിടിപെടുന്നത്. ഒരു ജീവിതം മുഴുവന്‍ ഫുട്‌ബോളിനെക്കുറിച്ച് മാത്രം ആലോചിച്ചുനടന്നതുകൊണ്ട് കിട്ടിയ സമ്പാദ്യമായിരുന്നു അത്. ഒന്നിലും വലിയ താല്‍പര്യമില്ലായ്മ. ജീവന്റെ ഭാഗമായി കണ്ട ഫുട്‌ബോളില്‍ നിന്നുംപോലും പതുക്കെ ഉള്‍വലിയുന്നത് കണ്ടപ്പോഴാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അങ്ങനെ നിരന്തരം ചികിത്സകളായി. പലപ്പോഴും മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. സത്യേട്ടനെപ്പോലെ ഇത്രയും ധീരനായ ഒരാള്‍ മരണത്തെക്കുറിച്ചെല്ലാം പറയുന്നത് ഞങ്ങളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഒറ്റക്കാവുന്ന നിമഷങ്ങളിലെല്ലാം എനിക്കും മോള്‍ക്കും കത്തുകളെഴുതി വെക്കും. പക്ഷെ പിറ്റേദിവസമാവുമ്പോള്‍ എല്ലാം പഴയപടിയാവും.

അന്ന് റെയില്‍വേ സ്റ്റേഷനില്‍ അവസാനമായി എനിക്ക് എഴുതിവെച്ച മരണക്കുറിപ്പുപോലെ എത്രയോ എണ്ണം അതിനുമുമ്പുള്ള നാലുവര്‍ഷങ്ങളില്‍ സത്യട്ടന്‍ എഴുതുകയും ചുരുട്ടി എറിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഒരു മുന്നറിയിപ്പുപോലും നല്‍കാതെ സത്യേട്ടന്‍ ഞങ്ങളില്‍ നിന്നിറങ്ങിപ്പോയി. 2006ലെ ലോകകപ്പാണ് എല്ലാം തകിടം മറിച്ചത്. നാലുവര്‍ഷത്തോളം നീണ്ട ചിക്തസ ഏറെക്കുറെ ഫലപ്രദമായി വരുമ്പോഴാണ് 2006-ലെ ജര്‍മന്‍ ലോകകപ്പ് വന്നത്. ഉറക്കൊഴിഞ്ഞ് കളികാണരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. ഞാനും കരഞ്ഞ് പറഞ്ഞു നോക്കി. പക്ഷെ ഫുട്‌ബോള്‍ ഒഴിച്ചുള്ള എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്ന സത്യേട്ടന്‍ അക്കാര്യം മാത്രം നിരസിച്ചു. ജൂലൈ ഒമ്പതിന് ഫ്രന്‍സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലി കിരീടം സ്വന്തമാക്കുമ്പോഴേക്കും സത്യേട്ടന്‍ തീരെ അവശനായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സത്യനെന്ന ഫുട്‌ബോളറേയും സത്യനെന്ന ഭര്‍ത്താവിനേയും അച്ഛനേയുംമൊന്നും ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടില്ല.

സത്യേട്ടന്റെ മരണം ആത്മഹത്യയാണെന്ന് ഞാന്‍ ഇപ്പഴും വിശ്വസിക്കുന്നില്ല. അതേസമയം അതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെന്നും കരുതുന്നില്ല. ട്രെയിനില്‍ നിന്ന് ചാടിയെന്നാണ് പലരും പറഞ്ഞത്. പൊലീസും അതുതന്നെ വിശ്വസിപ്പിച്ചു. അങ്ങനെയെങ്കില്‍ ആ മുഖത്ത്, അല്ലെങ്കില്‍ ശരീരത്തിലെവിടെയെങ്കിലും ഒരു പോറലുണ്ടാവണ്ടെ. ഞാനിപ്പോഴും വിശ്വസിക്കുന്നത് ഒന്നുകില്‍ രോഗത്തിന്റെ ഉന്മാദാവസ്ഥയില്‍ നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീണതാവണം. അല്ലെങ്കില്‍ ട്രെയ്‌നിറങ്ങുമ്പോള്‍ സംഭവിച്ചത്. അതിനപ്പുറത്ത് എന്റെ സത്യേട്ടന്‍ അത്മഹത്യ ചെയ്തതാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. അല്ലെങ്കിലും അതൊക്കെ ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട് എന്താണ് കാര്യം. സത്യന്റെ വിയോഗം രാജ്യത്തിന്റെ നഷ്ടമെന്നും ഫുട്‌ബോളിലെ നികത്താനാവാത്ത വിടവെന്നൊക്കെ നിങ്ങള്‍ പറയുമെങ്കിലും ശരിയായ നഷ്ടം എനിക്കും മോള്‍ക്കുമല്ലേ… അനിത പറഞ്ഞു നിര്‍ത്തുമ്പോള്‍ അവരുടെ കണ്ണുകളില്‍ സത്യന്റെ ഓര്‍മകളുടെ ഫൂട്‌ബോള്‍ കൈവിട്ട് തൂകി നിന്നു.

സത്യന്റെ മരണത്തെ തുടര്‍ന്ന് ചെന്നൈയിലെ ബാങ്ക് ഉദ്യോഗം രാജിവച്ചു നാട്ടിലേക്ക് വന്ന അനിത സത്യന്റെ ദൗത്യം ഏറ്റടുക്കാനെന്നവണ്ണം സര്‍ക്കാര്‍ നല്‍കിയ ജോലി സ്വീകരിച്ച് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഉദ്യോഗസ്ഥയായിരിക്കുന്നു. ഗ്രൗണ്ട് ലവലില്‍ നിന്നും കുട്ടികളെ വാര്‍ത്തെടുത്ത് ലോകഫുട്‌ബോളില്‍ എന്നെങ്കിലും ഇന്ത്യയുടെ പേരുകൂടി എഴുതിച്ചേര്‍ക്കണമെന്നത് സത്യന്റെ എക്കാലത്തേയും വലിയ സ്വപ്‌നമായിരുന്നു. അത്തരമൊരു അക്കാദമി കേരളത്തിലുണ്ടാക്കണെമെന്ന് അനിതയോടും സുഹൃത്തുക്കളോടുമെല്ലാം എപ്പോഴും സത്യന്‍ പറയുമായിരുന്നു. അതുകൊണ്ടുതന്നെയാവണം സത്യന്‍ സ്വപ്നം കണ്ട ദൗത്യം സാക്ഷാത്കരിക്കാനായി അനിതയുടെ നേതൃത്വത്തില്‍ വി.പി. സത്യന്‍ സോക്കര്‍ സ്‌കൂള്‍ കഴിഞ്ഞ നവംബറില്‍  കോഴിക്കോട്ട് തുടങ്ങിയത്. ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അമ്പതോളം കുട്ടികള്‍ രാജ്യാന്തര നിലവാരത്തില്‍ ഇവിടെ ഫുട്‌ബോള്‍ അഭ്യസിക്കുന്നുണ്ട്.

വി.പി.സത്യന്‍ – ജീവിതരേഖ

1980 കണ്ണൂര്‍ ലക്കിസ്റ്റാര്‍ ജൂനിയര്‍ ടീമില്‍ തുടക്കം

1983 ലക്കിസ്റ്റാര്‍ സീനിയര്‍ ടീമില്‍. കണ്ണൂര്‍ ജില്ലാ ടീമിലും കളിച്ചു.

1983 കേരളാ സ്‌റ്റേറ്റ് ടീമില്‍. ഒളിമ്പ്യന്‍ റഹ്മാനായിരുന്നു അന്നു കോച്ച്.

1984 കേരളാ പോലീസില്‍

1986 ഇന്ത്യന്‍ ടീമില്‍, നെഹ്‌റു കപ്പ്, തിരുവനന്തപുരം

1989 മുഹമ്മദന്‍സില്‍

1990 വീണ്ടും കേരളാ പോലീസില്‍

1990, 91 ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍, കേരളാ പോലീസ്

1992, 93 സന്തോഷ് ട്രോഫി ജേതാവ്

1993 മോഹന്‍ ബഗാനില്‍

1993 ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്

1995 ഇന്ത്യന്‍ ബാങ്കില്

2001 ഇന്ത്യന്‍ ബാങ്ക് കോച്ച്

2003 ദേശീയ ടീം അസിസ്റ്റന്റ് കോച്ച്

2004 ദേശീയ ടീം സെലക്ടര്‍

1986 മുതല്‍ എണ്‍പതോളം മത്സരങ്ങളില്‍ ഇന്ത്യക്കു കളിച്ചു. 10 തവണ ക്യാപ്റ്റന്‍. സത്യന്‍ ക്യാപ്റ്റനായ കാലത്താണ് 119 ല്‍ നിന്ന ഇന്ത്യയുടെ ഫിഫാ റാങ്ക് 99 ല്‍ എത്തിയത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന ഇന്ത്യയുടെ റാങ്കാണ് ഇത്.

86-ലെ മെര്‍ദേക്കാ കപ്പില്‍ ദക്ഷിണകൊറിയയുമായുള്ള സെമി ഫൈനല്‍ മാച്ചില്‍ 80-ആം മിനുട്ടു വരെ 3-3 സമനിലയില്‍ നിന്ന കളി സത്യന്റെ ഗോളില്‍ ജയിച്ചതാണ് ഏറ്റവും അവിസ്മരണീയം. ബഹ്‌റൈന്‍, കൊറിയ, കാമറൂണ്‍, ലെബനണ്‍ ടീമുകള്‍ക്കെതിരെയും സത്യന്‍ ഗോളടിച്ചിട്ടുണ്ട്.

കേരളാ ഫുട്‌ബോളിന്റെ സുവര്‍ണകാലമായിരുന്നു സത്യന്‍ നയിച്ച പോലീസ് ടീമിന്റെ കാലം. 90, 91 വര്‍ഷങ്ങളില്‍ ഈ ടീം ഫെഡറേഷന്‍ കപ്പു നേടി. സത്യന്‍ നയിച്ച കേരളാ ടീം, 92ല്‍ സന്തോഷ് ട്രോഫിയും നേടി. 93ല്‍ സന്തോഷ് ട്രോഫി നേടിയ ടീമിലും സത്യനായിരുന്നു നെടുംതൂണ്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍