UPDATES

വിഴിഞ്ഞം പദ്ധതി; തനിക്കെതിരെയുള്ള ആക്ഷേപം ഉമ്മന്‍ ചാണ്ടിയുടെ ഇലക്ഷന്‍ സ്റ്റണ്ട്; വി എസ്

അഴിമുഖം പ്രതിനിധി

അരുവിക്കരയിലെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന സന്ദര്‍ഭത്തില്‍ വിഴിഞ്ഞം പദ്ധതി തകര്‍ക്കാന്‍ താന്‍ അച്ചാരം വാങ്ങി എന്നുപറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവന വെറുമൊരു ഇലക്ഷന്‍ സ്റ്റണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. നരേന്ദ്രമോദിയുടെ വിശ്വസ്തനായ ഗൗതം അദാനിക്ക് വഴിഞ്ഞം പദ്ധതി തീറെഴുതി നല്‍കി കേരളത്തെ തന്നെ വിറ്റുതുലയ്ക്കാനുളള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗൂഢശ്രമങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ താന്‍ മൂന്ന് ലേഖനങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നിരവധി പ്രസ്താവനകളും നല്‍കിയിരുന്നു. അന്നൊന്നും ഇതേപ്പറ്റി ‘കമാ’ എന്ന് മിണ്ടാതിരുന്ന ഉമ്മന്‍ ചാണ്ടി വോട്ടെടുപ്പിന് തൊട്ടു തലേന്നാള്‍ ഇങ്ങനെയൊരു വങ്കന്‍ പ്രസ്താവനയുമായി രംഗത്തുവന്നത് കൗതുകകരമാണ്. ഇതൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. 

ദുരൂഹമായ വിധത്തില്‍ കെ.വി. തോമസ് എം.പിയുടെ വീട്ടില്‍ അദാനിയുമായി കൂടിക്കാഴ്ച നടത്തി കോടികള്‍ കമ്മീഷന്‍ വാങ്ങിയതായുള്ള ആരോപണത്തിന്റെയും, പദ്ധതി അദാനിക്ക് തന്നെ നല്‍കാന്‍ കാട്ടിയ ഉമ്മന്‍ചാണ്ടിയുടെ കൗശലങ്ങളുമാണ് താന്‍ തുറന്നുകാട്ടിയത്. അദാനിയുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു എന്ന് ആവര്‍ത്തിച്ചുപറയുന്ന ഉമ്മന്‍ചാണ്ടി, താന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതിന്റെ മിനുട്‌സ് പരസ്യപ്പെടുത്താന്‍ തയ്യാറായിട്ടില്ല എന്നോര്‍ക്കണം.

‘കമിഴ്ന്ന് വീണാല്‍ കാല്‍പ്പണം’ എന്ന പ്രമാണം ജീവിതദര്‍ശനമാക്കിയ ഉമ്മന്‍ചാണ്ടി മറ്റ് പല അഴിമതിക്കേസുകളിലും എന്നതുപോലെ വിഴിഞ്ഞം പദ്ധതിയിലും കോടികള്‍ തട്ടിയിട്ടുണ്ട് എന്നു കേരളീയര്‍ വിശ്വസിക്കുന്നുണ്ട്. ഇതിനാധാരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതി നല്‍കുന്നു എന്ന ആരോപണം ഉന്നയിച്ചത്. 

7525 കോടി രൂപ മൊത്തം മുതല്‍മുടക്കുളള പദ്ധതിയില്‍ 5071 കോടി രൂപയും മുടക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളാണ്. ബാക്കി കേവലം 2454 കോടി രൂപ മാത്രമാണ് അദാനി മുടക്കുന്നത്. എന്നുപറഞ്ഞാല്‍, മൊത്തം പദ്ധതിയുടെ ഏകദേശം മൂന്നില്‍ രണ്ടും സര്‍ക്കാര്‍ മുടക്കുമ്പോള്‍ അദാനി മുടക്കുന്നത് മൂന്നിലൊന്ന് മാത്രമാണ്. എന്നിട്ട് മൂന്നിലൊന്ന് പണം മുടക്കുന്ന അദാനിക്ക് പദ്ധതിയുടെ വരുമാനം അറുപത് വര്‍ഷത്തേക്ക് നല്‍കുന്നു. മൂന്നില്‍ രണ്ട് പണം മുടക്കുന്ന സര്‍ക്കാരിന് ലഭിക്കുന്നത് വെറും ഒരുശതമാനം മാത്രം. സാധാരണഗതിയില്‍ രണ്ടുണ്‍കക്ഷികള്‍ ചേര്‍ന്ന് നടത്തുന്ന ഇടപാടില്‍ കൂടുതല്‍ പണം മുടക്കുന്നവര്‍ക്കായിരിണ്‍ക്കുമല്ലോ പദ്ധതിയില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കേണ്ടത്. ഇവിടെ മറിച്ച് കുറച്ചുമാത്രം പണം മുടക്കുന്ന ഒരു സ്വകാര്യ കോര്‍പ്പറേറ്റിന് കൂടുതല്‍ വരുമാനം കൊടുക്കാനുള്ള കരാര്‍ മുഖ്യമന്ത്രി ഉണ്ടാക്കിയിരിക്കുന്നു. അറുപത് വര്‍ഷത്തിനുശേഷം പദ്ധതി എങ്ങനെയാണെന്ന് പോലും കരാറില്‍ പറയുന്നുമില്ല. പ്രകടമായ ഈ കൊളളയുടെ അടിസ്ഥാനത്തിലാണ് പദ്ധതി അദാനിക്ക് തീറെഴുതുകയാണെന്ന് താന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

വിഴിഞ്ഞം; എതിര്‍ക്കുന്നത് അദാനിയോടൊപ്പം ചേര്‍ന്നുള്ള കൊള്ളയെ -വി എസ് എഴുതുന്നു

നേരത്തെ പറഞ്ഞതുപോലെ അദാനി മുടക്കുന്ന 2454 കോടി രൂപ ഇച്ഛാശക്തിയുണ്ടെങ്കില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ചെയ്തതുപോലെ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി സമാഹരിക്കാവുന്നതേ ഉള്ളൂ. അങ്ങനെ വരുമ്പോള്‍ പദ്ധതി പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ നിലനില്‍ക്കും. ഈ സാധ്യത പരിശോധിക്കുക പോലും ചെയ്യാതെ അദാനി എന്ന ഒരേയൊരു കോര്‍പ്പറേറ്റിനെ മാത്രം ബിഡില്‍ പങ്കെടുപ്പിച്ച്, അദാനി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് പൂര്‍ണമായും കീഴടങ്ങി വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കിയണ്‍തിനെയാണ് താന്‍ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോദിയുടെ ഇഷ്ടക്കാരനാണ് അദാനി എന്നതുകൊണ്ട് ഇതില്‍ മോദിയുടെ കൂടി നിയന്ത്രണത്തിന് വിധേയമായാണ് ഉമ്മന്‍ചാണ്ടി അദാനിയെ ഇവിടെ വാഴിക്കാന്‍ ശ്രമിക്കുന്നത്. 

കേരളത്തിന്റെ സ്വപ്നം പദ്ധതിയായ വിഴിഞ്ഞം കേരളത്തിന് പൂര്‍ണമായ അധികാരമുളള പദ്ധതിയായി സ്ഥാപിക്കുകയും, നിലനിര്‍ത്തുകയുമാണ് കേരളീയരുടെ ആവശ്യം. അതിന് വിരുദ്ധമായി അദാനിക്ക് ലാഭമുണ്ടാക്കാനും, സ്വന്തം പള്ളയും കീശയും വീര്‍പ്പിക്കാനുമുള്ള ഉമ്മന്‍ചാണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ താന്‍ ഇനിയും എതിര്‍ക്കുക തന്നെ ചെയ്യും. താന്‍ അച്ചാരം വാങ്ങി പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ‘കെ.എം. മാണി വിശുദ്ധനാണെന്ന്’ പറയുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന പോലെ തന്നെ കേരളീയര്‍ തളളിക്കളയുമെന്നും വി.എസ്. പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍