UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടി ശകുനി, മാണി വാറുപൊട്ടിയ ചെരുപ്പ്, ബാബു പൊന്നിന്‍ കുടം; പരിഹാസവുമായി വി എസ്

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശകുനിയോടുപമിച്ച് സഭയ്ക്കുള്ളില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പരിഹാസം. എന്നത്തേയും പോലെ ഇന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടി തയ്യാറാക്കിയ പ്രസംഗത്തിലാണ് വി എസ്സിന്റെ രൂക്ഷപരിഹാസം ഉള്ളത്. വാറുപൊട്ടിയ ചെരുപ്പിന്റെ സ്ഥിതിയാണ് കെ എം മാണിക്കെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി മാണിയെ മന്ത്രിസഭയില്‍ നിന്നും നാണംകെടുത്തി ഒഴിവാക്കുകയായിരുന്നുവെന്നും വി എസ് ആരോപിക്കുന്നു. വി എസ് അച്യുതാനന്ദന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം.

സാര്‍, എന്നത്തെപ്പോലെ ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണല്ലോ?. ഉമ്മന്‍ചാണ്ടിയുടെ ‘നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു’ പറയുന്നത് നിയമം തന്റെ വഴിക്ക് മാത്രമേ പോകൂ എന്നാണ്. അതല്ലേ മാണിക്ക് ഒരു നിയമം, ബാബുവിന് മറ്റൊരു നിയമം.

സാര്‍,

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, നിങ്ങള്‍ മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പ്പിച്ചു കളഞ്ഞു. കുടില ബുദ്ധിക്ക് പേരുകേട്ടവന്‍ ആണല്ലോ ശകുനി?. മഹാഭാരത്തിലെ ശകുനി താങ്കള്‍ക്ക് മുമ്പില്‍ തോറ്റു തുന്നംപാടും. 

ബാര്‍ ഉടമകളെ മന്ത്രിമാരുടെ വസതിയിലേക്ക് പറഞ്ഞയച്ചത് മുഖ്യമന്ത്രിയാണ് എന്ന് ബിജു രമേശ് കൊടുത്ത മൊഴി ഓര്‍മ്മയില്ലേ?. ശകുനിയെ പോലെ മാണി ഉള്‍പ്പെടെയുളള മന്ത്രിമാരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ട് കൈക്കൂലി കൊടുപ്പിച്ച് ആ പാവത്തിനെ തള്ളി താഴെയിട്ടില്ലേ?. കാശിന്റെ ആര്‍ത്തി കൊണ്ട് മറ്റൊന്നും പാവം മാണി ആലോചിച്ചില്ല. കഷ്ടം. മാണിയുടെ ആ കിടപ്പു കണ്ട് നമ്മുടെ ശകുനി, ദേ അവിടെ ഇരുന്ന് ഊറി ചിരിക്കുകയാണ്. 

സാര്‍,

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ 16 ആം  നിയമസഭാ സമ്മേളനമാണ് ഇത്. ഈ സമ്മേളനങ്ങളില്‍ ഒന്നില്‍ പോലും കോഴയെപ്പറ്റി പറയാതെ പോകാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെ മൊത്തം കോഴയില്‍ നിറഞ്ഞു നിന്ന സര്‍ക്കാര്‍ എന്ന തൂവല്‍ കൂടി ഉമ്മന്‍ചാണ്ടിക്ക് തലയില്‍ ചൂടാം.

സ്പീക്കര്‍ സാര്‍,

ഇവിടെ നടക്കുന്ന വാദപ്രതിവാദങ്ങള്‍ നമ്മുടെ നിയമസഭാ രേഖയില്‍ ഉണ്ടാകുമല്ലോ?. കുറെ വര്‍ഷം കഴിഞ്ഞ് സഭാ നടപടികളെപ്പറ്റി റിസര്‍ച്ച് ചെയ്യാന്‍ വരുന്ന കുട്ടികള്‍ ഈ മുഖ്യമന്ത്രിക്ക് ഒരു പേരിടും. അത് എന്തായാലും കേരളത്തിന് അപമാനം ആയിരിക്കും എന്ന് അങ്ങ് ഓര്‍ക്കണം. 

സാര്‍,

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഈ സര്‍ക്കാരിനെ പിടിച്ചു ഉലയ്ക്കുന്നതാണല്ലോ ബാര്‍ കോഴ. ബാര്‍ കോഴയില്‍ കുടുങ്ങി തെരുവില്‍ കിടക്കുന്ന ‘വാറുപൊട്ടിയ ചെരുപ്പി’ന്റെ സ്ഥിതിയല്ലേ ഇപ്പോള്‍ നമ്മുടെ കെ.എം. മാണിക്ക്?. മാണിയ്ക്ക് ഒരുകോടിയേ വാങ്ങാന്‍ കഴിഞ്ഞുളളൂ.

അത് ഉടന്‍ കണ്ടുപിടിച്ച് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയുമൊക്കെ കൂടി മാണിയെ നാണം കെടുത്തി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ”മാണി സാര്‍ സേഫ് . . സേഫ്” എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞുണ്‍കൊണ്ടാണ് പാവത്തിനെ മന്ത്രിക്കസേരയില്‍ നിന്ന് തള്ളി താഴെ ഇട്ടത്. 

സാര്‍,

എന്നാല്‍ ഇപ്പോള്‍ കെ. ബാബുവിന്റെ സ്ഥിതി എന്താണ്?. മാണി വാങ്ങിയതിന്റെ പത്തിരട്ടി കോഴ ബാബു വാങ്ങി എന്നാണ് ആരോപണം. എന്നിട്ടും ബാബു ഇപ്പോഴും മന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു. ഇത് എങ്ങനെ നമ്മുടെ മാണി സഹിക്കും?. മാണിയുടെ ഹൃദയവേദനയല്ലേ കഴിഞ്ഞ ദിവസം ‘കുതികാല്‍വെട്ട്’ പ്രയോഗത്തിലൂടെ പുറത്തു വന്നത്.

മാണിയുടെ കുതികാല്‍ വെട്ടിയവര്‍ ഒക്കെ അപ്പുറത്തിരുന്ന് മാണിയെ നോക്കി കളിയാക്കി ചിരിക്കുകയാണ് സാര്‍. 

സാര്‍,

പറഞ്ഞുവരുന്നത് ബാബുവിന്റെ കോഴ കാര്യമാണ്. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധി വന്നതിനെ തുടര്‍ന്നല്ലേ അദ്ദേഹം രാജിവെച്ചു പുറത്തു പോയത്. എന്നിട്ട് എന്തേ സാര്‍ ബാബുവിന്റെ രാജി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ചുകൊടുണ്‍ത്തില്ല?. 

സാര്‍,

പാവം മാണിയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് മൂന്നു മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. 

പക്ഷേ, ബാബുവിന്റെ രാജിക്കത്ത് ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടി പോക്കറ്റിലിട്ട് മൂളിപ്പാട്ടും പാടി നടക്കുകയായിരുന്നു. മാണിയുടെ കുതികാല്‍വെട്ട് പ്രയോഗം ആരെപ്പറ്റിയായിരുന്നു എന്ന് ഇനി ആരോടെങ്കിലും പറയേണ്ടതുണ്ടോ?. എന്നാല്‍ കുതികാല്‍ അല്ല, ചങ്കിനിട്ടു തന്നെ വെട്ടിയാലും മാണിയും കൂട്ടര്‍ക്കും വേറെ ഗതി ഇല്ലല്ലോ?. ചവിട്ടിയവരെ തൊഴുകയല്ലാതെ. 

സാര്‍,

ഒരേ ആരോപണം, ഒരേ കേസ്, ഒരേ വിധി. പക്ഷേ, മാണിക്കൊരു നീതി, ബാബുവിന് മറ്റൊരു നീതി. മാണി വെറും എടുക്കാ ചരക്ക്, ബാബുവോ? പൊന്നിന്‍കുടം . . . പൊന്നിന്‍കുടം. ഇതാണത്രേ ഉമ്മന്‍ചാണ്ടിയുടെ നിലപാട്. 

അതുകൊണ്ടല്ലേ ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കാതെ, കള്ളക്കളി കളിച്ച്, അവസാനം ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ച് ബാബുവിനെ വീണ്ടും മന്ത്രിക്കസേരയില്‍ ഇരുത്തി ഇരിക്കുന്നത്?

സാര്‍,

ബാബുവും, ഉമ്മന്‍ചാണ്ടിയും ഇരുമെയ്യാണെങ്കിലും ഒറ്റക്കരളല്ലേ?. രണ്ടുപേരും അഴിമതി നടത്തുന്നത് ഒറ്റ കരളോടെ. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതും ഒറ്റ കരളോടെ. പിന്നെ എങ്ങനെ ഉമ്മന്‍ചാണ്ടി ബാബുവിനെ രക്ഷിക്കാതിരിക്കും?. ‘നീ എന്റെ പുറം ചൊറിഞ്ഞാല്‍, ഞാന്‍ നിന്റെ പുറവും ചൊറിയാം’ എന്നു പറയുന്നതു പോലെയാണ് ഉമ്മന്‍ചാണ്ടിയും, ബാബുവും തമ്മിലുള്ള ഇരിപ്പ്. 

അതുകൊണ്ട് ഉമ്മന്‍ചാണ്ടിയുടെ ഏതു കൊള്ളുകില്ലായ്മയെയും ബാബു പിന്താങ്ങും. ബാബുവിന്റെ ഏതു കൊളളയേയും ഉമ്മന്‍ചാണ്ടി ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഴിമതി കാര്യത്തിലെ ഈ പരസ്പര ധാരണയും, പരസ്പര സഹായവുമല്ലേ കഴിഞ്ഞ കുറെ നാളുകളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 

സാര്‍,

ഇങ്ങനെ അഴിമതി നടത്തുന്നതിലും, അത് ഒതുക്കി തീര്‍ക്കുന്നതിലും അല്ലാതെ വേറെ എന്തെങ്കിലുമൊരു കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് പരസ്പര ധാരണ ഉണ്ടോ?. മുഖ്യമന്ത്രിക്ക് ആഭ്യന്തരമന്ത്രിയെ വിശ്വാസമില്ല. ആഭ്യന്തരമന്ത്രി ആണെങ്കില്‍ മുഖ്യമന്ത്രിക്ക് എവിടെയൊക്കെ അള്ളുവയ്ക്കാം എന്നു നോക്കി നടക്കുകയാണ്.

സ്വന്തം ഡി.ജി.പി പോലും നുണ പറയുന്ന ആളാണെന്നാണ് ഇന്നലെ ആഭ്യന്തരമന്ത്രി ഇവിടെ പറയുന്നത് കേട്ടത്?. മറ്റു പല മന്ത്രിമാരും, കോണ്‍ഗ്രസ് എം.എല്‍.എമാരും ആണെങ്കില്‍ ഉറക്കമിളച്ചിരുന്ന് ഫോണ്‍ വിളിയോടു വിളിയാണ്. പിന്നെ എന്തു ഭരണമാണ് സാര്‍ ഇവിടെ നടക്കുന്നത്?

സാര്‍,

തൃശൂര്‍ വിജിലന്‍സ് കോടതി സഹികെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയോട് എഫ്.ഐ.ആര്‍ ഇടാന്‍ ആവശ്യപ്പെട്ടത്. ഈ പോലീസ് ഉദ്യോഗസ്ഥന്‍ യാതൊരു അന്വേഷണവും നടത്താതെ കോടതിയെ വിഢിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് എഫ്.ഐ.ആര്‍ ഇടാന്‍ ഉത്തരവ് ഇട്ടത്. 

ടനെ സര്‍ക്കാരിനു വേണ്ടി വിടുപണി ചെയ്യുന്ന ശങ്കര്‍ റെഡ്ഡി ഓടി ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തോട് ചോദിച്ചു, ‘താങ്കള്‍ക്ക് എന്താണ് ഇക്കാര്യത്തില്‍ ഇത്ര ആവേശം’. നമ്മുടെ ഭരണഘടനാ സ്ഥാപനമായ എ.ജിയോടും പറഞ്ഞു. ഇത് നാണക്കേടാണ്. ‘അഴിമതിക്കാരന്റെ കേസ് അഴിമതിക്കാരന്‍ നടത്തട്ടെ. സര്‍ക്കാര്‍ അതില്‍ ഇടപെടേണ്ട’.

സാര്‍,

ഉടന്‍ നമ്മുടെ കോഴ ബാബു നേരിട്ട് ഇറങ്ങി സിംഗിള്‍ ബെഞ്ചില്‍ കേസ് ഫയല്‍ ചെയ്തു. ബാബുവിന്റെ സങ്കടം കണ്ട് കനിഞ്ഞ് കോടതി രണ്ടുമാസത്തേക്ക് വിധി സ്‌റ്റേ ചെയ്തു. എന്നിട്ട് പറഞ്ഞു ‘പത്തുദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം’ എന്ന്. 

ഇത് കേള്‍ക്കേണ്ട താമസം, ബാബു നാണം കെട്ട് മുഖ്യമന്ത്രിയുടെ ആശ്രിതനായി മന്ത്രിസഭയില്‍ തിരികെ പ്രവേശിച്ചു. ഒരു ഇളിഭ്യ ചിരിയോടെ. മന്ത്രിസഭയില്‍ പ്രവേശിച്ചതിനു ശേഷം അദ്ദേഹം നടത്തിയ പത്രസമ്മേളനം നമ്മള്‍ ആരും മറക്കാന്‍ ഇടയില്ല. പൊട്ടിക്കരഞ്ഞു കൊണ്ട് തൃപ്പൂണിത്തുറയിലെ ശ്രീപൂര്‍ണ്ണത്രയീശന്റെ മുമ്പില്‍ മുട്ടപ്പായി പ്രാര്‍ത്ഥിച്ചതു കൊണ്ടാണ് എനിക്ക് ഇങ്ങനെയൊരു വിധി കിട്ടിയതെന്ന് എന്നല്ലേ പറഞ്ഞത്?. അദ്ദേഹത്തിന്റെ പൂര്‍ണ്ണത്രയീശന്‍ മറ്റാരും അല്ല, നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമാണ്. അതുകൊണ്ടല്ലേ അദ്ദേഹം രണ്ടാഴ്ചയോളം ഒരു മന്ത്രിയുടെ രാജിക്കത്ത് ഒരു കാരണവും ഇല്ലാതെ കീശയിലിട്ട് നടന്നത്?. നാണക്കേടിന്റെ പര്യായമായ ഈ സര്‍ക്കാരിനെപ്പറ്റി ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍