UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവലച്ചട്ടമ്പിയുടെ ന്യായമാണ് ഉമ്മന്‍ ചാണ്ടി കൊണ്ടുനടക്കുന്നതെന്ന് വി എസ്

അഴിമുഖം പ്രതിനിധി

കോടതികളില്‍ നിന്നും തുടരെ തുടരെ അടികിട്ടിയിട്ടും തലയില്‍ മുണ്ടിട്ടു നടക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സഭയില്‍ പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ച അടിന്തിരപ്രമേയത്തിലാണ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വി എസ് കണക്കറ്റ് പരിഹസിക്കുന്നത്. പാമോയില്‍ കേസില്‍ സര്‍ക്കാരിന് നഷ്ടം വന്നിട്ടില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ന്യായം കവലച്ചട്ടമ്പിയുടെയതിനു തുല്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു. കോടതികള്‍ക്കുവരെ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ നാണക്കേട് തോന്നിത്തുടങ്ങിയിട്ടും തനിക്കു നാണമില്ലെന്നു സഭയില്‍ തന്നെ സ്വയം പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രി തനിക്കെന്തുമാകാം എന്ന ധൈര്യത്തില്‍ നടക്കുകയാണ്. പക്ഷേ ഇതിനെല്ലാം ഒരുദിവസം എണ്ണിയെണ്ണി കണക്കുപറയേണ്ടിവരുമെന്നും വി എസ് ഓര്‍മിപ്പിക്കുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയാവതരണത്തിന് അനുമതി നിഷേധിക്കുന്ന സ്പീക്കറെയും പരിഹസിക്കുന്നുണ്ട് വി എസ്. ദിവസവും കേള്‍ക്കുന്ന അഴിമതിയാരോപണങ്ങള്‍ സ്പീക്കറുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നാണ് വി എസ് പറയുന്നത്. 

അടിയന്തിരപ്രമേയത്തിന്റെ പൂര്‍ണരൂപം താഴെ

സര്‍, 

പതിമൂന്നാം കേരള നിയമസഭയുടെ 16 ആം  സമ്മേളനം അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രമല്ലേ അവശേഷിക്കുന്നുള്ളൂ. ഈ പതിനാറ് സമ്മേളനങ്ങളിലായി ഇരുന്നൂറിലേറെ ദിവസങ്ങണ്‍ളില്‍ എങ്കിലും സഭ ചേര്‍ന്നിട്ടുണ്ടാകും. ഏതാണ്ട് അത്രത്തോളം ദിവസം പ്രതിപക്ഷം അടിയന്തിര പ്രമേയവും അവതരിപ്പിച്ചിട്ടുണ്ട്.

സാര്‍,

ഇങ്ങനെ അവതരിപ്പിക്കപ്പെട്ട അടിയന്തിര പ്രമേയങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഈ സര്‍ക്കാരിന്റെ അഴിമതികളെക്കുറിച്ചായിരുന്നു സാര്‍.
മുഖ്യമന്ത്രിയും, മന്ത്രിമാരും, ഉദ്യോഗസ്ഥ പ്രമുഖരും ഒക്കെ നടത്തുന്ന നികൃഷ്ടമായ അഴിമതികള്‍.

സാര്‍,

ഏതെങ്കിലും അഴിമതി ആരോപണം ഉന്നയിച്ചല്ല സാര്‍ ഞങ്ങള്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഉമ്മന്‍ചാണ്ടിയുടെയും, സഹമന്ത്രിമാരുടെയും കൊടിയ അഴിമതികളും, അതില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന കള്ളക്കളികളും സഹിക്കാതെ, കോടതികള്‍ തന്നെ സര്‍ക്കാരിനെണ്‍തിരെ പരാമര്‍ശങ്ങളും, വിധികളും നടത്തുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് അഴിമതികള്‍ സംബന്ധിച്ച അടിയന്തിര പ്രമേയം ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. ഇത് അത്യന്തം ഗൗരവമുളള കാര്യമാണ് സാര്‍.

സാര്‍,

ഏതെങ്കിലും ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഇതുപോലെ അഴിമതിക്കേസുകള്‍ ഉയര്‍ത്തി സര്‍ക്കാരിനെതിരെ അടിയന്തിര പ്രമേയം കൊണ്ടുവന്ന സാഹചര്യമുണ്ടായിട്ടുണ്ടോ? കാണില്ല സാര്‍. 

വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിക്കും, കൂട്ടര്‍ക്കും ഇക്കാര്യത്തിലും വീമ്പുപറയാന്‍ കഴിയും. അഴിമതി നടത്തുന്ന കാര്യത്തില്‍ മാത്രമല്ല, അഴിമതിക്ക് എതിരായി പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം നേരിടേണ്ടി വന്നതിലും ഞങ്ങള്‍ ലോക റെക്കോര്‍ഡ് നേടിയിരിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാം. 

സ്പീക്കര്‍ സാര്‍,

അങ്ങ് ആ കസേരയില്‍ ഇരുന്നതിനു ശേഷം സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് കേള്‍ക്കാത്ത ഒരുദിവസമെങ്കിലും ഉണ്ടായിട്ടുണ്ടോ സാര്‍?. 

ഈ സര്‍ക്കാരിന്റെ അഴിമതികള്‍ ഓര്‍ത്ത് സഭ നടക്കുന്ന ഒരു ദിവസമെങ്കിലും അങ്ങേയ്ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നുണ്ടോ സാര്‍?. സഭയില്‍ ഇരിക്കുമ്പോഴാണെങ്കില്‍ അങ്ങയുടെ ബി.പി എത്രമാത്രം വര്‍ദ്ധിക്കുന്നുണ്ടാകും?. കാരണം ഈ സര്‍ക്കാരിന്റെ സകല കൊള്ളുകില്ലായ്മകളും കണ്ടിട്ടും, കേട്ടിട്ടും അതൊക്കെ മനസ്സില്‍ ഒതുക്കി കടിച്ചു പിടിച്ചിരിക്കേണ്ട അവസ്ഥയല്ലേ സ്പീക്കര്‍ സാര്‍ അങ്ങയുടേത്?. 

സാര്‍,

ഒരു അഴിമതിക്കേസില്‍ തന്നെ തിരിഞ്ഞും മറിഞ്ഞും അല്ലേ കോടതികള്‍ ഈ സര്‍ക്കാരിനെ പ്രഹരിച്ചുകൊണ്ടിരിക്കുന്നത്?. നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തലവഴി മുണ്ടിട്ട് നടക്കുകയാണ്. അങ്ങനെയുള്ള ഉമ്മന്‍ചാണ്ടിയുടെ ഒരു കവിളത്ത് ഒരു ദിവസം ഒരു കോടതി അടിക്കും.

ആ അടിയും വാങ്ങി വീണ്ടും തലയില്‍ മുണ്ടിട്ട് പോകുമ്പോള്‍ ഉണ്ടെടാ ദാ . . വരുന്നു മറ്റൊരു കോടതിയില്‍ നിന്ന് അടുത്ത കവിളില്‍ അടി. ഇത് ഒന്നോ, രണ്ടോ, പോകട്ടെ മൂന്നൂ തവണയോ ആയാല്‍ മനസ്സിലാക്കാം. 

ഇതോ സാര്‍, തുടരെ തുടരെ പെട . . പെടാ എന്ന് കോടതി അടിച്ചുകൊണ്ടിരിക്കുകയല്ലേ? എന്നിട്ട് ഉമ്മന്‍ചാണ്ടിക്ക് വല്ല നാണവും ഉണ്ടോ? സോറി സാര്‍, ഉമ്മന്‍ചാണ്ടിക്ക് നാണമില്ലെന്ന് അദ്ദേഹം ഈ സഭയില്‍ തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ?. 

‘എന്ത് അവഹേളനവും സഹിച്ചും ഞാന്‍ മുഖ്യമന്ത്രിയായി തുടരും’ എന്നല്ലേ അദ്ദേഹം മുമ്പൊരിക്കല്‍ ഇവിടെ പറഞ്ഞത്.

സാര്‍,

പാമോയില്‍ അഴിമതിക്കേസിന് രണ്ടുപതിറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ടല്ലോ? ഈ കേസില്‍ നിന്ന് തലയൂരാന്‍ ഉമ്മന്‍ചാണ്ടി എന്തെല്ലാം കുതന്ത്രങ്ങളാണ് പയറ്റിയത് സാര്‍?. അത് ഈ സഭയില്‍ തന്നെ പലപ്പോഴും വന്നിട്ടുള്ളതല്ലേ? ഒരുഘട്ടത്തില്‍ സുപ്രീംകോടതി തന്നെ പറഞ്ഞില്ലേ ഇത് ‘കാര്‍പ്പറ്റിന് അടിയില്‍ ഒളിപ്പിച്ചുവയ്ക്കാന്‍ പറ്റില്ലെന്ന്’. പക്ഷേ, നമ്മുടെ ഉമ്മന്‍ചാണ്ടി ആരാണ് ആള്‍?. കാര്‍പ്പറ്റിന് അടിയില്‍ ഒളിപ്പിക്കരുത് എന്നല്ലേ കോടതി പറഞ്ഞിരിക്കുന്നത്?. അങ്ങനെ എങ്കില്‍ ഞാന്‍ അത് എന്റെ കുപ്പായ കീശയില്‍ ഒളിപ്പിക്കും. അതാണത്രേ ഉമ്മന്‍ചാണ്ടിയുടെ തത്വശാസ്ത്രം.

സാര്‍,

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് പറഞ്ഞതിന്റെ പേരിലല്ലേ ഉമ്മന്‍ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പു കാരനായിരുന്ന അന്നത്തെ ചീഫ് വിപ്പിനെ കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി.കെ. ഹനീഫയെ ‘പാക്കിസ്ഥാന്‍ ചാരന്‍’ എന്നു വിളിച്ച് അധിക്ഷേപിച്ചത്?. അതിനെ തുടര്‍ന്നല്ലേ അദ്ദേഹം രായ്ക്കു രാമാനം നാടുവിട്ടത്?. അതിനുശേഷമല്ലേ ഈ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയത്?. എന്നിട്ട് ഇപ്പോള്‍ എന്തായി സാര്‍?. 

ഇന്നലെ തൃശൂര്‍ വിജിലന്‍സ് കോടതിയും ഇതുതന്നെയല്ലേ പറഞ്ഞിരിക്കുന്നത്.

പാമോയില്‍ ഇറക്കുമതി ചെയ്ത സമയത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ട ഫയല്‍ കണ്ടിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നുമല്ലേ?. എന്താണ് സാര്‍ ഇതിന്റെ അര്‍ത്ഥം?. കേസില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണ് എന്ന കാര്യം ഏറ്റവും സഭ്യമായ ഭാഷയില്‍ പറയുകയല്ലേ കോടതി ചെയ്തിരിക്കുന്നത്?.

എന്താണ് സാര്‍ കോടതി പറഞ്ഞിരിക്കുന്നത്?. പാമോയില്‍ ഇറക്കുമതി ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ഫയല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കാണുകയും, അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നുമാത്രമല്ല, തീരുമാനമെടുത്ത കാബിനറ്റില്‍ ധനമന്ത്രിയും പങ്കെടുത്തിരുന്നു.

ഭരണ ഘടനയുടെ 164(2) പ്രകാരം മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും മന്ത്രിസഭാ തീരുമാനത്തിന് ഒരുപോലെ ഉത്തരവാദിത്വമുള്ളവരാണ്. ഉമ്മന്‍ചാണ്ടി കാബിനറ്റിനു മുമ്പുതന്നെ ഫയല്‍ കണ്ടിരുന്നു എന്നുമാത്രമല്ല, ഇറക്കുമതി സംബന്ധിച്ച ധനവകുപ്പിന്റെ എതിര്‍പ്പ് ഫയലില്‍ രേഖപ്പെടുത്തിയില്ല, അനുകൂലമായി ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതിനര്‍ത്ഥം പരേതനായ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെപ്പോലെ പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടുത്തരവാദിയും, പ്രതിയുമാണ്. 

സാര്‍,

ഉമ്മന്‍ചാണ്ടിയും, കൂട്ടരും എന്താണ് പറയുന്നത്? ഈ ഇടപാടില്‍ സര്‍ക്കാരിന് ഒരു പൈസ നഷ്ടവും ഉണ്ടായിട്ടില്ല എന്നാണ്. 

അദ്ദേഹത്തിന്റെ ശിങ്കിടി സംഘങ്ങളും ഇതുതന്നെ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ച് സത്യമാക്കാന്‍ ശ്രമിക്കുന്നതു പോലെ. എന്താണ് യഥാര്‍ത്ഥ കണക്ക്? 

രണ്ടേ ദശാംശം മൂന്നേ രണ്ടുകോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വെട്ടിച്ച് ഒരു പ്രൈവറ്റ് കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുത്തിട്ട്, അതിന്റെ ഓഹരി പറ്റിയ ആള്‍ക്കാര്‍ അതേ പാമോയില്‍ പാവപ്പെട്ട കേരളീയര്‍ക്ക് ഏഴേ പോയിന്റ് ഏഴേ അഞ്ചുകോടി രൂപയ്ക്ക് വിറ്റ് കൊള്ള ലാഭമുണ്ടാക്കി. ഇങ്ങനെ കേരളത്തിലെ ജനങ്ങളെ പറ്റിച്ചിട്ടല്ലേ ഇവര്‍ പറയുന്നത് ഒരു പൈസ പോലും സര്‍ക്കാരിന് നഷ്ടമില്ലാ എന്ന്. കഷ്ടം . . രണ്ടേ പോയിന്റ് മൂന്നേ രണ്ട് കോടി രൂപ മുതലാളിക്ക് നല്‍കി പാവപ്പെട്ട കേരളീയനെ പിഴിഞ്ഞ് ഏഴേ പോയിന്റ് ഏഴേ അഞ്ചു കോടി രൂപ ലാഭമുണ്ടാക്കി. ഇതാണ് സാര്‍ ഇവര്‍ പറയുന്നത്, ‘സര്‍ക്കാരിന് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല’ എന്ന കണക്ക്.

സാര്‍,

ഇത് കവല ചട്ടമ്പിമാരുടെ ന്യായമാണ് സാര്‍. 

സാര്‍,

കോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി ആദ്യം അരിഞ്ഞു വീഴ്ത്തിയത് ശ്രീമാന്‍ കെ. കരുണാകരനെ അല്ലേ?. 

കെ. കരുണാകരന്‍ മുകളില്‍ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടോ എന്നെനിക്ക് അറിഞ്ഞുകൂടാ. പക്ഷെ ദാ അപ്പുറത്തിരുന്ന് അദ്ദേഹത്തിന്റെ പ്രിയപുത്രന്‍ ഇതൊക്കെ കാണുന്നുണ്ട്. അത് ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നത് നല്ലതാണ്. 

സാര്‍,

കോടതി പരാമര്‍ശത്തിന്റെ പേരില്‍ കരുണാകരനെ മാത്രമല്ല പാലംവലിച്ചത്. 

ഉമ്മന്‍ചാണ്ടി പാലം വലിച്ചവരുടെ കൂട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരായ കെ.പി. വിശ്വനാഥന്‍, കെ.കെ. രാമചന്ദ്രന്‍മാസ്റ്റര്‍ അങ്ങനെ പലരുമുണ്ട്. പക്ഷെ സ്വന്തം കാര്യം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി ഇതെല്ലാം മറന്നു. ഇക്കാര്യത്തില്‍ മാത്രം ഉമ്മന്‍ചാണ്ടിക്ക് എന്തോ മറവി രോഗം പിടിപെട്ടിട്ടുണ്ട് എന്നു തോന്നുന്നു. 

സാര്‍,

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏതെല്ലാം കേസുകളില്‍ എത്രതവണയാണ് സാര്‍ കോടതികള്‍ ഉമ്മന്‍ചാണ്ടിയെ തലങ്ങും വിലങ്ങും പ്രഹരിച്ചിട്ടുളളത്? 

ടൈറ്റാനിയം, സോളാര്‍, ബാര്‍കോഴ, പാറ്റൂര്‍ കുംഭകോണം, സലീംരാജിന്റെ ഭൂമി തട്ടിപ്പ് അങ്ങനെ അഴിമതിയുടെ എത്ര ഏടുകളിലാണ് ഉമ്മന്‍ചാണ്ടിക്ക് എതിരായി കോടതിയുടെ അടി പതിഞ്ഞുകിടക്കുന്നത്.

വിജിലന്‍സ് കോടതിയും, മജിസ്‌ട്രേട്ട് കോടതിയും മുതല്‍ സുപ്രീംകോടതി വരെ ഇക്കാര്യത്തില്‍ ഒരു വിവേചനവും കാട്ടിയിട്ടില്ല. കോടതികള്‍ക്ക് വരെ ഇപ്പോള്‍ നാണം തോന്നുന്നുണ്ടാകും. 

സാര്‍,

സ്വയം നാണമില്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് എന്തുമാകാം. 

പക്ഷേ, ഒരുനാള്‍ ഇതിനൊക്കെ ഉമ്മന്‍ചാണ്ടിക്ക് എണ്ണിയെണ്ണി കണക്കു പറയേണ്ടിവരും. അതിന് ഇനി ഏറെ നാളൊന്നും ബാക്കിയില്ലെന്നും ഓര്‍ക്കുന്നത് നല്ലതാണ്.

സാര്‍,

ഈ അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഇതെല്ലാം സഭയില്‍ വരും. ജനങ്ങള്‍ അറിയും. ജനങ്ങള്‍ ഇതൊന്നും അറിയാതിരിക്കാനാണല്ലോ നിങ്ങള്‍ അടിയന്തിര പ്രമേയം അനുവദിക്കാതിരിക്കുന്നത്. എന്നുവെച്ച് എക്കാലവും നിങ്ങള്‍ക്ക് ജനങ്ങളുടെ കണ്ണും കാതും മൂടിവയ്ക്കാമെന്ന് വ്യാമോഹിക്കരുത്. അത്രയുമേ ഇപ്പോള്‍ പറയുന്നുള്ളൂ. ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഞാനും എന്റെ കക്ഷിയും വാക്കൗട്ട് നടത്തുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍