UPDATES

സമ്മേളന വേദിയില്‍ നിന്നും വി എസ് ഇറങ്ങിപ്പോയി

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ വിഎസ് അച്യൂതാനന്ദനും പാര്‍ട്ടി സംസ്ഥാന നേതൃത്വവും തമ്മിലുള്ള വടംവലി രൂക്ഷമാക്കി കൊണ്ട് സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയി. അസാധാരണമായ നടപടിക്ക് ശേഷം പുന്നപ്രയിലെ വീട്ടിലേക്കാണ് വിഎസ് മടങ്ങിയത്.ഈ പാര്‍ട്ടിയില്‍ തനിക്ക്‌ സ്ഥാനാമനങ്ങള്‍ ഒന്നും വേണ്ടെന്നും ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്നും കാര്യങ്ങള്‍ ജനങ്ങളോട് തുറന്ന് പറയേണ്ടി വരുമെന്നും വിഎസ് പ്രതികരിച്ചതായാണ് വിവരം. പ്രകാശ് കാരാട്ടിനോട് , ഇനി ഞാന്‍ പോകട്ടെ എന്നു പറഞ്ഞാണ്
വി എസ് വേദി വിട്ടത്‌

ഇന്നലെ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞിരുന്നു. ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് വിഎസ് ഇന്ന് രാവിളെ അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  .

എന്നാല്‍ സമ്മേളനവുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ചകളില്‍ വിഎസിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി രാവിലെ തന്നെ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ വിഎസ് പക്ഷത്തുണ്ടായിരുന്നവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചുകൊണ്ട് വിഎസിനെതിരെ നടപടിക്ക് ആവശ്യം ഉയര്‍ത്തുക എന്ന നയമാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. 

പ്രതിപക്ഷം പോലും ഉന്നയിക്കാന്‍ മടിക്കുന്ന ആരോപണങ്ങളും വിഎസിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നിലപാടുകളെ അക്കമിട്ട് നിരത്തിയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരിക്കുന്നത്.

വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വിഎസ് കൂട്ടു നിന്നുവെന്നാണ് പ്രധാന ആരോപണം. മോട്ടോര്‍ വാഹന വകുപ്പിലെ നമ്പര്‍ പ്ലേറ്റ് ഇടപാടില്‍ നന്ദകുമാറിന് താല്‍പര്യം ഉണ്ടായിരുന്നു. ഇതിന് വിഎസുമായി നന്ദകുമാര്‍ ഇടപാടിനു ശ്രമിച്ചു. കൊച്ചിയിലെ ഒരു വന്‍കിട പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ നീക്കം നടത്തിയെന്നതാണ് അടുത്ത പ്രധാന ആരോപണം. അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത പദ്ധതി മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചു. പാര്‍ട്ടി അറിയാതെ സ്വകാര്യ ഐടി കമ്പനിക്ക് 50 ഏക്കര്‍ ഭൂമി നല്‍കിയെന്നതാണ് അടുത്ത ആരോപണം.

1964ല്‍ സിപിഐയില്‍ നിന്നും ഇറങ്ങിപ്പോയി സിപിഐ(എം) രൂപീകരിച്ചവരില്‍ അവസാനത്തെ ആളായ വിഎസ് ഇപ്പോള്‍ മറ്റൊരു ഇറങ്ങിപ്പോക്ക് കൂടി നടത്തിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഒരുപക്ഷെ നിര്‍ണായകമായേക്കാവുന്ന നീക്കമാണ് വിഎസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത് തന്നെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഇടതുപക്ഷത്തെ വന്‍പ്രതിസന്ധിയിലേക്ക് നയിക്കുന്ന നീക്കമായി ഇത് മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. സിപിഎം ഈ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ മറികടക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍