UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലമ്പുഴയില്‍ വി എസ്സിനെ തോല്‍പ്പിക്കാന്‍ ഒളിപ്പോര് നയിക്കുന്നവര്‍

Avatar

എം കെ രാമദാസ്

നേര്‍ത്ത വേനല്‍ മഴയില്‍ തെല്ലൊരാശ്വാസം കിട്ടിയെങ്കിലും പാലക്കാട് കൊടുചൂട് തിരികെയെത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് ചൂട് പാലക്കാട്ടെവിടെ കൂടുതലെന്ന് പരതിയാല്‍ തര്‍ക്കമില്ലാത്ത ഉത്തരമുണ്ടാവില്ല. മലമ്പുഴ പ്രധാനമാണ് എന്നതില്‍ എന്തായാലും എതിരഭിപ്രായത്തിന് സ്ഥാനമില്ല. മത്സരത്തിന്റെ കടുകട്ടിയല്ല ഇവിടെ കാര്യം. സാക്ഷാല്‍ വി.എസ് മത്സരിക്കുന്ന മലമ്പുഴയില്‍ ഒരാലസ്യം കാണേണ്ടതാണ്. മുമ്പെല്ലാം തന്നെ അങ്ങനെയായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയാണ്  തങ്ങളുടെ ജനപ്രതിനിധിയെന്ന് മലമ്പുഴക്കാര്‍ക്കറിയാം. എല്ലാവര്‍ക്കും വി.എസ് ഒരന്തസ്സാണ്. മലമ്പുഴയില്‍ ഉള്‍പ്പെടുന്ന എലപ്പുള്ളിയിലെ സാക്ഷരതാ പ്രവര്‍ത്തകനായ ജയപ്രകാശ് പറഞ്ഞതാണ് സത്യം.

‘വി.എസ്സിനെ ഒന്നു തൊടാനും കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കാനും മലമ്പുഴയില്‍ ഇപ്പോഴും ഒരുപാട് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. പ്രായദേഭമില്ലാതെ. ഈയിടെ  80 കഴിഞ്ഞ ഒരമ്മ വി.എസ്സിന്റെ കാല്‍തൊട്ട് വന്ദിക്കുന്നത് കണ്ടു. അത്രക്കുണ്ട് വി എസ് പ്രേമം. അതൊരു വികാരമാണ്.’ ജയപ്രകാശ് പറഞ്ഞു.

ഇപ്പറഞ്ഞതൊക്കെയാണ് ഒരു വശമെങ്കില്‍ വി എസ് മലമ്പുഴയില്‍ നന്നായി വിയര്‍ക്കുന്നുണ്ട്. വികസന കാര്യത്തില്‍ മലമ്പുഴ പിന്നിലെന്നാണ് പരാതി.  ഒരു ഗവണ്‍മെന്റ് കോളേജ് മണ്ഡലത്തില്‍ സ്ഥാപിക്കാന്‍ പോലും വി എസ് മുന്‍കൈയെടുത്തില്ലെന്ന് പാലക്കാടന്‍ മാധ്യമപ്രവര്‍ത്തകനായ സുഹൃത്ത് പറഞ്ഞു. റോഡിന്റെയും പാലത്തിന്റെയുമെല്ലാം കാര്യങ്ങള്‍ ഇവ്വിധംതന്നെ. 

അതവിടെ നില്‍ക്കട്ടെ. വി എസ്സിന് മുഖ്യഎതിരാളിയെന്ന് ആദ്യം കരുതിയ വി എസ് ജോയിയുടെ മത്സരം കുട്ടിക്കളിയായി അവസാനിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ജോയിയുടെ പോസ്റ്ററിനു താഴെ ഈ വിഎസ്  തീര്‍ച്ചയായും മലമ്പുഴക്കാര്‍ക്കൊപ്പമുണ്ടാവുമെന്ന് അച്ചടിച്ചിട്ടുണ്ട്. അത്രക്കുണ്ട് മലമ്പുഴക്കാരുടെ വി എസ് സ്‌നേഹം. മറ്റാരുവിധത്തില്‍ പറഞ്ഞാല്‍ വി എസ് ജോയിയെ മലമ്പുഴക്കാര്‍ക്ക് അത്രക്കങ്ങ് ബോധ്യമായിട്ടില്ല.

മലമ്പുഴയില്‍ വി എസ്സിന്റെ വഴി തടയാന്‍ കൃഷ്ണകുമാറെന്ന ബിജെപിക്കാരന് കഴിയുമെന്നറിഞ്ഞത് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. കൃഷ്ണകുമാര്‍ ആളൊരു കേമനാണ്. പാലക്കാട് സീറ്റ് നഷ്ടമായിട്ടും നിരാശനാകാതെ  നേതൃത്വത്തിന്റെ ഇംഗിതത്തിനു വഴങ്ങി മലമ്പുഴയിലേക്ക് അങ്കക്കളം മാറ്റിയപ്പോള്‍ പാര്‍ട്ടിയെയും ഒപ്പം കൂട്ടി. അങ്ങിനെയാണ് ശോഭാസുരേന്ദ്രന് പാലക്കാട് കൂട്ടില്ലാതായത്. സംഘം മാത്രമേ അവര്‍ക്കൊപ്പമുള്ളു. ജില്ലയിലെ ബിജെപി നേതാക്കളില്‍ നിരവധിപേര്‍ ഒളിഞ്ഞും തെളിഞ്ഞും മലമ്പുഴയിലുണ്ട്. അപകടം മണത്തറിഞ്ഞ വി എസ് മലമ്പുഴയില്‍ രണ്ടാഴ്ചക്കാലം ചിലവഴിക്കാന്‍ തീരുമാനിച്ചതങ്ങനെയാണ്.

വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ഭീഷണിയും ഇവിടെ വിഎസ്സിനുണ്ട്. എസ്എന്‍ഡിപി ഇവിടെ ശക്തമാണ്.  വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട മൈക്രാഫിനാന്‍സ് വിവാദം വിഎസിന് മലമ്പുഴയില്‍ തിരിച്ചടിയാണ്. തെക്ക് തട്ടിപ്പാണ് നടന്നതെങ്കില്‍ പാലക്കാടങ്ങിനെയല്ല. സാധാരണക്കാരായ ഈഴവര്‍ക്ക് ഒരാശ്വാസമാണിത് എന്നാണ് എസ് എന്‍ ഡി പിക്കാരുടെ ഇടയിലുള്ള പൊതു സംസാരം. വെള്ളാപ്പളളിയുടെ മൈക്രാഫിനാന്‍സ് തട്ടിപ്പിനെതിരെയുള്ള വിഎസ്സിന്റെ നിലപാട് അദ്ദേഹത്തിനുതന്നെ ക്ഷീണമുണ്ടാക്കിയെന്ന് സിപിഎം വിലയിരുത്തിയിട്ടുണ്ട്. ഈ അടിയൊഴുക്കറിഞ്ഞ് വെള്ളാപ്പള്ളിയും മകന്‍ തുഷാറും മലമ്പുഴയില്‍ ക്യാമ്പ് ചെയ്തു. 2011-ല്‍ വിഎസ്സിന്റെ മകന്‍ അരുണ്‍കുമാറിനൊപ്പം പ്രചാരണത്തിറങ്ങിയ തുഷാര്‍ ഇത്തവണ മലമ്പുഴയില്‍ കൃഷ്ണകുമാറിന്റെ സഹായിയാണ്.

ഏതാണ്ട് 20,000ത്തോളം  തമിഴ് സ്വാധീന വോട്ടുകള്‍ ഇവിടെയുണ്ടെന്നാണ് ഒരു കണക്ക്. എഐഎഡിഎംകെ ബാനറില്‍ മത്സരിക്കുന്ന ശ്രീധരന് ഇത്രയും വോട്ടുകള്‍ നേടാനായാല്‍ വിഎസ്സിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാവും. ശ്രീധരനു പിന്നില്‍ ഒരു ജ്വവല്ലറി ഉടമയും ചാക്ക് രാധാകൃഷ്ണനുമുണ്ടെന്ന് അവിടെ വാര്‍ത്തയുണ്ട്. തോല്‍വി മറ്റാരെക്കാളും  ബാധിക്കുന്നത് ഔദ്യോഗിക ചേരിക്കാണെന്നതുകൊണ്ട് ശത്രുത ശമിപ്പിച്ച് അവര്‍ വിഎസ്സിന്റെ പിന്നിലുണ്ട്.

എന്തായാലും മലമ്പുഴയിലെ പ്രധാന ചര്‍ച്ചാ വിഷയം വിഎസ്സിന്റെ ഭൂരിപക്ഷത്തെക്കുറിച്ചാണ്. 2011-ല്‍ 23440 വോട്ടിന്റെ വ്യത്യാസത്തിലാണ് ലതികാ സുഭാഷിനെ പരാജയപ്പെടുത്തി വിഎസ്സ് നിയമസഭയില്‍ എത്തിയത്. ബിജെപിയൊടൊപ്പം നിന്ന ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 2000ത്തില്‍ താഴെ വോട്ടുകള്‍ മാത്രം. അതു പഴയകഥ. കൃഷ്ണകുമാറിലൂടെ ബിജെപി 40000 കടക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. വി എസ് ജോയി ഇപ്പോള്‍ 3-ാം സ്ഥാനത്താണ്.  കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞില്ലെങ്കില്‍  വി എസിന്റെ ഭൂരിപക്ഷം കുത്തനെ ഇടിയുമെന്നുറപ്പ്.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍